Leaderboard Ad

ഡിസംബര്‍-6 ; കാസറഗോഡിന്റെ കറുത്ത പൊട്ട്.

0

‘ഡിസ. 6 നിങ്ങള്‍ക്ക്‌ മറക്കാന്‍ കഴിയുമോ ? ‘ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡിസംബര്‍ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ കാസറഗോഡിന്റെ തെരുവുകളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു പോസ്റ്ററാണിത്.  കാസർക്കോടിന്റെ മണ്ണിലും മനസ്സിലും എന്നും ചോരയുടെ മണം തികട്ടി വരുന്ന ദിനമാണ് ഡിസംബർ 6. ഇന്ത്യന്‍ ജനാധിപത്യത്തിനു തന്നെ കളങ്കമായ ഒരു സംഭവമാണത്. അതിലെ രാഷ്ട്രീയമുതലെടുപ്പും ലാഭവും ചര്‍ച്ച ചെയ്യുന്നതിന് പകരം വര്‍ഗീയ ചേരി തിരിവ് സൃഷ്ട്ടിക്കാനാണ് ഈ പോസ്ററുകള്‍ നിരത്തിലിറക്കുന്നത്.

1992 ൽ നാലു നൂറ്റാണ്ടുകളായി ഒരു ജന വിഭാഗം ആരാധന നടത്തിയിരുന്ന അയോധ്യയിലെ ബാബരി മസ്ജിദിന്റെ താഴിക കുടങ്ങൾ ഫാസിസത്തിന്റെ ഇന്ത്യൻ മുഖമായ വർഗ്ഗീയ ഫാസിസ്റ്റുകൾ തകർത്തു തരിപ്പണമാക്കിയപ്പോൾ ഏറെ പ്രതിഷേധം ഉയർന്നത്‌ കേരളത്തിലായിരുന്നു. ബാബരി മസ്ജിദിന്റെ തകർച്ചയോടുകൂടി ഒരു രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളുടെ കടയ്ക്കലാണു വർഗ്ഗീയ ഫാസിസ്റ്റുകൾ കത്തിവച്ചതെന്നു  പുരോഗമന പ്രസ്ഥാനങ്ങള്‍  പ്രഖ്യാപിച്ചു. കേരളം ഒറ്റ മനസ്സായി ബന്ദ്‌ നടത്തി ആ സംഭവത്തെ അപലപിച്ചു.

എന്നാൽ കാസർക്കോട്‌ ജില്ലയുടെ വടക്കേയറ്റത്ത്‌ ചന്ദ്രഗിരി പുഴയ്ക്കിപ്പുറം ആ പ്രതിഷേധം ഇരു മത വർഗ്ഗീയ ശക്തികൾ ഏറ്റെടുത്തു.അന്ന് ഇരു വിഭാഗത്തിൽ നിന്നും 8 മനുഷ്യ ജീവിതങ്ങളാണു മതത്തിന്റെ പേരിൽ അപഹരിക്കപ്പെട്ടത്‌.അന്ന് നാടു കത്തിയമർന്നു. ആളും അര്‍ഥവും  നല്‍കാന്‍ നിരവധി ബാഹ്യശക്തികള്‍ തയ്യാറായി. ദിവസങ്ങളോളം കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു. നരൻ നരിയുടെ രൂപം പൂണ്ടു മനുഷ്യ രക്തത്തിനു വേണ്ടി പരക്കം പാഞ്ഞു. വീടുകളും വാഹനങ്ങളും കത്തിയമർന്നു.നിത്യേന വേല ചെയ്തു ഉപജീവിതം കഴിച്ചു പോരുന്ന കുടുംബങ്ങൾ പട്ടിണിയിലായി.

2003 ഡിസം:6 മുതലിങ്ങോട്ടു ഈ ദിവസത്തെ ഓർമ്മ പെരുന്നാളാക്കി ഒരു കൂട്ടർ കൊണ്ടാടി. മറു വിഭാഗം വിജയദിനമായി ആചരിച്ചു. അവർ വെടിക്കെട്ടും മധുര പലഹാര വിതരണവും നടത്തി. കാസര്‍കോട്‌ പട്ടണത്തിലും പരിസരത്തും ഇതു ഇന്നും തുടരുകയാണ്. കാസർക്കോട്ടെ നിയമപാലകർക്കു എന്നും തലവേദനയാണു ഈ ദിവസം. 2010 ലാണെന്നു തോന്നുന്നു അന്നു കാസർക്കോട്‌ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ശ്രീ റോക്കി നാടു നീളെ ഓടി നടന്നു വിവിധ പാർട്ടി -സാമുദായിക,കലാ കായിക മേഖലകളിലെ ആളുകളെ വിളിച്ചു കൂട്ടി. നൂറു കണക്കിനു യോഗങ്ങൾ നടത്തി. തൃശ്ശൂര്‍ സ്വദേശിയായ അദ്ദേഹത്തിന്റെ സരസമായ സംഭാഷണ ശൈലിയിൽ അദ്ദേഹം ഇത്തരം ആക്രമണങ്ങൾക്കെതിരെ ജനകീയ ഇടപ്പെടൽ നടത്തേണ്ടതിന്റെ ആവശ്യകത വിവരിച്ചു. ആ വർഷം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ഡിസം.6 കടന്നു പോയി. പക്ഷെ അന്നു വൈകിട്ട്‌ നാഷണല്‍ ഹൈവേയിലെ  സന്തോഷ്‌ നഗറിൽ വച്ചു ചിലർ ഒരു ലോറിക്കു കല്ലെറിഞ്ഞു.തുരു തുരാ വന്ന കല്ലേറിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ചു ലോറിയോടിച്ചിരുന്ന ഷീൻ ഷൗകത്ത്‌ തൽക്ഷണം മരിച്ചു.

ഇവിടെ വിഷയം ഡിസം:6 തന്നെയാണ്. മറക്കാതിരിക്കാം നമുക്ക്‌ ആ ദുരന്തത്തെ. ഇന്ത്യയുടെ ആത്മാവിൽ കൂർത്ത മഴു കുത്തി കയറ്റപ്പെട്ട ദിവസത്തെ. പക്ഷെ അതിന്റെ ഓർമ്മകളെ കലാപത്തിന്റെ വിത്തു പാകാൻ ഉപയോഗിക്കാമോ? ചില മാന്യർ പറയുന്നത്‌ എല്ലാ ദിവസവും പോലെ ഈ ദിവസവും പോയാൽ പിന്നെ മുസ്ലീങ്ങൾക്കു എന്തു വിലയാ ഉള്ളത്‌ എന്നാണ്?  ഇവിടെ ഒരു പാടു ചോദ്യങ്ങൾ ഉയരുകയാണ്. ഇന്ത്യ എന്ന 125 കോടിയിൽ അധികം അധിവസിക്കുന്ന ഒരു രാജ്യത്ത്, കാസർക്കോട്‌ എന്ന ചെറിയ താലൂക്കിലെ പകുതി ഭാഗം വരുന്ന പ്രദേശങ്ങളിൽ ഒരു ഹർത്താൽ നടത്തിയാൽ, അതിന്റെ മറവിൽ ഒരു കലാപം നടത്തിയാൽ എന്തു മെച്ചമാണുണ്ടാവുക? ഇതിന്റെ ഭാഗമായി ഉണ്ടാവുന്ന രക്ത ച്ചൊരിച്ചിലുകൾക്കു ആരു സമാധാനം പറയും? നിരപരാധികളായ ചെറുപ്പക്കാരുടെ ജീവൻ ബലിയായെടുത്താൽ എന്തു നേട്ടമാണുണ്ടാവുക? ഇതിനോടു ചേർന്നു നടത്തുന്ന ആക്രമണങ്ങൾക്കും കൊള്ളയ്ക്കും ആരു തടയിടും? നഷ്ടങ്ങള്‍ക്ക്‌ മതവേര്‍തിരിവുണ്ട്?

ഇവിടെ നമ്മുടെ ചിന്തകൾക്കു നാം ഉണർവ്വ്‌ നൽകണം.ഇരു വിഭാഗങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാക്കി വർഗ്ഗീയ കലാപങ്ങൾക്കു വഴിമരുന്നിടുന്ന വർഗ്ഗീയ കോമരങ്ങളുടെ നീക്കങ്ങൾക്കെതിരെ നാം ജനകീയ ഐക്യ നിര ഉയർത്തണം. ഈ ദിവസത്തെ പെരുന്നാളായും വിജയ ദിനമായും ചെറിയ വിഭാഗത്തെ നാം ഒറ്റപ്പെടുത്തണം.അരുത്‌ ഇതിന്റെ പേരിൽ ഇനിയും ഈ മണ്ണിലും മനസ്സിലും ചോര വീഴ്ത്താൻ നാം സമ്മതിക്കരുത്‌..ഈ ദിവസത്തെയും നാം പഴയ പടിയാക്കണം..വെടിപ്പൊട്ടിച്ചു ആഘോഷിക്കുന്നവരെയും ,അപ്രഖ്യാപിത ഹർത്താൽ നടത്തുന്നവരെയും നിയമത്തിന്റെ കയ്കളിൽ ഏൽപിച്ചു നാം മനുഷ്യത്വത്തിന്റെ, മാനവീകതയുടെ കാവലാളരായി മാറണം…

പൊട്ടാന്‍ വിതുമ്പുന്ന ഒരു വ്രണത്തിന്റെ അവസ്ഥയിലാണ് ഇന്ന് കാസറഗോഡ്. മതമെന്ന ആ വ്രണം പൊട്ടാനും അതില്‍ നിന്ന് ചോര ഒലിച്ചിറങ്ങാനും കാത്തുനില്‍ക്കുന്ന കാവല്‍നായ്ക്കള്‍ ഏറെ. മതത്തിന്റെ പേരിൽ തമ്മിലടിക്കാത്ത ,ചോരച്ചാലുകൾ ഒഴുകാത്ത ഒരു നാളെയ്ക്കായ് പോരാട്ടം തുടരുക തന്നെ വേണം. കാസര്‍കോഡിനെ വര്‍ഗീയതയുടെ കറുത്ത പൊട്ടണിയിച്ച്   അറിയപ്പെടാതെ മാനവസ്നേഹത്തിന്റെ പുതിയ തുരുത്ത് എന്ന രീതിയില്‍ തന്നെ പ്രസിദ്ധമാകണം എന്നാണ്  ഓരോ ഇടതുപക്ഷക്കരന്റെയും മതേതരത്വം കാത്തു സൂക്ഷിക്കുന്നവരുടെയും  ആഗ്രഹം.

Share.

About Author

134q, 0.805s