Leaderboard Ad

‘ദൃശ്യ’ത്തിനുള്ളിലെ അദൃശ്യസാന്നിദ്ധ്യങ്ങള്‍

0

അഞ്ചിന്ദ്രിയങ്ങളില്‍ ഏറ്റവും സചേതനമായത് കാഴ്ചയാണ്. ‘ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടു’ എന്നതില്‍ കവിഞ്ഞ മറ്റൊരു സത്യപ്രസ്താവമില്ല. കാഴ്ച പകരുന്ന അറിവ് നമ്മുടെ സാംസ്കാരിക ഭാവുകത്വം രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. അത് കൊണ്ട് തന്നെ നാം ജീവിക്കുന്ന കാലത്തെ ഏറ്റവും ശക്തമായ കലാരൂപം ചലച്ചിത്രമാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. സിനിമയുടെ സംവേദനക്ഷമതയും ആശയരൂപീകരണ സാമര്‍ത്ഥ്യവും ഇന്ന് അവഗണിക്കാന്‍ സാധിക്കാത്ത വിധം ശക്തമാണ്. അതെ കാരണം കൊണ്ട് തന്നെ ചലചിത്ര മേഖലയിലെ ഗൗരവതരവും പുരോഗമനാത്മകവുമായ ഇടപെടലും അവിടെ ഉണ്ടാകുന്ന പ്രതിലോമ പ്രവണതകള്‍ക്കെതിരെയുള്ള നിശിതമായ വിമര്‍ശങ്ങളും സാമൂഹിക ജാഗ്രതയുടെ നിദര്‍ശനമായിത്തീരുന്നു.

Mohanlal-6 sheet drishyam_1 AB

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം നമ്മുടെ ‘കൊട്ടക’കളില്‍ തകര്‍ത്തോടുന്ന ‘ദൃശ്യം’ എന്ന സിനിമയെ ഈ ഒരു പശ്ചാത്തലത്തില്‍ നിന്ന് വിലയിരുത്തുമ്പോള്‍ അത്യന്തം സാമൂഹിക വിരുദ്ധവും പ്രതിലോമകരവുമായ ഒരു അവബോധമാണ് ദൃശ്യം ഉത്പാദിപ്പിക്കുന്നത് എന്ന് പറയാതെ നിവൃത്തിയില്ല. അതീവ ജനപ്രിയവും ജനകീയവുമാകുമ്പോള്‍ അതിന്റെ ‘റീച്ച്’ വര്‍ദ്ധിക്കുകയും ചെയ്യുന്നു. മലയാളി സമൂഹത്തിന്റെ മാറിയ ഭാവുകത്വത്തിന്റെ കൃത്യമായ അളവുകോല്‍ ആയി ഈ സിനിമയുടെ ചരിത്ര വിജയം നമുക്ക്‌ ദര്‍ശിക്കാന്‍ സാധിക്കും.

ആഗോളവത്കരണം എന്നത് ഇന്ന് ഉപയോഗിച്ച് മുന പോയ ഒരു പദമാണ്. എന്നാല്‍ സമൂഹ്യ  സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ നമുക്ക്‌ വ്യവസ്ഥയെ ശാസ്ത്രീയമായി അവലോകനം ചെയ്യാതെ വയ്യ. കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലമായി മനുഷ്യനെ ചെറു തുരുത്തുകളാക്കി വിഭജിക്കു ന്നതിനും അവനവനിലേക്ക് സ്വയം ചുരുക്കുന്നതിനും ആണ് സാമ്രാജ്യത്വം നിരന്തരമായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സമൂഹത്തോടും ഭരണകൂടത്തോടുമുള്ള ഉത്തരവാദിത്വത്തില്‍ നിന്നും വ്യക്തിയെ മാറ്റി അവന്‍ സ്വയം സൃഷ്‌ടിച്ച സ്ഫടിക സൗധത്തിനുള്ളില്‍ ഒതുക്കിയിടുക എന്നത് നവമുതലാളിത്തത്തിന്റെ കുടില തന്ത്രമാണ്. ദൃശ്യത്തിന്റെ കഥാ തന്തു ഇതിനകം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സിനിമയുടെ സാങ്കേതികത്വത്തിലേക്കോ ആസ്വാദനക്ഷമതയിലേക്കോ പ്രവേശിക്കാന്‍ ഈ കുറിപ്പ്‌ കൊണ്ട് ഉദ്ദേശിക്കുന്നില്ല, മറിച്ച് ആ സിനിമ പങ്കു വെക്കുന്ന നൈതികതയും ജീവിത മൂല്യവും ആണ് ഇവിടെ ചര്‍ച്ചാ വിഷയമാക്കുന്നത്. ജനകീയ ഉത്സവമായി മാറുന്ന കലാരൂപങ്ങള്‍ സിനിമയായാലും ഇതര സാഹിത്യസൃഷ്ടികളായാലും നിഷ്കൃഷ്ടമായ സാമൂഹികാസ്വാദനത്തിന്  വിധേയമാക്കുന്ന രീതി സമീപ കാലം വരെ നമുക്കുണ്ടായിരുന്നു. ഈ ചിത്രവുമായി ബന്ധപ്പെട്ട് വന്ന ആസ്വാദനങ്ങളില്‍ ഒന്നും  അത്തരമൊരു വീക്ഷണ കോണില്‍ നിന്ന് കാര്യങ്ങള്‍ കാണുന്നില്ല എന്നതും നാം ആലോചനാ വിഷയമാക്കേണ്ട കാര്യമാണ്.

കാല്‍-നൂറ്റാണ്ട് മുമ്പായിരുന്നു ഇത്തരമൊരു സിനിമ വരുന്നത് എങ്കില്‍ ഇതിലെ പെണ്‍കുട്ടിയും അമ്മയും ചേര്‍ന്ന് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ചെയ്തു  പോയൊരു കൊലപാതകം കുടുംബ നാഥന്റെ മുന്നില്‍ എത്തിച്ചാല്‍, കുടുംബ നാഥന്‍ അതിനോട് പ്രതികരിക്കുന്നത് ഈവിധമായിരിക്കില്ല. നില നില്‍ക്കുന്ന നീതിന്യായ വ്യവസ്ഥയ്ക്കും സാമൂഹിക സങ്കല്‍പങ്ങള്‍ക്കും വിധേയമായി ആ കുട്ടിയെ നീതിപീഠത്തിന്റെ മുന്നിലെത്തിക്കുന്നതിനും സാഹചര്യങ്ങള്‍ വിശദീകരിച്ച് ശിക്ഷ പരമാവധി ലഘൂകരിച്ച് വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ അവളെ രക്ഷിച്ചെടുക്കുന്നതിനും ആയിരുന്നു.

drishyam malayalam movie stills -0647214
ജനപ്രിയ സിനിമകള്‍ ഇതിനേക്കാള്‍ പ്രതിലോമകരമായ മൂല്യങ്ങള്‍ നേരത്തെയും ഒരുപാട് പങ്കുവെച്ചിട്ടുണ്ട്. അന്നൊക്കെ സിനിമയെ  ഗൗരവതരമായി വീക്ഷിക്കുന്നവര്‍ ആ പിഴവുകള്‍ ചൂണ്ടി കാണിച്ചു കൊണ്ട് തന്നെയാണ് അതിനെ സമീപിച്ചിരുന്നത്. ഇവിടെ ചലച്ചിത്ര വിമര്‍ശകര്‍പോലും ഈ സിനിമ മുന്നോട്ടു വെക്കുന്ന നീതിബോധത്തെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇത് വളരെ കൃത്യമായി മലയാളിയുടെ മാറിയ സാംസ്കാരിക അവബോധത്തെയാണ് കാണിക്കുന്നത്. ‘ഞാനും എന്റെ കെട്യോനും ഒരു തട്ടാനും’ എന്ന പഴയ മാനസിക സങ്കുചിതത്വത്തിന്റെ പുതു രൂപമാണ് നാം ഇവിടെ ദര്‍ശിക്കുന്നത്. അതില്‍ തട്ടാനെങ്കിലും പുറത്തു നിന്നായിരുന്നു. ഇവിടെ  ‘ഞാനും -എന്റെ അണുകുടുംബവുമാണ് സര്‍വപ്രധാനമെന്നും അതിനെ സംരക്ഷിക്കാന്‍ നില നില്‍ക്കുന്ന സാമൂഹിക മൂല്യങ്ങളെ വെല്ലുവിളിച്ച്, തന്റെ പ്രായോഗിക പ്രജ്ഞ ഉപയോഗിച്ച് ഏതറ്റം വരെയും പോകും എന്ന നായക  ധാര്‍ഷ്ട്യത്തിനു മുന്നില്‍ തല കുനിക്കുന്ന ഭരണകൂട സ്ഥാപനങ്ങളെയാണ് നാം കാണുന്നത്. കുട്ടികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ രക്ഷിതാക്കളെ യാഥാസമയം അറിയിച്ചാല്‍ അവര്‍ അതിനു പരിഹാരം കാണും എന്ന സന്ദേശം ആണ് ഈ സിനിമ തരുന്നത് എന്നാണ്  ഒരു കൂട്ടര്‍ പറഞ്ഞത്‌. ഒരു മാതൃകാ രക്ഷിതാവ് ഈ രീതിയില്‍ ആണോ ഈ വിഷയം പരിഹരിക്കേണ്ടത്? മൊത്തത്തില്‍ ഒരു കലാ രൂപം ഈ സന്ദേശമാണോ സമൂഹത്തിന് നല്‍കേണ്ടത് ? ഇതാണ് മൗലികമായ ചോദ്യങ്ങള്‍. ആകെ ഈ ചോദ്യം ഉന്നയിച്ചത് ജയില്‍ എ.ഡി.ജി.പി ശ്രീ. സെന്‍കുമാര്‍ ആണ്. ഉടന്‍ ‘പോലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം? എന്ന് സിനിമാ സ്റ്റൈലില്‍ തന്നെ ചലച്ചിത്രലോകം അതിനെ നേരിടുന്നതാണ് നാം കണ്ടത്.

ഒരു സിനിമ ഇങ്ങനെയായിരിക്കണം എന്ന് നിഷ്കര്ഷിക്കുകയോ വ്യക്തിനിഷ്ഠ താല്പര്യങ്ങള്‍ക്കൊത്ത് സിനിമ ചലിക്കാത്തതിനാല്‍ പഴി പറയുകയോ അല്ല ഇവിടെ ഉദ്ദേശിക്കുന്നത്. തന്റെ കാഴ്ചപ്പാടുകള്‍ അനുസൃതമായി കലാരൂപങ്ങള്‍ നിര്‍മിക്കാനുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായും കലാകാരനുണ്ട്‌. എന്നാല്‍ അത് മുന്നോട്ടു വെക്കുന്ന സാംസ്കാരിക മൂല്യത്തെ കര്‍ക്കശമായി വിലയിരുത്തകയും പ്രതിലോമകരമാണെങ്കില്‍ സാമൂഹികമായ മുന്നറിപ്പ് നല്‍കുകയും ചെയ്യേണ്ടത്‌ ജാഗ്രത്തായ ഒരു ആസ്വാദകലോകത്തിന്റെ കര്‍ത്ത്യവമാണ്. അത് തന്നെയാണ് ആരോഗ്യമുള്ള സാംസ്കാരികാന്താരീക്ഷത്തിന്റെ അടയാളവും.

-ഷാജി  തറയില്‍

Share.

About Author

150q, 0.645s