Leaderboard Ad

ദൈവം തെറ്റ് ചെയ്താലും ഞാനത് വിളിച്ചു പറയും

0

” ദൈവം തെറ്റ് ചെയ്താലും ഞാനത് വിളിച്ചു പറയും “

     മാധ്യമങ്ങളെ പറ്റി പറയുമ്പോൾ നാം എന്നും പരാമർശിക്കുന്ന സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ വാക്കുകൾ ആണ് മുകളിൽ ഉദ്ധരിച്ചത്. രാജ വാഴ്ചക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ നാടുകടത്തപ്പെട്ട സ്വന്തം നാക്കും തൂലികയും ഒരു ഭീഷണിക്കും പ്രലോഭനത്തിനും അടിയറ വെക്കാതെ, അഭിപ്രായം പറഞ്ഞാൽ മൂക്ക് ചെത്തിക്കളയും എന്ന് പറഞ്ഞവരുടെ മുഖത്ത് നോക്കി രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാൻ ധൈര്യം കാണിച്ച മാധ്യമപ്രവർത്തകൻ ആയിരുന്നു സ്വദേശാഭിമാനി. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ :”രാജ കുടുംബം അവകാശപ്പെടുന്നു തങ്ങൾ ദൈവത്തിന്റെ പ്രതിപുരുഷന്മാർ ആണെന്നും ദൈവം ആണ് തങ്ങളെ നാട് ഭരിക്കാൻ ഇവിടെ സൃഷ്ടിച്ചത് എന്നും.. ഇതിലും വലിയ വിഡ്ഢിത്തം വേറെയുണ്ടോ ? ശുനകവർഗത്തെ ഭരിക്കാൻ ഏതെങ്കിലും പ്രത്യേകതയുള്ള ശുനകനെ ദൈവം സൃഷ്ടിച്ചിട്ടുണ്ടോ ? അല്ലെങ്കിൽ വേറെ ഏതെങ്കിലും ജീവ ജാലങ്ങളിൽ ഇങ്ങനെ ഒരു കഥ കേട്ടിട്ടുണ്ടോ ?” രാജ വാഴ്ച കൊടി കുത്തി വാണിരുന്ന , തിരു വായ്ക്ക് എതിർവാ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഇത്തരം ധീരമായ നിലപാടുകൾ എന്നുകൂടി ഓർക്കണം.അദ്ദേഹം ചോദ്യം ചെയ്തത് വിമർശനങ്ങളെ അംഗീകരിക്കാത്ത ഒരു അധികാര ശക്തിയെ ആണ് .. പ്രതികാര നടപടികൾ ഉണ്ടായപ്പോഴും സ്വന്തം നിലപാടുകളിൽ വെള്ളം ചേർക്കാനോ നിലപാട് മാറ്റാനോ അദ്ദേഹം തയ്യാറായില്ല.അത് തന്നെയാണ് ഇന്നും സ്വദേശാഭിമാനി ഓർക്കപ്പെടാനും ആദരിക്കപ്പെടാനും കാരണം.

മാധ്യമങ്ങൾ

ഇതൊരു ഓർമപ്പെടുത്തലാണ് . ഇങ്ങനെ ഒരു മാധ്യമ തലമുറ ഇവിടെ ഉണ്ടായിരുന്നു എന്നൊരോർമ്മപ്പെടുത്തൽ.. ആ ഭൂതകാലപാരമ്പര്യത്തിന്റെ ഗരിമ കൂടി മനസ്സിൽ വച്ച് കൊണ്ടാണ് ഈ കുറിപ്പിന് തലക്കെട്ട്‌ കൊടുത്തത് സമകാലീന മാധ്യമ മേഖലയെ സസൂക്ഷ്മം വീക്ഷിക്കുന്ന ഏതൊരാൾക്കും അതിൽ സംശയം ഉണ്ടാകില്ല.

മാധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുന്നതിന് പകരം വാർത്തകൾ സൃഷ്ടിക്കുന്ന അപകടകരമായ അവസ്ഥയും ഇന്ന് വളരെയധികം കാണുന്നു.അതിന്റെ കാരണങ്ങൾ അന്വേഷിച്ചു ചെന്നാൽ എത്തിച്ചേരുന്ന ചില വസ്തുതകൾ ഇവയാണ് .

ഒന്ന് : സാങ്കേതിക വിദ്യയുടെ കണ്ണഞ്ചിപ്പിക്കുന്ന വികാസവും മാധ്യമ മേഖലയിലെ അതിന്റെ വലിയ തോതിലുള്ള ഉപയോഗവും. ഇതു വാർത്തയെയും ഇതു രീതിയിലും വളച്ചൊടിക്കാനും സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി തെറ്റിദ്ധാരണ പരത്താനും ഉപയോഗിക്കുന്നു. ആടിനെ പട്ടിയാക്കാനും ആ പട്ടിയെ പേപ്പട്ടി ആക്കാനും അതിലൂടെ അവർ ശ്രമിക്കുന്നു.
ഒരുദാഹരണം : രംഗം ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സമയത്തെ പിണറായിയുടെ ഒരു പത്ര സമ്മേളനം. മാധ്യമ പ്രവര്‍ത്തകന്‍ അദ്ദേഹത്തെ കുടുക്കാന്‍ തന്നെ ഉദ്ദേശിച്ചു ചോദിച്ചു “ചന്ദ്രശേഖരന്‍ കുലംകുത്തി ആണെന്ന് താങ്കള് മുന്‍പ് പറഞ്ഞിട്ടുണ്ട്. അതെ അഭിപ്രായം ഇപ്പോഴും ഉണ്ടോ?- മറുപടി- “കുലംകുത്തി കുലംകുത്തി തന്നെ. അതില്‍ മാറ്റമില്ല . പക്ഷെ അതല്ല ഇപ്പോഴത്തെ വിഷയം. നാമിപ്പോള്‍ ചെയ്യേണ്ടത് ഈ അരുംകൊല ചെയ്തവരെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരികയാണ്”. എന്നാൽ മാധ്യമങ്ങൾ ഇത് വ്യാഖ്യാനിച്ചതും പ്രചരിപ്പിച്ചതും എങ്ങിനെ ആണെന്ന് നമ്മൾ കണ്ടു. “മരിച്ചയാളെ കുലംകുത്തി എന്നാക്ഷേപിക്കുന്നു” എന്ന് പറഞ്ഞു മാധ്യമപ്പട തുടങ്ങിവെച്ച പ്രചരണം കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ രാഷ്ട്രീയ ചേരി എങ്ങിനെ ഏറ്റു പിടിച്ചു എന്നതും ചരിത്രം

രണ്ട് : മാധ്യമങ്ങളുടെ പെരുകലും അവർ തമ്മിലുള്ള അനാരോഗ്യകരമായ മത്സരവും. ഇത് വാർത്തകൾ തേടിയുള്ള അലച്ചിലിന് ആഴം കൂട്ടുന്നു . അതിന്റെ ഭാഗമായി വാർത്തകളിലെ സത്യം അന്വേഷിക്കാനുള്ള സമയം ഇല്ലാതെ വരുന്നു. അങ്ങനെ ഫ്ലാഷ് ന്യൂസുകൾ സൃഷ്ടിക്കപ്പെടുന്നു. വാർത്തകൾ സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു .ഈയിടെയായി ചില മാധ്യമങ്ങൾ ഫ്ലാഷ് ന്യൂസ് ആക്കിയ ഒരു വാർത്ത‍ ആയിരുന്നു ഹൈദരലി തങ്ങളെ ചന്ദ്രികയിൽ നിന്നും പുറത്താക്കി എന്ന വാർത്ത‍. കേട്ട പാതി കേൾക്കാത്ത പാതി വായിൽ എല്ല് സൂക്ഷിക്കാത്ത ഒരു മഹാൻ ഇത് വാർത്ത‍ ആക്കി. വാർത്തയിലെ വസ്തുത അന്വേഷിക്കാതെ മറ്റു ചാനലുകളും അതെ വാർത്ത‍ ഫ്ലാഷ് ആയി നല്കി. പക്ഷെ അതിലെ വസ്തുത അന്വേഷിച്ചപ്പോൾ അതു വെറും നുണയായിരുന്നു എന്ന് വ്യക്തമായി.

മൂന്ന്: ഒരു പ്രത്യയ ശാസ്ത്രത്തോടോ പ്രസ്ഥാനത്തോടോ ഉള്ള അന്ധമായ വിരോധം അല്ലെങ്കിൽ വിധേയത്വം. കേരളത്തിലെ കാര്യമെടുക്കാം. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ തിമിരം ബാധിച്ച ഒരു മാധ്യമ സമൂഹം സജീവമായി നിലനില്ക്കുന്ന ഒരു നാടാണ് കേരളം. കമ്മ്യൂണിസ്റ്റ്‌ പ്രത്യയ ശാസ്ത്രത്തോടുള്ള വിരോധം ഏതു വാർത്തയിലും പ്രതിഫലിപ്പിക്കാൻ അവർ ആവതു ശ്രമിക്കും. കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കഴിച്ചു മരിക്കും എന്ന് പറഞ്ഞ ഒരു മഹാന്റെ പൈതൃകം പേറുന്ന പത്ര-ചാനൽ മാധ്യമത്തിനാണ് ഈ ചേരിയുടെ നേതൃത്വം. ടി പി ചന്ദ്രശേഖരൻ വധം ഇവര ആഘോഷിച്ചത് 3 മാസം ആണ് .ഒരു മാസം മൊത്തം ചാനൽ ചർച്ച ഒരു ടി പി മാത്രം ആയിരുന്നു. കേരളത്തിലെ ആദ്യത്തെ അല്ല ചന്ദ്രശേഖരൻ. സി പി ഐ എമ്മിന്റെ സെക്രെടരിയറ്റ്‌ മെമ്പറെ കൊലപ്പെടുത്തിയ നാടാണിത്. കുഞ്ഞാലിയെ വെടിവെച്ചു കൊന്ന നാട്. ഇതപര്യന്തമുല്ല കണക്കെടുത്ത് നോക്കിയാൽ കൂടുതൽ പേർക്ക് ജീവന നഷ്ടപ്പെട്ടത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഭാഗമായത് കൊണ്ട് മാത്രമാണ്. പക്ഷെ ഇരയെ വേട്ടക്കാരൻ ആക്കുന്ന രീതിയാണ് മാധ്യമങ്ങൾ സ്വീകരിച്ചത് ..ചന്ദ്രശേഖരന് ശേഷവും കേരളത്തിൽ രക്തസാക്ഷികൾ ഉണ്ടായി. ഇടുക്കിയിലെ എസ് എഫ് ഐ നേതാവ് അനീഷ്‌ രാജ്, സ്വന്തം സഹപ്രവർത്തകരാൽ വെട്ടി നുറുക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ്‌ നേതാവ് തൃശൂരിലെ മധു അങ്ങനെ നിരവധി പേർ ..പക്ഷെ അവര്ക്ക് വേണ്ടിയൊന്നും ഒരു ചര്ച്ചയോ ശ്രദ്ധാഞ്ജലിയോ എവിടെയും സംഘടിക്കപ്പെട്ടില്ല. കാരണം വ്യക്തം ഒന്നുകിൽ മരിച്ചത് കമ്മ്യൂണിസ്റ്റ്‌ പാർടിക്കാർ ആയിരുന്നു ..അല്ലെങ്കിൽ പ്രതിസ്ഥാനത്ത് കമ്മ്യൂണിസ്റ്റ്‌ പാർടിക്കാർ അല്ലായിരുന്നു. ഇതേ മാധ്യമങ്ങൾ സോളാർ അടക്കമുള്ള വിഷയങ്ങളിൽ എങ്ങിനെയാണ് പ്രതികരിച്ചത് എന്നതും നാം കാണണം.കൈരളി പീപ്പിൾ ഈ അഴിമതി പുറത്തു കൊണ്ടുവന്ന ആദ്യദിനങ്ങളിൽ ഈ വാർത്ത‍ തമസ്കരിക്കുകയാണ് മനോരമ ,ഏഷ്യാനെറ്റ്‌ .മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങൾ ചെയ്തത്. ചിലരോടുള്ള വിധേയത്വം പ്രകടിപ്പിക്കുക എന്നത് തന്നെ കാരണം. പക്ഷെ കൈരളിയും റിപ്പോർട്ടർ ചാനലും ഈ വിഷയത്തിൽ സജീവമായി ഇടപെടുകയും കൂടുതൽ കൂടുതൽ തെളിവുകള പുറത്തു വിടുകയും ചെയ്തതോടെ ഈ മാധ്യമങ്ങൾ സോളാർ വിഷയം സംബന്ധിച്ച വാർത്തകൾ നല്കാൻ നിർബന്ധിതർ ആവുകയായിരുന്നു . അപ്പോഴും ഭരണ വർഗത്തെ ന്യായീകരിക്കാൻ ആണ് ഇവര കൂടുതലും ശ്രമിച്ചത്‌. ഇതേ മാധ്യമങ്ങള ഒന്നുമല്ലാതിരുന്ന ലോട്ടറി വിഷയം എങ്ങനെ ആണ് കൈകാര്യം ചെയ്തത് എന്നതും നമ്മൾ കണ്ടതാണ്. പോൾ ജോർജ് വധത്തിന്റെ പേരില് ഇവര നടത്തിയ മാധ്യമ വിചാരണയും നാം ഓർക്കേണ്ടതുണ്ട്. കേരള പോലീസിനെ സംശയത്തിന്റെ മുനയിൽ നിർത്തി മാധ്യമ വിചാരണ നടത്തിയവർ ഇതേ കേസിൽ സി ബി ഐ കേരള പോലീസിന്റെ കണ്ടെത്തലുകളെ ശരി വെച്ചപ്പോൾ ഒരു കോളം വാർത്ത‍ നല്കാൻ പോലും ഇവര തയ്യാറായില്ല. ഇവരൊക്കെ ക്ഷമാപണം നടത്തും എന്ന് നമുക്കൊരിക്കലും പ്രതീക്ഷിക്കാൻ ആവില്ല .

നാല് : മാധ്യമത്തിന്റെ ഉടമയുടെ അല്ലെങ്കിൽ മാനേജ്‌മെന്റിന്റെ താൽപര്യങ്ങൾ. റുപെർട്ട്മർഡോക്ക് ഓസ്ട്രേലിയൻ ഭരണകൂടത്തിൽ സ്വന്തം താല്പര്യം സംരക്ഷിക്കുന്നവരെ എങ്ങിനെ പ്രതിഷ്ഠിച്ചു എന്നും തനിക്കു വ്യക്തി വൈരാഗ്യമുള്ള ത്നറെ സ്ഥാപനത്തിലെ മുൻ എഡിറ്ററെ എങ്ങനെ കള്ളക്കേസിൽ കുടുക്കി എന്നും നിക്ക് ഡേവീസ് തന്റെ Flat Earth News എന്നാ പുസ്തകത്തില വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇവിടെ പത്ര മുതലാളിയുടെ താൽപര്യ സംരക്ഷണത്തിന് വേണ്ടി യാഥാർഥ്യങ്ങൾക്ക് പകരം കള്ള വാർത്തകളും അപവാദങ്ങളും ഇടം പിടിക്കുന്നു . ഇതേ റുപെർട്ട്മർഡോക്ക് ബ്രിട്ടണിൽ ന്യൂസ്‌ ഓഫ് ദി വേൾഡ് പത്രത്തിലൂടെ നടത്തിയ അധാർമികമായ പത്ര പ്രവര്ത്തനത്തിന്റെ പേരില് പ്രതിയായതും , പത്രം തന്നെ നിർത്തേണ്ടി വന്നതും നാം കണ്ടു. ഇതിന്റെ മറ്റൊരു പതിപ്പ് നമുക്ക് കേരളത്തിലും കാണാം. മാന്യതയുടെ അംശം പോലും ഇല്ലാത്ത ഒരു വാര്ത്ത നാം കുറച്ചു നാളുകൾക്കു മുൻപ് കണ്ടു . ഒരു രാഷ്ട്രീയ നേതാവിന്റെ നീലച്ചിത്രം ലൈവ് സംപ്രേഷണം നടത്തി ചിലരോടുള്ള കൂറ് പുലര്താൻ ആണ് മാതൃഭുമി ചാനൽ ശ്രമിച്ചത്‌. മാധ്യമ സദാചാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ചിലരുടെ മൂശയിൽ വിരിഞ്ഞ ആശയം ആയിരിക്കണം അത്.. പ്രതിസന്ധിയിൽ പെട്ട് ചക്രശ്വാസം വലിക്കുന്ന ഒരു സർക്കാരിനു ജീവവായു നല്കലായിരുന്നു അവരുടെ ലക്‌ഷ്യം. പക്ഷെ അതിനു ഇത്രയും അധപതിക്കാൻ പാടില്ലായിരുന്നു. ആ വീഡിയോ യുടെ കാര്യത്തിലെക്കോ പൊതു പ്രവർത്തകന്റെ ധാര്മികതയിലെക്കോ ഒന്നും ഞാൻ പോകുന്നില്ല .കാരണം അതല്ല ഇവിടെ വിഷയം. അശ്ലീല ദ്രിശ്യങ്ങൾ സംപ്രേഷണം ചെയ്യാൻ പാടില്ല എന്നാ സുപ്രീം കോടതി വിധി നിലനിൽക്കെ അത് ലംഘിക്കാൻ ഒരു മാധ്യമ പ്രവർത്തക തുനിയണം എങ്കിൽ അതിനു പിന്നിൽ ചില താല്പര്യങ്ങൾ ഉണ്ട് എന്ന് തന്നെ പറയേണ്ടി വരും .. അത് വിരൽ ചൂണ്ടുന്നത് ഈ മാധ്യമത്തിന്റെ മുതലാളിയിലേക്കും ആ മുതലാളിയുടെ രാഷ്ട്രീയ അജെണ്ടയിലെക്കും തന്നെയാണ്.

മാധ്യമങ്ങൾഇവിടെ നടക്കുന്നത് സമ്മതിയുടെ നിർമിതി (manufacturing consent )ആണ്. അത് പക്ഷെ വ്യാജ സമ്മിതി ആണ്. മാധ്യമ പ്രവര്ത്തനത്തെ സ്വന്തം കാര്യലാഭത്തിനുള്ള വഴിയായി കാണുന്ന വലിയ ഒരു കൂട്ടം ഇന്നിവിടെ രൂപപ്പെട്ടിരിക്കുന്നു . അവരെ സമ്പന്ധിച്ചടുത്തോളം അത് വെറും ജോലി മാത്രമാണ്. അതിനു നൈതികത (ethics ) നഷ്ടപ്പെട്ടിരിക്കുന്നു. സെൻസേഷനൽ ആയ വാർത്തകൾ സൃഷ്ടിച്ചു കൊണ്ട് വെള്ളി വെളിച്ചത്തില നില്ക്കാനും ചിലരോടുള്ള വിധേയത്വം വാക്കിലും പ്രവൃത്തിയിലും പ്രകടിപ്പിച്ചു കൊണ്ട് സ്വകാര്യലാഭം നേടാനും ആണ് ഇന്ന് ബഹുഭൂരിപക്ഷം മാധ്യമ പ്രവർത്തകർക്കും താല്പര്യം. രാജ്യം ഞെട്ടിയ ടൂ-ജി അഴിമതിയുടെ ഇടനിലക്കാരിൽ പ്രമുഖർ മാധ്യമ പ്രവർത്തകർ ആയിരുന്നു എന്നത് നാം കണ്ടു. ടൂ-ജി അഴിമതി പുറത്തു കൊണ്ട് വന്ന The Pioneer എന്ന പത്രത്തിലെ പത്ര പ്രവർത്തകൻ J ഗോപികൃഷ്ണനെ ഒറ്റ തിരിഞ്ഞു ആക്രമിക്കാൻ ആണ് ആദ്യനാളുകളിൽ മാധ്യമ സമൂഹം ശ്രമിച്ചത്‌ എന്നത് ചരിത്രം. സ്വന്തം കള്ളങ്ങൾ ന്യായീകരിക്കാൻ ബർഖ ദത്ത് എന്നാ മാധ്യമ പ്രവർത്തക ചാനൽ ചർച്ചകൾ സംഘടിപിച്ചതും ടൂ-ജി അഴിമതിയിലൂടെ നാം കണ്ടു. സ്വന്തം പ്രവര്തികളെ ന്യായീകരിക്കാൻ ആണ് ആ ചർച്ചയിൽ ബർഖ ഭൂരിഭാഗം സമയവും ഉപയോഗിച്ചത് എന്ന് കൂടി പറയുമ്പോൾ മാധ്യമ മേഖല എത്രമാത്രം അധപധിച്ചു എന്ന് നമുക്ക് മനസ്സിലാകും . ഇങ്ങു കേരളത്തിലേക്ക് വന്നാൽ സർക്കാർ നിര്മിച്ച ഫ്ലാറ്റ് വാങ്ങി ,വായ്പ തിരിച്ചടക്കാതെ, വാങ്ങിയ ഫ്ലാറ്റുകൾ വാടകയ്ക്ക് നൽകി പണം സമ്പാദിച്ച ഒരു കൂട്ടം മാധ്യമ പ്രവര്ത്തകരെ നമുക്ക് കാണാം. അധികാരി വര്ഗത്തിന് ചെയ്ത വഴിവിട്ട സഹായങ്ങളെ മാനിച്ചു സർക്കാർ ആ കടം എഴുതി തള്ളി . അതിനു വേണ്ടി വലിയ സമ്മർദം മാധ്യമപ്രവർത്തകർ നടത്തി.

വേണം നമുക്കൊരു പുത്തൻ മാദ്ധ്യമ സംസ്‌കാരം

Duty of a doctor is to give health to their patients, the duty of the singer is to sing, and the duty of the journalist is to write what this journalist sees in reality –Anna Politkovskaya

റഷ്യൻ മാധ്യമ പ്രവർത്തക അന്ന പൊലിറ്റ്കൊവ്സ്കയ യുടെ വരികൾ ആണ് മുകളില പറഞ്ഞത് . അതെ നമുക്ക് വേണ്ടത് കണ്ടത് അത് പോലെ വിളിച്ചു പറയുന്ന മാധ്യമ പ്രവര്ത്തകരെ ആണ്. വസ്തുതകൾ വസ്തുതകൾ ആയി കാണുന്ന സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരു പുത്തൻ മാധ്യമ സംസ്കാരം നമുക്ക് വേണം. ജേർണലിസം കോഴ്സുകൾ അടവച്ച് വിരിയിച്ചെടുക്കുന്ന പ്രൊഫെഷണൽ മാധ്യമസംസ്കാരം ഉണ്ടാക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങൾ മാധ്യമ രംഗത്ത് ഉണ്ടാക്കുന്നു . നാടിന്റെ തുടിപ്പറിയാൻ അവര്ക്ക് കഴിയണം . മുൻവിധികൾ ഇല്ലാതെ സത്യങ്ങള വിളിച്ചു പറയാൻ ചങ്കൂറ്റം ഉണ്ടാവണം . അവരുടെ നാക്കുകൾ ഒരിക്കലും വാടകയ്ക്ക് കൊടുക്കപ്പെടരുത്..തൂലികകൾ അസത്യം എഴുതരുത് . എയർ കണ്ടിഷൻ റൂമിലിരുന്നു ഇറാഖ് യുദ്ധം റിപ്പോർട്ട്‌ ചെയ്ത മോഹന മാധ്യമ രീതി നാം കണ്ടതാണ് .. അത്തരം പൊള്ളയായ രീതികള തീർത്തും നുള്ളിക്കളയപ്പെടണം. ജീവസ്സുള്ള റിപ്പോർട്ടുകൾ നല്കാനുള്ള പാടവം മാധ്യമ രംഗത്തുള്ളവർക്ക് ഉണ്ടാവണം. അതില്ലാത്തിടത്തോളം കാലം നാലാം തൂണ് ദ്രവിച്ചു കൊണ്ടേ ഇരിക്കും. കുറഞ്ഞു വരുന്ന മാധ്യമ വിശ്വാസ്യത ഒരു നാൾ അതിന്റെ പൂർണതയിൽ എത്തു കയായിരിക്കും അതിന്റെ ഫലം.

ഫോട്ടോ കടപ്പാട് ( photo courtesy  ): freerangestock.com.

Share.

About Author

135q, 0.571s