Leaderboard Ad

ദൈവത്തിന്റ്റെ നാട്ടിലെ സൂപ്പർമാൻ

0

നാട്ടിലേയ്ക്കൊരു യാത്ര …അതും പത്ത് വർഷങ്ങൾക്ക് ശേഷം ..മോൾ ജനിച്ച ശേഷം ആദ്യമായി …ഒരുമാസം മുൻപേ ‘അമ്മൂസ്’ ഒരുങ്ങാൻ തുടങ്ങി . നാട്ടിലെത്താൻ ഞങ്ങളേക്കാൾ തിടുക്കം അവൾക്കാണ് . എൻറ്റെ കഥകളിലൂടെ ഞാനവൾക്ക് വർണ്ണിച്ച് കൊടുത്തിട്ടുള്ള, അവൾ ഒരിക്കലും കണ്ടിട്ടില്ലാത്ത, ദൈവത്തിന്റ്റെ സ്വന്തം നാട് ..ജനിച്ചതും വളരുന്നതും അമേരിക്കയിലാണെങ്കിലും നാടിന്റ്റെ തനിമയും സംസ്ക്കാരവും ഒട്ടും ചോർന്ന് പോകതെയാണ് ഞങ്ങൾ അവളെ വളർത്തുന്നത്..വീടിന് വെളിയിൽ അവൾ പല സംസ്ക്കാരങ്ങൾ കാണുന്നുണ്ടെങ്കിലും വീടിനുള്ളിൽ അവൾ തനി മലയാളിക്കുട്ടിയാണ് . ചാനലിലെ ‘മംഗ്ലീഷ്’ ചേച്ചിമാരേക്കാൾ നന്നായി അവൾ മലയാളം സംസാരിക്കും , നന്നായി എഴുതുകയും വായിക്കുകയും ചെയ്യും . എനിക്കത് വളരെ നിർബന്ധമാണ്‌ . കഴിഞ്ഞ ഒൻപത് വർഷമായി, എന്നിലൂടെ മാത്രം കേട്ടറിഞ്ഞ നാട്ടിലേയ്ക്കുള്ള യാത്രയുടെ ആവേശത്തിലാണ് അമ്മുക്കുട്ടി .

ഫ്ലൈറ്റിലും അമ്മൂസ് വാതോരാതെ ഓരോന്ന് ചോദി ച്ചുകൊണ്ടേയിരുന്നു . അവൾക്ക് കാണേണ്ടതും കൂടുതൽ അറിയേണ്ടതും ‘സൂപ്പർമാനെ ‘ പ്പറ്റിയാണ്‌ ..എൻറ്റെ സൂപ്പർമാൻ ..സോമു ..എൻറ്റെ അമ്മയുടെ തറവാടിന്റ്റെ പടിഞ്ഞാറേ അയൽവക്കത്തുള്ള സോമു ,എൻറ്റെ കളിക്കൂട്ടുക്കാരനാണ് . അമ്മയും അച്ഛനും വിദേശത്തായിരുന്നതുകൊണ്ട് SSLC വരെ ഞാൻ പഠിച്ചിരുന്നത് അമ്മയുടെ തറവാട്ടിൽ നിന്നായിരുന്നു . പാടവും ,പുഴയും ,ആമ്പൽക്കുളവും ,തേന്മാവുമുള്ള ആ നാട്ടിൽ ,എനിക്ക് പൂത്തുമ്പിയെ പിടിച്ച് തരികയും ,ആമ്പൽക്കായ പറിച്ച് തരികയും ചെയ്ത് എപ്പോഴും എനിക്കൊപ്പം നടന്നിരുന്ന സോമു . എന്നെക്കാൾ രണ്ട് വയസ്സിന് മൂപ്പുണ്ട് . ഞാൻ സ്കൂളിൽ പോയി വരുന്നത് സോമുവിന്റ്റെ സൈക്കിളിൽ ആയിരുന്നു . എത്ര ഉയരമുള്ള മരത്തിലും കയറുന്ന ,ഏത് ഒഴുക്കിലും നീന്തുന്ന ,ഒരുപാട് ഉയരത്തിൽ പട്ടം പറത്തുന്ന സോമുവിനോട് എനിക്ക് ആരാധനയായിരുന്നു .. ആമ്പൽക്കായ എനിക്ക് വലിയ ഇഷ്ട്ടമായിരുന്നു . ഞാനത് തിന്നശേഷം വായ്ക്കുള്ളിലെ ചൂട് ശ്വാസം അകത്തേയ്ക്ക് വലിക്കുന്നത് നോക്കി നിന്ന് സോമു ചിരിക്കുമായിരുന്നു . ഒരുദിവസം കായ പറിച്ചുകൊണ്ടിരിക്കെ ഞാൻ ആമ്പൾക്കുളത്തിൽ കാല് തെറ്റി വീണു . അത് കണ്ടുനിന്ന സോമു , കൂടെ ചാടി എന്നെ കരയ്ക്കെത്തിച്ചു . മൂക്കിനുള്ളിൽ ചെളിയൊക്കെ കയറിഎൻറ്റെ നില കുറച്ച് ഗുരുതരമായിരുന്നു . എങ്കിലും ജീവൻ തിരിച്ചു കിട്ടി . എല്ലാവരും സോമുവിനെ ഒരുപാട് അഭിനന്ദിച്ചു . ധീരതയ്ക്കുള്ള അവാർഡിന് അപേക്ഷിക്കണോന്ന് വരെ പറഞ്ഞു . മിലിട്ടറിയിൽ നിന്ന് ലീവിന് വന്നിരുന്ന വല്യമ്മാവൻ ,സോമുവിന് എന്തെങ്കിലും സമ്മാനം കൊടുക്കണമെന്ന് പറയുന്നത് കേട്ടപ്പോൾ ,ഞാൻ പറഞ്ഞു , അവന് രണ്ട് ഷർട്ടും പാൻറും വാങ്ങി കൊടുക്ക്‌ മാമാ, പാവത്തിന് സ്കൂളിലിടാൻ ആകെ രണ്ട് ഉടുപ്പേ ഉള്ളൂന്ന് ..അങ്ങനെ വല്യമ്മാവൻ അവന് രണ്ട് ജോഡി ഡ്രസ്സ്‌ വാങ്ങി കൊടുത്തു . അവൻറ്റെ കയ്യിൽ കൊടുക്കുമ്പോൾ മാമൻ അവനോട് ചോദിച്ചു : ടാ , ഇതിൽ രണ്ട് ജെട്ടീം ഉണ്ട് . നീ ജെട്ടിയൊക്കെ ഇടാറൊണ്ടോ ? അവൻ നാണിച്ച് തലതാഴ്ത്തി . അപ്പൊ മാമൻ പിന്നേം പറഞ്ഞു . ” ഹാ , നാണിക്കാതെടാ , ഇവൾടെ ജീവനൊക്കെ രക്ഷിച്ച് നീ ഇപ്പോ സൂപ്പർമാനല്ലേ ..ഈ ഒറിജിനൽ സൂപ്പർമാൻ സാധാരണ ജെട്ടി പുറത്താ ഇടാറ് ..നീയും പാൻറ്റിട്ടിട്ട് ആ ജെട്ടിയെടുത്ത് പുറത്തിട്ടോ…സൂപ്പർമാൻ സോമു ആയി പറന്നു നടക്കെടാ …” അങ്ങനെ വല്യമ്മാവനാണ് സോമുവിന് സൂപ്പർമാൻ എന്ന് പേരിട്ടത് . പിന്നെ ഞാനും ആ വിളി ഒരു ശീലമാക്കി . വല്യമ്മാവന്റ്റെ അടുത്തുനിന്ന് ഞാൻ സൂപ്പർമാൻ കഥകളൊക്കെ കേട്ടറിഞ്ഞു . വരയ്ക്കാൻ ഇഷ്ട്ടമുള്ള ഞാൻ, അന്ന് രാത്രി വാട്ടർ കളർ കൊണ്ട് സോമുവിനെ വരച്ചു . പാന്റ്റും ഷർട്ടും ഇട്ട് ജെട്ടി പുറത്ത് ധരിച്ചിരിക്കുന്ന സോമുവിന്റ്റെ ചിത്രം ..ഞാനത് എല്ലാരേം കാണിച്ച് ചിരിച്ചു . പിറ്റേന്ന് ഞാനാ ചിത്രം സോമുവിനെ കാണിച്ചു . ആകെ ചമ്മി നിൽക്കുന്ന അവന്റ്റെ ഭാവം കണ്ട് ഞാൻ ഉറക്കെ ചിരിച്ചു . ഞാൻ ചിരിക്കുന്നത് നോക്കി നിന്നിട്ട് സോമു പറഞ്ഞു : ” നീ ചിരിക്കുന്നത് കാണാൻ നല്ല ചേലാണ് .” അത് പറയുമ്പോൾ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത എന്തോ ഒന്ന് അവൻറ്റെ കണ്ണിൽ മിന്നിമറഞ്ഞത്‌ ഞാൻ കണ്ടു . അന്ന് രാത്രി അമ്മമ്മയെ കെട്ടിപ്പിടിച്ച് കിടക്കെ ഞാൻ പറഞ്ഞു . ” അമ്മമ്മേ ഞാനാ ചിത്രം സോമൂനെ കാണിച്ചു . അവനാകെ ചമ്മീട്ടോ, എന്നിട്ട് അവൻ പറയ്വാ ..എന്റ്റെ ചിരി കാണാൻ നല്ല ചേലാണെന്ന് “..

പിറ്റേന്ന് രാവിലെ സ്കൂളിൽ പോവാനായി സോമു സൈക്കിളുമായി വന്നപ്പോൾ അമ്മമ്മ അവനോട് പൊയ്ക്കോളാൻ പറഞ്ഞു . അന്നുമുതൽ എന്നെ ചെറിയമ്മാവനാണ് സ്ക്കൂളിലാക്കുന്നതെന്ന് ഞാനും അപ്പഴാണറിയുന്നത് …(കണ്ട് നിന്നിട്ടും ഞാൻ അറിയാതെ പോയ സോമുവിന്റ്റെ കണ്ണിലെ തിളക്കം, അമ്മമ്മ കാണാതെ കണ്ടറിഞ്ഞു) അന്ന് രാത്രിയിൽ എൻറ്റെ അമ്മയോട് ,അമ്മമ്മ ഫോണിൽ പറയുന്നത് ഞാൻ കേട്ടു . : വസന്തേ , എനിക്ക് തീരെ വയ്യാതായി . മോളെ ഇനി ഇവിടെ നിർത്തണ്ട ..മൂന്ന് മാസം കഴിഞ്ഞ് SSLC പരീക്ഷയല്ലേ ..അത് കഴിഞ്ഞു അവളെ നിങ്ങൾടെ കൂടെ നിർത്തി പഠിപ്പിച്ചാ മതി . ഇനി അവൾക്ക് നിൻറ്റെ ശ്രദ്ധ ആവശ്യമാണ് .” (അമ്മമ്മ അന്ന് പറഞ്ഞതിന്റ്റെ പൊരുൾ ഞാനിന്നറിയുന്നു .)

പരീക്ഷകഴിഞ്ഞ് വിദേശത്തേയ്ക്ക് പോയ ശേഷം പിന്നെ ഞാൻ നാട്ടിലേയ്ക്ക് വന്നിട്ടില്ല ..ഇതിപ്പോ വല്യമ്മാവന് എന്നെ കാണണമെന്ന് വാശിപിടിച്ചപ്പോ ഉള്ള വരവാണ് ..നാട് കാണാൻ എനിക്കും കൊതിയായി ..എന്റ്റെ കഥകളിലൂടെ അമ്മു കേട്ടറിഞ്ഞ, അവളുടെ അമ്മയുടെ ജീവൻ രക്ഷിച്ച ‘സൂപ്പർമാനെ ‘ കാണാൻ അമ്മുവും എനിക്കൊപ്പം കൂടി . ഫ്ലൈറ്റ് ഇറങ്ങിയതും പെരുമഴ . നാട്ടിലെന്നും മഴയാണെന്ന് അമ്മവിളിക്കുംപോഴൊക്കെ പറയും. എയർപ്പോർട്ടിൽ നിന്ന് നേരെ അമ്മയുടെ അടുത്തു പോയിട്ട്, പിറ്റേന്നു എല്ലാരും കൂടി നാട്ടിലേയ്ക്ക് പോകാനായിരുന്നു തീരുമാനം . ടാക്സിയിൽ കയറിയതും അമ്മു ചോദിച്ചു ..അമ്മേ എനിക്ക് കാർ സീറ്റില്ലേ ….ഇവിടെ കാർ സീറ്റ് വേണ്ട എന്നുകേട്ടതും അവള്ടെ കണ്ണ് മിഴിഞ്ഞു. വണ്ടി ഓരോ തവണ കുഴിയിൽ വീഴുമ്പോഴും അമ്മു ഓരോരോ ചോദ്യവുമായി വന്നു : അമ്മേ , എന്താമ്മേ റോഡിലൊക്കെ കുഴി , എപ്പഴും മഴപെയ്തിട്ടാവുമെന്ന് ഞാൻ മറുപടി പറഞ്ഞു . അമ്മേ ഈ റോഡൊക്കെ നന്നാക്കേണ്ടത് ഗവണ്മെന്റ്റല്ലേ ..(ഈശ്വരാ, ഇതായീ സായിപ്പിന്റ്റെ സ്കൂളിലെ കാര്യം ..അവശ്യമില്ലാത്തതൊക്കെ പഠിപ്പിച്ച് ബോധവൽക്കരിക്കും ). ചിലപ്പോ ഗവണ്മെന്റ്റ് കണ്ടു കാണില്ലായിരിക്കും , അല്ലേ ചിലപ്പോ ഗവണ്മെന്റ്റേ കാണില്ലായിരിക്കും , എന്ന് പറഞ്ഞ് ഞാൻ തടിതപ്പി . പ്ലാസ്റ്റിക് ചവർ കൂമ്പാരങ്ങൾ , വഴിനീളെയുള്ള തുപ്പൽ ഇതൊക്കെ അവൾക്ക് അറപ്പ്ണ്ടാക്കി ..എങ്കിലും എന്റ്റെ അമ്മയെ കണ്ടപ്പോൾ അമ്മൂസ് ഹാപ്പി ആയി . രാത്രിയിൽ അമ്മൂന്റ്റെ നിലവിളി . വേറൊന്നുമല്ല ..കൊതുകുകടി ..അമ്മൂന് കൊതുകിനെ പരിചയമില്ലേലും , കൊതുക് ഒരു പരിചയക്കുറവും കാട്ടിയില്ല . അമ്മൂന്റ്റെ ദേഹം മുഴുവൻ ചുവന്ന് തടിച്ചു . പിന്നെ പല്ലി , പാറ്റ ,പുഴു ..ഇതിനെയൊക്കെ കാണുമ്പോൾ അവൾ കൂവിക്കരഞ്ഞോണ്ടിരുന്നു .

രാവിലെ അമ്മു മലയാളം പത്രം നിവർത്തി വച്ച് വായന തുടങ്ങി . പതിനാറ്കാരിയുടെ പീഡനം , പ്രതികൾ അറെസ്റ്റിൽ ..എന്റ്റെ അച്ഛൻ ഓടിച്ചെന്ന് പത്രം പിടിച്ച് വാങ്ങിയിട്ട് അമ്മൂന് മലയാളം വായിക്കാൻ അറിയാമോന്ന് എന്നോട് ചോദിച്ചു. അറിയാമെന്ന് ഞാൻ പറഞ്ഞപ്പോൾ എന്നാ ഇനി അവൾക്ക് പത്രം വായിക്കാൻ കൊടുക്കണ്ട എന്ന് അച്ഛൻ എന്നോട് പറഞ്ഞു . അതിന്റ്റെയർത്ഥം തൊട്ടടുത്ത നിമിഷം അമ്മൂന്റ്റെ ഒരു ചോദ്യത്തോടെ എനിക്ക് മനസ്സിലായി . “അമ്മെ എന്താ അമ്മെ ഈ പീഡനം ?”ഞാൻ കേൾക്കാത്ത ഭാവത്തിൽ തടിതപ്പി . രാത്രിയിൽ എന്റ്റെ അരികിൽ വന്ന് കിടന്ന അമ്മൂന്റ്റെ ഉള്ളിൽ ആ ചോദ്യം അപ്പോഴും വെമ്പി നില്ക്കുന്നതറിഞ്ഞ ഞാൻ കള്ളയുറക്കം നടിച്ച് കിടന്നു .

പിറ്റേന്ന് നാട്ടിൽ പോക്ക് നടന്നില്ല ..ഹർത്താൽ ..എന്തിനാന്ന് ചോദിച്ചപ്പോൾ വീട്ടില് ആർക്കും അറിയില്ല …എന്തിനോ ഹർത്താൽ …ഹർത്താൽ നടത്തേണ്ടവർ നടത്തും ..നമ്മൾ വീട്ടിലങ്ങിരുന്നാ മതി ..എന്തിനാ കാരണം ഒക്കെ അറിയുന്നേന്ന് അമ്മ . അതിനടുത്ത ദിവസം ഒരു മഴയത്ത് ഞങ്ങൾ നാട്ടിലെത്തി . മഴ തോർന്നപ്പോൾ ഞാനും അമ്മുവും പുറത്തിറങ്ങി . അവൾക്ക് , ഞാൻ കാലിടറി വീണ ആമ്പൽക്കുളം കാണണമെന്ന് പറഞ്ഞപ്പോൾ അങ്ങോട്ട്‌ പോയി . ആമ്പലില്ലാത്ത, ചെളിയും ചപ്പും ചവറും നിറഞ്ഞ കുളം കണ്ട് അമ്മു എന്നോട് ചോദിച്ചു : ” അമ്മ ഈ കുളത്തിലാണോ വീണത്‌ ? അയ്യേ എനിക്കീ അമ്മേ വേണ്ടായേ ..ഇറ്റ്സ് സോ ഡേർട്ടി “…ഞങ്ങളങ്ങനെ നിൽക്കുമ്പോൾ മെലിഞ്ഞുണങ്ങിയ ഒരു ആണ്രൂറപം ഞങ്ങൾക്കരികിലെത്തി . എനിക്കാളെ പെട്ടെന്ന് മനസ്സിലായില്ല ..അത്രയ്ക്കും പ്രാകൃതൻ …സോമു ….അടുത്ത് വന്നു നിന്നപ്പഴേ ചാരായത്തിന്റ്റെ രൂക്ഷഗന്ധം, ചുവന്ന കണ്ണുകൾ …അമ്മു ഭയന്ന് എന്നെ ചുറ്റിപ്പിടിച്ചു . സോമു അപ്പോൾ പുറകിൽ കെട്ടിയിരുന്ന കൈ മുന്നോട്ട് കാട്ടി ..ഈർക്കിലിൽ കൊരുത്തിട്ടിരിക്കുന്ന പിടയ്ക്കുന്ന മീനുകൾ …അമ്മൂന് ആളെ പിടികിട്ടി ..”അമ്മെ സൂപ്പർമാൻ ..ഇതല്ലേ സൂപ്പർമാൻ “…പിടയ്ക്കുന്ന മീനുകൾ കണ്ടപ്പോൾ മുന്നിലുള്ള സൂപ്പർമാന്റ്റെ ചിതലരിച്ച കോലത്തെ തുലനം ചെയ്യാൻ എന്റ്റെ മോൾ മറന്നുപോയി . അവൾ സോമുവിനെ സൂപ്പർമാൻ ,സൂപ്പർമാൻ എന്ന് വിളിച്ചോണ്ടേയിരുന്നു . അവൻ എന്നോട് എന്തൊക്കെയോ സംസാരിച്ചു …പക്ഷേ ,എനിക്കാ സോമുവിനെ തീരെ പരിചയം ഇല്ലായിരുന്നു .

പാടത്തും പറമ്പിലും മാവിലും കുളത്തിലുമൊക്കെ അമ്മു സോമുവിനൊപ്പം നടന്നു ..അതുകണ്ട് വല്യമ്മായി എന്നോട് അവൻ ഒരു മുഴുക്കുടിയനാ , നീ മോളെ കൂടെ വിടണ്ടാ എന്ന് എന്നോട് പറഞ്ഞു ..പക്ഷേ അവൾ കാണാനാഗ്രഹിച്ച സൂപ്പർമാനെ എനിക്കും വിലക്കാനായില്ല . രാത്രിയിൽ സോമുവിന്റ്റെ ഭാര്യയുടെ നിലവിളിയും , അവൻറ്റെ ചീത്തവിളിയും കേട്ടപ്പോ വീണ്ടും വല്യമ്മായി പിറുപിറുക്കുന്നത് കേട്ടു ..”കാലമാടൻ തുടങ്ങി ..ഇവനൊന്നും ചാവത്തുമില്ലല്ലൊ കൃഷ്ണാ ” ..വെറുതേയെങ്കിലും ഞാനും കൃഷ്‌ണ നൊര് നന്ദി പറഞ്ഞു പോയി …ചെറുപ്പത്തിൽ സോമുവിനോട് വെറും ആരാധനയല്ലാതെ മറ്റൊന്നും തോന്നിപ്പിക്കാതിരുന്നതിന് ….

ഒരാഴ്ച പെട്ടെന്ന് കടന്നുപോയി ..അമ്മു തികച്ചും ഒരു നാടൻകുട്ടിയായി …പാടത്തും പറമ്പിലും തുള്ളിച്ചാടി നടന്നു ..ഒരു ദിവസം രാവിലെ സോമു ഒരു ഓലപ്പന്തുമായി അവളെ കാണാൻ വന്നു . മരവണ്ടി ഉണ്ടാക്കി കൊടുക്കാൻ അവളെ വിളിച്ചോണ്ട് പോയി . ഞാനും കൂടെ പോകാൻ തുടങ്ങിയപ്പോൾ ഫോണ്‍ ബെല്ലടിച്ചു . യു .എസ്സിൽ നിന്ന്ഹരിയേട്ടൻ …അമ്മയും മോളും പപ്പയെ മറന്നോന്നു പരിഭവം പറഞ്ഞു . മോളെ വിളിക്കാൻ പറഞ്ഞപ്പോൾ, ഞാനെത്ര വിളിച്ചിട്ടും അവൾ വിളി കേൾക്കുന്നില്ല . അവൾ സോമൂന്റ്റെ കൂടെ പോയതാ, ഞാൻ വിളിച്ചോണ്ട് വരാം , ഫോണ്‍ കട്ടാക്കീട്ട് വിളിക്കാൻ ഞാൻ പറഞ്ഞു . ഞാൻ അമ്മൂനെ അന്വേഷിച്ചിറങ്ങി ..പണ്ട് പശുവിനെ കെട്ടിയിരുന്ന തൊഴുത്തിനടുത്തെത്തിയപ്പോൾ അമ്മൂന്റ്റെ സ്വരം കേട്ടപോലെ എനിക്ക് തോന്നി …തൊഴുത്ത് നിറയെ വിറകും മടലും തേങ്ങയുമൊക്കെ കൂട്ടിയിട്ടിരിക്കുന്നു .. പെട്ടെന്ന് അമ്മു “ലീവ് മീ , ലീവ് മീ ” എന്ന് പറഞ്ഞ് കരയുന്നത് ഞാൻ കേട്ടു ..തൊഴുത്തിനകത്തേയ്ക്ക് പാഞ്ഞ്കയറിയ ഞാൻ കണ്ടത് , ഒരമ്മയ്ക്കും താങ്ങാനാവാത്ത ഒരു കാഴ്ച .. ഒൻപത് വയസ്സ് തികയാത്ത എന്റ്റെ കുഞ്ഞിനെ കീഴടക്കാൻ നോക്കുന്ന ഒരു മനുഷ്യമൃഗം ..എന്തിനെന്നറിയില്ലെങ്കിൽ കൂടി രക്ഷപെടാൻ കുതറുന്ന എന്റ്റെ മകൾ ..അവളുടെ വായ ബലമായിപൊത്താൻ നോക്കുന്ന സോമു …ഒരുനിമിഷത്തെ അന്ധാളിപ്പിനു ശേഷം ഞാൻ ഒരു മടൽ വലിച്ചെടുത്ത് സോമുവിനെ പട്ടിയെ തല്ലുന്നത് പോലെ തല്ലി ..അടി കൊണ്ട അവൻ അലറിക്കൊണ്ട്‌ എണീറ്റോടി …ഭയന്ന് വിറച്ച് , കരഞ്ഞുകൊണ്ട്‌ അമ്മു ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു …അവളുടെ കുഞ്ഞിക്കവിളിൽ കരിനീല നിറം ..എൻറ്റെ ചങ്ക് പറിഞ്ഞുപോയി ..ഒരു നിമിഷം വൈകിയിരുന്നെങ്കിൽ എന്ന് ഞാൻ ആശ്വസിക്കുമ്പോഴും , എന്റ്റെ മകളുടെ മനസ്സ് കൈവിട്ടത് ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു …അവൾ പിന്നെ ഒരേയൊരു കാര്യമേ പുലമ്പിയുള്ളൂ ..”ഐ വാണ്ട് റ്റു സീ മൈ പപ്പ “…ഹരിയേട്ടൻ വിളിച്ചപ്പോൾ ഞാൻ കാര്യം പറഞ്ഞു ..മോളോട് സംസാരിച്ചപ്പോൾ , ഒരിക്കലും കരഞ്ഞ് കേട്ടിട്ടില്ലാത്ത ഹരിയെട്ടന്റ്റെ വിതുമ്പൽ ഞാൻ സ്പീക്കർ ഫോണിലൂടെ കേട്ടു … ഒരു നിമിഷം വൈകാതെ , ഒരു കേസിനും വാർത്തയ്ക്കും വഴക്കിനും നില്കാതെ അടുത്ത ഫ്ലൈറ്റിൽ തിരിച്ച് ചെല്ലാൻ ഹരിയേട്ടൻ പറഞ്ഞപ്പോൾ അതിനപ്പുറത്തേയ്ക്കൊന്നും ഞാനും ആഗ്രഹിക്കുന്നില്ലെന്ന് എനിക്കും മനസ്സിലായി .

ഫ്ലൈറ്റിൽ കയറിയപ്പോൾ അമ്മു എന്നെ മുറുകെ പിടിച്ച് വിതുമ്പിക്കൊണ്ട് പറഞ്ഞു : ” ഐ വിൽ നെവെർ കം ബാക്ക് ടു ഹിയർ ..ഇറ്റ്സ് സോ ഡേർട്ടി ..ആൻഡ്‌ ഇറ്റ്സ് എ ഹെൽ ഹാവിങ്ങ് ഡെവിൾ “… “ചെകുത്താൻ വാഴുന്ന ചെളിപുരണ്ട നരകം “…..ഞാൻ ഉത്തരം നൽകാതെ ഒഴിഞ്ഞ് മാറിയ “പീഡനം ” എന്ന വാക്കിന്റ്റെ അർഥം നേരിട്ട് മനസ്സിലാക്കിക്കൊടുത്ത എന്റ്റെ നാടിന് അവൾ ചാർത്തിയ തിലകം … എന്നോട് ഒരിക്കലും ഇംഗ്ലീഷിൽ സംസാരിക്കാത്ത അവൾ പിന്നീടെന്നോട് മലയാളം പറഞ്ഞതേയില്ല …അല്ലെങ്കിലും , എന്റ്റെ നാട്, സംസ്കാരം , മലയാളം എന്നൊക്കെ പറഞ്ഞ് അവളെ പിടിച്ചുനിർത്താൻ ഇനി എന്റ്റെ കയ്യിൽ എന്തുണ്ട് ? സാരമില്ല ….അമേരിക്കൻ വാസം കൊണ്ട്നാളെ ഒരു പക്ഷേ പതിനാറോ , പതിനേഴോ വയസ്സിൽ അവള്ക്കിഷ്ടപ്പെട്ട ഒരു ആംഗലേയനൊപ്പം അവൾ പോകുമെന്നോ , അവളുടെ സമ്മതത്തോടെ അവൻ അവളെ സ്പർശിക്കുമെന്നോ ഒക്കെ ഞാൻ ഭയപ്പെടുമായിരിക്കും …ന്നാലും …ഇനിയും ബാക്കി നിൽക്കുന്ന അവളുടെ ബാല്യത്തെ ആ നാട്ടിൽ ആരും ആക്രമിച്ച് കീഴടക്കില്ലല്ലോ …. “ദൈവത്തിന്റ്റെ സ്വന്തം നാട്ടിലെ പുത്രിമാരേ നിങ്ങൾ ആരെയോർത്ത് വിലപിക്കുന്നു …എന്നെയും എന്റ്റെ മകളെയും ഓർത്ത് കരയാതെ , നിങ്ങൾ നിങ്ങളെയും നിങ്ങൾ പെറ്റുവളർത്തിയ പെണ്മക്കളെയും ഓർത്ത് വിലപിക്കുവിൻ …..”

ഒരുറക്കം കിട്ടിയെങ്കിലെന്നാശിച്ച്‌ കണ്ണടയ്ക്കുംപോഴൊക്കെ ഉറക്കം കെടുത്താനായി ഒരു രൂപം കണ്ണിൽ തെളിഞ്ഞ് തെളിഞ്ഞ് വന്നു …കാറിൽ തറവാട്ടിൽ നിന്ന് തിരിച്ച് പുറപ്പെടുമ്പോൾ , റോഡിലെ ചെളിയിൽ പുതഞ്ഞ്‌, ഉടുമുണ്ടില്ലാതെ അടിവസ്ത്രം മാത്രമിട്ട് , കുടിച്ച് ബോധം കേട്ട് കിടന്നിരുന്ന സോമുവിന്റ്റെ രൂപം …ജെട്ടിയിട്ട്‌ റോഡില് കിടക്കുന്ന ദൈവത്തിന്റ്റെ നാട്ടിലെ സൂപ്പർമാൻറ്റെ ചെളിപുരണ്ടരൂപം .

വീണ ആന്‍റണി

Share.

About Author

136q, 0.608s