ബഹുസ്വരത/വൈവിധ്യം സ്വന്തമായുളള ഒരു സമൂഹത്തിന്റെ കലാരൂപങ്ങള്‍ക്ക് ആവിഷ്കാരത്തിന്റെ അനന്തസാധ്യതകളാണുള്ളത്. എന്നാല്‍ പലപ്പോഴും മുഖ്യധാര എന്നവകാശപ്പെടുന്നത് ഒരു സവിശേഷസംസ്കാരത്തെ ചുറ്റിപ്പറ്റിയുളളതാണെന്നാണ് സ്ഥിരം കാഴ്ച. മറ്റുളളവയെ ഉള്‍ക്കൊള്ളുന്നുവെന്ന് നടിക്കുമ്പോഴും ഭൂരിപക്ഷത്തിന്റെ സംസ്കാരം ആധാരശിലയാവുന്നു, നിഷ്കളങ്കമെന്നു തോന്നിപ്പിക്കുന്ന ബിംബങ്ങള്‍ സംസ്കാരത്തിനകത്ത് തന്നെയുളള അധിനിവേശത്തിന് ആയുധമായിത്തീരുന്നു. 100 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന മലയാളസിനിമാചരിത്രത്തില്‍ സമീപകാലത്തുണ്ടായ മാറ്റങ്ങള്‍ ആശാവഹമാണ്. മാത്രവുമല്ല, ഇവിടെ ഞങ്ങളുമുണ്ട്, ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട് എന്ന സ്വരങ്ങളും മുഴങ്ങിക്കേള്‍ക്കാനുണ്ട്.. പണ്ട്, പണ്ട് (ദിനോസര്കള്ക്കും മുമ്പുളള ആ പഴയ പണ്ടല്ല) സിനിമയെന്നത് ചില വിഢിക്കോമരങ്ങള് സ്ഥാനത്തും, അസ്ഥാനത്തും തമാശ പൊട്ടിക്കുന്ന ഒരു മാധ്യമമല്ലാതിരിക്കുന്ന ആ പഴയ പണ്ടിലാണ് മലയാളസിനിമയിലെ ആദ്യനായിക ചരിത്രത്തില്‍ നിന്നാട്ടിയോടിക്കപ്പെട്ടത്.
ചിത്രീകരിക്കപ്പെടുന്നത് ഒരു നായര്‍കുടുംബത്തിന്റെ കഥയാണെങ്കിലും അത് ചെയ്യാന്‍ ഒരു അവര്‍ണ്ണ ധൈര്യപ്പെട്ടത് സവര്ണ്ണനീതികളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.. ഏകദേശക്കണക്കനുസരിച്ച് 55% ഹിന്ദുക്കളും, 27% മുസ് ലീങ്ങളും, 18% ക്രിസ്താനികളുമടങ്ങിയതാണ് കേരളസമൂഹം. ഹിന്ദുക്കളില്‍ തന്നെ നായന്മാരുള്പ്പെടുന്ന സവര്‍ണ്ണവര്‍ഗ്ഗം 13% വും. ഇതില്‍ ഒരു വിഭാഗത്തിന്റെ മാത്രം അഭിരുചികളെ പ്രതിനിധീകരിക്കുന്ന ഈറ്റില്ലമായി വെള്ളിത്തിര മാറി. പലപ്പോഴും ഏറ്റം മഹത്തരം എന്ന മട്ടില്‍ വിളമ്പുന്നത് സവര്ണ്ണവര്ഗ്ഗത്തിന്റെ ജീവിതവീക്ഷണങ്ങള്‍, മൂല്യബോധങ്ങള്‍ ഒക്കെയാണ്. മലയാളസിനിമയുടെ “cult”സംവിധായകന് എന്നു വാഴ്ത്തപ്പെടുന്ന രഞ്ജിത്ത് ഒരു കാലത്ത് സവര്ണ്ണാധിപത്യസിനിമകളുടെ അപ്പോസ്തലനായിരുന്നു. നായര്‍കുടുംബം. പാരമ്പര്യം, തറവാട്, ആന, തമ്പുരാന്, തറവാട്ട്മഹിമ, പ്രമാണി, മാടമ്പി അങ്ങനെ കുറേ സ്ഥിരം ചേരുവകള്‍. ഉത്സവം നടത്തിപ്പ്, പ്രമാണിമാര്‍ നടത്തുന്ന ബലപരീക്ഷണങ്ങള്‍ ഒക്കെക്കൊണ്ട് മലയാളസിനിമാലോകം അലങ്കരിക്കപ്പെട്ടു.. പേര് പോലെത്തന്നെ സവര്‍ണ്ണതയെ വിളിച്ചോതുന്ന പ്രിയദര്ശന് ചിത്രം ആര്യനില്‍ മോഹന്‍ലാല്‍ കഥാപാത്രം നടത്തുന്ന ” ചങ്ങമ്പുഴയുടെ വാഴക്കുലയുടെ കാലം കഴിഞ്ഞു” എന്ന നിരീക്ഷണം യാഥാര്‍ത്ഥ്യത്തിന് 100% വിരുദ്ധവും, നിരന്തരചൂഷണത്തിന് വിധേയമാവുന്ന ഒരു സമൂഹത്തെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതുമായിരുന്നു.
ബ്രാഹ്മണ്യത്തിനവകാശപ്പെട്ട സ്ഥാനമാനങ്ങളെയെല്ലാംതട്ടിയെടു ക്കുന്ന ഒരു വര്‍ഗ്ഗം. ബ്രാഹ്മണ്യത്തെ വിശുദ്ധവല്കരിക്കുക എന്നൊരു ലക്ഷ്യം കൂടി സിനിമകള്‍ സ്വയമേറ്റെടുത്തു. നായകന് ഗുരുചരണങ്ങളില്‍ മോക്ഷം ലഭിക്കുന്ന, സാരമാഗോയുടെ “Blindness” നെ അനുകരിക്കാന്‍ ശ്രമിച്ച രാജീവ് അഞ്ചലിന്റെ ഗുരുവില്‍ “നീയിങ്ങനെയൊക്കെ ചെയ്യാമോ? ഒന്നുമില്ലെങ്കിലും നീയൊരു ബ്രാഹ്മണനല്ലേ?” എന്ന് ചോദിക്കുന്നുണ്ട്.. ബ്രാഹ്മണ്യത്തിനും,സവര്‍ണ്ണതയ്ക്കും വിശുദ്ധിയുടെ വെള്ളപ്പുതപ്പ് വിരിക്കുന്നതോടൊപ്പം പലപ്പോഴും കുറ്റവാളിക്ക് / വില്ലന്‍ ഒരു മുസ് ലിം മുഖം അല്ലെങ്കില്‍ അധകൃതന്റെ “കറുത്ത” മുഖം വരച്ച് ചേര്‍ക്കുകയും ചെയ്തു. സേതുരാമയ്യര്‍ക്ക് പകരം താനൊരു മുസ് ലീം കഥാപാത്രത്തെയാണ് മനസ്സില്‍ കണ്ടതെന്ന് എസ്. എന്‍ സ്വാമി പറയുന്നു. പക്ഷേ മമ്മൂട്ടിയുടെ നിര്‍ബന്ധപ്രകാരം കഥാപാത്രത്തെ പട്ടരാക്കുകയായിരുന്നു.” പട്ടരില്‍ പൊട്ടരില്ല” എന്ന വിശ്വാസത്തെ മറ്റെല്ലാ മതവിഭാഗങ്ങളും എത്ര ശക്തമായി പഠിച്ച് വെച്ചിരിക്കുന്നു!! “ഓളുമ്മച്ചി കുട്ടിയാണെങ്കില്‍ ഞാന്‍ നായരാടാ!” എന്ന് കമ്മ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന നായകന് അഭിമാനിക്കുമ്പോള്‍ തേച്ചിട്ടും, കുളിച്ചിട്ടും മാഞ്ഞ് പോകാത്ത ജാതീയതയുടെ ഗന്ധം പ്രസരിക്കുന്നു… പുതിയ കാലത്തിന് പുതിയ കഥകള്‍ പറയാനുണ്ടാകും.. വരേണ്യത പുതിയൊരു വിഭാഗത്തിലേക്ക് വിനിമയം ചെയ്യപ്പെടും. എക്കാലത്തെയും പോലെ ഒരു പാട് കഥകള്‍ പറയാനുളള വര്‍ഗ്ഗങ്ങള്‍ പുറമ്പോക്കില്‍ നില്‍ക്കുകയും ചെയ്യും.
-ധന്യ ശ്രീ