Leaderboard Ad

നമുക്ക് പെണ്‍കോന്തന്‍മാരാവാം

0

       ലിംഗ വിവേചനത്തിനധീതമായ സാമൂഹിക നീതിക്ക് വേണ്ടി ബോധ പൂര്‍വം ഇടപെടുമ്പോഴാണ് കപട സദാചാര ബന്ധനങ്ങള്‍ പൊട്ടിത്തകരുക. സ്ത്രീയെ അടക്കിയൊതുക്കി മാറ്റിനിര്‍ത്തപ്പെട്ടതിന്‍റെ ചരിത്രപരമായ കാര്യകാരണങ്ങളിലേക്കുള്ള ഒരു അക്കാദമിക്കല്‍ വിശകലനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്.സമകാലിക അവസ്ഥയില്‍ നമ്മുടെ ജീവിത പരിസരത്ത് നിന്ന് കൊണ്ട് ലളിതവും വസ്തുതാപരവുമായി നമുക്ക് ഒന്ന് നിരീക്ഷിച്ചു നോക്കാം . സ്ത്രീ വിമോചന ആശയങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വേരോട്ടമുള്ള നമ്മുടെ പരിസര ഭൂമികയില്‍ സ്ത്രീകള്‍ കൂട്ടത്തോടെ ധ്യാന കേന്ദ്രങ്ങളിലും ആള്‍ ദൈവങ്ങളിലും അഭയം തേടുന്ന അവസ്ഥാ വിശേഷം . കോഴി കൂവുമ്പോഴേ എഴുന്നേറ്റു അടിച്ച് തെളിച്ച് വെച്ചു വിളമ്പിത്തുടങ്ങുന്ന വിശ്രമ രഹിതമായ വീട്ടിടങ്ങളിലെ യന്ത്രങ്ങളായി ഒതുങ്ങിക്കൂടുന്ന മഹാഭൂരിപക്ഷം. എല്ലാം കഴിഞ്ഞു കിടക്കറയില്‍ എത്തപ്പെട്ടാലും വിശ്രമമില്ല.ഭര്‍ത്താവ്‌ എന്ന ഉടമയുടെ സ്വകാര്യതയില്‍ തൊട്ട് തലോടി ഉത്തേജിപ്പിച്ചു കൊടുക്കണം. ഭര്‍ത്താവ്‌ എന്ന ഉടമ അനുസരണയോടെ അടങ്ങി ഒതുങ്ങി മലര്‍ന്നങ്ങിനെ കിടക്കുകയേ ഉള്ളൂ. ഭാര്യ എന്ന അടിമയുടെ വികാര വിചാരങ്ങള്‍ക്കൊന്നും അവിടെ പ്രസക്തിയില്ല. ഞരമ്പുകള്‍ തളര്‍ന്നു പോകുന്ന കാലത്തോളം ഈ നക്കി തലോടല്‍ തുടര്‍ന്നു കൊണ്ടേയിരിക്കണം. ഇക്കാലയളവിലത്രയും പുരുഷന്‍ അനുഭവിച്ച രതി സുഖത്തിന്റെ പത്തിലൊരു അംശമേ സ്ത്രീ അനുഭവിച്ചു കാണൂ. പ്രസവം അഞ്ചോ ആറോ സംഭവിച്ചു കാണും. അതിന് വെറും പത്ത് മിനുട്ട് എന്നാണല്ലോ റജികുമാര്‍ സിദ്ധാന്തം.മനുഷ്യ നിര്‍മിത -മത-ദൈവ സദാചാര ശീലക്കേടുകളില്‍ എല്ലാ അര്ത്ഥത്തിലും വീര്‍പ്പു മുട്ടുന്ന സ്ത്രീ സമൂഹത്തില്‍ നിന്ന് ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് വരുന്ന അപൂര്‍വം സ്ത്രീകളെയുള്ളു. അക്കൂട്ടത്തില്‍ ആരുടേയും പിന്തുണ ആഗ്രഹിക്കാത്ത,ആവശ്യപെടാത്ത വനിതകള്‍ ഉണ്ട്. അവർക്ക് നമ്മുടെ സപ്പോര്ട്ടിന്റെ ആവശ്യമില്ല.സ്വയം പൊരുതാന്‍ അറിയുന്നവരാണവര്‍, എന്നാല്‍ പഠിപ്പിച്ച ശീലങ്ങള്‍ക്കും കെട്ടുപാടുകള്‍ക്കും എതിരെ എഴുതാനും ശബ്ദിക്കാനും സമരം ചെയ്യാനും പുറം ലോകത്തേക്ക്‌ വരുന്ന ഭൂരിപക്ഷവും സ്വയം പര്യാപ്തരല്ല. അവര്‍ക്ക്‌ മാര്‍ഗ്ഗ തടസ്സങ്ങള്‍ ഉണ്ട്. ആ തടസ്സങ്ങളെ ഇല്ലായ്മ ചെയ്യാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. അങ്ങിനെ പൊതു ഇടങ്ങളിലേക്ക് പ്രതീക്ഷയുടെ സ്വപ്നങ്ങളുമായി വരുന്ന സ്ത്രീ സമൂഹത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനെയാണ് സ്ത്രീ വിരുദ്ധത അറിഞ്ഞും അറിയാതെയും വെച്ച് പുലർത്തുന്നവർ പരിഹസിക്കുന്നത്.

     സ്ത്രീപക്ഷത്ത്‌ നില്ക്കുന്ന പുരുഷന്‍മാര്‍ക്ക് വിരുദ്ധര്‍ പുച്ഛത്തോടെ സമ്മാനിച്ചതാണ്’’പെണ്‍കോന്തന്‍ ’’ എന്ന വാചകം. പെണ്ണിന്റെ മൂട് താങ്ങി എന്നോ പെണ്‍ കോന്തന്‍ എന്നോ എന്ത് വേണമെങ്കിലും വിളിച്ചോട്ടെ,പുതിയ ഒരു ലോക സൃഷ്ടിയുടെ സമര ഭൂമിയില്‍ പോരാടുന്ന നമുക്ക് ആ പരിഹാസമൊന്നും ഒരു പരിഹാസമേയല്ല.ഏകാന്തതയിലും നിസ്സംഗതയിലും വീര്‍പ്പ് മുട്ടിക്കഴിഞ്ഞിരുന്ന സ്ത്രീ സമൂഹത്തിലെ ചെറുതല്ലാത്ത ഒരു വിഭാഗം നവമാധ്യമങ്ങളിലൂടെ ശ്വാസം മുട്ടിക്കിടന്ന വാക്കുകള്‍ എഴുതാന്‍ തുടങ്ങിയത് ഭീതിയോടെയും അസ്വസ്ഥതയോടെയുമാണ് മത യാതാസ്ഥിതിതിക പിന്തിരിപ്പന്മാര്‍ നോക്കിക്കാണുന്നത്‌. നവ മാധ്യമങ്ങളുടെ അപാര സാദ്ധ്യതയില്‍ ഞങ്ങള്‍ നൂറ്റാണ്ടുകളായി തുടരുന്ന ആധിപത്യം തകര്‍ന്നടിയുമല്ലോ എന്ന വല്ലാത്ത വെപ്രാളമാണ് ഈ പുരുഷ മത ലോബിക്ക് പിറകില്‍, അപകടകരമായ ചില വശങ്ങള്‍ ഉണ്ടെങ്കിലും.ആധുനിക മുഖ പുസ്തകങ്ങളിലൂടെ കൊണ്ടും കൊടുത്തും സ്ത്രീത്വത്തിന്‍റെ ദാഹങ്ങള്‍ തീര്ക്കാന്‍ ഉപകരിക്കുകയും നേടിയ ഉര്ജ്ജം സ്വരൂപിച്ച് ആള്‍ക്കൂട്ടങ്ങളിലേക്കിറങ്ങി സിന്ദാബാദ് വിളിക്കാന്‍ പ്രാപ്തയാകുകയും ചെയ്യുന്ന മുറയ്ക്ക് ഗുണകരമായ ഒരു സാമൂഹിക പരിവര്‍ത്തനം തന്നെ സംഭവിക്കും. എത്രത്തോളം യാഥാസ്ഥിതിക സമൂഹം അതിനെ നിരുത്സാഹപ്പെടുത്തുന്നുവോ,അതിന്റെ പതിന്‍ മടങ്ങ് പ്രോത്സാഹനമായിരിക്കണം നമ്മില്‍ നിന്ന് സ്ത്രീക്കും സ്ത്രീത്വത്തിനും വേണ്ടി ഉണ്ടാവേണ്ടത്.ആത്മാവ് നഷ്ട്ടപ്പെട്ട മാംസപിണ്ഡങ്ങള്‍ അല്ല നമ്മുടെ പെണ്മക്കളും സഹോദരികളും എന്ന ബോധപൂപൂര്‍വമായ സമീപനങ്ങളിലൂടെ പരിവര്‍ത്തനം സംഭവിക്കുമെന്നതില്‍ ഒരു തര്‍ക്കവുമില്ല. കേവലം സംവരണവും കൂടുതല്‍ പരിഗണനയും എന്നതല്ല.അങ്ങിനെ പുരുഷ ഔദാര്യത്തില്‍ കിട്ടുന്ന,വെച്ചു നീട്ടുന്ന സ്വാതന്ത്ര്യമല്ല.അസ്ഥിത്വവും വ്യക്തിത്വവും ഉള്ള ഈക്വാലിറ്റി സമൂഹം തന്നെ രൂപപ്പെടണം.

       സ്ത്രീകള്‍ക്ക് അവരുടെ വിനോദങ്ങള്‍ക്ക് ഒത്തു കൂടാന്‍ പോലും ഒരു ഇടം ഇല്ലെന്നതാണ് ദയനീയമായ വസ്തുത . ഉള്ള ഒത്തു കൂടലാവട്ടെ മതങ്ങള്‍ നിശ്ചയിക്കപ്പെട്ട ഭക്തി കേന്ദ്രങ്ങളില്‍ മാത്രവും. അല്ലെങ്കില്‍ മരിച്ചവരുടെ വീട്ടിലെ തളം കെട്ടി നില്‍ക്കുന്ന മത നിശബ്ദദയിലോ ,കല്യാണ വീടുകളിലെ പിന്നാമ്പുറങ്ങളിലോ മാത്രം. മതാന്ധത തലക്ക് പിടിച്ച എക്സിക്യുട്ടീവ് വിധി വിശ്വാസികളുടെ പെരുമാറ്റ നിബന്ധനകള്‍ അവിടങ്ങളിലും ജാഗ്രതയോടെ ഉണ്ടാവും.കേരളത്തിന്റെ ചില പ്രദേശങ്ങളില്‍ പ്രത്യേകിച്ചു മലബാറില്‍ ഒരു ചെറിയ അങ്ങാടിയില്‍ പോലും ഒറ്റയ്ക്കോ കൂട്ടമായോ സ്ത്രീ സാന്നിദ്ധ്യം ഇല്ലെന്നതാണ് നേര്. അങ്ങാടിയുടെ പുറകിലൂടെ കള്ളന്‍മാരെപ്പോലെ ഒളിച്ചും പതുങ്ങിയും,കുട ചൂടിയും ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞു നോക്കാതെ ബസ്റ്റോപ്പുകളിലേക്ക് പോവുന്നതല്ലാതെ.ഒരു അഞ്ചോ പത്തോ മിനുട്ട് തങ്ങാന്‍ സദാചാരം അനുവദിക്കുന്നില്ല. എന്നാല്‍ പള്ളികളിലേക്കും അമ്പലങ്ങളിലേക്കും ഒറ്റയ്ക്കും കൂട്ടായും പോവുന്നത് കൊണ്ടോ വരുന്നത്കൊണ്ടോ സദാചാരക്കമ്മറ്റിക്ക് ഒരു പ്രശ്നവും ഇല്ലതാനും.ദൈവത്തിനു രൂപവും ഭാവവും ഇല്ലെന്ന് പറയുന്നവര്‍ പ്രത്യേകിച്ച് മുസ്ലിംകള്‍ അവരുടെ സ്ത്രീകളെ പള്ളിയിലേക്ക് കൊണ്ട്പോകുന്നതിന്റെ യുക്തിയും അയുക്തിയുമോന്നും വിഷയ വ്യതിയാനം ഭയന്ന് ഇപ്പോള്‍ പ്രതിപാദിക്കുന്നില്ല. മലബാറിലെ മുസ്ലിം സ്ത്രീകള്‍ക്കൊക്കെ ഇപ്പോള്‍ കാക്കയുടെ നിറമാണ്.കാക്കയോടും കറുപ്പിനോടും വിരോധമില്ല. പക്ഷേ നിലവില്‍ ഉണ്ടായിരുന്ന വസ്ത്ര സ്വാതന്ത്ര്യംപോലും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. എന്തിന് വേണ്ടി? ആര്‍ക്കു വേണ്ടി? എന്നൊന്നും ചോദിക്കാനും പാടില്ലത്രേ. എല്ലാ ചോദ്യങ്ങളും വിലക്കപ്പെട്ടിരിക്കുന്നു. വൃണപ്പെടുത്താന്‍ പാടില്ലെത്രേ. സവര്‍ണ്ണതമ്പുരാക്കന്‍മാരുടെ കഥകളി കാണാന്‍ ക്ഷേത്രങ്ങളുടെ മുക്കിലും മൂലയിലും തമ്പുരാട്ടിമാരുടെ പുറകിലായി എത്തിനോക്കാന്‍ ജാതിയില്‍ താഴെയുള്ള അവര്‍ണ്ണ സ്ത്രീജനങ്ങള്‍ കൂട്ടത്തോടെ പോകുന്നത് സദാചാരവും. ക്ഷേത്രോത്സവപ്പറബിലെ ഗാനമേളയും നാടകവും ക്ഷേത്ര വിരുദ്ധ കലയാണെന്നും അത് ഹൈന്ദവ വിരുദ്ധമാണെന്നും അതുകൊണ്ട് സ്ത്രീജനങ്ങളെ അങ്ങോട്ട്‌ വിലക്കുകയും ചെയ്യുന്ന വൈരുദ്ധ്യങ്ങളും അനുഭവിച്ചു അറിയാവുന്നതാണ്. പര്‍ദ്ദ മൂടിയ കേരളത്തിലെ ,കാവിയും ചരടും ചുറ്റി വരിഞ്ഞ കേരളത്തിലെ,പതിനാറില്‍ മംഗല്യവും,പതിനേഴില്‍ അമ്മയും,മുപ്പതില്‍ മുത്തശിയും ആവുന്ന-ആക്കുന്ന വര്‍ത്തമാന കേരളത്തിലെ- സദാചാര പീഡനങ്ങളില്‍ നിന്ന് മോചനം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീജനങ്ങള്ക്കുംആ വേണ്ടി നമുക്ക് പെണ്‍കോന്തന്‍മാര്‍ ആയേ പറ്റൂ.

   ദേശീയ പതാക ഉയര്‍ത്തിയതിന്റെ പേരില്‍ അവര്‍ണ്ണനെ കല്ലെറിഞ്ഞു കൊന്ന സവര്‍ണ്ണരേപ്പോലെ,നാളെ പര്‍ദ്ദ ധരിക്കാത്തവരെ കല്ലെറിഞ്ഞു കൊല്ലുന്ന മത ഭ്രാന്തന്മാ രുടെ നാടായി മാറുന്ന അവസ്ഥയ്ക്കെതിരെയാണ് നമ്മുടെ പോരാട്ടങ്ങള്‍.പോരാട്ടങ്ങളുടെ പോര്‍മുഖങ്ങളില്‍ അധികാരി വര്ഗ്ഗത്ത്തിന്റെ ലാത്തിക്ക്‌ മുന്‍പില്‍ നമ്മുടെ സഹോദരികളെ വലയം ചെയ്യേണ്ടി വരുമ്പോള്‍ അതിനെ അനാശ്യാസ്യമായി,ചിത്രീകരിക്കും വര്‍ഗ വഞ്ചകര്‍ ,അവര്‍ അങ്ങിനെ ചിത്രീകരിക്കട്ടെ. സമരപ്പന്തലുകളില്‍ ഒന്നിച്ചു കൂടിയിരിക്കുമ്പോള്‍ അതില്‍ സദാചാരം കണ്ടെത്തും വര്‍ഗവഞ്ചകര്‍ അവര്‍ കണ്ടെത്തട്ടെ,നമുക്ക് കൂടിയിരിക്കേണ്ടി വരും. കാമുകനോടോത്തു പുഴക്കരയിലും കടല്‍ക്കരയിലും കണ്ടാല്‍ ചോദ്യം ചെയ്തേക്കും.അവര്‍ ചോദ്യം ചെയ്യട്ടെ,ഭയപ്പെടാതിരിക്കാം നമുക്ക്. എന്തിനതികം സ്വന്തം ഭാര്യയാണെന്നും,മകളാണെന്നും ബോദ്ധ്യപ്പെടുത്തേണ്ട ഗതികേടിലേക്ക് അധപ്പതിച്ചിരിക്കുന്ന മത-സദാചാര വൈകൃത കേരളം. ഇത്തരം അവസ്ഥാ വിശേഷങ്ങൾക്ക് എതിരെ സ്ത്രീകളുടെ കൂടെ പൂര്‍വാധികം ആവേശത്തോടെ പൊതു മണ്ഡലത്തില്‍ സജീവമാവേണ്ടതുണ്ട്. അതിനു പുരോഗമന സ്വഭാവം വാക്കിലും പ്രവര്‍ത്തിയിലും ,ഹൃദയത്തിലും ഉള്ളവരുടെ പിന്തുണ ഉണ്ടാവാണം. പുരോഗമന വിരുദ്ധരുടെ ഭാഷയില്‍ പറഞ്ഞാല്‍ നമുക്ക് എല്ലാ അര്‍ത്ഥത്തിലും പെണ്‍ കോന്തന്‍മാരാകാം..ലിംഗവിവേചനം അവസാനിക്കും വരെ…

 

Share.

About Author

134q, 0.520s