Leaderboard Ad

നവമാധ്യമം സ്ത്രീകളോട് ചെയ്യുന്നത്…

0

നവമാധ്യമം സ്ത്രീകളോട് ചെയ്യുന്നത്...

     സൈബര്‍ ലോകം പൊതു സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് . അത് കൊണ്ട് അവിടെയും പുരുഷാധിപത്യ മൂല്യങ്ങൾ തന്നെയാണ് പ്രതിഫലിക്കുന്നത് . ആ മൂല്യങ്ങൾ പുരുഷൻ മാത്രമല്ല സ്ത്രീകളും സ്വാംശീകരിച്ചിട്ടുണ്ട്. അതിനാൽ കലാപത്തിന്റെ വഴി തിരഞ്ഞെടുക്കുന്ന സ്ത്രീ ഒരു നിലപാടെടുത്താല്‍ , അതില്‍ തന്നെ ഉറച്ചു നിന്നാല്‍ അടുത്ത പടി വ്യക്തിപരമായി അവരെ തേജോവധം ചെയ്യലാണ്. പുരുഷനു  നിയന്ത്രിക്കാൻ കഴിയാത്ത സ്ത്രീ  എന്നതിൽ നിന്നുണ്ടാവുന്ന അപകർഷത ബോധം പിന്നീട് സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന ഭാഷയുടെ രൂപത്തിൽ ആണ് പുറത്തുവരിക. ഇതിന്‍റെ വ്യുത്‌പത്തി സ്ത്രീകള്‍ക്ക് സ്വന്തമായി അഭിപ്രായം പാടില്ല എന്നതാണ്. ഇത് പിന്നീട് സ്ത്രീകളുടെ  സ്വത്വത്തിലേക്കുള്ള കടന്നുകയറ്റമായി മാറുന്നു.

       സൈബർ ഇടങ്ങളിൽ സ്ത്രീ രാഷ്ട്രീയ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു എന്ന “കൊടുംപാതകം” ചെയ്യുമ്പോൾ അപരിഷ്കൃത സമൂഹത്തിലെ വേട്ട നായ്ക്കളെ പോലെ അവളെ കൂട്ടം ചേര്‍ന്ന് കല്ലെറിയുന്ന പുരുഷാരത്തെ വിമർശിച്ചോ അല്ലെങ്കിൽ സ്ത്രീക്ക്   ധാര്‍മിക പിന്തുണ പ്രഖ്യാപിക്കുകയോ ചെയുന്ന പുരുഷന്മാരെയും ഇത്തരക്കാർ വെറുതെ വിടാറില്ല. അത്തരക്കാരെ കപട സദാചാരത്തിന്‍റെ സ്തൂപങ്ങൾ ആയ  താഴെ പറയുന്ന പട്ടികയിൽ ഉള്‍പ്പെടുത്തി വിചാരണ ആരംഭിക്കും.

1)” അവനാരാ നിന്‍റെ കാമുകനോ , ഭര്‍ത്താവോ , അച്ഛനോ ,സഹോദരനോ?

2) അതോ ഇനി നിങ്ങള്‍ തമ്മില്‍ വല്ല  ” അവിഹിത ” ബന്ധമുണ്ടോ?

അധികം വൈകാതെ സ്ത്രീകള്‍ക്ക് ധാര്‍മിക പിന്തുണ നല്‍കുന്നവരെ  “ഹിജഡ”കൾ ആക്കി മാറ്റുന്ന തന്ത്രവും ഈക്കൂട്ടർ പയറ്റി നോക്കാറുണ്ട്.

      18 വർഷമായി ഞാൻ റെഡ് ഫ്ലാഗ് എന്നാ രാഷ്ട്രീയ പാർട്ടിയിലെ അംഗമാണ്. ഞങ്ങളുടെ മാസികയിൽ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്യാനും എന്‍റെ ജോലിയായ വിവർത്തനം നടത്താനുമാണ് ഞാൻ നെറ്റ് ഉപയോഗിക്കാർ ഉള്ളത് .അതിന്റെ വിരസത അകറ്റാൻ ആണ് സോഷ്യൽ നെറ്റ്‌വർക്ക് ആയ ഫേസ് ബുക്കിൽ  ഇടപെട്ടു തുടങ്ങിയത്.    ഞങ്ങളുടെ രാഷ്ട്രീയം പരമാവധി ജനങ്ങളിൽ എത്തിക്കാനുള്ള പല മാധ്യമങ്ങളിൽ ഒന്നായാണ് അതിനെ കാണുന്നതും . എഫ് .ബീ സൗഹൃദങ്ങളിൽ താല്പര്യം ഇല്ലാത്തത് കാരണം തന്നെ ചാറ്റ് ചെയ്യാൻ വരുന്നവരെ ഒരിക്കലും പ്രോൾസാഹിപ്പിക്കാറും ഇല്ല.  ഇതിന്റെ അർഥം മറ്റു ഫേസ്ബുക്ക്‌ സുഹൃത്തുക്കളും ആയി ഒരിക്കലും ചാറ്റ് ചെയ്തിട്ടില്ല എന്നും അല്ല.

നവമാധ്യമം സ്ത്രീകളോട് ചെയ്യുന്നത്...

വളരെ വിലപ്പെട്ട സൌഹൃദങ്ങൾ അതു വഴി ലഭിച്ചിട്ടും ഉണ്ട് .അത് എഫ് .ബീ സൌഹൃദങ്ങൾ പൊള്ളയാണ്‌ എന്ന എന്‍റെ കാഴ്ചപ്പാടിനെ തിരുത്തിയിട്ടും ഉണ്ട് .പക്ഷെ പൊതുവെ ചാറ്റ് ചെയ്യാൻ വരുന്നവരോട് അതിനു താല്പര്യമില്ല എന്ന് വളരെ മാന്യമായി തന്നെ പറയുകയും വീണ്ടും ആവർത്തിച്ചാൽ ബ്ലോക്ക് ചെയ്യുകയുമാണ് ചെയ്യുന്നത് .അതിനിടയിൽ ഒരാള്‍ താല്‍പര്യമില്ല എന്ന് പറഞ്ഞതിന് പച്ച തെറി വിളിച്ചു എന്‍റെ ഒരു രാത്രിക്ക് വിലയിട്ടപ്പോൾ ആണ് സൈബർ സെല്ലിൽ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ പരാതി മെയിൽ ചെയ്തത് .രണ്ടു ദിവസം കാത്തിട്ടും എഫ് .ഐ .ആർ റെജിസ്റ്റർ ചെയ്യാത്തത് കൊണ്ട് നേരെ നാട്ടിൽ പോയി അതിന്‍റെ ചുമതല വഹിക്കുന്ന എ .സീ .പീ വിനയകുമാരൻ നായരെ സമീപിച്ചു ,പക്ഷെ അയാൾ കുറ്റം മുഴുവൻ എന്‍റെത് ആണ് എന്ന മട്ടിൽ അപമര്യാദയായി പെരുമാറുകയാണ് ഉണ്ടായത് .അത് അപഹാസ്യമായ വാദം ആണ് .ഇരയെ കുറ്റക്കാരി ആക്കുക .വസ്ത്രധാരണത്തിലെ  കുഴപ്പമാണ് ബാലാത്സംഗത്തിനു കാരണം എന്ന് പറയുന്നത് പോലെ ഒരു വാദം .

        സൈബര്‍ ഇടങ്ങളിലും സ്ത്രീ പര്‍ദ്ദക്ക് ഉള്ളില്‍ മുഖം ഒളിപ്പിക്കണം എന്ന് പറയുന്നതിന് പകരം കുറ്റക്കാരെ രക്ഷിക്കാൻ ആണ് അവര്‍ ഉത്സാഹം കാണിക്കേണ്ടത്. ഞാന്‍ എന്‍റെ മുഖം ഉള്ള ഫോട്ടോ തന്നെയാണ് ഇടുന്നത് .അങ്ങിനെയാണ് ഞാൻ മീഡിയയെ സമീപിച്ചത് .ഒരു സ്ത്രീയെങ്കിൽ ഒരു സ്ത്രീ ഇതിനു എതിരെ പ്രതികരിക്കുന്നെങ്കി­ൽ ആയിക്കോട്ടെ എന്ന് കരുതിയാണ് മാധ്യമങ്ങളെ സമീപിച്ചത് .അപൂർവ്വം ഒന്നോ രണ്ടോ ഒഴിച്ച് മറ്റുള്ളവർ ഭംഗിയായി തന്നെ അത് ആഘോഷിച്ചു. വാക്കുകള്‍ വഴി ,നോട്ടം വഴി ,അശ്ലീലം നിറഞ്ഞ ചോദ്യങ്ങൾ വഴി ആയിരം തവണ ബാലാത്സംഗം ചെയ്യപ്പെട്ട അനുഭവം. എന്തായാലും അതിൽ വന്ന വാർത്ത കണ്ടു ഡീ .ജീ .പീ ജേക്കബ് പുന്നൂസ് വിളിച്ചു വിനയകുമാരനു എതിരെ പരാതി നല്കാൻ ആവശ്യപെട്ടു . പരാതി നല്‍കി ചാറ്റ് വഴി തെറി വിളിച്ചവൻ എത്ര ഭേദം എന്ന് കരുതി ഞാൻ തിരിച്ചു പോന്നു .പരാതിയുടെ മുകളിൽ ഒരു നടപടിയും ഉണ്ടായതുമില്ല .

        അടുത്ത കേസ് ഒരു ലീഗുകാരൻ അസഭ്യ പ്രയോഗം നടത്തിയതിനെതിരെ  ആയിരുന്നു .അന്ന് ചോദിച്ച ചോദ്യം നിങ്ങള്‍ക്ക് മാത്രം എന്താണ് ഇത്രയും പ്രശ്നം? ഈ ലോകത്ത് വേറെയും ഒരു പാട് സ്ത്രീകൾ ഉണ്ടല്ലോ എന്ന പരിഹാസം ആയിരുന്നു .”സംഘി”കൾക്ക് എതിരെ സംസാരിച്ചാൽ അസഭ്യ വർഷവും” സുടാപ്പി “എന്ന പട്ടവും .”സുടാപ്പി”കൾക്ക് എതിരെ സംസാരിച്ചാൽ മുസ്ലിം വിരുദ്ധ. കരിനിയമങ്ങൾക്കും പട്ടാളം നടത്തുന്ന ബാലാത്സംഗം ഉൾപ്പെടെ ഉള്ള അതിക്രമങ്ങൾക്കും എതിരെ സംസാരിച്ചാൽ ,അഫ്സലിനും മദനിക്കും സോണി സോറിക്കും വേണ്ടി സംസാരിച്ചാൽ രാജ്യദ്രോഹി, ഐ .എസ .ഐ ഏജന്റ്, ഇറ്റലിക്കാരി ,ചാര പ്രവർത്തനം നടത്തുന്നവള്‍ ഇത്യാദി ചാപ്പ കുത്തൽ.പിന്നെ ഒരു സ്ത്രീക്ക് എതിരെ മാത്രം ഉപയോഗിക്കാനും അവഹേളിക്കാനും കഴിയുന്ന വഴികൾ. അപവാദ പ്രചരണം ,ഹോട്ടലിൽ നിന്നും അഞ്ചു പേരോടൊപ്പം അറസ്റ്റ് ചെയ്യപെട്ട അഭിസാരിക തുടങ്ങി അങ്ങിനെ പോകും ലിസ്റ്റ് .അതും ഫലിക്കുന്നില്ല എന്ന് കണ്ടപ്പോൾ ഭർത്താവിനെ അറിയിച്ചു തുടങ്ങി എന്‍റെ രഹസ്യ കാമുകന്മാരെ കുറിച്ച്. അതും വിഫലമായി .

      അസഭ്യ പ്രയോഗം നടത്തുന്നതിൽ ആർഷഭാരത സംസ്കാരത്തിന്‍റെ കാവലാളുകളായ, പുട്ടിനു പീര ചേർക്കുന്നത് പോലെ ഇടയ്ക്കിടെ “ഭാരത്‌ മാതാ കീ ജയ്‌ “ വിളിക്കുന്ന വാനരസേന തന്നെയാണ് മുന്നിൽ. ഇതിലെ ഏറ്റവും വലിയ തമാശ പല സ്ഥലത്തും ഇവരെ നേരിട്ട് തന്നെ കണ്ടിട്ടുണ്ട് . അപ്പോൾ തെറി വിളിക്കാൻ ധൈര്യം കാണിക്കാത്തവരാണ് കീ-ബോർഡിൽ കൊട്ടി കളിക്കുന്നത് . സംഘടിച്ചാൽ മാത്രമേ ശക്തി വരൂ. ആ രീതിയിൽ ശാരീരികമായി തന്നെ ആക്രമണം നേരിട്ടത് ഒരു തവണ മാത്രമാണ് . ഫിലിം ഫെസ്റ്റിവൽ സമയത്ത് അഫ്സലിനെ വധിക്കണം എന്ന് കൊടിയും പിടിച്ചു ഇരുന്നവര്‍ക്ക് മുന്നിൽ തനിച്ചു പെട്ടു പോയി. അന്ന് ഭാഗ്യത്തിന് പതിവിനു വിപരീതമായി പോലീസ് ഇടപെട്ടു.

നവമാധ്യമം സ്ത്രീകളോട് ചെയ്യുന്നത്...

        സാധാരണ മാന്യമായി സംവാദിക്കാൻ കഴിയാത്തവരെ ഉടനെ ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. അയ്യായിരത്തിന് പുറത്തുണ്ട് ബ്ലോക്ക് ചെയ്തവരുടെ ലിസ്റ്റിൽ. ഒന്നിനെ ബ്ലോക്കിയാൽ അടുത്തു 20 എണ്ണം കൂട്ടത്തോടെ വരും. പല ഗ്രൂപ്പിലും ഇത്തരം തെറി വിളി വരുമ്പോൾ അഡ്മിനുകൾ നോക്കി നിന്ന് രസിക്കാറാണ് പതിവ്. അത് കൊണ്ട് തന്നെ ഇപ്പോൾ എന്‍റെ വാളിലും ഒരു ഗ്രൂപ്പിലും മാത്രമാണ് ഞാൻ എഴുതുന്നത്‌…… . “വേശ്യ” ,”അമ്മയുടെ ചീഞ്ഞളിഞ്ഞ ഗര്‍ഭപാത്രത്തിൽ നിന്ന് വന്നവൾ”, “പുഴുത്ത ശവം” എന്നൊക്കെ പറഞ്ഞു. സഹികെട്ട് എടാ പോടാന്നു വിളിച്ചാൽ, പോയി നിന്‍റെ വീട്ടിൽ പറയാൻ പറഞ്ഞാൽ നെഞ്ചത്തടിയും നിലവിളിയും. അപ്പൊ ഓടി വരും കുറേ ഭാഷാ സ്നേഹികൾ. സ്ത്രീയെ ഭാഷ പഠിപ്പിക്കാൻ .സ്ത്രീക്ക് മാത്രമായി സംസാരിക്കാൻ ഭാഷ. അത് മൃദുലവും സരളവും തരളവും ആയിരിക്കണം എന്നാണ് ഉപദേശം. പിന്നെ വേറൊരു കൂട്ടർ, ഇവളാണോ പെണ്ണ്, ഒരു സ്ത്രീയും ഈ ഭാഷ ഉപയോഗിക്കില്ല, ഇത് ഏതോ ഒരുത്തന്‍റെ ഫൈക് ആണ് എന്ന് ഉറപ്പിക്കും. അത് ഞാൻ എഫ് ബീയിൽ ആക്റ്റീവ് ആയതു മുതൽ കേള്‍ക്കുന്ന ആരോപണം ആണ് ഫെയ്ക്ക് എന്ന്. കാരണം സ്ത്രീ ഏതൊക്കെ മേഖലയിൽ ഇടപെടണം, ഏതു രീതിയിൽ സംസാരിക്കണം എന്നൊക്കെയുള്ള നിയമങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ആ ലക്ഷ്മണ രേഖ മറി കടന്നാൽ അവൾ കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ടവൾ ആയി. എന്‍റെ പൊതുപ്രവർത്തനത്തിൽ ഇങ്ങനെ ഉള്ള അനുഭവം ഒരിക്കലും ഉണ്ടായിട്ടില്ല.

       പൊതു സ്ഥലത്ത് ഒരു സ്ത്രീയെ കൂട്ടം കൂടി വന്നു അസഭ്യം പറയുക പ്രായോഗികം അല്ലല്ലോ. എഫ്ബിയിൽ ആകുമ്പോൾ അതിന്‍റെ സാധ്യത അപാരമാണ്. കീബോർഡിൽ ഇരുന്നു കൊട്ടി കളിച്ചാൽ മതി അവർക്ക്. അത് പോലെ തന്നെ ചാറ്റ് ചെയ്യാത്തത് കൊണ്ട് മാത്രം പോസ്റ്റിൽ വന്നു തെറി വിളിക്കുന്നവരും ഉണ്ട്. ഇത് എന്‍റെ മാത്രം അനുഭവം അല്ല. ഈ രീതിയിൽ ഉള്ള പെരുമാറ്റം സ്വന്തമായി അഭിപ്രായം ഉള്ള പല സ്ത്രീകളും നേരിടുന്നതാണ്. ഒരിക്കൽ എന്‍റെ കൂട്ടുകാരി പറഞ്ഞതാണ് അവർ സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് എഴുതുമ്പോൾ തെറിയിൽ കുളിപ്പിക്കുന്നവർ, ആ കുട്ടി ഒരു പോസ്റ്റ്‌ തന്റെ പുരുഷസുഹൃത്തിനോട് പറഞ്ഞു പോസ്റ്റ്‌ ചെയ്യിച്ചു. അവിടെ ആ കൂട്ടുകാരന് കിട്ടിയത് അഭിനന്ദന പ്രവാഹം ആയിരുന്നു. ഇപ്പോൾ കൂടുതലും വരുന്നത് ഭീഷണികൾ ആണ്. അത് കാര്യമായി എടുക്കാറുമില്ല. പിന്നെ ആർഷഭാരത സംസ്കാരത്തിനെയും സദാചാരം മൊത്തത്തിൽ വിലയ്ക്ക് വാങ്ങിയവരുടെയും തനിനിറം ചാറ്റ് ബോക്സിൽ കാണാം. അപ്പോൾ ഓർക്കുന്നത് 18 വർഷത്തെ എന്‍റെ രാഷ്ട്രീയ ജീവിതം വെറും ഒരു ശരീരമാക്കി മാറ്റിയല്ലോ ഇവർ എന്ന്.

നവമാധ്യമം സ്ത്രീകളോട് ചെയ്യുന്നത്...

        ഒരിക്കൽ, കമ്പോള സംസ്കാരത്തിൽ സ്ത്രീ ലാഭം കൊയ്യാനുള്ള വെറും ഒരു ചരക്കായി മാറി എന്ന രീതിയിൽ ഒരു പോസ്റ്റ്‌ ഇട്ടപ്പോൾ അതിനു കീഴിൽ ഒരു പുരോഗമനൻ എഴുതിയത് ആണുങ്ങളെ മോഹിപ്പിക്കുന്ന നിന്‍റെ ഈ ശരീരം ഇല്ലെങ്കിൽ നിന്നെ എന്തിനു കൊള്ളാം എന്നാണ്. എന്‍റെ പേരിൽ എത്ര ഗ്രൂപ്പുകളും പേജുകളും ഉണ്ട് എന്ന് പോലും അറിയില്ല. ഇടക്കൊക്കെ കാണാറുണ്ട് അതൊന്നും ഇപ്പോൾ എന്നെ ബാധിക്കുന്നില്ല എന്ന അവസ്ഥയിൽ എത്തി കഴിഞ്ഞു. പക്ഷെ ഈയിടെ വല്ലാതെ ദേഷ്യവും സങ്കടവും ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നാ നിസ്സഹായതയും തോന്നിച്ച ഒരു സംഭവം ഉണ്ടായി. കണ്ണൂരുകാർ എന്ന പേരിൽ ഒരു “സംഘി” ഗ്രൂപ്പ് ഉണ്ട്, അവിടെ എന്‍റെ ഭർത്താവിന്‍റെയും കുഞ്ഞുങ്ങളുടെയും ഫോട്ടോ എടുത്തിട്ടു പച്ച തെറി വിളിച്ചു. എഫ് .ബി പോലും സമയം കിട്ടുമ്പോൾ മാത്രം നോക്കുന്ന, എന്‍റെ രാഷ്ട്രീയത്തിൽ ഒരു രീതിയിലും ഇടപെടാത്ത അദ്ദേഹത്തെ അവിടെ വലിച്ചിഴച്ചത് അവരുടെ സംസ്കാരം എന്ന് കരുതി സമാധാനിച്ചു. പറഞ്ഞു തുടങ്ങിയാൽ ധാരാളം ഉണ്ട് പറയാൻ. സൈബര്‍ സ്പെയ്സില്‍ ലിംഗ നീതി ഉറപ്പിക്കാന്‍ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? സൈബര്‍ ഇടങ്ങള്‍ സമൂഹത്തിന്‍റെ പരിച്ഛേദംതന്നെയല്ലേ? അവിടെ ലിംഗ നീതി ഉറപ്പിക്കാതെ ഇവിടെ മാത്രമായി ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ. രോഗ ലക്ഷണങ്ങളെ അല്ല രോഗത്തെയാണ് പിഴുതു മാറ്റേണ്ടത്.

ഫോട്ടോ കടപ്പാട്: iconarchive.com

Share.

About Author

135q, 0.571s