Leaderboard Ad

നാടകക്കാലത്തിലേക്ക് ‘നടന്‍’

0

 കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റങ്ങളെ കുറിച്ച് പറയുമ്പോള്‍ ജനകീയ നാടകവേദിയെ മാറ്റി നിര്‍ത്തിക്കൊണ്ട് ഒരു സംസാരം സാധ്യമല്ല. കേരളം ഇന്ന് ആര്‍ജ്ജിച്ച പുരോഗമന മൂല്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ ഒരു കാലത്ത് ഏറെ ജനകീയമായിരുന്ന നാടകം എന്ന കല വഹിച്ച പങ്ക് അതിബൃഹത്തായതാണ്. സമൂഹ്യതിന്മകള്‍ക്കെതിരെ പുരോഗമനത്തിന്റെ കൊടിക്കൂറയേന്തി ഒരു കാലത്ത് നാടക പ്രവര്‍ത്തകരും ജനകീയ നാടകപ്രസ്ഥാനവും നടത്തിയത് യഥാര്‍ത്ഥത്തില്‍ ഒരു സമരം തന്നെയായിരുന്നു. എന്നാല്‍ വഴിയിലെവിടെയോ നമ്മള്‍ നാടക പ്രസ്ഥാനത്തെയും നാടകങ്ങളെയും കൈവിട്ടു. ചുരുക്കം ചില ഉത്സവപറമ്പുകളിലേക്കും അക്കാദമിക്‌ ഹാളുകളിലെക്കും നാടകം ചുരുങ്ങി . ഇതിന് അല്‍പമെങ്കിലും അപവാദം എന്ന് പറയാവുന്നത് വടക്കേ മലബാറിലെ ഗ്രാമങ്ങള്‍ മാത്രമാണ്.

 നമ്മള്‍ മറന്നു പോയ കേരളത്തിലെ ജനകീയ നാടകവേദിയുടെ കഥയാണ് കമല്‍ തന്‍റെ ‘നടന്‍’ എന്ന പുതിയ സിനിമയിലൂടെ പറയുന്നത്. ഇങ്ങനെ ഒരു വിഷയം കൈകാര്യം ചെയ്യുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ കമല്‍ എന്ന സംവിധായകന്‍ ഇതില്‍ കാണിച്ച കയ്യടക്കം എടുത്തു പറഞ്ഞേ തീരൂ. ജനകീയ നാടകവേദിയുടെ ചരിത്രപശ്ചാത്തലത്തിലേക്ക് ജനപ്രിയതയെ സന്നിവേശിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു എന്നത് തന്നെയാണ് സിനിമയുടെ വിജയവും (അല്ലായിരുന്നെങ്കില്‍ അക്കാദമിക്‌ ബുജികളുടെ അവലോകനങ്ങള്‍ക്കപ്പുറത്തേക്ക് ഈ സിനിമക്ക് വളരാന്‍ കഴിയുമായിരുന്നില്ല). കെ പി ഏ സിയും ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’യെയും ഒക്കെ ഒരിക്കല്‍ കൂടെ ഗൃഹാതുരതയോടെ ഓര്‍ക്കാന്‍ ഈ സിനിമ കാരണമായി. ഒപ്പം നാടകപ്രവര്‍ത്തകരുടെ ജീവിതത്തെ അടുത്ത് കാണാനും.

 ”ഞാന്‍ ഒരു സിനിമ കാണുകയായിരുന്നില്ല. സിനിമയില്‍ ഞാന്‍ എന്നെ തന്നെ കാണുകയായിരുന്നു” . ഈ സിനിമ കണ്ട ശേഷം പ്രശസ്‌ത നാടക പ്രവര്‍ത്തകന്‍ ഇബ്രാഹിം വേങ്ങരയുടെ വാക്കുകള്‍ ആണിത്. നാടക കലാകാരന്മാരുടെ ജീവിതത്തിലേക്ക് ഈ സിനിമ എത്രത്തോളം ഇറങ്ങിച്ചെന്നു എന്നതിന് ഇതിലും വലിയ സാക്ഷ്യം ആവശ്യമുണ്ടാകില്ല. ജീവിതം മുഴുവന്‍ നാടകത്തിന് സമര്‍പ്പിച്ച് ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടലിന്റെയും രോഗങ്ങളുടെയും തുരുത്തിലേക്ക് തള്ളിമാറ്റപ്പെട്ട കുറെ നാടക കലാകാരന്മാര്‍ക്ക് ഇന്നലെകളില്‍ ആടിത്തിമിര്‍ത്ത അരങ്ങുകളെയും ഏറ്റുവാങ്ങിയ അംഗീകാരങ്ങളെയും ആവേശത്തോടെ(ചിലപ്പോള്‍ നഷ്ടബോധത്തോടെയും) ഓര്‍ക്കാന്‍ ഈ സിനിമ ഒരു നിമിത്തമാകുക തന്നെ ചെയ്യും.

 പ്രേക്ഷകന്‍ ഉപേക്ഷിച്ചത് നാടകത്തിന്റെ നില ദിനംപ്രതി പരുങ്ങലിലാക്കുക്കയാണ്. എന്നാല്‍ സിനിമയുടെയും സീരിയല്‍ മിമിക്രികളുടെയും ഈ കാലത്തും നാടകം ഉപജീവനമാര്‍ഗ്ഗമായ കുറെ കലാകാരന്മാര്‍ കേരളത്തിലുണ്ട്. ഇവരുടെ ജീവിതാവസ്ഥകളിലേക്കും നാടക വേദികളും നാടകങ്ങളും നേരിടേണ്ടി വരുന്ന വര്‍ത്തമാനകാല വെല്ലുവിളികളിലേക്കും ‘നടന്‍’ ക്യാമറ ചലിപ്പിക്കുന്നു . ഈ അവസ്ഥയെ എങ്ങിനെ തരണം ചെയ്യാം എന്ന പ്രശ്നപരിഹാര സാധ്യതകളിലേക്ക് പ്രേക്ഷകനെ നയിക്കുന്നു എന്നതും ഈ സിനിമയുടെ പ്രത്യോകതയാണ്.

ജയറാം അവതരിപ്പിച്ച ദേവദാസ്‌ അദ്ദേഹത്തിന്റെ അഭിനയ ജീവിത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് എന്ന് നിസ്സംശയം പറയാം. വേദനകളെ ഉള്ളിലൊതുക്കി അരങ്ങില്‍ ആടിത്തിമിര്‍ക്കുന്ന ജയറാമിന്‍റെ ദേവദാസ്‌ തീര്‍ച്ചയായും കയ്യടി അര്‍ഹിക്കുന്നുണ്ട്. തനിക്ക് ലഭിച്ച കെ പി എസ് സി ഭരതനെ ഹരീഷ് പാറാടിയും മനോഹരമാക്കിയിരിക്കുന്നു. നായികയായി എത്തിയ രമ്യാ നമ്പീശനും കഥാപാത്രത്തോട് നീതി പുലര്‍ത്തി. നാടകത്തിലൂടെ സിനിമയില്‍ എത്തിയ കെ പി ഏ സി ലളിത സജിത മഠത്തില്‍, ജയരാജ്‌ വാര്യര്‍ തുടങ്ങിയ ഒരു പറ്റം നല്ല കലാകാരന്മാരും ഈ സിനിമയില്‍ നല്ല പ്രകടനം കാഴ്ചവച്ചു.

നടനെക്കുറിച്ച് പറയുമ്പോള്‍ അമ്പരപ്പിച്ച മറ്റൊരു കാര്യം താണ്ഡവം പോലുള്ള സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ സുരേഷ്ബാബുവിന്റെതാണ്‌ ഇതിന്‍റെ രചന എന്നതാണ്. എന്നാല്‍ തന്റെ ഭൂതകാല സിനിമകളുടെ എല്ലാം അംശങ്ങളും മാറ്റിവച്ചുകൊണ്ടാണ് സുരേഷ്ബാബു ‘നടന്‍’ ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ ഒരുപാട് നല്ല ഘടകങ്ങളെ കയ്യടക്കത്തോടെ ഏകോപിപ്പിച്ച കമല്‍ എന്നാ അനുഭവസമ്പന്നന്‍ ആയ സംവിധായകന്‍റെ ‘ക്രാഫ്റ്റ്‌’ കൂടെയാകുമ്പോള്‍ ഈ സിനിമ മികച്ചൊരു കലാസൃഷ്ടിയാകുന്നു. അതിലൂടെ സെല്ലുലോയ്ഡിനു ശേഷം കമല്‍ മലയാളത്തിനു മികച്ചൊരു സിനിമ കൂടി സമ്മാനിക്കുന്നു. ന്യൂ ജെനറേഷന്‍ ചേരുവകളും ആക്ഷന്‍ തട്ടുപൊളിപ്പന്‍ കോമഡി രംഗങ്ങളോ ഇല്ലെങ്കിലും ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‍റെ മനസ്സില്‍ എന്തെങ്കിലും ഒന്ന് ബാക്കിയക്കും എന്നത് തീര്‍ച്ചയാണ്.

Share.

About Author

151q, 0.894s