Leaderboard Ad

നാടകാന്ത്യേ – നാടകവിചാരം

0

മാഹി നാടകപ്പുരയുടെ ആഭിമുഖ്യത്തില്‍ മെയ്‌ ഒന്ന് മുതല്‍ മൂന്നു വരെ ചൊക്ലിയില്‍ വെച്ച് നാടകോത്സവം നടക്കുകയുണ്ടായി. കുട്ടികളുടെത് ഉള്‍പ്പെടെ ഏഴു നാടകങ്ങളും നിരവധി പ്രഭാഷണങ്ങളും കലാപ്രകടനങ്ങളുമായി മൂന്ന് ദിവസം അക്ഷരാര്‍ത്ഥത്തില്‍ ഒരു നാടിന്റെ ഉത്സവമായി ഇത് മാറി. നാടകോത്സവം ഉദ്ഘാടനം ചെയ്തത് മുന്‍ വിദ്യാഭ്യാസമന്ത്രിയും സാംസ്കാരിക നായകനും രാഷ്ട്രീയ നേതാവുമായ സഖാവ് എം. എ. ബേബിയാണ്. ഒപ്പം കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം മുകുന്ദന്‍റെ ഹ്രസ്വപ്രഭാഷണവും ഉണ്ടായി. പാട്ടബാക്കിയുടെയും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെയും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കിന്റെയും പിന്മുറക്കാരുടെ ഇങ്ങേ അറ്റത്ത് ഇപ്പോഴും നാടകങ്ങളുമായി നാടകങ്ങളെ സ്നേഹിക്കുന്ന കലാകാരന്മാരും എഴുത്തുകാരും കാണികളും ഉണ്ട് എന്നത് വളരെ ആശ്വാസകരവും പ്രതീക്ഷാനിര്‍ഭരവുമായ ഒരു കാര്യമാണ് എല്ലാ പ്രാസംഗികരും പ്രത്യേകം എടുത്തുപറഞ്ഞു.
ഒന്നാം ദിവസം രണ്ടു നാടകങ്ങള്‍ അരങ്ങേറി. മാഹി നാടകപ്പുരയുടെ ‘മലാല അക്ഷരങ്ങളുടെ മാലാഖ’ എന്ന ഏകപാത്ര നാടകവും മലയാള കലാനിലയം കൂത്തുപറമ്പിന്റെ ‘മത്തി’ എന്ന നാടകവും. രണ്ടാം ദിവസം മാഹി നാടകപ്പുരയുടെതന്നെ ‘മാംസഗണിതം’, ജ്വാല കരുവാക്കോടിന്റെ ‘ദുവിധ’, കുട്ടികളുടെ ഒരു നാടകം എന്നിവ അരങ്ങേറി. അവസാനദിവസം തൃശൂര്‍ തിയേറ്റര്‍ വില്ലേജിന്റെ ‘ഞായറാഴ്ച’, നെരൂദ കുറ്റിക്കോലിന്റെ ‘മൃത്യുഞ്ജയ’ എന്നിവ അവതരിപ്പിക്കപ്പെട്ടു.

അവതരിപ്പിക്കപ്പെട്ട നാടകങ്ങളെ കുറിച്ചുള്ള ഒരു വിചാരം/ചര്‍ച്ച ആണ് ഈ ലേഖനം കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചിട്ടുള്ളത്. നാടകങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. ഒരുപക്ഷെ ഞാന്‍ അറിഞ്ഞ അനുഭവങ്ങള്‍ ആയിരിക്കില്ല നിങ്ങള്‍ ഈ നാടകത്തില്‍ നിന്നും അനുഭവിച്ചത്‌. ഒരു നാടകം ഒരേസമയം നിരവധിയായ തലങ്ങളിലേക്ക്‌ പ്രേക്ഷകനായ നമ്മളെ കൊണ്ടുപോകുന്നു. ഒരു കോണില്‍ നിന്നും നാടകത്തെ വീക്ഷിച്ച ഒരാളുടെ കണ്ണില്‍ പെടാതെപോയ പലതും മറ്റുള്ളവര്‍ക്ക്‌ പറയാനുണ്ടാകും. അതുകൂടി എല്ലാവരും പറയുമ്പോഴാണ് നാടകവിചാരം അര്‍ത്ഥവത്തും പൂര്‍ണ്ണവുമാകുന്നത്. നാടകം കാണാത്തവര്‍ പൊതുവില്‍ നാടകങ്ങളെ കുറിച്ചും അവര്‍ കണ്ട മറ്റേതെങ്കിലും നാടകങ്ങളെ കുറിച്ചും എഴുതുക.

1. മലാല അക്ഷരങ്ങളുടെ മാലാഖ- (മാഹി നാടകപ്പുര)

ഇത് ഒരു ഏകപാത്ര നാടകം ആയിരുന്നു. പേരില്‍ നിന്നുതന്നെ ഈ നാടകം എന്താണ് എന്നതിനെ കുറിച്ച് നമുക്ക്‌ വ്യക്തമാകുന്നുണ്ട്. ഇതില്‍ എടുത്തുപറയേണ്ട ഒരു വിഷയം മലാലയായി നമ്മുടെ മുന്പിഎല്‍ വന്ന ഒന്‍പതാംക്ലാസുകാരി നിഹാരിക എസ് മോഹന്‍ എന്ന കുട്ടിയുടെ അഭിനയപ്രകടനം ആണ്. മലാലയുടെ വേഷവും ഭാവവും സംഭാഷണങ്ങളും നിഹാരികയുടെ കൈയില്‍ ഭദ്രമായി.
പൂക്കളെയും പക്ഷികളെയും സ്നേഹിച്ച കൊച്ചുമലാല, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി തീവ്രവാദികളോട് പേനയും പുസ്തകവും കൊണ്ട് പൊരുതിയ മലാല, ഭീകരവാദികള്‍ വെടിയുണ്ടകള്‍കൊണ്ട് തലയോട്ടിയും തലച്ചോറും തകര്‍ത്ത് ‌ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച മലാല…. മലാല യൂസഫ്‌ സായ്‌ എന്ന ധീരയായ, തേജസ്സാര്‍ന്ന പെണ്‍കുട്ടിയുടെ ജീവിതവഴികളെ ഒരു മണിക്കൂറില്‍ ചുരുക്കി അതിന്റെ എല്ലാ തന്മയത്വത്തോടെയും നമുക്ക്‌ മുന്നില്‍ കാട്ടിത്തരുന്നതില്‍ നാടകപ്പുരയും നിഹാരികയും വിജയിച്ചു. നിഹാരികയ്ക്കും നാടകപ്പുരയ്ക്കും അഭിനന്ദനങ്ങള്‍.

2. ‘മത്തി’ (മലയാള കലാനിലയം കൂത്തുപറമ്പ്‌)

നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ‘മത്തി’ സംവിധായകന്‍ തീര്‍ത്ത അത്ഭുതവും പ്രമേയത്തിന്റെ കരുത്തും അഭിനേതാക്കളുടെ തകര്‍പ്പന്‍ പ്രകടനവും കൊണ്ട് വിസ്മയമായിത്തീര്‍ന്നു. മാറുന്ന കാലത്തിന്റെ കുത്തൊഴുക്കില്‍ സമൂഹത്തിനു നഷ്ടപ്പെട്ടുപോകുന്ന നന്മകളിലേക്കും, സ്വയം നഷ്ടപ്പെട്ടുപോകുന്ന വ്യക്തിത്വങ്ങളിലേക്കും ശക്തമേറിയ പരിഹാസ ശരങ്ങളോടുകൂടിയ ഒരു കണ്ണാടി കൂത്തുപറമ്പ്‌ കലാനിലയം നമുക്ക്‌ നേരെ പിടിച്ചുതരുന്നു. ഒരു ഘട്ടം വരെ കാണികളായ നമ്മള്‍ നാടകം കാണുകയും, പിന്നീട് നമ്മള്‍ നാടകം കളിക്കുകയും കഥാപാത്രങ്ങള്‍ നാടകം കാണുകയും ചെയ്യുന്ന അവസ്ഥയിലേക്ക്‌ നാടകം ഉയര്‍ത്തപ്പെടുന്നു.

മത്തി പാവപ്പെട്ടവന്റെ അടയാളമാണ്. അതിന്റെ ചൂടിനും ചൂരിനും അദ്ധ്വാനിക്കുന്നവന്റെയും പാവപ്പെട്ടവന്റെയും വിയര്‍പ്പിന്റെ ഗന്ധവുമായി താതാത്മ്യമുണ്ട്. പണത്തിന്റെ കാര്യത്തില്‍ മൂല്യം കുറവാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ ഏറെ മൂല്യവത്തായ മത്തിയുടെ രുചി ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ ആരുമുണ്ടാകില്ല. നമ്മുടെ ഭക്ഷണത്തില്‍ (നമ്മുടെ വളര്‍ച്ചയില്‍) മത്തി എന്ന ഈ ‘വിലയില്ലാത്ത വസ്തു” ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. എങ്കിലും മത്തിയോട് ഇഷ്ടം പ്രകടിപ്പിക്കുന്നത് കുറച്ചിലായി കാണുന്ന നവപൊങ്ങച്ചസമൂഹത്തിനു നേരെ പരിഹാസത്തോടെ പച്ചതെറി വിളിക്കാന്‍ ‘മത്തി റഫീക്ക്‌'(മുഖ്യ കഥാപാത്രം) കാട്ടുന്ന ചങ്കൂറ്റം ഭാഷയില്‍ തെറിയുടെ പ്രാധാന്യം കൂടി വിളിച്ചോതുന്നു. ”മത്തിയുടെ വില കിലോയ്ക്ക്‌ മുന്നൂറ് രൂപ ആയിരുന്നെങ്കില്‍ ഈ എക്സിക്യുട്ടീവ്‌ നായിന്റെമക്കള്‍ മത്തി വാങ്ങിയേനെ” എന്ന് മത്തി റഫീക്ക്‌ പറയുമ്പോള്‍ നമ്മളിലെ പൊങ്ങച്ചക്കാര്‍ പൂര്‍ണ്ണനഗ്നരായിപ്പോകുന്നു.

പോയകാല ഒരുമയിലൂടെയും നന്മകളിലൂടെയും വളര്‍ന്നു വന്ന മത്തിറഫീക്കിനു പെട്ടെന്ന് തിരക്കിന്റെയും ഒറ്റപ്പെടലിന്റെയും ആര്‍ത്തിയുടെയും തീരത്ത്‌ എത്തിപ്പെട്ടപ്പോള്‍ സ്വയം ഇല്ലാതാക്കി നമ്മളോടൊപ്പം ചേരുകയാണ്. അവിടെ നാടകീയമായി നമ്മള്‍ റഫീക്കിന് ഒപ്പം കഥാപാത്രങ്ങള്‍ ആകുന്നു. നമ്മള്‍ക്ക് ഇനി റഫീക്കിനൊപ്പം നടക്കാനാകുമ്പോള്‍ നാടകം വിജയമാകുന്നു. ഒപ്പം ഒരു സമൂഹത്തിന്റെയും.
വളരെയേറെ ചര്‍ച്ച ചെയ്യാനുണ്ട് ഈ നാടകത്തെ കുറിച്ച്. എഴുത്ത് ചുരുക്കുന്നു. ഇത്തരമൊരു മികച്ച സൃഷ്ടി നമുക്ക്‌ തന്ന മലയാള കലാനിലയം കൂത്തുപറമ്പിന് അഭിനന്ദനങ്ങള്‍. മത്തി റഫീക്ക്‌ ആയി അഭിനയവിസ്മയം തീര്‍ത്ത നടന്‍ ഉള്‍പ്പെടെ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ കൊടുത്ത എല്ലാ നടീനടന്മാര്‍ക്കും അഭിനന്ദനങ്ങള്‍…

3. മാംസഗണിതം- (മാഹി നാടകപ്പുര)

വളരെയേറെ മികച്ച നാടകങ്ങള്‍ നമുക്ക്‌ കാട്ടിത്തന്ന മാഹി നാടകപ്പുര ഇത്തവണ മാംസഗണിതത്തിലൂടെ മനുഷ്യര്‍ വെറും മാംസങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോകുന്ന ഒരു സാമൂഹ്യയാഥാര്‍ത്ഥ്യം നമുക്ക്‌ കാട്ടിത്തരുന്നു. യുദ്ധം ശരീരത്തോടല്ല മനസിനോടാണ് വേണ്ടത് എന്ന് പണ്ടൊരു മഹാന്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ യുദ്ധം ഏതുമായിക്കൊള്ളട്ടെ അത് നടക്കുന്നത് വെറും മാംസപിണ്ഡങ്ങളോടാണ്. അതിനപ്പുറം ഒരു ആത്മാവ്/മനസ് ഉണ്ടെന്ന് ആരും കാണുന്നില്ല. പെണ്ണിന്റെ ഉടലിനോടുള്ള ആര്‍ത്തിയിലും ഇതേ ഗണിതസമവാക്യങ്ങളാണ്. മാംസങ്ങള്‍/ശരീരങ്ങള്‍ പരക്കം പായുകയും യുദ്ധം ചെയ്യുകയും കാമപൂരണം നടത്തുകയും വിദ്യാഭ്യാസം ചെയ്യിക്കുകയും ചെയ്യുന്ന നവസമൂഹത്തില്‍ മനസിനെ തിരിച്ചുപിടിക്കാനും അതുവഴി നന്മയെ വീണ്ടെടുക്കാനും മാംസഗണിതം ആഹ്വാനം ചെയ്യുന്നു. മാഹി നാടകപ്പുരയ്ക് അഭിനന്ദനങ്ങള്‍…

4. ‘ദുവിധ’- (ജ്വാല കരുവാക്കോട്)

മനുഷ്യമനസിന്റെ സങ്കീര്‍ണ്ണതകള്‍, അവന്റെ ജീവിതത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന വഴികള്‍, ലാഭം ഉണ്ടാക്കുക എന്നത് മാത്രം ജീവിതലക്ഷ്യമായി കണക്കാക്കുന്ന ഒരു കാലഘട്ടത്തില്‍ മനുഷ്യത്വം എങ്ങനെയൊക്കെ പറിച്ചെടുക്കപ്പെടുന്നു എന്നതൊക്കെ നമുക്ക്‌ മുന്‍പില്‍ ജ്വാല കാട്ടിത്തരുന്നു. സ്നേഹം, ദയ, കാമം..തുടങ്ങിയ വികാരങ്ങള്‍ ലാഭം/നഷ്ടം എന്നീ തട്ടില്‍ വെച്ച് തൂക്കിയ ശേഷം ഇതൊക്കെ വെറും നഷ്ടങ്ങള്‍ ആണെന്ന് അറിയുകയും ലാഭമുണ്ടാക്കാനായി വരണ്ട മേച്ചില്‍പുറങ്ങള്‍ തേടി അലയുകയും ചെയ്യുന്ന മനുഷ്യനെ ദുവിധയില്‍ വരച്ചുകാട്ടുന്നു. ലാഭേച്ചയുടെ മൂര്‍ദ്ധന്യത്തില്‍ ഭാര്യ എന്ന സ്ത്രീ ഒരു ലാഭമാണെന്നും എന്നാല്‍ അവളെ സ്നേഹിക്കുകയും കാമിക്കുകയും ചെയ്യാന്‍ സമയം മെനക്കെടുത്തുന്നത് ഒരു നഷ്ടമാണെന്നും പുരുഷന്‍ കരുതുന്നു. അവള്‍ കാംക്ഷിക്കുന്ന സ്നേഹം അവന്റെ പ്രതിരൂപത്തില്‍ നിന്നും അറിയാതെ അവള്‍ക്ക് ലഭിക്കപ്പെടുമ്പോള്‍ ഭാര്യ എന്ന ലാഭം നിലനിര്‍ത്താനും നഷ്ടങ്ങളില്‍ നിന്നും രക്ഷപ്പെടാനും വേണ്ടി മനുഷ്യത്വത്തെ ഹോമിക്കുന്ന പുരുഷനെ നമുക്ക്‌ മുന്‍പില്‍ അവതരിപ്പിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ പണം പണം എന്ന ആര്‍ത്തി അതിരുകടന്ന ഒരു സമൂഹത്തില്‍ മനുഷ്യത്വവും വികാരങ്ങളും എങ്ങനെയൊക്കെ വറ്റിപ്പോയി നമ്മള്‍ അക്രമികളും ജഡതുല്യരുമായി വീതം വെക്കപ്പെടുന്നു എന്ന് ഈ നാടകം കാട്ടിത്തരുന്നു. ഒരു വിമര്‍ശനം ഈ നാടകത്തോട് ഉള്ളത് സാധാരണ പ്രേക്ഷകര്‍ക്ക് ഗ്രഹിക്കാന്‍ തീരെ സാധിക്കാത്ത വിധം പ്രമേയത്തെ വല്ലാതെ ഉള്ളിലേക്ക് ഒളിപ്പിച്ചു എന്നുള്ളതാണ്. എങ്കിലും മികച്ചൊരു നാടകം നമുക്ക്‌ സമ്മാനിച്ച ജ്വാലയുടെ കലാകാരന്മാര്‍ക്ക് അഭിനന്ദനങ്ങള്‍..

5. ‘മൃത്യുഞ്ജയ’- (നെരൂദ കുറ്റിക്കോല്‍)

ഒരിക്കലും വറ്റാത്ത മഹാഭാരതത്തില്‍ നിന്നും കോരിയെടുത്ത ഒരു തുള്ളി. കര്‍ണ്ണന്‍ എന്ന ഒരളവുകോലിലും ഒതുങ്ങാത്ത, എത്ര പറഞ്ഞാലും തീരാത്ത കരുത്തുറ്റ കഥാപാത്രത്തിന്റെ ഒരു നാടക ആവിഷ്കാരം. കര്‍ണ്ണനെ അറിഞ്ഞവര്‍ക്ക്‌ മുന്നില്‍ അറിയാത്ത കര്‍ണ്ണനെ കാട്ടിത്തരും എന്ന് പ്രതീക്ഷിച്ച പ്രേക്ഷകര്‍ നിരാശരായി. സൂതപുത്രനില്‍ പുതുതായി ഒന്നും ‘നെരൂദയ്ക്ക്’ കാണാനും പറയുവാനുണ്ടായില്ല. സംവിധായകനും അഭിനേതാക്കളും അവരുടെ ദൌത്യം ഒരു പരിധിവരെ വിജയകരമാക്കി.

6. ഞായറാഴ്ച- (തിയേറ്റര്‍ വില്ലേജ്- തൃശൂര്‍)

മതങ്ങള്‍, പരമ്പരാഗത ദൈവസങ്കല്പങ്ങള്‍, തുടങ്ങിയതൊക്കെ കൂടിക്കുഴഞ്ഞു കെട്ടുപിണഞ്ഞ പുരുഷാധിപത്യസമൂഹത്തില്‍ സ്ത്രീത്വം വെറും ശരീരങ്ങള്‍ മാത്രമാകുന്ന കാഴ്ച്ച. ഇവിടെ ദൈവവും വെറും കാഴ്ചക്കാരന്‍ മാത്രമാകുന്നു. പരമ്പരാഗത സാത്താന്‍ സങ്കല്‍പ്പത്തെ പൊളിച്ചെഴുതാനുള്ള നാടകത്തിന്റെ ശ്രമം ഒരു പരിധിവരെ വിജയിച്ചു. മികച്ചരീതിയില്‍ സംവിധാനം നിര്‍വ്വഹിക്കപ്പെട്ടു എന്നതില്‍ സംവിധായകന് അഭിമാനിക്കാം. സ്ത്രീ മുഖ്യ കഥാപാത്രമായ (സിസ്റ്റര്‍ എഞ്ചലീന) ഈ നാടകത്തില്‍ എഞ്ചലീനയെ മികച്ച രീതിയില്‍ അവതരിപ്പിച്ച നടി പ്രശംസയര്‍ഹിക്കുന്നു. ഒപ്പം അഭിനേതാക്കളെല്ലാം മികച്ച രീതിയില്‍ അവരവരുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തു. അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ അടങ്ങാത്ത രോദനങ്ങള്‍ക്കൊടുവില്‍ ദൈവം എന്ന കാഴ്ച്ചക്കാരന്റെ/കാഴ്ച്ചക്കാരിയുടെ അടുത്തുനിന്നും സ്വര്‍ണ്ണസിംഹാസനങ്ങള്‍ വിട്ടെറിഞ്ഞ്‌ മനുഷ്യന്റെ കണ്ണീരൊപ്പുന്ന പച്ചമനുഷ്യനായി ദൈവപുത്രന്‍ സ്വന്തം വഴി തെരെഞ്ഞെടുക്കുന്നിടത്ത് കര്‍ട്ടന്‍ വീഴുന്നു. തിയേറ്റര്‍ വില്ലേജിന് അഭിനന്ദനങ്ങള്‍…

ഓരോ നാടകത്തിന്റെയും കര്‍ട്ടന്‍ വീഴുന്നിടത്തു നിന്നും മറ്റൊരു നാടകം ആരംഭിക്കുന്നു. അടഞ്ഞ കണ്ണുകളും പൊത്തിയ ചെവികളും അറുത്തുമാറ്റപ്പെട്ട നാവുകളും ഒടിഞ്ഞ ചൂണ്ടുവിരലുകളുമായി ജഡതുല്യമായി കഴിയുന്ന ഈ സമൂഹത്തില്‍ ഓരോ നാടകങ്ങളും അസ്വസ്ഥതകളുടെ കനലുകള്‍ സൃഷ്ടിക്കുന്നു. ഒരു ജനതയ്ക്ക്‌ താണ്ടിത്തീര്‍ക്കുവാനുള്ള നെടുനീളന്‍ പാതകളില്‍ വെളിച്ചം പരത്തുവാന്‍ ഓരോ നാടകക്കാരനും ജീവിതം സമര്‍പ്പിക്കുന്നു. ഒരു സമൂഹം അതിന്റെ യാത്ര തുടരവേ ഒരു ദശാസന്ധിയില്‍ വേദിയും സദസ്സുമായി അത് വഴിപിരിയുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ വീണ്ടും ഒന്നിക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന ഉത്പന്നമാണ് നാടകം. ഈ നാടകങ്ങളെ നമുക്ക്‌ നിലനിര്‍ത്താം. പ്രോത്സാഹിപ്പിക്കാം

 

ഷിജു മൊകേരി

Share.

About Author

ഷിജു മൊകേരി - കണ്ണൂര്‍ ജില്ല. ഇപ്പോള്‍ സൗദി ദമാമില്‍ Auto Cad Draftsman ആയിട്ട് ജോലി ചെയ്യുന്നു.

136q, 0.859s