Leaderboard Ad

നാളെയുടെ മരണം

0

കൂട്ടുകാര്‍ നമ്മള്‍ നിലാച്ചോരയില്‍ പിറന്നവര്‍
ഒരിലച്ചീന്തില്‍നിന്നും ബലിച്ചോറുണ്ണണ്ടവര്‍
എത്ര നൊമ്പരങ്ങള്‍ നാം വേവിച്ചീ കഥയുടെ
ആദിമധ്യാങ്ങളെ വിളക്കിചേര്‍ത്തിടുവാന്‍
യാത്രികര്‍ നമ്മളെത്ര രാത്രികള്‍ കുടിക്കണം
പാഴ്കിനാവിതിനുടെ മാത്രകളെണ്ണിത്തീര്‍ക്കാന്‍
എത്ര ജീവിതങ്ങള്‍ നാം ഹോമിച്ചുപകയുടെ
ഗോത്രവീര്യങ്ങള്‍ കനല്‍ പാളികളായ കാലം
എത്ര കണ്ണു നീര്‍ നമ്മള്‍ നേദിച്ചു ക്രൌര്യത്തിന്റെ
ക്ഷാത്ര വീര്യങ്ങള്‍ കുരുക്ഷേത്രത്തില്‍ പൊരുതുമ്പോള്‍
നിഴലില്‍ നിലാവിന്‍റെ നിത്യ വിസ്മയങ്ങളില്‍
നൊമ്പരപ്പൂക്കള്‍ വിടര്‍ന്നമ്പിളി കരയുമ്പോള്‍
ചേറുപറ്റിയ കൈയ്യില്‍ ചൂട്ടുവെട്ടവുമായിട്ടച്ഛനു-
മയലത്തെ ബാപ്പയും എത്തീടുമ്പോള്‍
ഓര്‍മ്മകള്‍ തോരാനിട്ട പായും മടക്കിക്കൊണ്ടമ്മയു-
മയലത്തെ ഉമ്മയും പിരിയുമ്പോള്‍
ശപ്തവേഗമാര്‍ന്നിന്നില്‍ ഇന്നലെ പുഷ്പിക്കുന്നു
ഗര്‍ഭഗേഹത്തില്‍ തന്നെ നാളെകള്‍ മരിക്കുന്നു…

Share.

About Author

140q, 0.518s