Leaderboard Ad

നിയമം കൊണ്ട് അമ്മാനമാടുന്നവർ

0

   ഇന്ത്യന്‍ പീനല്‍ കോഡിലെ പഴുതുകള്‍ ദിനംതോറും വളര്‍ന്നു കൊണ്ട് , ഓരോ നിയമത്തിനും ഒരായിരം പഴുതുകളെന്ന രൂപത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിയമങ്ങള്‍ക്ക് സമൂലമായ മാറ്റങ്ങള്‍ വരേണ്ടത് അനിവാര്യമല്ലേ ?

മനസ്സിനെ വ്രണപ്പെടുത്തുന്ന ഒരു വിഷയമുണ്ടാകുമ്പോള്‍ അതുമായി ബന്ധപ്പെട്ടവരുടെ മനോനിലയില്‍ നൈമിഷികമായ വ്യതിയാനം സംഭവിക്കുകയും , മനപൂര്‍വമല്ലാതെ തന്നെ ചിലപ്പോള്‍ നിയമം കയ്യിലെടുക്കേണ്ട അവസ്ഥ സംജാതമാകുകയും ചെയ്തേക്കാം . മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചിലര്‍ ജീവിക്കുന്നത് തന്നെ നിയമം കൊണ്ടമ്മാനമാടാന്‍ ആണെന്ന മട്ടിലുള്ളതാണ് . നിയമം കയ്യിലെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് ഒരിക്കലും അവകാശമില്ല (പ്രധാനമായും സാധാരണക്കാര്‍ക്ക് ),അഥവാ കയ്യിലെടുത്താല്‍ അറസ്റ്റ്‌ ഒഴിവാക്കാനുമാവില്ല .എന്നാല്‍ പഴുതുകളറിയാവുന്ന ധനമുള്ളവര്‍ സെക്കണ്ടിനുള്ളില്‍ അഴികള്‍ക്കിടയിലൂടെ മാന്യമായി പുറത്തു വരുന്നു .അറിയാത്ത പാവങ്ങള്‍ ഇരുമ്പഴിക്കുള്ളിലും .ഇതാണ് ഇന്ന് ഇന്ത്യയുടെ അവസ്ഥ .ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ നിയമത്തിനു വളരെ പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം നാള്‍ക്കുനാള്‍ കൂടി വരുന്ന കാഴ്ചയാണ് നാം കണ്ടു വരുന്നത് .ഈ വസ്തുത ആര്‍ക്കും നിഷേധിക്കാനാവുമെന്നു തോന്നുന്നില്ല . മറ്റു സംസ്ഥാനങ്ങളില്‍ ഇതിലും കൂടുതല്‍ അഴിമതിയും കൊലപാതകങ്ങളും മറ്റു അക്രമങ്ങളും നടക്കുന്നുണ്ടെങ്കിലും “ദൈവത്തിന്റെ സ്വന്തം നാട് ” എന്നാ ലേബലില്‍ നോക്കുമ്പോള്‍ കേരളത്തില്‍ വളരെ അധികരിക്കുന്നതായി നമുക്ക് അനുഭവപ്പെടും .കേരളത്തെ സംബന്ധിച്ചിടത്തോളം കുറ്റവാളികളെ പിടി കൂടുന്നതില്‍ കേരള പോലീസിന്റെ കാര്യക്ഷമത വളരെ മികവുറ്റതാണ് . യാതൊരു തുമ്പും ലഭിക്കാത്തവിധം കുറ്റകൃത്യം നടത്തിയ കേസുകളില്‍ പോലും മണിക്കൂറുകള്‍ക്കകം കുറ്റവാളികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ കേരളാ പോലീസിനു സാധിച്ചിട്ടുണ്ട് . എന്നിരുന്നാലും കുറ്റകൃത്യങ്ങളുടെ ശൈലിയിലും കുറ്റവാളികളുടെ നിരക്കിലും നാള്‍ക്കുനാള്‍ മാറ്റങ്ങളും വര്‍ധനയും വന്നുകൊണ്ടിരിക്കുകയാണ് . ഇത് കേരളത്തിലെ സ്വൈര ജീവിതത്തെ വളരെയധികം ഭയപ്പെടുത്തുന്ന ഒരു വസ്തുതയാണ് .

ദിനംപ്രതി വരുന്ന ചാനല്‍ വാര്‍ത്തകളും മറ്റു പത്ര വാര്‍ത്തകളും സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ വിപത്തിന്‍റെ ഗൌരവം നമുക്ക് ബോധ്യമാകും .സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും കൊള്ളരുതായ്മകളും നമ്മുടെ കേരളീയ സംസ്കാരത്തെ ഹനിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു ദിനം പോലും ഇന്ന് മീഡിയ ചരിത്രത്തിലില്ല . അതില്‍ ഓരോ വാര്‍ത്തയിലെ പ്രതിയും നിരവധി കേസുകളിലെ പ്രതിയായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും സാധാരണമായിരിക്കുന്നു .

പിടിക്കപ്പെട്ട കുറ്റവാളിയെ കണ്ടാല്‍ ,അല്ലെങ്കില്‍ അവരുടെ പെരുമാറ്റം കണ്ടാല്‍ സമൂഹത്തിലെ ഏതോ വലിയ പൊതുപ്രവര്‍ത്തകനാണെന്ന രൂപത്തിലാണ് നില്‍പ്പ് . ചുണ്ടില്‍ പുഞ്ചിരിയും ഉടനെ തന്നെ മടങ്ങിവരാമെന്ന മട്ടും സാധാരണക്കാരെ അതിശയിപ്പിക്കുന്നതാണ് .ചാനലില്‍ അവരെ കാണുമ്പോള്‍ , പിന്നണിയില്‍ നിന്നും അവര്‍ ചെയ്ത കുറ്റകൃത്യത്തിന്‍റെ വിവരണം കേള്‍ക്കുമ്പോള്‍ മാത്രമാണ് വിജയശ്രീലാളിതനായി നില്‍ക്കുന്നവന്‍ കുറ്റകൃത്യങ്ങളുടെ കൊടുമുടി താണ്ടിയവനാനെന്നു നമുക്ക് ബോധ്യപ്പെടുക .

എന്തുകൊണ്ടാണ് ഇവര്‍ വീണ്ടും വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത് ? ഇവര്‍ക്കെന്താ കുറ്റം ചെയ്‌താല്‍ ശിക്ഷ ലഭിക്കുന്നില്ലെ ? കുറ്റം ചെയ്തതിനനുസൃതമായ ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ വീണ്ടും ഇവര്‍ക്കെങ്ങനെ ഇതേ കുറ്റങ്ങള്‍ ആവര്‍ത്തിക്കാന്‍ തോന്നുന്നു ? ഒരു കുറ്റം ചെയ്തു ശിക്ഷ ലഭിച്ചതിനു ശേഷം വീണ്ടും പിടിക്കപ്പെട്ടാല്‍ എന്തിനു വീണ്ടും ഇവരെ പുറംലോകം കാണിക്കണം ? ..ഇങ്ങനെ അവസാനമില്ലാത്ത ചോദ്യങ്ങള്‍ ചിന്തിക്കുന്നവന്‍റെ മനസ്സില്‍ മുളപൊട്ടും .ഉത്തരങ്ങള്‍ ഒരിക്കലും ലഭിക്കില്ലെന്നറിയാമെങ്കിലും .

ഇത്തരം ഒരു സംഭവം നടന്നാല്‍ രണ്ടു മൂന്നു ദിവസം മാധ്യമങ്ങളെല്ലാം സാധാരണക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രൂപത്തിലുള്ള വാര്‍ത്തകളും ചര്‍ച്ചകളും ടെലിഫോണ്‍ സംഭാഷണങ്ങളുമൊക്കെയായി അരങ്ങു തകര്‍ക്കും .എന്നാല്‍ പിന്നീട് അങ്ങനെ ഒരു സംഭവം നടന്നതായേ ഭാവിക്കില്ല .അത് മറവിയുടെ മണിച്ചെപ്പില്‍ സൂക്ഷിക്കും . പിന്നീടൊരു സുപ്രഭാതത്തില്‍ ഒരു കുറ്റവാളിയെ പിടികൂടുമ്പോഴാണറിയുക ,കഴിഞ്ഞ മാധ്യമ പേക്കൂത്തുകളിലെ നായകന്‍ തന്നെയാണ് വരാന്‍ പോകുന്ന എക്സ്ക്ലൂസീവിലെയും നായകനെന്ന് .

ഒരു കുറ്റവാളിയെ പിടിച്ചു ശിക്ഷ വിധിച്ചതിനു ശേഷം ശിക്ഷയുടെ കാഠിന്യത്തെക്കുറിച്ചും ,കുറ്റവാളി അനുഭവിക്കേണ്ട യാതനകളെക്കുറിച്ചും ,സമൂഹത്തില്‍ അയാളനുഭവിക്കേണ്ട ഒറ്റപ്പെടലിനെ കുറിച്ചും ,കാലാവധി കഴിഞ്ഞു പുറത്തിറങ്ങുന്ന വാര്‍ത്തകളുമൊക്കെ മാധ്യമങ്ങള്‍ക്ക് ജനങ്ങളിലേക്ക് എത്തിക്കാവുന്നതല്ലേ ? അങ്ങനെയെങ്കിലും സമൂഹത്തിനു ഇവരില്‍ നിന്നും വീണ്ടും ഉണ്ടായേക്കാവുന്ന വിപത്തിനെക്കുറിച്ച് ഒരു മുന്‍കരുതല്‍ എടുക്കാനുള്ള മനസ്സാന്നിധ്യം ഉണ്ടാക്കാന്‍ കഴിയില്ലേ ?പ്രതികളെ മുഖം മൂടി ധരിപ്പിച്ചു കൊണ്ട് പോകുന്ന രീതി മാറ്റണം . ആളുകള്‍ ഇവരെ കാണട്ടെ ,മനസ്സിലാക്കട്ടെ .വീണ്ടും അക്രമത്തിനു വരുമ്പോള്‍ ഇവരെ മനസ്സിലാകാതിരിക്കാനാണോ മുഖം മൂടി ധരിപ്പിച്ചു കൊണ്ട് ഇവരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുന്നതെന്ന് ചെറിയൊരു സംശയം ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയേണ്ടതില്ല .ഇങ്ങനെ സമൂഹത്തിലേക്ക് പച്ചയായി ഇവരെ കൊണ്ട് വരുമ്പോള്‍ ശിക്ഷ ലഭിച്ച കുറ്റവാളിക്കും ഒരു പുനര്‍ചിന്തക്കുള്ള അവസരമൊരുക്കാന്‍ ഇതുപകരിക്കില്ലേ ? ഇത് പറയുമ്പോള്‍ ഈ അടുത്ത കാലത്തുണ്ടായ ഒരു ജയില്‍ ശിക്ഷയെക്കുറിച്ച് ഓര്‍മ്മ വരുന്നു .ഇടമലയാര്‍ കേസ്സില്‍ ജയിലിലടക്കപ്പെട്ട മുന്‍മന്ത്രി ശ്രീ ബാലകൃഷ്ണപിള്ളയുടെ കാരാഗൃഹത്തിലെ സൗകര്യങ്ങളെക്കുറിച്ച് മുന്‍ ജയില്‍ സൂപ്രണ്ട് പറഞ്ഞത് കേട്ടെങ്കിലും ഇത്തരത്തിലുള്ളവര്‍ക്ക് ഒരു പാഠമാകേണ്ടതാണ് . അദ്ദേഹം പറഞ്ഞത് തറയില്‍ കിടക്കണം ,സാധാരണ തടവുകാര്‍ ചെയ്യുന്ന ജോലികളൊക്കെ ചെയ്യണം ,ചെയ്യുന്ന ജോലിക്ക് ശമ്പളം കിട്ടും , തടവുകാര്‍ കഴിക്കുന്ന ഭക്ഷണം തന്നെ കഴിക്കണം എന്നൊക്കെയാണ് .ഒരു മന്ത്രിയും മുതിര്‍ന്ന സാമൂഹ്യ സേവകനും ഒരു പാര്‍ട്ടിയുടെ നെടുംതൂണും ആയ ഒരാള്‍ കുറ്റം ചെയ്തപ്പോള്‍ അദ്ദേഹത്തിന്‍റെ തടവ്‌ ജീവിതം വളരെ ദുസ്സഹമായി സമൂഹത്തിനു തോന്നുന്ന രൂപത്തിലാണ് സൂപ്രണ്ട് പറഞ്ഞത് . ഇതുപോലെ ഇതിലും കൂടുതലായി കുറ്റവാളികള്‍ അനുഭവിക്കേണ്ട യാതനകളെ കുറിച്ച് സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുന്ന രൂപത്തില്‍ അതുമായി ബന്ധപ്പെട്ടവരും മാധ്യമങ്ങളും വിശദീകരിക്കേണ്ടതുണ്ട് .

സമൂഹത്തിനു മാതൃകയാകേണ്ടവരും നേര്‍വഴി കാണിച്ചു കൊടുക്കേണ്ടവരുമായ ഇത്തരത്തിലുള്ളവര്‍ കുറ്റം ചെയ്‌താല്‍ ജയിലിനകത്ത് വി ഐ പി പരിഗണന നല്‍കുന്നത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല .മുന്‍മന്ത്രിയായിരുന്നു ,എം എല്‍ എ ആയിരുന്നു അതുകൊണ്ട് എ ക്ലാസ്സ്‌ തടവ്‌ മാത്രമേ നല്‍കാവൂ എന്ന സ്ഥിതി മാറണം .അവര്‍ക്കായിരിക്കണം കടുത്ത ശിക്ഷ നല്‍കേണ്ടത് .ജയിലില്‍ എല്ലാ വിധ സുഖസൌകര്യങ്ങളും നല്‍കണം എന്നൊക്കെയുള്ള വാദങ്ങള്‍ ഒരിക്കലും അംഗീകരിച്ചു കൊടുക്കരുത് .കാരണം എല്ലാ നിയമങ്ങളും തെറ്റുകളുടെ ഗൌരവവും കൃത്യമായി അറിഞ്ഞുകൊണ്ടാണ് ഇക്കൂട്ടര്‍ തെറ്റ് ചെയ്യുന്നത് . എന്നാല്‍ സാധാരണക്കാര്‍ക്ക് തെറ്റിന്‍റെ ഗൌരവത്തെക്കുറിച്ചോ , നിയമ വശങ്ങളെക്കുറിച്ചോ കൂടുതലൊന്നും അറിവുണ്ടായെന്നു വരില്ല .ചിലര്‍ അബദ്ധവശാല്‍ ചില കുറ്റങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകാറുണ്ട് .ഇവര്‍ക്കാണ് മുന്‍പേ പറഞ്ഞ എ ക്ലാസ്സ്‌ പരിഗണനയൊക്കെ നല്‍കേണ്ടത് .

ഇത് പറയുമ്പോള്‍ ജയിലില്‍ സുഭിക്ഷമായി കഴിയുന്ന ഗോവിന്ദ ചാമിയെ ഓര്‍ക്കാതെ പോകുന്നത് ശരിയായിരിക്കില്ല .ഒരു പാവം പെണ്‍കുട്ടിയെ പിച്ചിച്ചീന്തി അവരുടെ കുടുംബത്തെ തീരാ ദുഃഖത്തിലേക്ക് വലിച്ചെറിഞ്ഞ ആ നരാധാമന്‍റെ ഇപ്പോഴത്തെ ജീവിതം വളരെ നല്ലതാണെന്ന് പത്രങ്ങളിലൂടെ നാം വായിച്ചറിഞ്ഞു .തൂക്കിക്കൊല്ലാന്‍ വിധിച്ച അയാളെ സുഭിക്ഷമായി ഇപ്പോഴും തീറ്റിപ്പോറ്റുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല . അഹങ്കാരം കൂടി , ഭാരം കൂടി , ആരോഗ്യം കൂടി , സൌന്ദര്യം കൂടി ,അതുകൊണ്ടൊക്കെയാണ് അയാള്‍ ഈ അടുത്തിടെ ജയിലിലെ പോലീസുകാരെ കൈകാര്യം ചെയ്തതും സി സി ടി വി ക്യാമറ തല്ലി തകര്‍ത്തതും .കാരണം വളരെ നിസ്സാരം , കോഴി ബിരിയാണി കിട്ടാനില്ല . സൌമ്യ വധക്കേസില്‍ അയാള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ വന്നത് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഫീസ്‌ വാങ്ങുന്ന ക്രിമിനല്‍ വക്കീലും . ഇതെങ്ങനെ പൊരുത്തപ്പെട്ടു പോകും ? ഇക്കാര്യത്തില്‍ ഒറ്റക്കാര്യമേ എനിക്ക് പറയാനുള്ളൂ .ഇത്തരം നീചന്മാരുടെ കേസുകള്‍ ഇവര്‍ക്ക് വേണ്ടി വാദിക്കില്ലെന്നു ബാര്‍ കൌണ്‍സില്‍ തീരുമാനിച്ചാല്‍ മതി .ഇത്തരം കുറെ കാട്ടാളന്മാര്‍ അടങ്ങും .ഇവര്‍ ചെയ്തത് നൂറു ശതമാനവും തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് കള്ളസാക്ഷികളും കള്ളത്തരങ്ങളും നിരത്തിക്കൊണ്ട് ഇവരെ രക്ഷിക്കാന്‍ വേണ്ടി വാദിക്കുന്ന വക്കീലന്‍മാര്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണെന്നേ ഞാന്‍ പറയൂ ..

അടുത്ത കാലത്തെ ഏതാനും ചില ദിവസങ്ങളിലെ കുറ്റകൃത്യങ്ങളുടെ മാത്രം പത്ര വാര്‍ത്ത‍ എഴുതിയാല്‍ വാള്യങ്ങളുടെ എണ്ണം പോലും തിട്ടപ്പെടുത്താന്‍ കഴിയാത്തതും ഇന്നേവരെ രചിക്കാത്തതുമായ ഒരു വലിയ ക്രൈം നോവലാകുമെന്ന കാര്യം തര്‍ക്കമറ്റതാണ് . ഇത്തരത്തില്‍ ഇവര്‍ നിയമം കൊണ്ട് അമ്മാനമാടുമ്പോള്‍ നമ്മുടെ പൈതൃകവും സംസ്കാരവുമാണ് ഇല്ലാതാകുന്നത് . ഇങ്ങനെ തുടര്‍ന്നാല്‍ കേരളമെന്ന ദൈവത്തിന്‍റെ സ്വന്തം നാട് വൈകാതെ തന്നെ സാത്താന്‍റെ സ്വന്തം നാടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട .

മറ്റൊരു കാര്യം , സമൂഹത്തിലെ ഉന്നതരും ജനങ്ങളുടെ കണ്ണിലുണ്ണികളുമായ ചിലര്‍ നടത്തുന്ന പെണ്‍വാണിഭം ,സ്ത്രീ പീഡനം ,കോഴ കൈപറ്റല്‍ , കൊലപാതകങ്ങള്‍ , ഇല്ലാത്ത കാര്യങ്ങള്‍ക്ക് കള്ളരേഖകള്‍ ചമച്ചുണ്ടാക്കി മാന്യമായി ജീവിക്കുന്നവരെ തേജോവധം ചെയ്യല്‍ തുടങ്ങിയവയ്ക്ക് യാതൊരു ലൈസന്‍സുമില്ലാത്ത അവസ്ഥയിലേക്കെത്തി നില്‍ക്കുന്ന ബീഭത്സമായ പ്രവണതയാണ് . സമയോചിതമായി മൊഴി മാറ്റി പറയാനും പറയിപ്പിക്കാനും ഇന്ന് നിഷ്പ്രയാസമായി കഴിയുമെന്നതാണ് വളരെ ഖേദകരം .അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ ഇതിനായി യഥേഷ്ടം ഇവര്‍ ഉപയോഗിക്കുന്നു .പിന്നീട് കോലാഹലമാകുമ്പോള്‍ അനധികൃതമായി ഉണ്ടാക്കിയ സ്വത്തിനെക്കുറിച്ചും ചര്‍ച്ചയാകുന്നു .എല്ലാത്തിനുമവസാനമായി മറ്റു കേസുകളെപ്പോലെത്തന്നെ ഇതും വെള്ളത്തില്‍ വരച്ച നിരവധി വരകള്‍ മാത്രമായി മാറുന്ന കാഴ്ചയും നമുക്ക് കാണാം .

ഇന്ന് കാണപ്പെടുന്ന മറ്റൊരു വസ്തുത ശിക്ഷിക്കപ്പെടെണ്ടവര്‍ രക്ഷിക്കപ്പെടുകയും രക്ഷിക്കപ്പെടേണ്ടവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് .സ്ത്രീകള്‍ക്കും ബാലികമാര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കൂടിക്കൊണ്ടിരിക്കുമ്പോഴും നിയമം നോക്കുകുത്തിയായി നിലകൊള്ളുന്നു .പിഞ്ചു ബാലികമാരെ വളരെ മൃഗീയമായി (മൃഗങ്ങള്‍ക്ക് തന്നെ നാണക്കേട്) പിച്ചിച്ചീന്തിയ കാമ ഭ്രാന്തന്മാരെ ഒരു നിമിഷം പോലും വെച്ചേക്കരുത് എന്നുപോലും തോന്നിപ്പോകുന്ന ചില നിമിഷങ്ങള്‍ നമ്മുടെ ജീവിതത്തിലൂടെ കടന്നു പോകുന്നു .ഇത്തരം കേസുകളില്‍ ഉടനടി പ്രതികളെ പിടിക്കാനുള്ള നടപടികളും മുഖം നോക്കാതെ കടുത്ത ശിക്ഷകള്‍ ( അതിനല്‍പ്പം കടന്ന കയ്യായിപ്പോയാലും കുഴപ്പമില്ല ) തന്നെ നല്‍കാന്‍ ഭരണകൂടത്തിനും കോടതിക്കും സാധിക്കേണ്ടതുണ്ട് . ഒരു സഹജീവിയോട് കാണിക്കുന്ന ഈ ക്രൂരതയ്ക്കു ശിക്ഷ കുറഞ്ഞു പോകുന്നത് കൊണ്ടോ , കള്ളസാക്ഷികളുടേയും വ്യാജ തെളിവുകളുടേയും മറ്റും അടിസ്ഥാനത്തില്‍ ഇവര്‍ വീണ്ടും പൊതുജനങ്ങള്‍ക്കിടയിലേക്ക് വരികയും യാതൊരു കൂസലുമില്ലാതെ നടക്കുന്നതുകൊണ്ടുമാകാം മറ്റു ചിലരും ഇതേ കുറ്റകൃത്യം ആവര്‍ത്തിക്കപ്പെടുന്നത് . ഡല്‍ഹി പെണ്‍കുട്ടിയുടെ കാര്യത്തില്‍ സംഭവിച്ചത് ഒരു പ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ ആ നീചനെ ശിക്ഷിക്കാന്‍ കഴിയില്ലെന്ന വാദമാണ് . എത്രമാത്രം അതിശയിപ്പിക്കുന്നതാണ് ഈ വാദം .ആ പെണ്‍കുട്ടിയോട് ഏറ്റവുമധികം ക്രൂരത കാണിച്ചത് അവനാണെന്ന് തെളിഞ്ഞിട്ടും ശിക്ഷിക്കാന്‍ വകുപ്പില്ല പോലും .അതിനു കൂട്ട് പിടിക്കാന്‍ മനുഷ്യാവകാശ കമ്മീഷനും .ചില കാര്യങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍റെ പ്രവര്‍ത്തനം വളരെ ശ്ലാഘനീയമാണ്. എന്നാല്‍ ഇത്തരം വാദങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് നോക്കിയാല്‍ വളരെ വികൃതമാണ് അതിന്‍റെ മുഖം .

വളര്‍ന്നു വരുന്ന തലമുറ അലസന്‍മാരും , അക്രമികളും , സായിപ്പിന്‍റെ ജീവിതം കൊതിക്കുന്നവരും മെയ്യനങ്ങാതെ സമ്പാദിക്കാന്‍ വെമ്പുന്നവരുമാകുന്ന കാഴ്ച വളരെ അസഹനീയമായി മാറുകയാണ് . സമ്പത്തിനായും നൈമിഷിക സുഖങ്ങള്‍ക്കു വേണ്ടിയും എന്ത് ക്രൂരതയും ചെയ്യാന്‍ മടിക്കാത്തവരാകുന്ന പുതു തലമുറ വരും നാളുകളില്‍ സമൂഹത്തിന്‍റെ ഉറക്കം കെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട .അമുല്‍ ബേബികളെ സൃഷ്ടിക്കുന്ന സമൂഹം മക്കളുടെ കാര്യത്തില്‍ തീരെ ശ്രദ്ധിക്കുന്നില്ലെന്നതാണ് സത്യം . മക്കളെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല .മുതിര്‍ന്നവരെ ഭയക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന യുവത്വം ഇന്ന് അവരെ ഭയപ്പെടുത്തുകയും ബഹുമാനം നല്‍കാതിരിക്കുകയും ചെയ്യുന്നു ,ഇന്നത്തെ പഠന രീതികളും , ദൃശ്യ മാധ്യമങ്ങളിലെ വഴി തെറ്റിക്കുന്ന പരിപാടികളും, ഇന്റര്‍നെറ്റിന്‍റെ തെറ്റായ ഉപയോഗവും , മൊബൈല്‍ ക്യാമറകളുടെ ആധുനിക ടെക്നോളജിയും മറ്റും ഇന്നത്തെ പുതു തലമുറയെ തെറ്റായ വഴിയിലേക്ക് നയിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ട് .രക്ത ബന്ധത്തിന്‍റെ വില മനസ്സിലാക്കാത്ത പ്രവണത യുവാക്കളിലും അതോടൊപ്പം മധ്യവയസ്കരിലും ഏറി വരുന്നു .അക്രമാസക്തമായ ഒരു ലോകം സ്വപ്നം കണ്ടു അതിലൂടെ കോടികള്‍ സ്വായത്തമാക്കി സുഖലോലുപരായി ജീവിക്കാന്‍ വെമ്പുന്ന മറ്റൊരു സമൂഹം കൂടി ഇന്ന് ലോകത്താകമാനം വളര്‍ന്നു വരുന്നുണ്ടെന്ന യാഥാര്‍ത്യവും മൂടി വയ്ക്കാന്‍ നമുക്ക് കഴിയില്ല .അവരുടെ ഇരകളായി പുതു തലമുറ എന്നും മാറികൊണ്ടേയിരിക്കുന്ന പ്രവണത ഇല്ലാതാക്കാന്‍ ബോധവല്‍ക്കരണവും മറ്റും നമ്മുടെ ദിനചര്യകളിലൊന്നാക്കി മാറ്റിയെ മതിയാകൂ .

Share.

About Author

136q, 0.689s