Leaderboard Ad

നിഴലിലൊഴുകുന്ന ഹിന്ദി സിനിമാലോകം

0

ന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കുന്നത് അന്നും ഇന്നും ബോളിവുഡ് സിനിമകളാണ്. അതുകൊണ്ട് തന്നെയാവാം ഒറിയ, ബോജ്പുരി സിനിമകളും ബോളിവുഡ് സിനിമകളോട് ചേര്‍ന്ന് നില്‍ക്കാന്‍ താല്പര്യം കാണിക്കുന്നത്. എന്നാല്‍ കഴിഞ്ഞകുറച്ച് വര്‍ഷങ്ങളായി ബോളിവുഡ്(പ്രധാനമായും ഹിന്ദി സിനിമകള്‍) തകര്‍ച്ചയുടെ വക്കിലായിരുന്നു, തകര്‍ച്ചയെന്ന് പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് സിനിമകള്‍ ഉണ്ടാകാതിരിക്കല്ല, നല്ല സിനിമകള്‍ ഉണ്ടാകാതിരിക്കുക എന്നതാണ്. മറ്റെല്ലാ ഭാഷകളിലെയും പോലെതന്നെ താരജാടയും “സൂപ്പര്‍സ്റ്റാര്‍” എന്നൊരു വിഭാഗം സിനിമയുടെ സാംഗേതികകാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നൊരവസ്ഥയാണ് ഈ തകര്‍ച്ചക്ക് വഴിയൊരുക്കിയത്.

നല്ല അഭിനേതാവ് എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്നതിന് പകരം “സൂപ്പര്‍സ്റ്റാര്‍” എന്നറിയപ്പെടാന്‍ ആഗ്രഹം പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ കത്തി വെച്ചത് സിനിമയുടെ വേരില്‍ത്തന്നെ ആയിരുന്നു, ഏകദേശം 2005മുതല്‍ ഇങ്ങോട്ട് ഹിന്ദി സിനിമാലോകം അക്ഷരാര്‍ത്ഥത്തില്‍ തകരുക തന്നെയായിരുന്നു. ബിഗ്‌-ബജറ്റ് ചിത്രങ്ങളടക്കം ഒരു വര്ഷം റിലീസ് ചെയ്യുന്നത് 130-ഓളം ചിത്രങ്ങളാണ്‌. അതില്‍ മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കുന്നത് വെറും മുപ്പതില്‍ താഴെ ചിത്രങ്ങള്‍ മാത്രമാണ് എന്നറിയുമ്പോഴാണ് തകര്‍ച്ച എത്രയെന്ന് വ്യക്തമാകുന്നത്. WARNER-BROTHERS, SONY-BMG, UNIVERSAL തുടങ്ങിയവയെപ്പോലുള്ള വമ്പന്‍ കമ്പനികള്‍ ഹിന്ദി സിനിമയില്‍ നേരിട്ട് മുതല്‍ മുടക്കാന്‍ തയ്യാറായപ്പോള്‍ നേരത്തെ പറഞ്ഞ താരാധിപത്യം അതിന്‍റെ ഉന്നതിയില്‍ എത്തുകയും ചെയ്തു.

WIDE-RELEASING തുടങ്ങിയതോടെ സിനിമയില്‍ മുതല്‍ മുടക്കുന്നതിനോപ്പം തന്നെ പ്രചാരണത്തിലും വന്‍തുക മുടക്കുന്നവര്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാന്‍ പറ്റൂ എന്നൊരു അവസ്ഥയും വന്നുചേര്‍ന്നു. പ്രചാരണത്തിനായി അവര്‍ ഉപയോഗിച്ച വഴികള്‍ വിചിത്രമായിരുന്നു, ഒട്ടുമിക്ക സിനിമയുടെയും പോസ്റ്ററില്‍ നിറഞ്ഞുനിന്നത് ബിക്കിനിയിട്ട നായികമാരുടെ ചിത്രങ്ങളായിരുന്നു. പുതിയ നായികമാരെ ബിക്കിനിയുടുപ്പിക്കാന്‍ സംവിധായകര്‍ മത്സരിക്കുന്ന പോലായിരുന്നു ഒരിടക്ക് ഹിന്ദി സിനിമ വാര്‍ത്തകള്‍. ഇതിന്‍റെയിടയില്‍ പരിക്കുപറ്റാതെ രക്ഷപെടുന്നത് വര്‍ഷത്തില്‍ ഒരു സിനിമ എന്ന തന്ത്രവുമായി ഇറങ്ങിയ അമീര്‍ ഖാനും സിനിമകള്‍ തിരഞ്ഞെടുക്കാന്‍ മിടുക്കനായ ഷാരൂഖ്ഖാനുമൊക്കെയായിരുന്നു, വ്യത്യസ്തമായ സിനിമകളുമായി അമീര്‍ഖാന്‍ ശരിക്കും കളം നിറഞ്ഞുകളിക്കുകയായിരുന്നു എന്നിട്ട് പോലും ആ മാറ്റത്തിന്‍റെ കാറ്റുള്‍ക്കോള്ലാന്‍ ഹിന്ദി സിനിമ തയ്യാറായതുമില്ല.

എന്നാല്‍, മുഖ്യധാരയില്‍ നിന്നുമകന്ന് ഹിന്ദി സിനിമയുടെ നിഴലുപോലെ കുറെ സംവിധായകര്‍ ഉണ്ടായിരുന്നു. സിനിമയുടെ വാണിജ്യവല്‍ക്കരണം ബാധിക്കാത്ത കുറേപ്പേര്‍ അവരുടെ തനതായ സിനിമകളുമായി ബിഗ്‌-ബജറ്റ് ചിത്രങ്ങളോട് മത്സരിക്കാനിറങ്ങി. സൂപ്പര്‍ താരങ്ങളുടെയും ബിക്കിനിയിട്ട നായികമാരുടെയും സാമീപ്യമില്ലാതെ അരങ്ങിലെത്തിയ ആ സിനിമകള്‍ക്ക് കുറെ സിനിമാപ്രേമികളുടെ മനസ്സില്‍ മാത്രം കുടിയിരിക്കാന്‍ കഴിഞ്ഞു എന്നതിനപ്പുറം മറ്റൊന്നും നേടാന്‍ കഴിഞ്ഞില്ല എന്നതാണ് ശരിയായ വസ്തുത. പ്രചാരണത്തില്‍ മറ്റ് ബിഗ്‌-ബജറ്റ്/സൂപ്പര്‍ സ്റ്റാര്‍ സിനിമകളുടെ അടുത്ത് പോലും എത്താന്‍ ഇത്തരം സിനിമകള്‍ക്ക് കഴിഞ്ഞുമില്ല. ഫലമോ നല്ല കുറെ സിനിമകള്‍ പുറംലോകത്തിനു നഷ്ടമായി, സമകാലീകപ്രാധാന്യമുള്ളതും കലാമൂല്ല്യമുള്ളതുമായ സിനിമകള്‍ ബോളിവുഡിന് അന്ന്യമാണെന്നും ബോളിവുഡ് സിനിമകള്‍ എന്നാല്‍ കച്ചവടത്തിന് വേണ്ടിയുള്ള ഫോര്‍മുല ചിത്രങ്ങള്‍ മാത്രമാണെന്നുമുള്ള ധാരണ മാത്രം ബാക്കിയായി.

Share.

About Author

149q, 1.046s