Leaderboard Ad

നീതി ശക്തന്മാരുടേതല്ല ; അത് ജനങ്ങളുടേതായിരിക്കണം.

0

തന്നെ നേരിട്ട് ബാധിക്കാത്ത എല്ലാ കാര്യങ്ങളിലും ‘കണ്ണിന് കണ്ണ്,പല്ലിന് പല്ല്’എന്ന കാട്ടുനീതിയുടെ പ്രയോഗം സ്വീകാര്യമാണെന്നും നീതിനിർവഹണം ഇങ്ങനെയൊരു വിതാനത്തിൽ നടക്കാത്തതു കൊണ്ടാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നതെന്നും ഉള്ള ഒരു പൊതുബോധം കേരളത്തിൽ അപകടകരമായ നിലയിൽ വളർന്നുവരികയാണ്.അഥവാ വളർത്തിയെടുക്കുകയാണ്.തലമുറകളായി മനുഷ്യർ സഹനത്തിലൂടെയും ത്യാഗത്തിലൂടെയും രൂപപ്പെടുത്തിയ മാനവികമായ നീതിബോധത്തിന്റെ അന്ത്യമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.ആത്മനിഷ്ഠവും വൈകാരികവുമായ പ്രതികരണങ്ങളിലൂടെ വികസിപ്പിച്ച് ചിന്തയിലെ എല്ലാ സാമൂഹികയുക്തികളെയും ചോർത്തിക്കളഞ്ഞ് കയ്യൂക്കുള്ളവന്റെ(അധികാരമുള്ളവന്റെ)പറുദീസയായി ലോകത്തെ മാറ്റിയെടുക്കുവാനുള്ള ആയുധമായി ഈ പ്രാകൃതനീതിബോധം ഉപയോഗിക്കപ്പെടുകയാണ്.

അനായാസമായി കൃത്യതയോടെയും സൂക്ഷ്മതയോടെയും നിർവഹണം നടത്തപ്പെടുന്ന കുറ്റകൃത്യത്തെ സ്വാഭാവികപ്രതികരണം എന്ന് വിശേഷിപ്പിക്കുമ്പോൾ അത് ശരിവെക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന അളിഞ്ഞ മനോനിലയിലേക്ക് നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നു.ജനാധിപത്യാവകാശങ്ങളെക്കുറിച്ച് പേർത്തും പേർത്തും പറയുന്നവർക്ക് മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ആലോചനകൾ സങ്കുചിതവും ജീർണവുമായ താല്പര്യങ്ങളാൽ വക്രീകരിക്കാൻ ഒരു പ്രയാസവും ഉണ്ടാകുന്നില്ല.

അധികാരവ്യവസ്ഥയുടെ ചരിത്രപരമായ വികാസപരിണാമങ്ങൾക്കൊപ്പം രൂപപ്പെട്ട നൈതികതയുടെ പുരോഗമനഭാവം അധികാരവർഗത്തിന്റെ സമകാലികപ്രതിസന്ധിയുടെ വേളയിൽ മങ്ങിപ്പോകുന്നത് യാദൃച്ചികമല്ല.മൂലധനസമാഹരണത്തിന് ആദ്യകാലമുതലാളിത്തം സ്വീകരിച്ച അക്രമണോത്സുകമായ രീതിയ്ക്ക് താങ്ങായി നിന്ന ആ പഴയ നീതിബോധമാണ് പുതിയ പ്രതിസന്ധിഘട്ടത്തിൽ പുതിയ രീതിയിൽ സൃഷ്ടിച്ചെടുക്കുന്നത്.രാഷ്ട്രീയമായ വലിയ ഭവിഷ്യത്തുകൾക്ക് കാരണമായേക്കാവുന്ന ഈ പോക്ക് അവസാനിപ്പിക്കണം.ജനാധിപത്യവൽക്കരിക്കപ്പെട്ട നൈതികബോധം വളർത്തിയെടുക്കാനുള്ള അന്തരീക്ഷമൊരുക്കാവുന്ന വർഗപരമായ നിലപാടുകളും മുന്നേറ്റങ്ങളും ഏറ്റവും പ്രസക്തമായ ഒരു ജീവിതഘട്ടത്തിലൂടെയാണ് നാമോരോരുത്തരും കടന്നു പോകുന്നത്.ആ തിരിച്ചറിവ് വിനിമയം ചെയ്യുക എന്നത് ‘നേർരേഖ’യുടെ ദൗത്യങ്ങളിലൊന്നായി ഞങ്ങൾ തിരിച്ചറിയുന്നു.നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ജനങ്ങളോടൊപ്പം നിൽക്കാൻ സമാനഹൃദയരോട് ഞങ്ങൾ ആവശ്യപ്പെടുന്നു.

 

Share.

About Author

141q, 0.526s