Leaderboard Ad

നീതി…

0


ചുറ്റിനും തീയാണ്, ആകാശത്തെ തൊടാന്‍ എന്നപോലെ പടരുന്ന തീ. പൊള്ളുന്നു, മനസ്സും ശരീരവും ഒരുപോലെ.

അമ്മേ ധരണീ, എന്നോട് എന്തിനീ പരീക്ഷകള്‍ ? കണ്ണടച്ചു കേണു. കണ്ണുനീരിന് ചൂടില്ല, തണുത്തുറഞ്ഞ ധാരകള്‍, എന്‍റെ മനസ്സിലേക്ക് പതിച്ചു. ഒരു ചെറിയ പ്രകമ്പനം, തീരെ ചെറുത്‌, എങ്കിലും ഞാനറിഞ്ഞു. അമ്മയാണ്. അത്രയും മതി.

ഞാന്‍ മെല്ലെ എഴുനേറ്റു, തീ നാളങ്ങളെ വകഞ്ഞു മാറ്റി, മുന്നോട്ട് നടന്നു. അന്ധമാക്കിയ വെളിച്ചത്തിലും ചൂടിലും നിന്ന് പുറത്തു വന്നു. അപ്പോഴാണ്‌ കാണുന്നത്, ഒരാള്‍ അല്ല, ഒരു കുടുംബം അല്ല, ഒരു പ്രദേശം അല്ല, ഉത്തമനായ രാമരാജാവിന്‍റെ സാമ്രാജ്യത്തിലെ പ്രജകള്‍ മുഴുവനും വന്നിരിക്കുന്നു സ്ത്രീയുടെ പാതിവ്രത്യം എരിയിച്ചത് കാണാന്‍ .

കണ്ണെത്തും ദൂരത്തോളം ചികഞ്ഞു നോക്കി, സഹതാപം, പരിഹാസം, അന്ധാളിപ്പ്, ആരാധന ഇവയൊക്കെ കാണാം, എങ്കിലും ചെയ്തതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന, ഇത് നീതിയല്ല എന്ന് വിളിച്ചു പറയുന്ന ഒരു കണ്ണും മുഖവും ഇല്ല, ഈ സാമ്രാജ്യത്തില്‍ എങ്ങുമില്ല. സകലരും അംഗീകരിച്ചിരിക്കുന്നു, ഞാനിത് ചെയ്തേ മതിയാകൂ. ചക്രവര്‍ത്തിക്ക് കളങ്കം ഇല്ലാതെ ഭരിക്കണം, പ്രജകള്‍ക്ക് മുഖം മൂടി ഇല്ലാത്ത ഒരു രാജാവിനെ വേണം, തന്‍റെ തപസ്യക്കും, തന്‍റെ വിശ്വാസ്യതക്കും, തന്‍റെ ആരാധനക്കും ഒന്നുമൊരു പരിഗണനയുമില്ല.

വനവാസം താന്‍ തിരഞ്ഞെടുത്തതാണ്, ആരും നിര്‍ബന്ധിച്ചതല്ല, പാതിവ്രത്യം. അതോ, ആ സാമീപ്യം താന്‍ കൊതിച്ചത് കൊണ്ടോ?? അങ്ങനെ കരുതുക, ഊര്‍മ്മിള, അനുസരണക്ക് പ്രണയത്തിന്‍റെ സാമീപ്യത്തിനും മീതെ സ്ഥാനം നല്‍കി. എന്നും താന്‍ തന്നെയാണ് കടന്നു ചിന്തിച്ചത്‌, തീരുമാനത്തില്‍ ഉറച്ചു നിന്നത്. അതാ, അവിടെ ഊര്‍മ്മിള, അവളുടെ കണ്ണുകളില്‍, “എന്തിനാണ്” എന്ന ചോദ്യമാണോ നിഴലിക്കുന്നത്? കരഞ്ഞു കലങ്ങിയിരിക്കുന്നു, ഭര്‍ത്താവിനെ കിട്ടിയവള്‍ക്ക് സഹോദരി പോയാല്‍ എന്താവും വികാരം? അറിയില്ല എങ്കിലും അനുജത്തീ നീയെന്നും സന്തോഷവതിയായി കഴിയൂ.

പാദങ്ങളില്‍ വീണു അനുഗ്രഹം വാങ്ങിയിരുന്ന ഒട്ടനവധി ഭക്തരും കൂട്ടത്തിലുണ്ട്, ഇന്നിപ്പോള്‍ അനുഗ്രഹം അവര്‍ കാംക്ഷിക്കുന്നില്ല, കാരണം ദേവിക്ക് മുകളിലാണ് എന്നും ദേവന് സ്ഥാനം. ദേവിയില്‍ പരിമിതികള്‍ ഉണ്ട്, ദേവനെ അനുസരിക്കുക എന്ന പരിമിതി. ശരീരശുദ്ധി എന്ന പരിമിതി, കന്യകാത്വം, പാതിവ്രത്യം എന്ന പരിമിതികള്‍ .

ഉത്തമനായ ചക്രവര്‍ത്തിയുടെ,  ദൈവീക അവതാരത്തിന്‍റെ പിതാവിന് മൂന്നായിരുന്നു രാജ്ഞിമാര്‍ !

അതില്‍ കളങ്കമില്ലേ?? അതില്‍ അനീതിയില്ലേ, അതില്‍ വിശ്വാസ്യത തെളിയിക്കല്‍ ഇല്ലേ??

തന്നെ ജനകപിതാവാണ് ചോദ്യങ്ങള്‍ ചോദിച്ചു പഠിപ്പിച്ചത്. ആ മനസ്സിലിപ്പോള്‍ വിങ്ങുന്നത് ഒരു പിതാവിന്‍റെ ദുഃഖമോ അതോ മറ്റൊരു അധിപന്‍റെ ഹുങ്കോ?? അരുത് എന്നോതി തന്നെ മാറോടണച്ച് ആശ്വസിപ്പിക്കുമോ അതോ ആപത്തുകള്‍ വിതക്കാതെ തന്നോട് എരിതീയില്‍ ശുദ്ധീകരിക്കാന്‍ ആഹ്വാനിക്കുന്നുവോ??

ചോദ്യങ്ങള്‍ എല്ലാം എന്നില്‍ നിന്നും അടര്‍ത്തി മാറ്റട്ടെ, ഞാന്‍ പോകട്ടെ. എരിതീയില്‍ ചാമ്പലാകുമോ ഇല്ലയോ എന്ന സംശയം അശേഷം ഇല്ല. അത്ര വരെ ഈ അനീതി എത്തിക്കൂടാ. താന്‍ ചലനത്തിലൂടെ വ്യതിചലിക്കുകയാണ്. അതേ, പാരമ്പര്യം, പാതിവ്രത്യം, രാജ്യഭാരം, ദേവീ പരിവേഷം, ഇതില്‍ നിന്നൊക്കെയും.

നിങ്ങളെന്നെ ഇങ്ങനെയെന്നും അങ്ങനെയെന്നും ധരിക്കുന്നതിനും മെനയുന്നതിനും മുന്നേ ഞാന്‍ ഞാനായിരുന്നു. എന്നിലെ എന്നെ കാണാതെ മറ്റെന്തോ എന്നില്‍ കണ്ട നിങ്ങളുടെ കണ്ണില്‍ ആണ് തകരാറ്. എന്നെക്കാണാതെ നിങ്ങള്‍ക്ക് വേണ്ട മറ്റാരെയോ കണ്ട കാഴ്ചയാണ് തെറ്റുകാര്.

പിറുപിറുക്കുന്നു, അവര്‍, ആശ്ചര്യം മുഴങ്ങുന്നു. ഞാന്‍ നടക്കട്ടെ.  പ്രതിഷേധം, അന്ധാളിപ്പ് രണ്ടും ശബ്ദവികിരണം തുടങ്ങുന്നു. മുതിര്‍ന്നവര്‍ തടയാന്‍ പറയുമെന്ന പ്രതീക്ഷയില്‍ യുവത്വം നിലകൊള്ളുന്നു, യുവജനം തടയും എന്ന പ്രതീക്ഷയില്‍ വൃദ്ധജനം നില്‍ക്കുന്നു.

ഞാനെന്‍റെ തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു, ഇനി മാറ്റമില്ല.. മുന്നോട്ട് ഇരുട്ട് മാത്രം, എങ്കിലും ലക്ഷ്യമുണ്ട്. ലക്ഷ്യത്തിലേക്ക് ഉള്ള മാര്‍ഗ്ഗത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ട്. ഒരാളുടേയും സംശയം ദുരീകരിക്കാന്‍ ഉള്ളതല്ല എന്‍റെ ശരീരം, ഒരാളുടേയും പരിശുദ്ധി തെളിയിക്കാന്‍ ഉള്ളതല്ല എന്‍റെ ശരീരം. സൂര്യന് കീഴിലുള്ള സകല ജനങ്ങളും സ്വന്തം പാപക്കറ മറയ്ക്കാന്‍ തേടുന്ന മൂടുപടം ആവാനുള്ളതല്ല എന്‍റെ ശരീരം.

അവരുടെ ശബ്ദം ഉയരുന്നുണ്ട് , ജനസാഗരം രണ്ടായി വഴി മാറി. താന്‍ നടക്കുകയാണ്. സ്വാതന്ത്ര്യത്തിന്‍റെ കരുത്ത് എനിക്ക് വേഗത തരുന്നു, നീതിയുടെ കരങ്ങള്‍ എന്‍റെ ശിരസ്സ്‌ ഉയര്‍ത്തി തന്നെ വെച്ചിരിക്കുന്നു. ഒരഗ്നിയിലും തെളിയിക്കാന്‍ ഉള്ളതല്ല എന്‍റെ ശരീരവും മനസ്സും, ഒരഗ്നിയിലും.

ഞാന്‍ നടന്നു അകലുകയാണ്, ഇതാണ് എന്‍റെ തീരുമാനം, അനീതിയില്‍ നിന്നും ദൂരേക്ക്‌ ഒറ്റയ്ക്ക് നടന്നു നീങ്ങുക,

ഞാന്‍, രാമനെ ഉപേക്ഷിച്ച സീത. നീതി തേടുന്ന സീത.

Share.

About Author

145q, 0.538s