Leaderboard Ad

നൂൽക്കണ്ണികൾ വരച്ച ചില ചിത്രങ്ങൾ

0

രു വർഷത്തിനു ശേഷമാണ് സംഗീത വീണ്ടും ആ ബ്യൂട്ടി സലൂണിലേയ്ക്ക് കടന്നു ചെന്നത്. ഇളം ചൂടുള്ള എണ്ണ സ്വന്തം തലയോട്ടിയിലും മുടിയിഴകളിലും തേച്ചു പിടിപ്പിച്ച് മസാജിങ്ങിൻറെ മാത്രികത കൊണ്ട് തന്നെ കീഴ്പ്പെടുത്തി സ്ഥിരം കസ്റ്റമറാക്കിയെടുക്കുന്ന പെണ്‍കുട്ടിയെ മുന്നിലെ കണ്ണാടിയിലെ പ്രതിബിംബമായി സംഗീത ഇടയ്ക്കിടെ കണ്ടുകൊണ്ടിരുന്നു. തടിച്ച് തെളിച്ചമില്ലാത്ത നിറവുമായി ഒരുവൾ. മുഖത്ത് ചിരിയുടെ ലാഞ്ചന പോലുമില്ല. പക്ഷെ ചലനങ്ങളിൽ ആത്മാർഥതയുണ്ട്. ചൊവ്വാഴ്ച ദിവസം അടഞ്ഞിരിക്കുന്ന മാർക്കറ്റിലെ കടമുറികൾക്കു മുന്നിലൂടെ തുറന്നിരിക്കുന്ന ഒരു നല്ല ബ്യൂട്ടി പാർലർ തേടി നടക്കുമ്പോൾ കാഴ്ചയിൽ പ്രത്യേകിച്ച് ആകർഷണമൊന്നുമില്ലാത്ത ഈ പെണ്‍കുട്ടിയാണ് തന്നെ വീണ്ടുമവിടെയ്ക്കാകർഷിച്ചതെന്ന് സംഗീത ഓർത്തു.
“പേരെന്താണ്?”
“പാർവതി.” അവൾ മുടിയിഴകളിലെയും തലയോട്ടിയിലെയും സ്പർശത്തിലൂടെ സംഗീതയുടെ ഹൃദയത്തെ സ്പർശിച്ചു കഴിഞ്ഞിരുന്നു. “മാഡം ഇവിടെ അടുത്താണോ ?”
“അതെ. ഞാൻ മുമ്പ് ഇവിടെ വരാറുണ്ടായിരുന്നു.” പാർവതി ഒട്ടൊരത്ഭുതത്തോടെ സംഗീതയെ നോക്കി. അതിലെ ഒട്ടേറെ ചോദ്യങ്ങൾക്ക് മറുപടിയെന്ന പോലെ സംഗീത പറഞ്ഞു.
“അന്നിവിടെ പാർവതിയായിരുന്നില്ല. നേഹയും സവിതയുമായിരുന്നു. അവരിപ്പോൾ എവിടെ?”
“അറിയില്ല. ഇവിടെ നിന്നും പറഞ്ഞു വിട്ടതാണ്. ഞാനിപ്പോൾ ഇവിടെ ഒരു വർഷമായിരിക്കുന്നു.” പാർവതി മസാജിങ്ങിനു ശേഷം സംഗീതയുടെ മുടിയിൽ ആവി കൊള്ളിക്കാൻ തുടങ്ങി.
“അവരെയെന്തിനാണ് ഇവിടെ നിന്നും പറഞ്ഞു വിട്ടത്?” ഉത്തരമറിയാവുന്നൊരു ചോദ്യത്തിന് കുറച്ചുകൂടി വിശദമായൊരുത്തരം തേടുന്നത്ര ആകാംക്ഷയേ സംഗീതയുടെ ശബ്ദത്തിലുണ്ടായിരുന്നുള്ളൂ.
“ഒരു ദിവസം പെട്ടന്ന് അവർ മാഡത്തോടു ചോദിക്കാതെ പാർലർ പൂട്ടിയിട്ടു. വന്ന കസ്റ്റമേഴ്സെല്ലാം മാഡത്തെ വിളിയോടുവിളി. അതോടെ വിശ്വാസം നഷ്ടപ്പെട്ടില്ലേ…പിന്നെ,…” പ്രത്യേകിച്ചൊരു ഭാവഭേദവുമില്ലാതെയാണ് പാർവതി അത്രയും പറഞ്ഞത്. ശേഷം സ്റ്റീമർ ഓഫ്‌ ചെയ്ത് അവൾ അകത്തേക്കു പോയി.

“മാഡം മുമ്പിവിടെ വന്നുകൊണ്ടിരുന്നിട്ട് പിന്നെന്തേ വരാതിരുന്നത്?” പാർലറിൻറെ ഒരു മൂലയിലിട്ടിരുന്ന സോഫയിൽ ഒതുങ്ങിയിരുന്ന പെണ്‍കുട്ടിയിൽ നിന്നായിരുന്നു ചോദ്യം. അവളും ബ്യൂട്ടീഷനാണെന്നത് ഇതിനകം പുരികക്കൊടികൾ ത്രെഡിങ്ങ് ചെയ്ത് മനോഹരമാക്കാൻ വന്ന ഒരു കസ്റ്റമർ വ്യക്തമാക്കിച്ചിരുന്നു. അവൾ സംഗീതയിൽ മുമ്പവിടെയിരുന്ന മറ്റൊരുവളുടെ ഓർമ്മയെക്കൊണ്ടു വന്നു.

“എനിയ്ക്കു നേഹയുടെ പെരുമാറ്റം അത്രയിഷ്ടമായില്ല. ജോലി നന്നായിച്ചെയ്യും. പക്ഷെ പെരുമാറ്റം….” ഒത്തിരി നാളായി മനസ്സിൽ ദഹിക്കാതെ കിടന്ന ഒരു കാര്യത്തെ സംഗീത പുറത്തേയ്ക്ക് വിട്ടു.
“നേഹയുടെ കാര്യത്തിൽ എല്ലാവർക്കും അതുതന്നെ പരാതി.” ആ പെണ്‍കുട്ടിയുടെ കൂട്ടിച്ചേർക്കൽ കേട്ടുകൊണ്ട് അകത്തുനിന്നും വന്ന പാർവതി പ്രത്യേകിച്ചൊരഭിപ്രായവും പറയാതെ സംഗീതയെ റൂമിലുള്ള ഒരു വാഷ്ബേസിനിലേയ്ക്ക് തലചായ്ച്ചു കിടത്തി മുടി ഷാംബൂവിട്ട് കഴുകാൻ തുടങ്ങി. തലമുടിയിലെ എണ്ണമയം നുരയും പതയുമായി വെള്ളത്തിലൊഴുകിപ്പൊയ്ക്കൊണ്ടിരുന്നപ്പോൾ സംഗീതയുടെ ഓർമ്മയിൽ തെളിഞ്ഞത് കുട്ടിത്തം നിറഞ്ഞ മുഖമുള്ള ഒരു ഇരുനിറക്കാരി പെണ്‍കുട്ടിയുടെതായിരുന്നു. അവളെ ഒരു വർഷം മുമ്പ് ഇതേ പാർലറിൽ വെച്ചായിരുന്നു സംഗീത ആദ്യമായി കണ്ടത്.

തീർത്തും അപരിചിതമായ സാഹചര്യങ്ങളുള്ള പുതിയ താമസ സ്ഥലത്തെത്തിയപ്പോൾ എല്ലായ്പ്പോഴും തന്നെ ആദ്യമലട്ടുന്ന പ്രശ്നങ്ങളിലൊന്നിന് പരിഹാരം തേടിയാണ് സംഗീത ആ ബ്യൂട്ടി സലൂണിലെത്തിയത്. അനുസരണയില്ലാതെ വളരുന്ന പുരികങ്ങളെ ഭംഗിയാക്കിയെടുക്കൽ സ്വന്തം സൗന്ദര്യത്തിനു മാറ്റു കൂട്ടുമെന്നതിൽ അവൾ ഉറച്ചു വിശ്വസിച്ചിരുന്നു. എന്തിലും മനോഹാരിത സൃഷ്ടിക്കാൻ കഴിയുന്ന ബ്യൂട്ടീഷൻമാരൊക്കെയും കട്ടിയുള്ളതും കറുപ്പ് നിറമേറിയതുമായ അവളുടെ പുരികക്കൊടികളെ ഇഷ്ടപ്പെട്ടു. അവരവ വില്ലുപോലെ വളഞ്ഞയാക്കിയെടുത്ത് സന്തോഷിച്ചു. അങ്ങനെയല്ലാത്തവരുടെ കൈകളിൽ പെട്ടപ്പോഴൊക്കെയും വാലുകൾ നഷ്ടപ്പെട്ടും ആകൃതി തീർത്തും മാറിയും അവയ്ക്ക് ചൂളി നില്ക്കേണ്ടി വന്നു.

അന്ന് സംഗീതയുടെ പുരികങ്ങൾക്കു മേൽ ആദ്യം ആധിപത്യം സ്ഥാപിച്ചത് വെളുത്തുതടിച്ച ഒരു പെണ്‍കുട്ടിയായിരുന്നു. അവളുടെ വിരലുകൾ ചലിപ്പിച്ച നൂൽക്കണ്ണികൾക്കിടയിൽക്കുടുങ്ങി ഒന്നിലധികം പുരികക്കൊടികൾ വേദനയോടെ ഒരേസമയം പിഴുതെറിയപ്പെടുമ്പോഴൊക്കെയും പുരികങ്ങൾ തീർത്തും ഇല്ലാതാക്കപ്പെട്ട ഒരു മുഖമായിരിക്കുമോ കണ്ണുതുറക്കുമ്പോൾ മുന്നിൽ കാണേണ്ടി വരികയെന്നോർത്ത് സംഗീത ഭയപ്പെട്ടു. വേദനകളുടെ ഇടവേളകൾക്കിടയിൽ “എനിക്കിഷ്ടം കട്ടിയുള്ളതും നീളമുള്ളതുമായ പുരികങ്ങളാണ്” എന്ന് അവൾ പറഞ്ഞത് പലപ്പോഴും മുഴുമിക്കപ്പെടും മുമ്പേ അടുത്ത വേദനയുടെ കടിച്ചമർത്തലിൽ ഞെരിഞ്ഞു പിടഞ്ഞു.

തനിക്കു ചുറ്റും പാർലറിലെ ബ്യൂട്ടീഷന്മാരായ മറ്റു രണ്ടു പെണ്‍കുട്ടികൾകൂടി വന്നുനിന്നത് കണ്ണുകളടച്ച് കസേരയിൽ ചാഞ്ഞുകിടക്കുമ്പോഴും സംഗീതയറിഞ്ഞു. “സോനാ ഇവിടെ കുറച്ചുകൂടി കളയാനുണ്ട്.” തൻറെ പുരികത്തിലൊരിടത്ത് തണുത്ത വിരൽകൊണ്ട് തൊട്ടുകാട്ടിപ്പറഞ്ഞ പെണ്‍കുട്ടിക്കുനേരെ തടിച്ച പെണ്‍കുട്ടിയുടെ ചീറുന്ന ശബ്ദം സംഗീത കേട്ടു. “എന്തുവേണമെന്ന് എനിക്കറിയാം. നീ എന്നെ പഠിപ്പിക്കാതെ സ്വന്തം കാര്യം നോക്ക്.”

നിഷ്കരുണം പിഴുതെറിയപ്പെട്ട് മുഖമാകെ ചിതറിക്കിടക്കുന്ന പുരികങ്ങൾ കണ്ണിലേക്കു വീഴാതിരിക്കാൻ ശ്രദ്ധിച്ച് സംഗീത കണ്ണുകൾ തുറന്നു. പാർലറിലെ മൂലയിലിട്ടിരുന്ന സോഫയിൽ അപമാനിതയായി ഇരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ പ്രതിബിംബമാണ് സ്വന്തം മുഖം കാണുന്നതിനും മുമ്പേ സംഗീത കണ്ടത്. ഓമനത്തമുള്ള മുഖവുമായി നീളം കുറഞ്ഞ, ഇരുനിറമുള്ള ഒരു പെണ്‍കുട്ടി.അവളോട്‌ സംഗീതക്കപ്പോൾ തോന്നിയത് വാത്സല്യമാണ്. വികൃതമായി ത്രെഡിങ്ങ് ചെയ്യപ്പെട്ട രണ്ടു പുരികങ്ങൾ മുഖത്തിനു മൊത്തം ഭീഷണിയുയർത്തി കണ്ണാടിയിലൂടെ തന്നെ തുറിച്ചു നോക്കുന്ന കാഴ്ചയിൽ നോട്ടമുടക്കിയപ്പോൾ പതറിപ്പോയ മനസ്സിനെ പിടിച്ചുനിർത്താനുള്ള ശ്രമത്തിനിടയിൽ അവൾ ആ വാത്സല്യത്തെ കൈവിട്ടു കളഞ്ഞു.

സോന വികൃതമാക്കിയ സംഗീതയുടെ പുരികങ്ങൾ അന്ന് നേഹയാണ് ഭംഗിയുള്ളതാക്കിയത്. മുഖഭാവങ്ങളിലും ചലനങ്ങളിലും ശബ്ദത്തിൽപ്പോലും അവളിൽ വളരെ പ്രകടമായി നിന്നിരുന്ന അഹങ്കാരത്തെ സംഗീത മനപ്പൂർവ്വം അവഗണിച്ചു. തൻറെ പുരികങ്ങളെ ഭദ്രമായി ഏൽപ്പിക്കാവുന്ന ആ കൈകളെത്തേടി പിന്നീട് പലവട്ടം ആ പാർലറിൽ കയറിയിറങ്ങി. ഒരു സ്ഥിരം കസ്റ്റമറോട് കാണിക്കാവുന്നതിലുമധികം അഹങ്കാരം എപ്പോഴോ നേഹയിൽനിന്നുമുണ്ടായപ്പോൾ അവിടേക്ക് കയറാതെയായി.

പാർലറിൻറെ വാതിലിൽ ആരോ പുറത്തുനിന്നും തട്ടിവിളിച്ചു. സോഫയിലിരുന്ന പെണ്‍കുട്ടി എണീറ്റ്‌ വാതിൽ തുറന്ന് തല പുറത്തേക്കിട്ട് സംസാരിച്ച് തിരികെ സോഫയിൽത്തന്നെ ചെന്നിരുന്നു. ഇതിനകം പാർവതി സംഗീതയുടെ തലമുടി ഷാമ്പൂവും കണ്ടീഷണറുമിട്ടു കഴുകിയെടുത്ത് ഡ്രയർ ഉപയോഗിച്ച് ഉണക്കാൻ തുടങ്ങിയിരുന്നു.
“ഭയ്യയായിരുന്നു. അകത്ത് കസ്റ്റമറുണ്ടെന്നു പറഞ്ഞപ്പോൾ കയറാതെ പോയി.”
“ഇത് ലേഡീസ് ഒണ്‍ലിയല്ലേ പാർവതി?” സംഗീതയുടെ ഉള്ളിൽ പെട്ടെന്നുണർന്ന സംശയം ചോദ്യമായി പുറത്തു ചാടി.
“പാർലർ ലേഡീസ് ഒണ്‍ലി തന്നെ മാഡം. പക്ഷെ ചില കസ്റ്റമേഴ്സിനു പെഡിസ്പാ പോലെയുള്ള ട്രീറ്റ്മെന്റുകൾ ആണുങ്ങൾ ചെയ്യുന്നതാണിഷ്ടം. മുൻകൂട്ടി ബുക്ക്‌ ചെയ്‌താൽ ഭയ്യാ ചെയ്തുകൊടുക്കും.”

ഒരു വർഷം മുമ്പ് ഇതേ പാർലറിൽ താൻ രണ്ടാമതും വന്ന സന്ദർഭം സംഗീതയുടെ മനസ്സിലെത്തി. ഇക്കിളിപ്പെടുത്തുന്ന മസ്സാജിങ്ങ് മെഷീനുള്ള ട്രേയിലെ റോസാപ്പൂവിതളുകളും ചെറുനാരങ്ങാത്തോടുകളും പൊങ്ങിക്കിടന്ന ഇളം ചൂടുള്ള ലായനിയിൽ മുക്കിവെച്ച കാലുകൾ തഴുകിയും ഉരച്ചും വൃത്തിയും ഭംഗിയുമുള്ളതാക്കിത്തന്നത് അന്ന് അവളായിരുന്നു. കുട്ടിത്തം നിറഞ്ഞ മുഖമുള്ള ഇരുനിറക്കാരി.

“പേരെന്താണ് ?” അവളുടെ മൂക്കിൻറെ വലതു വശത്ത് ചെറിയൊരു മഞ്ഞത്തിളക്കമായി നിന്ന മൂക്കുത്തിയിലുറ്റു നോക്കിക്കൊണ്ടാണ് അന്ന് സംഗീത ചോദിച്ചത്.
“സവിത.” തലയുയർത്തി സ്നേഹം തോന്നിക്കുന്ന ഒരു ചിരിയോടെ അവൾ പറഞ്ഞു. മടിയിലൊരു ചെറിയ ടവ്വൽ വിരിച്ച് സംഗീതയുടെ പാദങ്ങളിലോരോന്നിനെയും പ്രത്യേകമായെടുത്ത് ഉരച്ചു വൃത്തിയാക്കുമ്പോൾ സ്വന്തം മുഖത്തേയ്ക്കും ദേഹത്തേക്കും തെറിച്ചു വീഴുന്ന വെള്ളവും പതയും അവൾ ശ്രദ്ധിക്കുന്നേയില്ലെന്ന് തോന്നി. പക്ഷെ സംഗീതയോട് സംസാരിക്കാൻ ഒരവസരം കിട്ടാൻ കാത്തിരുന്നതുപോലെ അവൾ സംസാരിച്ചു തുടങ്ങി.

“മാഡം അന്ന് വന്നപ്പോൾ കണ്ട തടിച്ച പെണ്‍കുട്ടിയെ ഓർമ്മയുണ്ടോ ? മാഡത്തിൻറെ പുരികം ആദ്യം ത്രെഡിങ്ങ് ചെയ്ത പെണ്‍കുട്ടി…?”
“ഓർമ്മയുണ്ട് സവിത. അവളെവിടെ?” പാർലറിൽ ആ പെണ്‍കുട്ടിയെ കാണാതിരുന്നത് വന്നപ്പോഴേ സംഗീത ശ്രദ്ധിച്ചിരുന്നു.

“അവൾ പോയി. അവളുടെ ജോലി നല്ലതല്ലാത്തതുകൊണ്ട് മാഡം പറഞ്ഞു വിട്ടു.” വളരെ സാധാരണ മട്ടിലാണ് സവിത അത് പറഞ്ഞതെങ്കിലും അവളൊളിച്ചുവെച്ച സ്വകാര്യ സന്തോഷത്തിൻറെ ആഴം സംഗീതക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. ജോലിയുടെ കാര്യത്തിൽ കസ്റ്റമറുടെ മുന്നിൽവെച്ച് അപമാനിതയായ അവൾക്ക് അതേ കസ്റ്റമറോട് തന്നെ അപമാനിച്ചവളുടെ പരാജയത്തെപ്പറ്റിപ്പറഞ്ഞ് മധുരമായ പ്രതികാരം. നിശ്ശബ്ദവും കരുണ നിറഞ്ഞതുമായ ഒരു ചിരി സമ്മാനിച്ച് അന്ന് സംഗീത അവളെ സന്തോഷിപ്പിച്ചു.

ഡ്രയറിൻറെ ചൂടു കാറ്റുണക്കിയ മുടി പിന്നിൽ പരത്തിയിട്ട് പാർവതിയോട് നന്ദിയും പറഞ്ഞ് കാശും കൊടുത്തിറങ്ങുമ്പോഴും സംഗീത ഓർത്തത് സവിതയെയും നേഹയെയുമായിരുന്നു. സോനയെ പുറത്താക്കി ഉടമ പാർലറിൻറെ വാതിലടക്കുമ്പോൾ വിജയികളെപ്പോലെ നിന്നിരുന്നവർ. മറ്റൊരു ദിവസം അവരും പരാജിതരായി പടിയിറങ്ങി. ഇപ്പോൾ സവിതക്കും നേഹക്കും പകരം പാർവതിയും പേരറിയാത്ത മറ്റൊരു പെണ്‍കുട്ടിയും. ഇനി വരുമ്പോഴേക്കും ഒരുപക്ഷെ ഇവരുമായിരിക്കില്ല. അല്ലെങ്കിലും ആരാണ്, എവിടെയാണ് സ്ഥിരമായിരിക്കുന്നതും എന്നും വിജയികളും പരാജിതരുമായിരിക്കുന്നതും?

 

മീനാക്ഷി മേനോൻ

Share.

About Author

147q, 0.723s