Leaderboard Ad

പഠനസര്‍വ്വേകളുടെ സാമൂഹ്യശാസ്ത്രപരമായ പ്രസക്തി

0

കേരളത്തിലെ കാല്‍ലക്ഷത്തിലധികം വരുന്ന സി.പി.ഐ(എം) ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന സാമൂഹ്യസാമ്പത്തിക സര്‍വ്വേയെ വലതുപക്ഷ രാഷ്ട്രീയ നേതൃത്വം വല്ലാതെ ഭയപ്പെടുകയാണ്. വീടുകള്‍കയറി വിവരം ശേഖരിക്കുന്ന ഈ സര്‍വ്വെ മലയാളികള്‍ എങ്ങനെ ജീവിക്കുന്നു എന്നറിയാനുള്ള സാമൂഹ്യശാസ്ത്ര പഠനം തന്നെയാണ്. ലോകത്തെല്ലായിടത്തും മനുഷ്യപുരോഗതിക്കുവേണ്ടി നിലകൊള്ളുന്ന കമ്യൂണിസ്റ്റുകാര്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ സാമൂഹ്യസാമ്പത്തിക ബന്ധങ്ങളെയും അതില്‍ കാലാനുസൃതമായി വരുന്ന മാറ്റങ്ങളെയും കുറിച്ച് നിരന്തരമായി പഠിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്നുണ്ട്. സാമൂഹ്യ ബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസൃതമായി തങ്ങളുടെ ധാരണകളെ തിരുത്താനും വിപുലപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് കമ്യൂണിസ്റ്റ് പാര്‍ടികള്‍ നടത്തുന്ന പഠനാനേ്വഷണങ്ങള്‍. ഇതൊരു പുതിയ കാര്യമേയല്ല. കോണ്‍ഗ്രസ് ബി.ജെ.പി നേതാക്കള്‍ ആക്ഷേപിക്കുന്നതുപോലെ ഏതെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കണക്കെടുപ്പുമല്ല. കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കള്‍ക്ക് ഇത്തരം പഠനാനേ്വഷണങ്ങള്‍ ആശങ്കയുണ്ടാക്കുന്നത് അവരുടെ നിക്ഷിപ്ത താല്പര്യം മൂലമാണ്. സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിലോമപരമായ മാറ്റങ്ങള്‍ക്കുപിറകിലെ മൂലധനശക്തികളോടാണല്ലോ അവരെന്നും കൂറുപുലര്‍ത്തിപോരുന്നത്. നിയോലിബറല്‍ നയങ്ങള്‍ കഴിഞ്ഞ മൂന്ന് ദശകകാലത്തിനിടയില്‍ നമ്മുടെ സമൂഹത്തിലുണ്ടാക്കിയ ആഘാതങ്ങളും മാറ്റങ്ങളും മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതത്തെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഈ പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ ജനങ്ങളുടെമേല്‍ കെട്ടിവെക്കാനുള്ള നികുതികൊള്ളക്കാണ് ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. പ്രതിസന്ധിയെ ജനങ്ങളുടെ പക്ഷത്തുനിന്ന് പരിഹരിക്കാനല്ല നിയോലിബറല്‍ മൂലധനശക്തികളുടെ താല്പര്യങ്ങള്‍ക്കനുസൃതമായ രീതിയില്‍ അതിജീവിക്കാനാണ് വലതുപക്ഷ രാഷ്ട്രീയശക്തികള്‍ ചരിത്രത്തിലുടനീളം ശ്രമിച്ചിട്ടുള്ളത്.

index

കഴിഞ്ഞ മൂന്ന് ദശകക്കാലത്തോളമായി തുടരുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ കേരളത്തിന്റെ മാനവികമായ വികസന അടിത്തറയെതന്നെയാണ് തകര്‍ത്തുകൊണ്ടിരിക്കുന്നത്. ദൗര്‍ബല്യങ്ങളുള്ളപ്പോഴും കേരളവികസനമാതൃകയുടെ സവിശേഷത സാമൂഹ്യ സുരക്ഷയും ക്ഷേമവും ഉറപ്പുനല്‍കുന്നു എന്നതായിരുന്നു. എന്നാല്‍ എല്ലാ സാമൂഹ്യ സേവനമേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്ന കടുത്ത വാണിജ്യവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും കേരളത്തിന്റെ സമ്പദ്ഘടനയെയും സാമൂഹ്യജീവിതത്തെയും തകര്‍ച്ചയിലേക്ക് നയിക്കുകയാണ്. ഭൂപരിഷ്‌കരണത്തിന്റെ നേട്ടങ്ങളെ അട്ടിമറിച്ചു കൊണ്ട് റിയല്‍എസ്റ്റേറ്റ് മാഫിയകളും ഊഹമൂലധന ശക്തികളും സമ്പദ്ഘടനയില്‍ ആധിപത്യം നേടുകയാണ്. കൃഷിയും വ്യവസായവും തകരുകയും ഉല്പാദനേതരമായ സേവനമേഖലകള്‍ സമ്പദ്ഘടനയില്‍ അര്‍ബുദം പോലെ വളരുകയുമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ‘എമര്‍ജിങ്ങ് കേരള’യിലൂടെയും ‘വിഷന്‍ 2030’ലൂടെയും ഊഹക്കച്ചവടാധിഷ്ഠിതമായ മൂലധന നിക്ഷേപങ്ങളെയാണ് നാടിന്റെ വികസനവും സമ്പദ്ഘടനയുടെ വളര്‍ച്ചയുമായി അവതരിപ്പിക്കുന്നത്. കേരളീയ സമൂഹം നേരിടുന്ന കൃത്രിമമായ സമൃദ്ധിയുടെയും രൂക്ഷമായ ദുര്‍ഭിക്ഷതയുടെയും വൈരുദ്ധ്യങ്ങളെ ശരിയായ രീതിയില്‍ വിശകലന വിധേയമാക്കേണ്ടതുണ്ട്. അതിനാവശ്യമായ വിവരങ്ങളുടെയും വസ്തുതകളുടെയും ശേഖരണം എല്ലാതലങ്ങളിലും നടക്കേണ്ടതുണ്ട്. നമ്മുടെ സാമൂഹ്യബന്ധങ്ങളിലും അതിന്റെ ഭാഗമായി മനോഭാവങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ശാസ്ത്രീയമായി പഠിക്കേണ്ടതുണ്ട്. ജാതി മത ധ്രുവീകരണങ്ങളും അനിയന്ത്രിതമായ മദ്യാസക്തിയും മറ്റ് ലഹരിബാധകളും സാമൂഹ്യശാസ്ത്രപരമായും മനഃശാസ്ത്രപരമായും നിര്‍ദ്ധാരണം ചെയ്യപ്പെടേണ്ടതുണ്ട്. വര്‍ദ്ധിതമാകുന്ന ലൈംഗികാസക്തികളും വ്യാപകമാകുന്ന ക്രിമിനല്‍വല്‍ക്കരണവും എങ്ങനെയൊണ് മലയാളി സമൂഹത്തെ സ്വയം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ് ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

നവലിബറല്‍ നയങ്ങള്‍ കേരളത്തിന്റെ ഉല്പാദനമേഖലകളെയും സാമൂഹ്യസേവന മേഖലകളെയും അപരിഹാര്യമായ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. 2001ലെ ദേശീയ സെന്‍സസ് പ്രകാരം കേരളം കാര്‍ഷികേതരമായ ഉല്പാദനവ്യവസ്ഥയിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. മലയാളിക്കാവശ്യമുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ 15% പോലും ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്നില്ല. 85% ഭക്ഷ്യാവശ്യങ്ങള്‍ക്കും രാജ്യത്തിനകത്തും പുറത്തുമുള്ള വിദൂരകേന്ദ്രങ്ങളെ ആശ്രയിക്കുന്ന ദുരവസ്ഥയാണുള്ളത്. 2006ലെ ഇടതുപക്ഷ ഗവര്‍മെന്റ് ഭക്ഷ്യസുരക്ഷക്കും നെല്‍വയലുകളുടെ സംരക്ഷണത്തിനും വേണ്ടി സ്വീകരിച്ച എല്ലാ നടപടികളെയും നിയമങ്ങളെയും യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. 2011ലെ സെന്‍സസ് പ്രകാരം കേരളജനസംഖ്യയില്‍ 154 ലക്ഷത്തോളം പേര്‍ നഗരവാസികളാണ്. കാര്‍ഷിക സമ്പദ്ഘടന തകരുകയും വ്യവസായവത്കരണം നടക്കാതിരിക്കുകയും ചെയ്യുന്ന വികസനപരമായ വിഷമാവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്.

റിയല്‍ എസ്റ്റേറ്റ് വികസനവും അസംഘടിത തൊഴില്‍മേഖലയുടെ വളര്‍ച്ചയും ഉല്പാദനപരമായ മണ്ഡലങ്ങളെ തകര്‍ത്തിരിക്കുകയാണ്. ഉല്പാദനം മന്ദീഭവിക്കുകയും ഉപഭോഗം വര്‍ദ്ധിതമാകുകയും ചെയ്യുന്നു. തൊഴിലില്ലായ്മ കൂടുമ്പോഴും നാട്ടിലെ പണിക്ക് അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടിവരുന്നു. നഗരവത്കരണവും വര്‍ദ്ധിതമാകുന്ന ഉപഭോഗാസക്തിയും എങ്ങനെയും പണമുണ്ടാക്കണമെന്ന ചിന്താഗതിയിലേക്ക് പുതുതലമുറയെ നയിക്കുന്നു. ഗള്‍ഫ് പണവും ഊഹക്കച്ചവട മൂലധന പ്രവര്‍ത്തനങ്ങളും ഒരു നവജാത സമ്പന്നവര്‍ഗ്ഗത്തെ വളര്‍ത്തിയെടുത്തിരിക്കുന്നു. ആഗോളവത്കരണത്തിന്റെ സൗകര്യങ്ങളും സൗജന്യങ്ങളും ഉപയോഗപ്പെടുത്തി വളര്‍ന്നുവരുന്ന ഈ പുത്തന്‍ സമ്പന്നവര്‍ഗ്ഗം സാമൂഹ്യനീതിയോടും സ്ഥിതിസമത്വാശയങ്ങളോടും അവജ്ഞ പുലര്‍ത്തുന്ന മനോഭാവക്കാരാണ്. ഈ നവജാത സമ്പന്നവര്‍ഗ്ഗവും മധ്യവര്‍ഗ്ഗവിഭാഗങ്ങളും ജീവിതത്തെ ആഘോഷമാക്കിത്തീര്‍ക്കുമ്പോള്‍ 40%ഓളം വരുന്ന മത്സ്യത്തൊഴിലാളികളും പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരും ഒക്കെ ഉള്‍ക്കൊള്ളുന്ന ഗ്രാമീണ-പാര്‍ശ്വവത്കൃതസമൂഹങ്ങള്‍ അതീവ ദാരിദ്ര്യത്തിലാണ്. നവലിബറലിസം സാമൂഹ്യ സുരക്ഷാനടപടികളില്‍ നിന്ന് പിന്മാറാന്‍ ഗവര്‍മെന്റുകളെ നിര്‍ബന്ധിതമാക്കിയതോടെ ദുര്‍ബലജനസമൂഹങ്ങള്‍ അങ്ങേയറ്റം ദീനാവസ്ഥയിലാണ്. കൂടിവരുന്ന ജീവിതചെലവുകളും ചികിത്സാചെലവുകളും ഈ ജനസമൂഹത്തിന് ജീവിതം തന്നെ അസാധ്യമാക്കിത്തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങളെയെല്ലാം സംബന്ധിച്ച വസ്തുതകളും വിവരങ്ങളും ശേഖരിച്ചും ക്രോഡീകരിച്ചുംകൊണ്ട് മാത്രമെ ദുര്‍ബലജനവിഭാഗങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ആവശ്യമായ സഹായവും ആശ്വാസവും എത്തിക്കാന്‍ ജനകീയപ്രസ്ഥാനങ്ങള്‍ക്ക് കഴിയൂ. അതിന് സഹായകരമായ പഠനാനേ്വഷണങ്ങള്‍ ജനപക്ഷത്തുനില്‍ക്കുന്ന ഏതൊരു പ്രസ്ഥാനത്തിനും നിരന്തരമായി നടത്തേണ്ടിവരും.

ഒട്ടും ആശാസ്യകരമല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് മലയാളി സമൂഹവും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വലതുപക്ഷത്തിന്റെ സംസ്‌കാരവും രാഷ്ട്രീയവും ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ആധിപത്യം നേടാനുള്ള തീവ്രശ്രമത്തിലാണ്. മലയാളിയുടെ പുരോഗമന പാരമ്പര്യം എല്ലാതലങ്ങളിലും വെല്ലുവിളിക്കപ്പെടുകയാണ്. ഉത്തരാധുനിക പണ്ഡിതന്മാര്‍ നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക് സമൂഹത്തെ പിന്തള്ളുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്ക് ന്യായീകരണം ചമച്ചുകൊണ്ടിരിക്കുന്നു. ആനുകാലികങ്ങളും അക്കാദമിക് പ്രസിദ്ധീകരണങ്ങളും നവമാധ്യമ സന്നാഹങ്ങളും ഇതിനായി ഉപയോഗിക്കപ്പെടുന്നു. പുരോഗമനത്തിന്റെയും മര്‍ദ്ദിതപക്ഷപാതിത്വത്തിന്റെയും മൂടുപടമണിഞ്ഞ് നാനാവിധമായ സ്വത്വരാഷ്ട്രീയ ഗ്രൂപ്പുകള്‍ രംഗം കൈയടക്കാനുള്ള മത്സരത്തിലാണ്. ഇതിന് ആഗോളമൂലധന ശക്തികളുടെ നിറഞ്ഞ സഹായവും അവര്‍ക്കുണ്ട്.

പരസ്പര സ്പര്‍ദ്ധയുടെയും വിദേ്വഷത്തിന്റെയും വിഷവിത്തുകള്‍ നാട്ടിന്‍പുറങ്ങളില്‍പോലും മുളപൊട്ടിയിരിക്കുകയാണ്. സംശയത്തിന്റെയും അപരമതവിരോധത്തിന്റെയും സംസ്‌കാരം എങ്ങും സ്വാധീനം ചെലുത്തുകയാണ്. നവോത്ഥാനം സൃഷ്ടിച്ച മതനിരപേക്ഷതയും സാഹോദര്യബോധവും പതുക്കെ മങ്ങിത്തുടങ്ങിയിരിക്കുന്നു. ആധുനികസംസ്‌കൃതിക്ക് കരുത്തുനല്‍കിയ നവോത്ഥാനശക്തികള്‍ പ്രക്ഷീണമായി തുടങ്ങിയിരിക്കുന്നു. പുനരുത്ഥാനത്തിന്റെ സംസ്‌കാരത്തിന് സൈദ്ധാന്തിക പരിസരം ഒരുക്കിക്കൊണ്ട് ഉത്തരാധുനിക ബുദ്ധിജീവികള്‍ ആനുകാലികങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും ഓവര്‍ടൈം പണിയാരംഭിച്ചിരിക്കുന്നു. ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ പുതിയൊരുതരം വലതുപക്ഷ കൂട്ടുകെട്ടിനെ കേരളീയസമൂഹത്തില്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വ്യവസ്ഥാപിത വലതുപക്ഷത്തോടൊപ്പം, ബൂര്‍ഷ്വാ ആധുനികതയുടെ ഉപകരണാത്മക യുക്തിയെ വിമര്‍ശിക്കുന്നു എന്ന വ്യാജേന, വലതുപക്ഷ സംസ്‌കാരത്തിനനുകൂലമായ പുത്തന്‍ ന്യായീകരണങ്ങളുമായി നിരാശാഭരിതരായ വിപ്ലവകാരികള്‍ ഇടതുപക്ഷ വിരുദ്ധരുടെ ഈ സഖ്യത്തില്‍ ഉത്സാഹഭരിതരായിരിക്കുന്നു. സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തീവ്രമായ വലതുപക്ഷവല്‍ക്കരണത്തിന് കാരണമായ മൂലധനതാല്പര്യങ്ങള്‍ക്കുനേരെ കൗശലപൂര്‍വ്വം കണ്ണടച്ചുകൊണ്ട് ഇടതുപക്ഷത്തെ അടച്ചാക്ഷേപിക്കാന്‍ എല്ലാ അവസരങ്ങളെയും വലതുപക്ഷത്തിന്റെ വാമനാവതാരങ്ങളായ ഈ പുത്തന്‍ ബുദ്ധിജീവികള്‍ ഉപയോഗിക്കുകയാണ്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുതിയതലമുറയെപോലും ഗ്രസിച്ചിരിക്കുന്നു. ജാതിയും ജാതകവും നോക്കാതെ വിവാഹബന്ധങ്ങള്‍പോലും സാധ്യമല്ലാത്തവിധം മലയാളി അവരുടെ നവോത്ഥാന പാരമ്പര്യത്തില്‍ നിന്നും കുതറിമാറുകയാണ്. മതരഹിതമായ പ്രണയവിവാഹങ്ങളെപോലും വിവാദപരമാക്കുന്ന വര്‍ഗ്ഗീയഫാസിസ്റ്റ്അജണ്ട മാധ്യമസഹായത്തോടെ ‘ലൗജിഹാദ്’ കോലാഹലങ്ങള്‍ സൃഷ്ടിക്കുകയാണ്. ഈയൊരു സാഹചര്യം ഭീതിജനകമാണ്. സാമൂഹ്യപുരോഗതിക്കനുകൂലമായ എല്ലാറ്റിനെയും ചോദ്യംചെയ്യുന്ന പുനരുത്ഥാന സംസ്‌കാരം നവലിബറല്‍ ആധിപത്യത്തിനുള്ള വിശ്വാസപരിസരമാണൊരുക്കിയെടുക്കുന്നത്. അതിവേഗം നടക്കുന്ന നഗരവല്‍ക്കരണവും മധ്യവര്‍ഗ്ഗവല്‍ക്കരണവും പുനരുത്ഥാനശക്തികള്‍ക്കുള്ള ഭൗതിക സാഹചര്യമാവുകയാണ്.

ഈയൊരു സാമൂഹ്യസാഹചര്യത്തെ സംബന്ധിച്ച് മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തിക നിലപാടുകളും രീതിശാസ്ത്രവും ഉപയോഗിച്ചുള്ള പഠനമാണ് അനിവാര്യമായിരിക്കുന്നത്. വ്യവസ്ഥാപിതവും സാമ്പ്രദായികവുമായ രീതികളില്‍ നിന്ന് വ്യത്യസ്തമായി മാര്‍ക്‌സിസത്തിന്റെ പ്രത്യയശാസ്ത്രതലങ്ങളിലുള്ള അനേ്വഷണം ആഴത്തിലും സമഗ്രതയിലുമാക്കേണ്ടതുണ്ട്. മതനിരപേക്ഷതയുടെ ആശയങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടേ സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ പ്രബലപ്പെടുത്താനാവൂ. ആഗോളവത്കരണം നമ്മുടെ സാമൂഹ്യബന്ധങ്ങളിലും ജനങ്ങളുടെ വീക്ഷണഗതികളിലും വരുത്തിയിരിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായിതന്നെ പഠിക്കപ്പെടേണ്ടതുണ്ട്. മഹാഭൂരിപക്ഷത്തിന്റെ പുരോഗതിക്കും വികസനതാല്പര്യങ്ങള്‍ക്കും തടസ്സമായി നില്‍ക്കുന്ന സാമൂഹ്യ സമ്പത്തിക ബന്ധങ്ങളെ മനസ്സിലാക്കിക്കൊണ്ടേ പരിവര്‍ത്തനോത്മുഖമായ രാഷ്ട്രീയത്തിനും പ്രസ്ഥാനങ്ങള്‍ക്കും മുന്നോട്ടുപോകാനാവു. കേരളത്തിന്റെ സാമൂഹ്യസാമ്പത്തിക ജീവിതത്തെക്കുറിച്ചുള്ള പഠനാനേ്വഷണങ്ങളെ ഭയപ്പെടുന്നത് ജനങ്ങളുടെ ഭൗതികവും മാനസികവുമായ പുരോഗതിക്ക് എതിരുനില്‍ക്കുന്ന പ്രതിലോമാശയങ്ങളുടെ സംരക്ഷകരും പ്രചാരകരും മാത്രമാണ്.

കെ ടി കുഞ്ഞിക്കണ്ണന്‍

Share.

About Author

135q, 1.041s