Leaderboard Ad

പമ്പരം

0

പാണിയിൽ ചുഴറ്റി
കറക്കുന്നൊരാ പമ്പരം
കാലചക്രം തിരിയവേ
ഒപ്പം തിരിയുന്നു…

കാലപ്രവാഹത്തെ
തടയുവാൻ കഴിയീല
സമയരഥപ്രയാണത്തെ
നിയന്ത്രിക്കാൻ കഴിയീല…

കൈകളിൽ ഇരുന്നു
ചുഴറ്റുമാ പമ്പരം
പോലെ തിരിയുന്നു
എൻ മനോരഥം…

ജീവിതമാം
കാലപ്രവാഹത്തിൽ
ഒരു കളിയോടം പോൽ
ഉഴലുന്നു നമ്മളും…

നക്ഷത്രജ്വാലയാൽ
തിളങ്ങുന്നു മാനം
പാലൊളി ശോഭയാൽ
തിളങ്ങുന്നു വാനം…

രാവിന്റെ മാറിൽ
മിഴിയടച്ചുറങ്ങുന്ന ഭൂമി
പമ്പരം പോൽ അരക്കനു ചുറ്റും
ചുഴറ്റുന്നൊരുർവീ…

ഉർവി തൻ തനുവിൽ
ജീവിതപ്പാതയിൽ
ചുഴറ്റും പമ്പരം
പോലെയീ മന്നവ ജന്മവും…

ഒരിക്കലൊരു നാൾ കറക്കവും
നിർത്തി മടങ്ങുമീ പമ്പരം
ഉത്ഭവസ്ഥാനമാം
തിരുസന്നിധിയിലേക്ക്…

അറിയുക നാമേവരും
നഗ്നമാം ആ സത്യവും
അറിയുക നാമേവരും
നഗ്നമാമീ യാഥാർത്ഥ്യവും…

Share.

About Author

140q, 0.654s