Leaderboard Ad

പരാന്നഭോജികളുടെ നാട്ടില്‍

0


അണ്ണാച്ചിമാരുടെ പച്ചക്കറിയും,
ആന്ധ്രാക്കാരന്റെ പുഴുങ്ങലരിയും,
ബന്ഗാളികളുടെ അധ്വാനത്തിന്റെ ,
വിയര്‍പ്പും കൂടി സമാസമം;
ചേര്‍ത്ത് ഗുണിച്ചാല്‍ ,
മലയാളികളുടെ കൊളസ്ട്രോളിന്റെ,
ആനുപാതികം അറിയാം…
വീണ്ടും ഒന്നു കൂടി പെരുക്കിയാല്‍ ,
കിട്ടും തൊഴിലില്ലാത്തവരുടെ ,
മെയ്യനങ്ങാ കണക്കുകള്‍…
നെല്ല് കുത്തി അരിയാക്കാന്‍,
മറന്ന ചക്കികളൊക്കെ തൊഴിലുറപ്പ്-
പണിക്കു പോവാന്‍ തുടങ്ങി ,
പേറ്റുനോവ് മറന്ന പ്രസവിക്കാതെ,
പോയ ,പെരുച്ചാഴി കിടന്നുറങ്ങുന്ന –
പത്തായങ്ങളൊക്കെ ;പൊളിച്ചു
അടുക്കള പടിക്ക് വാതിലാക്കിയപ്പോള്‍ ,
പുന്നെല്ലിനോപ്പം പെരുച്ചാഴിയും,പടിയിറക്കപ്പെട്ടു …
കൊയ്ത്തു കൊഴിഞ്ഞു സ്മാരകം പോലെ,
കൂട്ടിയിടുന്ന; വൈക്കോല്‍ കൂനയുടെ സ്ഥാനം ,
ഡിഷ്‌ ആന്റിന കയ്യടക്കിയപ്പോള്‍,
പുല്ലിന്‍ കൂനയില്‍ കാര്യം സാധിച്ച,
കണ്ടന്‍ പൂച്ചയും കഷ്ടത്തിലായി …
വിസര്‍ജ്ജിക്കാന്‍ ഇടം തേടി ,
ഓടുന്ന പൂച്ചയും; അന്തി യുറങ്ങാന്‍,
പത്തായം തേടി അലയുന്ന പെരുച്ചാഴിയും ,
തിന്നത് ദഹിക്കാത്ത കുടവയറുമുന്തി –
ഓടുന്നവന്റെ മുന്നില്‍ എത്തിയപ്പോള്‍ ,
ഒരു പരിക്രമണം പൂര്‍ത്തിയാവുന്നു

-പ്രദീപ്‌ കുറ്റ്യാട്ടൂര്‍

Share.

About Author

യുവ കവി, നവമാധ്യങ്ങളില്‍ സജീവം. ആദ്യ കവിതാ സമാഹാരം 'വിശക്കുന്നവരുടെ വേദ പുസ്തകം'

138q, 0.750s