Leaderboard Ad

പറന്ന് പറന്ന് പറന്ന്

0

ക്ഷികള്‍ പറക്കുന്നത് എതുയുഗത്തിലും കുട്ടികളെ സന്തോഷിപ്പിക്കുകയും അല്‍പ്പമൊന്നു കുതുകികളാക്കുകയും ചെയ്യുന്ന ഒന്നാണ്. വളരെയധികം ഉയരത്തില്‍ പരുന്ത് വട്ടമിട്ടു പറക്കുകയും ജലാശയ സമീപത്തെ മരച്ചില്ലകളില്‍ പതിയിരുന്നു അതിവേഗത്തില്‍ ഗ്ലൈഡ് ചെയ്തു മീന്‍ പിടിക്കുന്ന പൊന്മാനും നമ്മെ തെല്ലൊന്നുമല്ല ഭ്രമിപ്പിചിട്ടുള്ളത് .

പറന്ന്

ഇതുവരെ ഒരു വിമാനത്തില്‍ കയറാന്‍ പറ്റിയിട്ടില്ല എന്നത് എനിക്ക് തെല്ലൊരു ജാള്യത സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് വിമാന രൂപത്തില്‍ ഉള്ള ഗ്ലൈഡറില്‍ കുറച്ചു നേരം തെന്നിപ്പറക്കാന്‍ സാധിച്ചിട്ടുണ്ട് . ഏട്ടന്റെ ഭാര്യയുടെ ബന്ധു കോയമ്പത്തൂരില്‍ പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന ആളായതുകൊണ്ട് ഉണ്ടായ ഭാഗ്യമാണത്. നീണ്ട ഒരു കയറില്‍ കെട്ടിയിട്ട ഗ്ലൈഡറിനെ അതിവേഗത്തില്‍ വലിച്ചു ആകാശത്തേക്ക് പൊക്കുകയാണ് ചെയ്തിരുന്നത് . പിന്നീട് കാറ്റിന്റെ ലഭ്യതക്കനുസരിച്ച്‌ കൂടുതല്‍ ഉയരത്തിലേക്ക് അതിനെ പൈലറ്റ് ഉയര്‍ത്തുന്നു. ഏകദേശം ഒരു ഒന്നര കിലോമീറ്ററോളം മുകളില്‍ അത് സഞ്ചരിക്കുകയുണ്ടായി. ആ നഗരത്തിനെ ഒരു പറവയുടെ കണ്ണുകളിലെന്ന പോലെ അനുഭവപ്പെട്ടു .

ആ തെന്നിപറക്കല്‍ , പറക്കലിന്റെ ചരിത്രം അന്വേഷിക്കാനുള്ള തോന്നല്‍ എന്നിലുളവാക്കി. ഫ്രാന്‍സിലെ പേപ്പര്‍ കച്ചവടക്കാരനായിരുന്ന ജോസഫ് മോണ്ട് ഗോള്‍ഫര്‍ ബലൂണ്‍ മുതല്‍ ശൂന്യാകാശ വാഹനങ്ങള്‍ വരെ എത്തി നില്‍ക്കുന്നു മനുഷ്യന്റെ പറക്കാനുള്ള ആസക്തികളുടെ സാക്ഷാത്കാരങ്ങള്‍… .പ്രസിദ്ധ ഷേക്സ്പിയര്‍ കഥാപാത്രമായ കിംഗ്‌ ലിയറിന്റെ പിതാവ് ബ്ലാദൂദ് രാജാവ് മന്ത്രശക്തിയുള്ള ചിറകുകള്‍ക്ക് തന്നെ ഉയര്‍ത്താനാകുമെന്നു കരുതി ലണ്ടനിലെ അപ്പോളോ ദേവാലയത്തിന് മുകളില്‍ നിന്ന് പറക്കാന്‍ ശ്രമിച്ചു താഴെ വീണുമരിച്ചു. പതിനഞ്ചാം നൂറ്റാണ്ടില്‍ മഹാനായ ചിത്രകാരന്‍ ആയിരുന്ന ലിയനാര്‍ഡോ ഡാവിഞ്ചി പാരച്യൂട്ടുകളുടെയും ഹെലിക്കോപ്റ്ററുകളുടെയും മാതൃകകള്‍ സ്കെച്ച് ചെയ്തിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിക്കാരനായ ഗ്യോവേനി ബോരെള്ളി ശാസ്ത്രീയ പഠനം നടത്തി മനുഷ്യന് യന്ത്ര സഹായമില്ലാതെ പറക്കാനാവില്ല എന്ന് സ്ഥാപിച്ചു . പതിനെട്ടാം നൂറ്റാണ്ടില്‍ ആണ് ഇന്ന് കാണുന്ന ചൂട് വായു നിറച്ച പടുകൂറ്റന്‍ ബലൂണുകള്‍ ആദ്യമായി മോണ്ട് ഗോള്ഫര്‍ തന്റെ സഹോദരനുമായി ചേര്‍ന്ന് ഉണ്ടാക്കുന്നത്‌ . മനുഷ്യന്റെ പറക്കാനുള്ള മോഹത്തിന് അന്ത്യം കുറിച്ചത് അദ്ദേഹത്തിന്റെ ആ കണ്ടുപിടുത്തം ആണ് . ചൂടുവായുവിനു സാന്ദ്രത കുറയുമെന്നും അവ ഉയർന്നുപോകുമെന്നും ഉള്ള ലളിതമായ തത്വം പ്രാവർത്തികമാക്കിയാണ് അത് സാധിച്ചത്. തുടര്‍ന്ന് അവ രാജ്യാന്തര യാത്രകള്‍ നടത്താന്‍ ഉപയോഗിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫ്രഞ്ച് പട്ടാളം യുദ്ധത്തിലും അതുപയോഗിച്ചു .

പട്ടങ്ങളില്‍ നിന്നാണ് മനുഷ്യനു പയോഗിക്കാവുന്ന ഗ്ലൈഡറുകളിലേക്ക് നാം എത്തുന്നത്. ആസ്ത്രേലിയന്‍ ആദിവാസികള്‍ വെട്ടയ്ക്കുപയോഗിച്ചിരുന്ന ബൂമാരാങ്ങുകള്‍ ഗ്ലൈഡിഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മ്മിക്കപ്പെട്ടതാണ്. ഒരുവശം മിനുസപ്പെടുത്തിയതും മറുവശം കുറച്ചു പരുക്കന്‍ ആക്കിയതും കൊണ്ട് വായുവില്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന മര്‍ദ്ദവ്യത്യാസം സഞ്ചരിക്കാനുള്ള ബലം ലഭിക്കാന്‍ ഇടയാക്കുന്നു. ക്രിസ്തുവിനു മുന്‍പ് തന്നെ ചൈനക്കാര്‍ക്ക് പട്ടം ഉണ്ടാക്കാന്‍ അറിയാമായിരുന്നത്രേ. ശത്രുക്കളുടെ നീക്കം അറിയാന്‍ വേണ്ടി ആളെയിരുത്തി പറപ്പിക്കുന്ന പട്ടങ്ങള്‍ ചൈനയില്‍ ഉണ്ടായിരുന്നു എന്ന് മാര്‍ക്കോപോളോ പറയുന്നുണ്ട് .

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടു കാരനായ ജോര്‍ജ് കയലെ പക്ഷികളുടെ പറക്കലിനെ സസൂക്ഷ്മം നിരീക്ഷിച്ചു ആദ്യ ഗ്ലൈഡര്‍ നിര്‍മ്മിച്ചു. അലക്സാണ്ടര്‍ പീനാദ് എന്ന ചെറുപ്പക്കാരന്‍ മികച്ച രീതിയില്‍ ഉള്ള പല പല ഡിസൈനുകള്‍ ഉണ്ടാക്കി. അതിന്റെയൊക്കെ ചെറുമാതൃകകള്‍ പരീക്ഷണങ്ങളില്‍ വിജയം കണ്ടെങ്കിലും വലിയ വലിയ മാതൃകകള്‍ ഉണ്ടാക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാല്‍ കടുത്ത ദു:ഖിതനായിത്തീര്‍ന്ന അദ്ദേഹം നന്നേ ചെറുപ്പത്തിലെ ആത്മഹത്യ ചെയ്തു . വിമാനത്തിന്റെ കണ്ടുപിടുത്തത്തിനു നല്ലൊരടിത്തറയാണ് പീനാദ് പാകിയത്‌ .

1848 May 23 നു പ്രഷ്യയില്‍ ജനിച്ച ജര്‍മ്മന്‍കാരനായ ഓട്ടോ ലിലിയന്‍ഥാല്‍ (Otto Lilienthal) ആണ് ഗ്ലൈഡറുകളെ പറ്റി ആദ്യമായി ആധികാരികമായി പഠിക്കുകയും നല്ല മാതൃകകള്‍ ഉണ്ടാക്കുകയും ചെയ്ത വ്യക്തി. കയലെയുടെ പഠനങ്ങളെ ആസ്പദമാക്കിയാണ് അദ്ദേഹം തന്റെ പരീക്ഷങ്ങള്‍ ആരംഭിക്കുന്നത് .

വളരെ ചുരുങ്ങിയ കാലത്തില്‍ തന്നെ ഗ്ലൈഡറുകളുടെ ധാരാളം മാതൃകകള്‍ അദ്ദേഹം നിര്‍മ്മിച്ചു. ഇരട്ടച്ചിറകുള്ള മൂന്നോളം മാതൃകകളും ഒറ്റച്ചിറകുള്ള പതിനഞ്ചോളം മാതൃകകളും അദ്ദേഹം ആറു വര്‍ഷത്തിനിടെ ഉണ്ടാക്കിയിരുന്നു. കുന്നിന്‍ മുകളില്‍ നിന്നും താഴോട്ടു പറന്നായിരുന്നു തന്റെ പരീക്ഷണങ്ങള്‍ അസ്സേഹം നടത്തിയിരുന്നത്. 1891 മുതല്‍ 1896 വരെ അദ്ദേഹം ഏകദേശം രണ്ടായിരത്തോളം പറക്കല്‍ പരീക്ഷണങ്ങള്‍ ആണ് നടത്തിയിരുന്നത്. ലിലിയന്താലിന്റെ നിതാന്ത പ്രശ്രമവും അസാമാന്യ ധൈര്യവും പ്രതിഫലിപ്പിക്കുന്നതായിരുന്ന അവ. ദിനപത്രങ്ങളിലും മാസികകളിലും അദ്ദേഹത്തിന്റെ ചിത്രങ്ങളും പഠനങ്ങളും അച്ചടിച്ചു വന്നു. തന്റെ ഗ്ലൈഡര്‍ ഉപയോഗിച്ചു മൂന്നൂറ്റമ്പതുമീറ്ററോളം പറക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു .

പക്ഷികളുടെ പറക്കല്‍ ലിലിയന്‍താലിനറെ നിരീക്ഷങ്ങളെയും പരീക്ഷങ്ങളെയും വല്ലാതെ സ്വാധീനിച്ചിരുന്നു. ” Bird Flight as the basis of Aviation ” എന്ന പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. നിരന്തരം വിജയകരമായ പറക്കലുകള്‍ നടത്തുകയും പരീക്ഷണ നിരീക്ഷണങ്ങള്‍ എല്ലാം സൂക്ഷ്മമായി എഴുതിവെക്കുകയും ചെയ്ത ആദ്യ വൈമാനിക ശാസ്ത്രഞ്ജന്‍ കൂടിയായിരുന്നു അദ്ദേഹം. പറക്കുക, കൂടുതല്‍ ദൂരത്തില്‍ പറക്കുക എന്നത് ജീവിത ലക്ഷ്യമായി കണ്ട അദ്ദേഹത്തിന്റെ അന്ത്യം ഒരു പറക്കലില്‍ ആയിരുന്നു. 1896 August 9 നു ബെര്‍ലിനടുത്തുള്ള രീനോ കുന്നില്‍ നിന്നും തന്റെ ഗ്ലൈഡറില്‍ കയറി താഴെയുള്ള താഴ്വരയ്ക്ക് മുകളിലൂടെ പറക്കുകയായിരുന്നു ലിലിയന്‍, എതിര്‍ ദിശയില്‍ പെട്ടെന്ന് കാറ്റ് വന്നതിനെ തുടര്‍ന്ന് ഏകദേശം അമ്പതടി ഉയരത്തില്‍ വെച്ച് ഗ്ലൈഡര്‍ താഴേക്കു വീഴുകയും ഗുരുതരമായി പരിക്കേറ്റ ലിലിയന്‍ പിറ്റേന്ന് ആശുപത്രിയില്‍ വെച്ച് അന്തരിക്കുകയാണ് ഉണ്ടായത്. മരണക്കിടക്കയിലും താന്‍ നടത്തിയ പരീക്ഷണത്തെ കുറിച്ച് വാചാലനായ അദ്ദേഹം “പുരോഗതിക്കു വേണ്ടി ജീവന്‍ കൊടുക്കേണ്ടി വരികതന്നെ ചെയ്യും” എന്നാണത്രേ അവസാനമായി പറഞ്ഞത്. തന്റെ പ്രവര്‍ത്തനങ്ങള്‍ പറക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണത്തിനു സഹായകമാകും എന്ന് അദ്ദേഹത്തിനു നല്ല ഉറപ്പായിരുന്നു .

തന്റെ ചെറിയ പ്രവര്‍ത്തന കാലയളവില്‍ ദിവസവും പറക്കാന്‍ ആ മനുഷ്യനെ പ്രേരിപ്പിച്ചതു പക്ഷികളുടെ പറക്കലായിരുന്നു. ഒരു സാഹസികനായ കുട്ടിയുടെ കൗതുകം മനസ്സില്‍ മരണം വരെയും അദ്ദേഹം നിലനിര്‍ത്തിയിരുന്നു. അതാകട്ടെ മനുഷ്യന്റെ പറക്കാനുള്ള ആഗ്രഹത്തിന്റെ പൂര്ത്തീകരണത്തിനു കാരണമാകുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗോവന്‍ കടപ്പുറത്ത് വെച്ച് കുറെ പേര്‍ പാരാഗ്ലൈഡിംഗ് നടത്തുന്നത് കാണുകയുണ്ടായി. സാമ്പത്തികമായി പ്രശ്നം നേരിട്ടതിനാല്‍ എനിക്കതില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല .  ടെലിവിഷനില്‍ ഗ്ലൈഡിംഗ് കാണുമ്പോള്‍ .. ആകാശത്ത് പരുന്ത് വട്ടമിട്ടു പറക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തുക പറക്കാന്‍ വേണ്ടി ജീവിച്ചു മരിച്ച ഈ സാഹസികന്റെ മുഖമാണ് ഒപ്പം എന്നെങ്കിലുമൊരിക്കല്‍ ഒരു കുന്നിന്‍ താഴ്വരയിലൂടെ ഗ്ലൈഡ് ചെയ്യണമെന്ന ആഗ്രഹവും.

 *ഐക്കണ്‍: IconArchive.com

Share.

About Author

148q, 0.727s