Leaderboard Ad

പശ്ചിമഘട്ട മേഖലയിലെ കൃഷി – ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍(വിവർത്തനം)

0

       രമ്പരാഗതമായ കൃഷി രീതികളില്‍ നിന്നും മാറി, തേയില, കാപ്പി, ഏലം, റബ്ബര്‍ തുടങ്ങിയവയുടെ തോട്ടങ്ങള്‍ വന്നതിന്റെ ഫലമായി പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിക്കുണ്ടായ വലിയ തോതിലുള്ള അപരിഹാര്യമായ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിനു മുന്നേ വരെ ഏകവിളയുടെ കാര്യം മലയോരത്തിന് അറിവുണ്ടായിരുന്നുമില്ല. ആദ്യ സമയങ്ങളില്‍ ഭക്ഷണത്തിന് ആവശ്യമായ വിളകളും, വരുമാനത്തിന് വേണ്ടി അനുബന്ധമായി നാണ്യവിളകളും കൃഷി ചെയ്യുന്ന രീതിയാണ് പിന്തുടര്‍ന്ന് പോന്നിരുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ കൃഷി രീതികള്‍ക്ക് വലിയ തോതിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുകയും, ബ്രിട്ടീഷുകാര്‍ തേയിലത്തോട്ടങ്ങള്‍, കാപ്പിത്തോട്ടങ്ങള്‍, തേക്ക് പ്ലാന്റെഷന്‍ തുടങ്ങിയവ ആരംഭിക്കുകയും, പിന്നീട് വന്ന ഇന്ത്യന്‍ സര്‍ക്കാരുകള്‍ ആ രീതി പിന്തുടരുകയും ചെയ്തു. നാണ്യവിളകളുടെ പോഷിപ്പിക്കല്‍, ഉത്പാദന പ്രക്രിയകള്‍, വിപണനം എന്നിവക്കായി പ്രത്യേകം പ്രത്യേകം വകുപ്പുകള്‍ / ബോര്‍ഡുകള്‍ രൂപവല്‍ക്കരിക്കുകയും ചെയ്തു.

Issues of Concern

പശ്ചിമഘട്ട മേഖലയിലെ വര്‍ധിച്ചതോതിലുള്ള നാണ്യവിളകളുടെ ഉത്പാദനപ്രക്രിയകളുടെ ഫലമായി, കാട് തുണ്ടുതുണ്ടായി വേര്‍തിരിക്കപ്പെടുകയും, മണ്ണൊലിപ്പ്, നദികളിലെ ആവാസവ്യവസ്ഥയില്‍ രാസപരവും ജൈവപരവുമായ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും, പരിസ്ഥിതി മലീമാസമാവുകയും ചെയ്തു. DDT പോലെയുള്ള കീടനാശിനികളുടെ ഉപയോഗം ബ്രിട്ടീഷുകാരുടെ കാലം മുതല്‍ തന്നെ പ്രാബല്യത്തില്‍ ഉണ്ടായിരുന്നു. പിന്നീട്, തോട്ടങ്ങളില്‍ വലിയതോതില്‍ കീടനാശിനികള്‍ തളിക്കുന്നത് വഴി പരിസ്ഥിതിക്കും, ജൈവവൈവിദ്ധ്യങ്ങളും മാത്രമല്ല, കൃഷിയെ വരെ അസന്തുലിതമാക്കി. തൊണ്ണൂറുകളുടെ അവസാനത്തോട് കൂടി വാണിജ്യനയങ്ങളില്‍ വന്ന മാറ്റങ്ങള്‍ മൂലം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കുറവുണ്ടാവുക, കര്‍ഷക ആത്മഹത്യകള്‍, തേയില തോട്ടങ്ങളുടെ അടച്ചുപൂട്ടല്‍ എന്നിവ വഴി ഈ അസന്തുലിതാവസ്ഥ കാണാനായി. വെള്ളം കൂടുതലായി വലിച്ചെടുക്കുന്ന വിളകള്‍ നടുന്നത് വഴി ഇത് കൂടുതല്‍ വഷളായി. കര്‍ഷകര്‍ ഈ സ്ഥിതിവിശേഷം തിരിച്ചറിഞ്ഞു. പരിസ്ഥിതി സംഘടനകള്‍ ഈ വിഷയങ്ങള്‍ ഉയര്‍ത്തുകയും, സന്തുലിതമായ നടപടിക്രമങ്ങള്‍ പാലിക്കപ്പെടണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈയടുത്ത കാലത്തായി, ശാസ്ത്രജ്ഞരും മണ്ണൊലിപ്പ്, പരിസ്ഥിതി മലിനീകരണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തുകയുണ്ടായി.
പശ്ചിമഘട്ടമേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണിനും, വെള്ളത്തിനും ഉണ്ടാവുന്ന രാസജൈവപരമായ മാലിന്യങ്ങള്‍ താഴ്ന്ന പ്രദേശങ്ങളിലേക്ക് വരുകയും, സമതലപ്രദേശങ്ങളും, തീരപ്രദേശങ്ങളും മലീമസമാക്കപ്പെടുകയും ചെയ്യുന്നത് അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട പാരിസ്ഥിതിക പ്രശ്നമാണ്. അതുകൊണ്ട് തന്നെ, പശ്ചിമഘട്ടമേഖലയിലെ പരിസ്ഥിതിയെ തകര്‍ക്കുന്ന രീതികള്‍ അടിയന്തരമായി നിര്‍ത്തലാക്കാനുള്ള ഉത്തരവ് ഇറക്കുകയും, പകരം പ്രകൃതിയെ സന്തുലിതമാക്കി നിര്‍ത്താന്‍ സഹായകരമായ കൃഷി രീതികള്‍ പ്രാബല്യത്തില്‍ കൊണ്ട് വരികയും ചെയ്യണം.
ഇത് നടപ്പില്‍ വരുത്തുന്നതിനായി, പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ കൊടുക്കുകയും, പശ്ചിമഘട്ട മേഖലയിലെ സര്‍ക്കാര്‍ സംവിധാനങ്ങളെയും സംഘടനകളെയും സംയോജിപ്പിക്കുകയും, പശ്ചിമഘട്ട മേഖലയില്‍ നിലവിലുള്ള കൃഷിരീതികളില്‍ കാര്യമായ മാറ്റം വരുത്താന്‍ സഹായകമാവുകയും ചെയ്യുന്ന നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. വലിയ തോട്ടങ്ങള്‍ക്കും, ചെറുകിട കൃഷികള്‍ക്കും പ്രത്യേകം പ്രത്യേകം മാര്‍ഗങ്ങള്‍ കണ്ടെത്തണം. വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അനുബന്ധവകുപ്പുകളാണ് പശ്ചിമഘട്ടമേഖലയിലെ കൃഷിയുടെ വികാസത്തിന് പിന്നില്‍ എന്നതുകൊണ്ട്‌ ശരിയായ ദിശയിലുള്ളതും, ശക്തമായതുമായ ഒരു നയം തന്നെ പരിസ്ഥിതി സന്തുലിതമായ കൃഷിരീതികള്‍ നടപ്പിലാക്കുന്നതിനു ആവശ്യമാണ്‌. കൂടാതെ, ഭക്ഷ്യസുരക്ഷ എന്നതുകൊണ്ട്‌ പ്രധാനമായും അര്‍ത്ഥമാക്കുന്നത് അരി ഗോതമ്പ് തുടങ്ങിയ ഭക്ഷണസാധനങ്ങളുടെ ഉപഭോഗവും, പോഷകാഹാര സുരക്ഷ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത് പലതരത്തിലുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഉപഭോഗവും ആണെന്ന് മനസ്സിലാക്കണം.
അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള ഒരു കാര്‍ഷിക നയം വിസ്തൃതമായ പശ്ചിമഘട്ടമേഖലക്ക് വേണ്ടി രൂപീകരിക്കുന്നതിനായി ഭരണ നിര്‍വഹണ അധികാരമുള്ള ഒരു ഏകോപന സമിതി രൂപീകരിക്കണം. Western Ghats Ecology Authority ഇതിനു തികച്ചും അനുയോജ്യമാണ്.

Measures for Mitigation/Improvement

1. ഭൂമിയുടെ ഉപഭോഗത്തിന്റെ ആസൂത്രണം – തിരഞ്ഞെടുത്ത മേഖലകളില്‍ / സ്ഥലങ്ങളില്‍ (Landscape planning in select regions /locations )

വിവിധ തരത്തിലുള്ള വിളയെടുപ്പ് രീതികളെയും, മറ്റുള്ള വികസന പ്രവര്‍ത്തനങ്ങളെയും സംയോജിപ്പിച്ച് കൊണ്ട്, ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍, ഓരോ ഏരിയയും വിസ്തൃതമായ ഒരു ഭൂപ്രദേശത്തിന്റെ ഭാഗമായി കണ്ടുകൊണ്ടു ആസൂത്രണം നടത്താനായുള്ള സ്ഥാനങ്ങള്‍ കണ്ടെത്തുക.

2. ഏകവിള രീതിയില്‍ നിന്നും വിവിധ വിളകള്‍/ മിശ്രവിളകള്‍ കൃഷി ചെയ്യുന്ന രീതിയിലെക്കുള്ള മാറ്റം (Shift from monoculture to polyculture/mixed cropping systems)

തേക്ക്, തേയില കാപ്പിത്തോട്ടങ്ങള്‍ പോലെയുള്ള ഏകവിളകളുടെ പ്ലാന്റെഷനുമായി, പ്രദേശത്തിന് അനുയോജ്യമായതും, മണ്ണൊലിപ്പ് തടയാനും, ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതും, വെള്ളം തടഞ്ഞു നിര്‍ത്താന്‍ ശേഷിയുള്ളതും, വരുമാനം വര്‍ദ്ധിപ്പിക്കുന്നതുമായ പ്രാദേശിക വിളകള്‍, ധാന്യവിളകള്‍, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവ സംയോജിപ്പിക്കുക എന്നത് ആവശ്യമാണ്. അനിവാര്യമായ ഈ മാറ്റത്തിനായി ഓരോ സംസ്ഥാനങ്ങളും അനുയോജ്യമായ നയങ്ങള്‍ രൂപീകരിക്കണം. വലിയ തോട്ടങ്ങള്‍ എല്ലാം സര്‍ക്കാര്‍ പാട്ടത്തിനു കൊടുത്തതായതുകൊണ്ടും, ശക്തമായ പാട്ടവ്യവസ്ഥകള്‍ ഉള്ളതുകൊണ്ടും കൃഷിരീതികള്‍ നടപ്പിലാക്കുന്നതില്‍ ബുദ്ധിമുട്ടില്ല. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതും, സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ളതുമായ എല്ലാ തോട്ടങ്ങളിലും വിവിധ ഇനങ്ങളിലുള്ള വിളകള്‍ നട്ടുവളര്‍ത്തുന്ന രീതികള്‍ പിന്തുടരണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തോട്ടങ്ങളില്‍ ആദ്യമേ ഈ രീതി പിന്തുടര്‍ന്ന് സുസ്ഥിര വികസനത്തിനുള്ള ഒരു മാതൃകയാവണം. ഇതിനെല്ലാം പുറമേ, തോട്ടങ്ങളില്‍ ജലസ്രോതസുകള്‍ക്ക് സമീപമുള്ള ഒരു നിശ്ചിതശതമാനം സ്ഥലം, കൃത്യമായ ശാസ്ത്രീയ മൂല്യനിര്‍ണയത്തിനു ശേഷം പ്രകൃത്യാലുള്ള പുനരുത്പാദനത്തിനായി നീക്കി വെക്കണം (ആവശ്യമെങ്കില്‍).

3. പാരിസ്ഥിതികമായ മണ്ണ് പരിപാലന രീതികള്‍ പിന്തുടരുക/ പ്രോത്സാഹിപ്പിക്കുക (Encourage/Support ecological soil conservation measures in the Western Ghats)

വലിയ തോട്ടങ്ങളിലും, ചെറിയ ഫാമുകളിലും പിന്തുടരുന്ന കല്ലുപതിപ്പിച്ച ബണ്ടുകള്‍ നിര്‍മ്മിക്കുന്ന ഇപ്പോഴത്തെ രീതിക്ക് പകരം, വേലിയുടെ പ്രയോജനം ചെയ്യുന്ന കുറ്റിച്ചെടികള്‍, വെള്ളവും മണ്ണും തടഞ്ഞു നിര്‍ത്താന്‍ ശേഷിയുള്ള ധാന്യവിളകള്‍ മുതലായവ നട്ടുപിടിപ്പിക്കുക.

4. കളനാശിനികളുടെ ഉപയോഗം അവസാനിപ്പിക്കുക (Discontinue the use of weedicides)

പശ്ചിമഘട്ട മേഖലയില്‍ വര്‍ധിച്ചു വരുന്ന കളനാശിനികളുടെ ഉപയോഗം ജൈവവൈവിധ്യത്തത്തെ അപകടകരമായി ബാധിക്കുകയും , സാമ്പത്തികദൃഷ്ട്യാ വിലമതിപ്പുള്ള വര്‍ഗങ്ങളുടെ നാശത്തിനും കാരണമായിട്ടുണ്ട്. കൂടാതെ ദൃഡവിത്തുകളുടെ ഉണ്ടാവുന്നതിനും കാരണമായി. അതുകൊണ്ട് തന്നെ പശ്ചിമഘട്ടമേഖലയിലെ കളനാശിനികളുടെ ഉപയോഗം അതിന്റെ ആപത്കരമായ സ്വഭാവത്തിന് അനുസരിച്ച് എത്രയും പെട്ടെന്ന് തന്നെ നിരോധിക്കണം. കൃഷിക്കാരുടെ അഭിപ്രായത്തില്‍, മാനുഷികശേഷിയോ, യന്ത്രങ്ങളോ ഉപയോഗിക്കുന്നതിനേക്കാള്‍ സാമ്പത്തികമായി മെച്ചം കളനാശിനികളുടെ ഉപയോഗമാണ്. അതുകൊണ്ട് കളകള്‍ നീക്കം ചെയ്യാന്‍ വേണ്ടി തൊഴിലാളികളെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സഹായധനം നല്‍കുക എന്നത് പ്രധാനമാണ്. മറ്റൊരു മാര്‍ഗം, ചെറുകിട ഇടത്തരം തോട്ടങ്ങളില്‍ MGNREGA അനുസരിച്ചുള്ള സഹായം നല്‍കുകയും, വന്‍കിട തോട്ടങ്ങളില്‍ കളകള്‍ നശിപ്പിക്കുന്നതിനായുള്ള യന്ത്രങ്ങള്‍ വാങ്ങുന്നതിന് സഹായധനം നല്‍കുക.

5. കീടനാശിനികളുടെയും, കുമിള്‍നാശിനികളുടെയും ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുക (Phase out the use of insecticides and fungicides)

പശ്ചിമഘട്ടത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നടത്തുന്ന കീടനാശിനികളുടെയും കുമിള്‍നാശിനികളുടെയും ഉപയോഗം, താഴ്ന്ന പ്രദേശങ്ങളിലേക്ക് കൂടി വരുന്നതിനാല്‍ മുഴുവന്‍ കൃഷി/ചതുപ്പ് നിലങ്ങളും മലീമാസമാക്കുന്നതുകൊണ്ട്, മേഖലയില്‍ ഇവയുടെ ഉപയോഗം വെട്ടിക്കുറക്കണം. അതുകൊണ്ട് തന്നെ അഞ്ചു മുതല്‍ പത്തു വര്‍ഷംകൊണ്ട് മേഖലയിലെ കീടനാശിനികളുടെയും കുമിള്‍നാശിനികളുടെയും ഉപയോഗം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനുള്ള കര്‍മ്മ പദ്ധതികളും ഏകീകൃതമായ കാര്യപരിപാടികളും പ്രാബല്യത്തില്‍ കൊണ്ടുവരണം. Organic Farming Policy of Kerala, കേരളത്തില്‍ മാത്രമല്ല, പശ്ചിമഘട്ട മലനിരകളുടെ പ്രയോജനം അനുഭവിക്കുന്ന മറ്റുള്ള സംസ്ഥാനങ്ങളിലും നടപ്പിലാക്കാവുന്ന ഒരു മാതൃകയാണ്. ഇത് നടപ്പിലാക്കുന്നതിനായി മുന്‍ഗണന ക്രമത്തില്‍ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണം. ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതികളുമായി സംയോജിപ്പിച്ച് കൊണ്ട് വനപ്രദേശത്തിന്റെയും, ജലസ്രോതസുകളുടെയും സമീപമുള്ള തോട്ടങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും മുന്‍ഗണന കൊടുക്കണം. സംക്രമണകാലയളവില്‍ കൃഷിക്കാര്‍ക്ക് ആവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ നല്‍കണം.

6. ജൈവവളങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക (Encourage use of organic manures)

പശ്ചിമഘട്ട മേഖലയിലെ രാസവളങ്ങളുടെ ഉപയോഗം മണ്ണിലെ ജീവികളെ മാത്രമല്ല, മണ്ണിന്റെ വളക്കൂറിനെ വരെ മാറ്റിമറിച്ചു. ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലാതെ വര്‍ധിച്ച അനുപാതത്തില്‍ ഉള്ള രാസവളത്തിന്റെ ഉപയോഗതിലേക്ക് ഇത് കര്‍ഷകരെ നയിച്ചു. രാസവളങ്ങള്‍ കൂടുതല്‍ വെള്ളം വലിച്ചെടുക്കുന്നതുകൊണ്ട്, വളത്തിന്റെ ഉപയോഗം പശ്ചിമഘട്ടത്തിലെ ജലസ്രോതസുകളുടെ അമിതഉപഭോഗത്തില്‍ കലാശിക്കുന്നു. ഇത് പശ്ചിമഘട്ട മലനിരകളിലെയും ഒഴുക്കിന്റെ ദിശയിലുമുള്ള പരിസ്ഥിതിയെ മലീമസമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് പ്രദേശത്ത് ജൈവപ്രവൃത്തികള്‍ നടപ്പിലാക്കണ്ടത് ആവശ്യമാണ്. ഫാമില്‍ തന്നെയുള്ള ജൈവവള ഉത്പാദനം, ധാന്യവിളകളുടെ തുടര്‍ച്ച, പച്ചില വളങ്ങളുടെ ഉത്പാദനം തുടങ്ങിയവയ്ക്ക് പിന്തുണ / ധനസഹായം നല്‍കുക. ജൈവവളങ്ങളുടെ ഉത്പാദനം പൂര്‍ണ്ണമായും വാര്‍ഡ്‌ തലത്തില്‍ വികേന്ദ്രീകരിക്കണം. ഗുണനിലവാരമുള്ള ജൈവവളം, പിണ്ണാക്ക്, ജീവാണുവളം തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതിനായി സ്വയം സഹായ സംഘങ്ങള്‍ / പ്രാദേശിക വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ സഹായിക്കുക. വന്‍കിട തോട്ടങ്ങളില്‍ ജൈവവളം ഉത്പാദിപ്പിക്കുന്നത് വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധ്യമാവും.

7. ജൈവകര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം (Financial support to organic farmers)

ആദ്യത്തെ രണ്ടുമൂന്നു വര്‍ഷങ്ങളില്‍ ഉണ്ടാവുന്ന വരുമാനനഷ്ടം സംസ്ഥാനം നികത്തണം. കാര്‍ഷിക വളങ്ങള്‍ക്ക് കൊടുക്കുന്ന സബ്സിഡി വകമാറ്റി ജൈവ കര്‍ഷകര്‍ക്ക് സഹായമായി കൊടുക്കുന്നത് വഴി സംസ്ഥാനത്തിന് ഉണ്ടാവുന്ന അധികനഷ്ടം നികത്താന്‍ സാധിക്കും. പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയോടും, വാര്‍ഷിക ബജറ്റിനോടും സംയോജിപ്പിച്ച് കൊണ്ട് വേണം ജൈവകൃഷി നടപ്പിലാക്കേണ്ടത്. പശ്ചിമഘട്ടത്തിലെ മുഴുവന്‍ ധാന്യവിളകളെയും അടുത്ത അഞ്ചു വര്‍ഷത്തില്‍ വിഷവിമുക്തമാക്കുന്നത് വഴിയും, നാണ്യവിളകളെ അടുത്ത പത്തു വര്‍ഷത്തില്‍ വിഷവിമുക്തമാക്കുന്നത് വഴിയും കുറഞ്ഞത് ഓരോ പഞ്ചായത്തിലെയും കൃഷിയുടെയും ഉദ്യാന നിര്‍മ്മാണത്തിന്റെയും ഇരുപതു ശതമാനവും, തോട്ടങ്ങളുടെ പത്തു ശതമാനവും ജൈവനിര്‍മ്മിതിയിലേക്ക് മാറ്റാന്‍ സാധിക്കും.

8. വിവിധതരം ധാന്യവിളകളുടെ തിരഞ്ഞെടുപ്പ് (Selection of crops and varieties)

പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് വേണ്ടി ഇപ്പോള്‍ പിന്തുടര്‍ന്ന് പോരുന്ന കൂടുതല്‍ വരുമാനം നല്‍കുന്ന വിളകളുടെയും, ഉത്പാദനക്ഷമത കൂട്ടുന്നതിനു വേണ്ടിയുള്ള സങ്കരയിനം വിളകളുടെയും അവതരണം പുനക്രമീകരിക്കണം. കൃഷിപ്പണിയില്‍ ഉപയോഗിക്കുന്ന വിവിധയിനം ധാന്യവിളകള്‍ water-intensiveഉം input-intensiveമാണ്. അങ്ങനെയുള്ള വിളകള്‍ തിരിച്ചറിയുകയും, തത്ഫലമായി കുറഞ്ഞശ്രദ്ധ വേണ്ടുന്ന വിവിധയിനം ധാന്യവിളകള്‍ വികസിപ്പിച്ചെടുക്കുന്നത് വഴി ഇത് മുഴുവനായും നിരുല്‍സാഹപ്പെടുത്താന്‍ സാധിക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി പ്രാദേശിക നഴ്സറികള്‍ ആരംഭിക്കണം. പശ്ചിമഘട്ട മേഖലയിലെ ഉത്പാദനത്തിന്റെ അടിസ്ഥാനം അളവല്ല ഗുണമേന്മ ആയിരിക്കണം. അതോടൊപ്പം തന്നെ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വിപണന മാര്‍ഗങ്ങളും ആവിഷ്കരിക്കണം. വരുമാന വര്‍ദ്ധനവിനും, പ്രാദേശിക സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും, മൂല്യ സങ്കലനവും, പ്രാദേശികമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ഒരു മാര്‍ഗമാണ്.

9. കാര്‍ഷിക ജൈവവൈവിധ്യ പരിപാലനവും ധാന്യവിളകളുടെ മികവും (Agro-biodiversity conservation and crop improvement)

ഹരിത വിപ്ലവത്തിന് ശേഷം പല കാര്‍ഷിക വിളയിനങ്ങളും, കാര്‍ഷിക-പരിസ്ഥിതിയിലെ മറ്റു ജൈവഘടകങ്ങളും വലിയ അളവില്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നത് തര്‍ക്കമറ്റതാണ്. പശ്ചിമഘട്ടം പോലെയുള്ള വിവിധ ധാന്യവിളകളുടെയും, പച്ചക്കറികളുടെയും, കിഴങ്ങുവര്‍ഗങ്ങളുടെയും, പഴവര്‍ഗങ്ങളുടെയും വൈവിദ്ധ്യത്തിന്റെ കലവറയില്‍ ഇത് കൂടുതലായിരിക്കും. പരമ്പരാഗത പ്രകൃതിവിഭവങ്ങള്‍ കാര്‍ഷികനിലത്ത് വെച്ച് തന്നെ തിരിച്ചറിയാനും, പുനസ്ഥാപിക്കാനും, സംരക്ഷിക്കാനും, നശിക്കാതെ പരിപാലിക്കാനുമുളള ഉറച്ച ശ്രമങ്ങള്‍ നടത്തണം. ex-situ conservation centres ഡെവലപ്പ് ചെയ്യുന്ന സമയത്തും ഇത് ശ്രദ്ധിക്കണം. ഓരോ പ്രദേശത്തിന് അനുയോജ്യമായ പരമ്പരാഗത ധാന്യവിളകള്‍ വികസിപ്പിച്ചെടുക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ തന്നെ കര്‍ഷകരെ, സ്ത്രീകളും ഉള്‍പ്പെടെ, ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പങ്കാളിത്ത വിള പരിപാലനവും, വിളകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കണം. മലയോരമേഖലയിലെ ആവാസവ്യവസ്ഥക്ക്‌ പ്രകൃത്യാലുള്ള വൈവിധ്യവും, വിളയിനങ്ങള്‍ക്ക് പ്രാദേശിക പരിസ്ഥിതിയോട് ഇണങ്ങാനുള്ള കഴിവുണ്ടെന്നും, സമതലങ്ങളിലും മറ്റു പ്രദേശങ്ങളിലും വികസിപ്പിച്ചെടുക്കുന്ന വിത്തിനങ്ങള്‍ മലയോരങ്ങളില്‍ നന്നായി വളരില്ല എന്തും ശ്രദ്ധിക്കേണ്ടതാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പ്രാദേശികമായി ഇണങ്ങുന്ന രീതിയിലുള്ള കാര്‍ഷിക വിളകള്‍ ശേഖരിച്ചു വെക്കേണ്ടത് ആവശ്യമാണ്.

10. പശ്ചിമഘട്ടത്തെ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍, മരങ്ങള്‍, ജീവജാലങ്ങള്‍ തുടങ്ങിയവയില്‍ നിന്നും വിമുക്തമാക്കല്‍

പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം- ഇതുവരെ പൂര്‍ണ്ണമായും രേഖപ്പെടുത്തിയിട്ടില്ല എങ്കിലും, ലോകത്തിലെ തന്നെ ഒരു ജൈവവൈവിധ്യ അരക്ഷിതാവസ്ഥയുള്ള സ്ഥലം – ആണ് ഇന്നത്തെ കൃഷി ചെയ്യപ്പെടുന്ന ഇനങ്ങളുടെ original genes-ന്റെ സ്രോതസ്. ജനിതകമാറ്റം വരുത്തിയ വിളകള്‍, വൃക്ഷങ്ങള്‍ തുടങ്ങിയ പ്രകൃതിവിരുദ്ധ സ്രോതസുകള്‍ വഴി പശ്ചിമഘട്ട മേഖലയിലെ ജൈവവൈവിധ്യത്തെ ജനിതക മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കണം. GM വിത്തുകള്‍ ഉപയോഗിക്കുന്നത് വഴി ജനിതക മലിനീകരണം ഉണ്ടാവും എന്നത് സ്ഥാപിതമായത് കൊണ്ട് പശ്ചിമഘട്ട മേഖലയില്‍ GMവിത്തുകളുടെ ഉപയോഗം അനുവദിക്കരുത്. തുറന്ന സ്ഥലങ്ങളിലുള്ള പരീക്ഷണം പോലും അനുവദിക്കരുത്. ഈ രീതി നിര്‍ത്തലാക്കാന്‍ വേണ്ടി പെട്ടെന്ന് തന്നെ നടപടികള്‍ എടുക്കണം. അതോടൊപ്പം തന്നെ കര്‍ഷകര്‍ക്ക് non-Btപരുത്തി വിത്തുകള്‍ വിതരണം ചെയ്യണം. പശ്ചിമഘട്ട മേഖലയിലെ കര്‍ഷകര്‍ക്ക് ജൈവകൃഷിയിലേക്ക് മാറാനുള്ള പ്രചോദനം നല്‍കണം. അതിനോടൊപ്പം പരുത്തി കര്‍ഷകര്‍ക്ക് വിപണന മാര്‍ഗങ്ങളും തുറന്നു കൊടുക്കണം. GM റബ്ബര്‍ പോലെയുള്ള GMവൃക്ഷങ്ങള്‍ നടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് ഒരിക്കലും അനുവദിക്കരുത്.

11. അവബോധം വളര്‍ത്തല്‍ (Awareness building)

പശ്ചിമഘട്ട മേഖലയില്‍ പല കര്മ്മപരിപാടികളും നടപ്പിലാക്കുന്നതിനു വേണ്ടി വലിയ തോതിലുള്ള സാമൂഹിക പിന്തുണ ആവശ്യമാണ്, അതിനായി ഉപഭോക്താക്കളും, വ്യാപാരികളും, നയരൂപീകരണം നടത്തുന്നവരും ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ ഇടയില്‍ അത്യന്താപേക്ഷിതമായ സുസ്ഥിര കാര്‍ഷിക വികസനത്തെ കുറിച്ചുള്ള അവബോധം വളര്‍ത്തിഎടുക്കണം.

12. പശ്ചിമഘട്ട മലനിരകളിലെ ജൈവൈവിധ്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കുട്ടികളുടെ പങ്ക് എന്ത് എന്നതിനെ കുറിച്ചും ജൈവ-പരിസ്ഥിതി സന്തുലിത കൃഷിയെ കുറിച്ചും ഉള്ള വിദ്യാഭ്യാസം (Educating children about organic and ecological farming and their role in conserving the biodiversity of the Western Ghats)

പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം, പ്രത്യേകിച്ചും ജലസ്രോതസ് എന്ന നിലയിലുള്ള പ്രാധാന്യവും കാര്‍ഷിക ഇനങ്ങളുടെ ജനിതക കലവറ എന്ന നിലയിലുള്ള പ്രാധാന്യവും, അതിന്റെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, ആവാസ വ്യവസ്ഥക്ക് നാശനഷ്ടങ്ങള്‍ വരാത്ത വിധത്തിലുള്ള പരിസ്ഥിതി സൌഹൃദ കൃഷി രീതിയുടെ പ്രാധാന്യത്തെ കുറിച്ചും, എല്ലാം പശ്ചിമഘട്ട മേഖലയില്‍ വരുന്ന സംസ്ഥാനങ്ങളിലെ സ്കൂളുകളിലെ കുട്ടികളെ പ്രാദേശിക ഭാഷയില്‍ പഠിപ്പിക്കണം.

13. വനത്തിലെ നടവഴികള്‍ (Forest corridors)

മൃഗങ്ങള്‍ സഞ്ചരിക്കുന്ന വഴിയിലുള്ള തോട്ടങ്ങള്‍ ഉപേക്ഷിക്കണം. ആവശ്യമായ ഇടങ്ങളില്‍ അത് ക്രമേണ വനമായി തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുക.

14. തോട്ടങ്ങളുടെ ഉള്ളിലുള്ള വനപ്രദേശം (Forest patches within and along the streams in the plantation)

തോട്ടങ്ങളുടെ ഉള്ളിലുള്ള ചെറിയ വനപ്രദേശങ്ങളും, ചെറു നദികളുടെ ഒഴുക്കിന്റെ ദിശയില്‍ ഉള്ള ചെറുകാടുകളും ജൈവവൈവിദ്ധ്യത്തിന്റെ അഭയസ്ഥാനം ആയതുകൊണ്ട് അവയെ സംരക്ഷിക്കണം. ഈ ചെറു ജൈവവൈവിധ്യ ദ്വീപുകളില്‍ പല വംശനാശഭീഷണി നേരിടുന്നതും, ചില പ്രത്യേക പ്രദേശങ്ങളില്‍ മാത്രം കണ്ടു വരുന്നതുമായ വര്‍ഗ്ഗത്തില്‍ പെട്ടവയെ കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലേക്ക് തോട്ടങ്ങള്‍ വികസിപ്പിക്കുന്നത് തടയണം.

15. സാമൂഹ്യ വനവല്‍ക്കരണം (Community forestry)

ആവശ്യമായ വളം ഉല്‍പ്പാദിപ്പിക്കുന്നതിനും, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ടി വൈക്കോല്‍ കാലിത്തീറ്റ ആയിട്ടും, ഇന്ധനമായും മറ്റു പല ആവശ്യങ്ങള്‍ക്കും സഹായകരമാവാന്‍ വേണ്ടി സാമൂഹ്യ വനവല്‍ക്കരണം പ്രോത്സാഹിപ്പിക്കണം.

16. വന്യമൃഗങ്ങളുടെ ശല്ല്യം (Wildlife problems)
പശ്ചിമഘട്ടമേഖലയിലെ കൃഷിക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വന്യമൃഗങ്ങളുടെ ശല്ല്യം മൂലം ഉണ്ടാവുന്ന കൃഷി നാശനഷ്ടങ്ങള്‍. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്നതിനോടൊപ്പം തന്നെ, വന്യജീവികള്‍ക്ക് അനുയോജ്യമല്ലാത്ത കാര്‍ഷിക വിളകളിലേക്ക് മാറാനും ശ്രമിക്കണം. പല സ്ഥലങ്ങളിലും കാട്ടുപന്നികളുടെ ആക്രമണം കൃഷി നാശത്തിനു കാരണമാവുന്നുണ്ട്. അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശകരേഖകളുടെ അടിസ്ഥാനത്തില്‍ അവയെ വേര്‍തിരിച്ചെടുത്ത്‌, കുടില്‍വ്യവസായം പോലെയുള്ള വാണിജ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക. വിത്തിനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ സസ്യഭുക്കുകളായ മൃഗങ്ങളുടെ ആക്രമണത്തിന് ഒരു പരിധി വരെ സഹായകരമാവുമെങ്കിലും, ആനകളുടെ നടപ്പാതയില്‍ ഉള്ള കൃഷികള്‍ ഒഴിവാക്കണം. വന്യമൃഗ ശല്ല്യം കൊണ്ട് കൃഷിനാശം വരുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കണം

17. വിപണനം (Marketing)

മാര്‍ഗരേഖകള്‍;
ഇടനിലക്കാരെ ഒഴിവാക്കി കൃഷിക്കാര്‍ക്ക് ലാഭം നേടികൊടുക്കുക
Costa Rican Coffeeക്ക് ചെയ്തത് പോലെ, പരിപാലന ശ്രമങ്ങള്‍ വഴി ഉത്പാദിപ്പിക്കുന്നവക്ക് കൂടിയ വില നിര്‍ണ്ണയിക്കുക.
ജൈവകൃഷി രീതികള്‍ വഴി പശ്ചിമഘട്ടത്തില്‍ ഉണ്ടാവുന്ന നാടന്‍ / ഉല്‍പ്പന്നങ്ങള്‍ പ്രാദേശിക മാര്‍ക്കറ്റുകളില്‍ കൂടി ബന്ധിപ്പിക്കുക
ജൈവകര്‍ഷകര്‍ക്ക് carbon credits ഉറപ്പുവരുത്തുക.
Western Ghats Ecology Authorityയുടെ നേതൃത്വത്തില്‍ വികസിപ്പിചെടുക്കുന്നതും, നടപ്പിലാക്കുന്നതുമായ എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ ഉറപ്പു വരുത്തുക

18. ഗോത്ര കൃഷി (Tribal farming)

ഗോത്ര കൃഷി രീതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടി പരമ്പരാഗത കൃഷിരീതികള്‍ കോര്‍ത്തിണക്കിയ മാര്‍ഗങ്ങള്‍ പരമ്പരാഗത വിത്തിനങ്ങളും, ഭക്ഷണരീതികളും തിരിച്ചു കൊണ്ടുവരുന്നതിനായി വികസിപ്പിചെടുക്കണം.

19. ഗവേഷണങ്ങള്‍ (Research)

പരമ്പരാഗത കൃഷിയിനങ്ങളുടെ പുനഃസ്ഥാപിക്കല്‍, പ്രദേശത്തിന് അനുയോജ്യമായ ചെലവ് കുറഞ്ഞ ജൈവകൃഷി രീതികള്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് പശ്ചിമഘട്ടമേഖലയിലെ കൃഷി ഉദ്യാന നിര്‍മ്മാണ രീതികളില്‍ ഗവേഷണം നടത്തുക. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, ഗവേഷണ സ്ഥാപനങ്ങളെയും കര്‍ഷകര്‍ക്ക് അജൈവ കൃഷി രീതികളില്‍ നിന്നും ജൈവ കൃഷിരീതികളിലേക്ക് മാറുന്നതിനു സഹായകരമായ ഗവേഷണ പ്രോജക്റ്റുകള്‍ ഏറ്റെടുക്കാനുള്ള പ്രോല്സാഹങ്ങള്‍ നല്‍കുക.

Share.

About Author

134q, 0.644s