Leaderboard Ad

പാര്‍ട്ടി പ്ലീനത്തിന്‍റെ സന്ദേശവും ദൌത്യവും.

0

പ്രസ്ഥാനത്തെ ജീവന് തുല്യം സ്നേഹിക്കുന്ന, പ്രസ്ഥാനത്തിന്‍റെ പടയാളികള്‍ ആയ എല്ലാ സഖാക്കളും കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങള്‍ ഉള്‍കൊള്ളുക, സംഘടനാ തത്വങ്ങള്‍ കര്‍ശനമായി പാലിക്കുക എന്നതാണ് പ്ലീനം ഓരോ സഖാവിനും നല്‍കുന്ന സന്ദേശം. വിരുദ്ധ വര്‍ഗ്ഗ ആധിപത്യം നിലനില്‍ക്കുന്ന വ്യവസ്ഥിതിക്ക് അകത്തു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം എന്ന നിലക്ക് പാര്‍ട്ടിയുടെ മൂല്യബോധത്തിലും സംസ്കാരത്തിലും വന്നുഭവിച്ചിട്ടുള്ള പോറലുകള്‍ നിശിതമായി വിലയിരുത്തി ശുദ്ധികലശം നടത്തുക എന്നതാണ് ഈ പ്ലീനത്തിലൂടെ പാര്‍ട്ടി ഏറ്റെടുത്തിരിക്കുന്ന ദൌത്യം.

ഒരു വ്യക്തി കമ്മ്യൂണിസ്റ്റ്‌ ആവുക എന്നതിന് സവിശേഷമായ ഒട്ടേറെ അര്‍ത്ഥങ്ങള്‍ ഉണ്ട്. സമൂഹം സമ്മാനിക്കുന്ന സാമന്യ ബോധത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റ്‌ മൂലങ്ങളിലേക്കുള്ള വളര്‍ച്ച ഒരു തപസ്യയാണ്. തീര്‍ഥയാത്രയാണ്.

അന്ധമായ ധാരണകളില്‍ നിന്ന് വസ്തുനിഷ്ഠ യാതാര്‍ത്ഥ്യം തേടിയുള്ള സുധീര്‍ഘമായ അന്വേഷണയാത്രയാണ് കമ്മ്യൂണിസ്റ്റ്‌കാരന്‍റെ ജീവിതം. എന്ത് എന്തുകൊണ്ട് എങ്ങിനെ എന്ന ചോദ്യങ്ങള്‍ക്ക് കാല്‍പാനികമായ ഉത്തരങ്ങളില്‍ കേവലമായ മിഥ്യാ ധാരണകളില്‍ സായൂജ്യം അടയുവാന്‍ അവനു സാധ്യമല്ല. അറിവാണ് ശാസ്ത്രമാണ് ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍റെ വിശകലനത്തിന്‍റെ ആധാരവും സമീപന രീതിയും നിര്‍ണ്ണയിക്കുന്നത്. നിരന്തരമായി വളരുകയും മാറുകയും ചെയ്യുന്ന അറിവിനെയും ശാസ്ത്രത്തെയും അനുധാവനം ചെയ്യുക എന്നത് അവന്‍റെ ദൌത്യമാണ്. അറിവിന്‌ നേരെ മുഖം തിരിച്ചു നില്‍ക്കുന്ന സമീപനം കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക് അന്യമാണ്. ജീവിതാന്ത്യം വരെ അറിവിന്‍റെ പുതുവെളിച്ചം തേടുന്ന വിദ്യാര്‍ഥിയായിരിക്കും അവന്‍.

ജീവിതത്തിന്‍റെ സാമൂഹികമായ അടിത്തറയും ആശ്രിതബന്ധിതമായ സാമൂഹിക അവസ്ഥയും തിരിച്ചറിയുന്നു എന്നത് ഒരു കമ്മ്യൂണിസ്റ്റ്‌ സഖാവിനു സവിശേഷമായ വ്യക്തിത്വം സമ്മാനിക്കുന്നു. മനുഷ്യന്‍റെ വിമോചനത്തിനു വിഘാതമായ വ്യവസ്ഥിതിയുടെ പ്രതിലോമ സ്വഭാവത്തെ കുറിച്ചും അതില്‍ നിന്നുള്ള വിമോചനത്തിന്‍റെ ദുര്‍ഘടമായ പാതയെ കുറിച്ചും വ്യക്തമായ ബോധം സാമൂഹിക മാറ്റത്തെ കുറിച്ചുള്ള വ്യക്തവും പക്വവുമായ കാഴ്ചപ്പാട് അവനു സമ്മാനിക്കുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് ഒരു കമ്മ്യൂണിസ്റ്റ്‌ സഖാവിന്‍റെ രാഷ്ട്രീയത്തിന്‍റെ കാതല്‍.

ഏതു വിഷയത്തിലും ഏതു സമസ്യയിലും ശാസ്ത്രീയമായ സമീപനവും സ്വതന്ത്രമായ കാര്യകാരണ ചിന്തയും സ്വീകരിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ്‌ രീതി. ഭൌതിക ജീവിതത്തെ കുറിച്ചുള്ള അടിസ്ഥാനരഹിതവും അസംബന്ധജടിലവുമായ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായുള്ള നിരന്തര സമരമായിരിക്കണം ഒരു സഖാവിന്‍റെ ജീവിതം.

മാര്‍ക്സിസം എല്ലാ പ്രതിഭാസങ്ങളേയും ശാസ്ത്രീയ വീക്ഷണത്തിലാണ് പഠിക്കുവാന്‍ ശ്രമിക്കുന്നത്. തനിക്ക് ചുറ്റുമുള്ള പ്രകൃതിയെ തന്‍റെ ജീവസന്ധാരണത്തിനു ഉപയുക്തമാക്കുവാനുള്ള മനുഷ്യന്‍റെ പരിശ്രമത്തില്‍ നിന്നും അദ്ധ്വാനത്തില്‍ നിന്നുമാണ് അറിവിന്‍റെ പിറവി. അറിവിന്‍റെ വളര്‍ച്ചയില്‍ നിന്നാണ് ശാസ്ത്ര സത്യങ്ങളുടെ കണ്ടെത്തലുകളുടെ തുടക്കം. നമുക്ക് ചുറ്റുമുള്ള ലോകത്തെയും ലോകത്തെ കുറിച്ചുള്ള നമ്മുടെ തിരിച്ചറിവുകളേയും മാറ്റിമറിച്ചു കൊണ്ട് അറിവും ശാസ്ത്രവും അനുസ്യൂതം വളരുകയാണ്. മനുഷ്യന്‍റെ വിമോചനത്തിനു വിഘാതമായി നിലകൊള്ളുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ ശാസ്ത്രീയമായ ഉള്ളടക്കമാണ്‌ മാര്‍ക്സിസം.

മാര്‍ക്സിസം മനുഷ്യനു സ്വന്തം അവസ്ഥയെ കുറിച്ചും അതിന്‍റെ കാരണത്തെ കുറിച്ചും ശാസ്ത്രീയമായ തിരിച്ചറിവ് നല്‍കുന്നു. തനിക്ക് അവകാശവും നീതിയും നിഷേധിക്കുന്ന വര്‍ഗ്ഗശത്രുവിനെയും അവന്‍റെ വരുതിയില്‍ അകപ്പെട്ട വ്യവസ്ഥിതിയും സമൂര്‍ത്തമായ സുതാര്യമായ തിരിച്ചറിവ് നല്‍കുന്നു. അവന്‍റെ നീതിക്ക് വേണ്ടിയുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നു.

ചൂഷണത്തിനെതിരെ, അഴിമതിക്കെതിരെ, അനീതിക്കെതിരെ, അവകാശ നിഷേധങ്ങള്‍ക്കെതിരെ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിരന്തരമായ പ്രതിഷേധവും പ്രതികരണവും പ്രക്ഷോഭവും കൂടാതെ ഒരു സഖാവിന് ജീവിതമില്ല. വര്‍ഗ്ഗസമരത്തിന്‍റെ വഴിത്താരയില്‍ വന്ധ്യത ബാധിച്ച നിസ്സംഗതക്ക് ഒട്ടും പ്രസക്തിയില്ല. ഭൌതിക ലോകത്തെ മാനവികതയുടെ ഉന്നത തലങ്ങളിലേക്ക് മാറ്റുവാന്‍ ഉള്ള സമരമാണ് സഖാവിന്‍റെ ജീവിതത്തിന്‍റെ അനുഭൂതിയും ചൈതന്യവും. എണ്ണമറ്റ സഘാക്കളുടെ നിസ്വാര്‍ത്ഥവും ത്യാഗഭരിതവുമായ ജീവിതം കമ്മ്യൂണിസ്റ്റ്‌ മൂല്യബോധത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഉജ്ജ്വലമായ ഏടുകളാണ്

Share.

About Author

136q, 0.517s