Leaderboard Ad

പാളിപ്പോയ സ്രാവു കറി അഥവാ ഒരു ഗൂഢാലോചനയുടെ ദാരുണ അന്ത്യം

0

“If you tell a lie big enough and keep repeating it, people will eventually come to believe it”

ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണാധികാരി അഡോൾഫ് ഹിറ്റ്‌ലറുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ആയിരുന്ന ജോസഫ്‌ ഗീബെൽസിന്റെ വാക്കുകൾ ആണ് മുകളിൽ ഉദ്ധരിച്ചത്.

ഗീബെൽസിയൻ സിദ്ധാന്തം ഇവിടെ ഉദ്ധരിക്കാൻ കാരണം ഉണ്ട്.. കേരളത്തിലെ ഏറ്റവും വലിയ സംഘടിത തൊഴിലാളി വർഗ പ്രസ്ഥാനമായ സി പി ഐ എമ്മിനെ തകര്ക്കാൻ അച്ചാരവും വാങ്ങി പുറപ്പെട്ട അതിനു വേണ്ടി എന്ത് അധാർമിക പ്രവൃത്തിയും ചെയ്യാൻ മടിക്കാത്ത സി പി ഐ എം വിരുദ്ധ മാധ്യമ-രാഷ്ട്രീയ-കപട ഇടതു അച്ചുതണ്ട് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ വിധി വന്ന സാഹചര്യത്തിലും തങ്ങൾ പണ്ടുന്നയിച്ച അസത്യങ്ങൾ തിരുത്തിയില്ല എന്നു മാത്രമല്ല പണ്ട് പറഞ്ഞ കള്ളങ്ങൾ വീണ്ടും വീണ്ടും ഉന്നയിച്ചു അത് സത്യമായി സമർഥിക്കാൻ ശ്രമിക്കുന്നു എന്നത് ഗീബൽസിന്റെ അനുയായികൾ ഇന്നും ഉണ്ട് എന്ന് തെളിയിക്കുന്നതാണ്.സി പി ഐ എം വിരുദ്ധ മാധ്യമ-രാഷ്ട്രീയ-കപട ഇടതു അച്ചുതണ്ടിന്റെ ഉദ്ദേശവും ലക്ഷ്യവും തിരിച്ചറിയുന്ന ഒരാൾക്കും ഒരിക്കലും അവരുടെ ഈ ചെയ്തികളിൽ അത്ഭുതമോ അസ്വാഭാവികതയോ തോന്നില്ല. കാരണം സി പി ഐ എമ്മിനെ വിചാരണ ചെയ്യുക എന്നത് തന്നെയായിരുന്നു എന്നും ഇവരുടെ ലക്‌ഷ്യം.

വിചാരണ തുടങ്ങുന്ന ഘട്ടത്തിൽ പ്രോസിക്യൂഷൻ പ്രകടിപ്പിച്ച ആത്മവിശ്വാസം , അവരുടെ തലതൊട്ടപ്പൻ തിരുവഞ്ചൂർ നടത്തിയ പ്രതികരണങ്ങൾ , തെക്ക് വടക്ക് നടക്കുന്ന അനാഥ പ്രേതം എന്ന് വിളിക്കപ്പെടുന്ന രമേശ്‌ ചെന്നിത്തല നടത്തിയ ഇടപെടലുകൾ , വിപ്ലവമാർക്സിസ്റുകളും അവരുടെ ഗോഡ് ഫാദർ മുല്ലപ്പള്ളി രാമചന്ദ്രനും നടത്തിയ വാചക കസർത്തുകൾ എല്ലാം ഒന്നൊന്നായി വിചാരണ കോടതിയിൽ പൊളിഞ്ഞു വീഴുന്നത് നാം കണ്ടതാണ് . 51 വെട്ടുകൾ 15 ആകുന്നതും പോലിസ് ഭീഷണിയുടെ ഫലമായി സാക്ഷികൾ ആയവർ സത്യം തുറന്നു പറയുന്നതും നാം കണ്ടു . ഈ വധം സി പി ഐ എമ്മിന്റെ മേൽ കെട്ടിവച്ചു കേരളം നേരിടുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും , ഈ സര്ക്കാരിന്റെ ജന വിരുദ്ധ നയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുംഉള്ള ഒരു ഒറ്റമൂലി ആയിരുന്നു കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം ചന്ദ്രശേഖരൻ വധം. മുല്ലപ്പള്ളിക്ക് വയറ്റു പിഴപ്പിനുള്ള ഏക ആശ്രയം, വിപ്ലവ മാർക്സിസ്റ്റുകളെ സംബന്ധിച്ചടുത്തോളം മാധ്യമ വെള്ളി വെളിച്ചത്തിൽ നില്കാനുള്ള വീണുകിട്ടിയ അവസരം. ചാനെൽ ചർച്ചാംദേഹികൾക്ക് അന്തി ചർച്ചക്കുള്ള അതുവഴി വയറ്റു പിഴപ്പിനുള്ള മാർഗം ..

മാസങ്ങളോളം ചന്ദ്രശേഖരൻ ആയിരുന്നു ചാനലുകളുടെ അഭയ കേന്ദ്രം. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല .. സി പി ഐ എം എന്നാ പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്തികൊണ്ട്‌ മാധ്യമ -രാഷ്ട്രീയ അച്ചുതണ്ട് നടത്തിയ പ്രചണ്ഡ പ്രചാരണം സമാനതകൾ ഇല്ലാത്തതു ആയിരുന്നു.. ഇത:പര്യന്തമുള്ള കണക്കെടുത്ത് നോക്കിയാൽ ഏറ്റവും കൂടുതൽ രക്തസാക്ഷികളെ ബലികൊടുക്കേണ്ടി വന്നിട്ടുള്ളത് സി പി ഐ എമ്മിനാണ് എന്നതൊന്നും അവര്ക്ക് കണക്കേ അല്ല. ഏതെങ്കിലും ഒരു പ്രത്യയ ശാസ്ത്രത്തെ ആക്രമിച്ചു തകര്ക്കാം എന്നാ ധാരണ സി പി ഐ എമ്മിനില്ല ..അങ്ങനെ സാധ്യമായിരുന്നു എങ്കിൽ ഇവിടെ ആദ്യം ഇല്ലാതാകേണ്ടിയിരുന്നത് സി പി ഐ എം ആണ് .. ഭരണകൂട -മൂലധന -നാടുവാഴിത്ത ശക്തികൾ ഒന്നിച്ചു കൈകോർത്ത് ആക്രമിച്ചിട്ടും ഈ പാർട്ടി തകർന്നിട്ടില്ല ..മറിച്ചു ഈ പാർട്ടി കൂടുതൽ കരുത്താർജജിക്കുകയാണ് ചെയ്തത് ..അതാണ്‌ വാസ്തവം…അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് .. ചന്ദ്രശേഖരൻ വധത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ വിപ്ലവ മാർക്സിസ്റ്റുകളുടെ മൂക്കിനു താഴെ വടകര ചീനംവീട് വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിപ്ലവ മാർക്സിസ്റ്റുകളും മുല്ലപ്പളിയും കോണ്‍ഗ്രസ്സും തോളോട് തോല് ചേർന്ന് സി പി ഐ എം സ്ഥാനാര്തിക്കെതിരെ മത്സരിച്ചിട്ടും സി പി ഐ എം ആ വാർഡ്‌ കോണ്‍ഗ്രസിൽ നിന്നും പിടിച്ചെടുത്തു. കോണ്‍ഗ്രസ്സും വിപ്ലവ മാർക്സിസ്റുകളും ഒരു കുടക്കീഴിൽ ആയിരുന്നു മത്സരിച്ചത്. എന്നിട്ടും ആ വാർഡ്‌ സി പി ഐ എം തിരിച്ചു പിടിച്ചു എങ്കിൽ അത് തെളിയിക്കുന്നത് സി പി ഐ എമ്മിൽ വടകരയുടെ ചുവന്ന മണ്ണിനുള്ള വിശ്വാസവും കൂറും ആണ്. അതൊന്നും ഒരു മാധ്യമ-രാഷ്ട്രീയ അച്ചുതണ്ടും വിചാരിച്ചാലൊന്നും തകര്കാൻ ആവില്ല. ഏറ്റവും ഒടുവിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പും തെളിയിക്കുന്നത് അതു തന്നെയാണ്. സിറ്റിംഗ് സീറ്റുകൾ നിലനിർത്തുക മാത്രമല്ല എതിരാളികളുടെ കോട്ടകളിൽ വിള്ളൽ വീഴ്ത്തി പിടിച്ചെടുക്കാനും സി പി ഐ എമ്മിന് സാധിച്ചു എങ്കിൽ അത് തെളിയിക്കുന്നത് ഈ പാർട്ടിക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വീകാര്യത തന്നെയാണ്

എന്തൊക്കെ കോലാഹലങ്ങൾ ആയിരുന്നു ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ടു സി പി ഐ എമ്മിനെതിരായി ഇവിടെ സംഘടിപ്പിക്കപ്പെട്ടത് ? എന്തൊക്കെ കുപ്രചരണങ്ങൾ ..എന്തൊക്കെ പിതൃശൂന്യ വാർത്തകൾ .. 15 എന്നത് 51 ആകുന്ന മന്ത്ര വിദ്യ , ഇരട്ട ചങ്ക് അങ്ങന എന്തൊക്കെ കോലാഹലങ്ങൾ .. ചന്ദ്രശേഖരനെ വച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ചരമഗീതം ഞങ്ങൾ എഴുതും , പാർട്ടിയുടെ അസ്ഥിവാരം തോണ്ടും എന്ന് പറഞ്ഞു നടന്ന വിഡ്ഢികൾ എവിടെയാണിന്നു ? നിങ്ങള്ക്ക് ഈ പാർട്ടിയെ വല്ലതും ചെയ്യാൻ പറ്റിയോ ?

കെട്ടിച്ചമച്ച തെളിവുകളും സാക്ഷികളും കോടതിയിൽ വാദി ഭാഗത്തിന് തന്നെ വിനയാകുന്ന കാഴ്ചയും നാം കണ്ടു. പോലീസിന്റെ ഭീഷണിക്ക് വഴങ്ങി സാക്ഷിപ്പട്ടികയിൽ വന്ന സാക്ഷികൾ ഭൂരിഭാഗവും സത്യം തുറന്നു പറയുന്നു.. എന്നിട്ട് മുല്ലപ്പള്ളിയും കൂട്ടരും പറയുന്നു കേസ് അട്ടിമറിക്കാൻ സി പി ഐ എം ശ്രമിക്കുന്നു , സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു എന്ന് … അപാരമായ തൊലിക്കട്ടി തന്നെ മിസ്റ്റർ മുല്ലപ്പള്ളി … ഭരണം നിങ്ങളുടെ കയ്യില അല്ലെ.. കേരളവും കേന്ദ്രവും ഭരിക്കുന്നത്‌ ഇപ്പോഴും നിങ്ങൾ അല്ലെ.. എന്തെ സി ബി ഐ അന്വേഷണം സി ബി ഐ അന്വേഷണം എന്ന് നാഴികക്ക് നാൽപതു വട്ടം പറയുന്നതല്ലാതെ ആ എജെൻസിയെ അന്വേഷണം എല്പ്പിക്കാൻ താങ്കള് തയ്യാറാവുന്നില്ല.. കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് ഇത്രയും നിരുത്തരവാദപരമായ പ്രസ്താവന നടത്തി എന്തിനു വില കളയുന്നു ? ഒരു സി ബി ഐ അന്വേഷണം പോലും നടത്തിക്കാൻ ത്രാണിയില്ലാത്ത വെറും പാവ ആണോ താങ്കള് ? ഏതൊക്കെ സാക്ഷികളെ ആണ് സി പി ഐ എം ഭീഷണി പ്പെടുത്തിയത് എന്ന് കൂടി താങ്കളും തിരുവഞ്ചൂരും പറയണം. അങ്ങനെ ഏതെങ്കിലും സാക്ഷി പരാതിപ്പെട്ടിട്ടുണ്ടെങ്കിൽ എന്തെ പോലിസ് അത് അന്വേഷിക്കുന്നില്ല ..ആഭ്യന്തര മന്ത്രി സി പി ഐ എം കാരനല്ലല്ലോ ….എന്തെ അന്വേഷിക്കുന്നില്ല ?

സി പി ഐ എം നല്ല ഗൃഹപാഠം നടത്തി തന്നെയാണ് ഈ കേസ് വാദിച്ചത്. അതിനു തന്നെയാണ് പ്രഗല്ഭരായ വക്കീലന്മാരെ നിയമിച്ചതും.. ഈ ചന്ദ്രശേഖരന്റെ ചോര സി പി ഐ എമ്മിന്റെ മേൽ ചാർത്താൻ വ്യഗ്രത കാട്ടിയവരോടും അതിനായി അച്ചു നിരതിയവരോടും എല്ല് വായിൽ സൂക്ഷിക്കുന്നതും അല്ലാത്തതുമായ ജീവികളോടു നിയമപോരാട്ടത്തിലൂടെ മറുപടി നല്കാൻ തന്നെയാണ് പാർട്ടി തീരുമാനിച്ചത് ..അതിനെയും ഇവിടെ ചിലര് ചോദ്യം ചെയ്തു. സി പി ഐ എം വക്കീലന്മാരെ നിയമിക്കാനോ കേസ് വാദിക്കാനോ പാടില്ലത്രേ .. ഞങ്ങളുടെ നേതാക്കളെയും പ്രവര്തകരെയും കള്ളക്കേസിൽ കുടുക്കി പ്രതിപ്പട്ടികയിൽ ചേർത്താൽ പിന്നെ ഞങ്ങൾ എന്ത് ചെയ്യണം ? ഒന്നും മിണ്ടാതെ ജയിലിൽ പോയി കിടക്കണം എന്നാണോ ? മോഹനൻ മാസ്റ്റർ അടക്കമുള്ള പാർട്ടിയുടെ ഉന്നതരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചവരോട് നിയമത്തിന്റെ ഭാഷയിൽ മറുപടി പറയാനുള്ള അവകാശം പോലും ഈ പാർടിക്കില്ല എന്ന രീതിയിൽ ആണല്ലോ ഈ മാധ്യമ- രാഷ്ട്രീയ അച്ചുതണ്ട് കാര്യങ്ങളെ വിലയിരുത്തിയത്. നിയമ പോരാട്ടം നടത്താനുള്ള അവകാശം ഇന്ത്യൻ ഭരണ ഘടന ഞങ്ങള്ക്ക് തന്നിട്ടുണ്ട്. ഒരാളുടെയും ഔദാര്യം അക്കാര്യത്തിൽ ഈ പാർട്ടിക്ക് ആവശ്യം ഇല്ല. ഞങ്ങളുടെ നേതാക്കളെയും പ്രവര്ത്തകരെയും കള്ള കേസിൽ കുടുക്കി ജയിലിൽ അടച്ചാൽ അവരെ പുറത്തു കൊണ്ട് വരാനുള്ള ബാധ്യത അവർ വിശ്വസിക്കുന്ന ഈ പാർടിക്ക് ഉണ്ട്.. കാരണം അവർ ജയിലിൽ പോയത് ഈ പ്രസ്ഥാനത്തിൽ വിശ്വസിച്ചു എന്നത് കൊണ്ട് മാത്രമാണ്.ഭരണകൂട ഭീകരത അതിന്റെ മൂർത്ത രൂപത്തിൽ ഈ പാർട്ടിയെ വേട്ടയാടിയപ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് സഖാവ് സി എച്ച് അശോകനെന്ന കരുത്തനായ സഖാവിനെയാണ്‌. സി പി ഐ എമ്മുമായി ബന്ധപ്പെട്ട മൂന്നു പേർ ഈ കേസിൽ ശിക്ഷിക്കപ്പെട്ടു എന്നതാണത്രേ ഈ വധം സി പി ഐ എം നേതൃത്വം ഗൂഡാലോചന നടത്തിയതിന്റെ തെളിവ്! മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും പ്രചരണം കേട്ടാൽ തോന്നും ഇപ്പോൾ ശിക്ഷിക്കപ്പെട്ടവർ സി പി ഐ എമ്മിന്റെ പി ബി അംഗങ്ങൾ ആണെന്ന്. സി പി ഐ എമ്മിന്റെ സംസ്ഥാന നേതാക്കളെ അടക്കം പ്രതി ചേർത്താണ് പോലിസ് കോടതിയിൽ കുറ്റ പത്രം സമർപ്പിച്ചത്. കെ കെ രാഗേഷ്, കാരായി രാജൻ , പി മോഹനൻ മാസ്റ്റർ അടക്കം അങ്ങനെയാണല്ലോ ഈ കേസിന്റെ ഭാഗമായത്. ഇതുവരെ നിങ്ങൾ പറഞ്ഞത് ഇവരൊക്കെയാണ് ഇത് ചെയ്തത് എന്നല്ലേ ? മുല്ലപ്പള്ളി രാമചന്ദ്രൻ സ്രാവു കറി ഉണ്ടാക്കാൻ അടുപ്പും കൂട്ടി ഇരിക്കുന്നതൊക്കെ നാം കണ്ടതാണ്. “വമ്പൻ സ്രാവുകൾ” ഉണ്ട് എന്നായിരുന്നല്ലോ വാദം. ഇതിൽ നിന്നൊക്കെ വ്യക്തമാണല്ലോ ഈ കേസിലെ ഭരണകൂട ഗൂഢാലോചന. സി പി ഐ എമ്മിന്റെ നേതാക്കളെ ബോധപൂർവ്വം പ്രതി ചേർക്കുകയായിരുന്നു എന്ന് കേസിന്റെ നാൾവഴികളിലൂടെ സംചരിക്കുന്ന ആർക്കും ബോധ്യമാവും . അങ്ങനെ പ്രതികളായവരെയൊക്കെ നിയമ പോരാട്ടത്തിലൂടെ പുറത്തുകൊണ്ടു വരാൻ ആദ്യഘട്ടത്തിൽ തന്നെ പാർട്ടിക്ക് കഴിഞ്ഞു. ഇതേ നിലപാട് തന്നെ കുഞ്ഞനന്തൻ അടക്കമുള്ള സഖാക്കളുടെ കാര്യത്തിൽ പാർട്ടി എടുക്കും . സഖാവ് കുഞ്ഞനന്തൻ ശിക്ഷിക്കപ്പെട്ടത് ഒരു RSS പ്രവർത്തകൻ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ്. അതിനെ മേൽക്കോടതിയിൽ ചോദ്യം ചെയ്തു കൊണ്ട് അദ്ദേഹത്തിന്റെ നിരപരാധിത്വം പാർട്ടി തീര്ച്ചയായും തെളിയിക്കും. സർവ്വരും വളഞ്ഞിട്ട് കൊത്തിയിട്ടും തളരാതെ മുന്നോട്ടു പോകാനും ഭൂരിപക്ഷം സഖാക്കളുടെയും നിരപരാധിത്വം തെളിയിക്കാനും സി പി ഐ എമ്മിന് കഴിഞ്ഞിട്ടുണ്ട് എങ്കിൽ ബാക്കിയുള്ളവരെയും പുറത്തു കൊണ്ട് വരാൻ ഈ പാർട്ടിക്ക് കഴിയും. കാരണം സത്യം എന്നായാലും തെളിയിക്കപ്പെടും എന്നാ ഉത്തമ ബോധ്യം തന്നെ.

സി പി ഐ എം എന്നാ പ്രസ്ഥാനത്തിൽ നിന്നും അഴിമതി നടത്തിയതിന്റെ പേരില് നടപടിക്കു വിധേയൻ ആയ ഒരാൾ പാർടി വിട്ടപ്പോൾ മഹാൻ ആകുന്നതു ഇവിടുത്തെ വലതു മാധ്യമങ്ങളുടെ പരിലാളന കൊണ്ട് മാത്രം ആണ്.നവ മാധ്യമങ്ങളിൽ അടക്കം വിപ്ലവ മാർക്സിസ്റ്റുകൾ നടത്തിയ പ്രചാരണങ്ങൾ ലജ്ജിപ്പിക്കുന്നതാണ്.മഹാനായ ചെ യോട് കേവലം ഒരു പ്രാദേശിക നേതാവിനെ ഉപമിക്കാനും കൊണ്ട് നടക്കാനും ഉള്ള തൊലിക്കട്ടി ഇവർക്ക് മാത്രമേ ഉണ്ടാകൂ. ഞാൻ ജനിച്ചു വളർന്നത്‌ ഒരു കമ്മ്യൂണിസ്റ്റ്‌ ഗ്രാമത്തിൽ ആണ്.പ്രതിപക്ഷം ഇല്ലാതെ സി പി ഐ എം ഭരിക്കുന്ന കാസറഗോഡ് ജില്ലയിലെ ബെടകം എന്ന പഞ്ചായത്തിൽ .കുടുംബത്തിലെ എല്ലാവരും പാർട്ടി നേതാകളും പ്രവര്ത്തകരും..ഞാനും പാർട്ടി മെമ്പർ ആണ്. അത് കൊണ്ട് തന്നെ എന്റെ നാട്ടിലെ ജില്ലാതലം വരെയുള്ള ഒട്ടുമിക്ക നേതാക്കളെയും എനിക്ക് വ്യക്തിപരമായി നന്നായി അറിയാം. അവർ നാടിനു വേണ്ടിയും നാടിലെ ജനങ്ങള്ക് വേണ്ടിയും നടത്തുന്ന സേവനങ്ങളും സഹായങ്ങളും നല്ലത് പോലെ അറിയുന്ന ഒരാള് ആണ് ഞാൻ.. അവരോടു നാടിനുള്ള സ്നേഹവും ഊഷ്മളതയും എനിക്ക് അറിയാം.. എതിർ രാഷ്ട്രീയ പാർടികളിലെ പ്രവർത്തകർ പോലും തങ്ങൾക്കു എന്തെങ്കിലും സഹായം ആവശ്യമായി വരുമ്പോൾ സമീപിക്കുന്നത്സി പി ഐ എമ്മിന്റെ നേതാക്കളെ ആണ് എന്ന് അഭിമാനത്തോടെ പറയാൻ എനിക്ക് സാധിക്കും.. അത് കൊണ്ട് തന്നെ ചന്ദ്രശേഖരന്റെ ഭക്ഷണം വിളമ്പുന്നതും മഴ നനയുന്നതുമായ ഫോട്ടോകൾ ഉയർത്തിക്കാട്ടി വീമ്പു പറയുന്നവരോട് സഹതാപം കലര്ന്ന അവജ്ഞ മാത്രമാണുള്ളത് .. കാരണം ഇതൊക്കെ ഏതൊരു സി പി ഐ എം കാരനും ചെയ്യുന്ന ഒന്നാണ് … തന്റെ നാട്ടില ഒരു ചടങ്ങ് നടക്കുമ്പോൾ എല്ലാ തിരക്കും മാറ്റി വെച്ച് അതിൽ സജീവ പങ്കാളിയാകുന്നവരാണ് ഞാൻ കണ്ട , അടുത്തറിഞ്ഞ എന്റെ പാർട്ടി സഖാക്കൾ … അത് അവർ സി പി ഐ എം എന്ന പാർടിയിലൂടെ ആര്ജിച്ച മാനവ സ്നേഹം എന്ന ഉദാത്തമായ മൂല്യം മുറുകെ പ്പിടിക്കുന്നു എന്നതിന്റെ തെളിവാണ് ..അന്യനെ സഹായിക്കാൻ അവൻ ഓടിയെത്തുന്നത് അവൻ ഒരു മനുഷ്യ സ്നേഹി ആയതു കൊണ്ടാണ്.. ആ സ്നേഹം അവൻ ആര്ജിച്ചത് ഈ പാർട്ടിയിലൂടെയാണ് .. ചന്ദ്രശേഖരനും ആ ഗുണം നേടിയത് ഈ പാർട്ടിയിലൂടെയാണ്.. 45 വയസ്സ് വരെ ചന്ദ്രശേഖരൻ സി പി ഐ എം എന്നാ പാർട്ടിയുടെപ്രവർത്തകൻ ആയിരുന്നു എന്ന കാര്യം അദ്ദേഹത്തിന്റെ ഫാൻസ്‌ മറന്നു പോകുന്നു..ആ പാർട്ടിയിലൂടെ ആര്ജിച്ച കഴിവുകൾ തന്റെ സ്വന്തമാണ് എന്ന മിഥ്യാധാരണ ചന്ദ്രശേഖരനു വന്നപ്പോഴാണ് പ്രശ്നങ്ങള തുടങ്ങിയതും പുറത്തു പോയതും … വളം അഴിമതിക്കേസിൽ പുറത്താക്കാൻ തീരുമാനിച്ചപ്പോൾ തെറ്റ് തിരുത്താൻ അവസരം തരണം എന്ന് കേണപേക്ഷിച്ച ചന്ദ്രശേഖരനെ മുഖവിലക്കെടുക്കാൻ പാർട്ടി തയ്യാറായി .. അങ്ങനെയാണ് മത്സരിച്ചു തോറ്റിട്ടും പിന്നീടുഅദ്ദേഹം പാർട്ടി AC മെമ്പർ ആയതു .. ഇതൊക്കെ ചരിത്രം ആണ് … പക്ഷെ മറ്റുള്ളവരും ചന്ദ്രശേഖരനും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട് ..1 : സി പി ഐ എം സഖാക്കൾ തങ്ങൾ ചെയ്യുന്ന പരോപകാര പ്രവര്ത്തനങ്ങളുടെ കണക്കു പുസ്തകം സൂക്ഷിക്കാറില്ല ..2:അവർ അതിന്റെ ഫോട്ടോ തെളിവായി എടുത്തു വയ്ക്കാറില്ല ..3: താൻ പര്ടിയെക്കൾ മേലെയാണ് എന്നാ ധാരണ വെച്ച് പുലർത്താറില്ല 4: പാർട്ടി നേതാവ് എന്നാ സ്ഥാനം അനുചര വൃന്ദം ഉണ്ടാക്കാനോ പാർട്ടിയെ വെല്ലുവിളിക്കാനോ ഉപയോഗപ്പെടുത്താറില്ല , അഴിമതി നടത്താനും ഉപയോഗിക്കാറില്ല ..ഇതൊഴിച്ചു നിർത്തിയാൽ ഒരു സാധാരണ സി പി ഐ എം ലോക്കൽ / ഏരിയ നേതാക്കൾ ചെയ്യുന്നതിൽ കൂടുതൽ ഒന്നും ചന്ദ്രശേഖരാൻ ചെയ്തിട്ടുമില്ല. അത് കൊണ്ട് തന്നെയാണ് ചന്ദ്രശേഖരൻ ഫാൻസിന്റെ ഈ കളികൾ ഒക്കെ കാണുമ്പോൾ സഹതാപം നിറഞ്ഞ പുച്ചം തോന്നുന്നതും..

ചന്ദ്രശേഖരൻ പണി തുടങ്ങി വെച്ച വീടിന്റെ വലിപ്പം ഒരു “ഉത്തമ കമ്മ്യൂണിസ്റ്റ്‌നു ” യോജിച്ചതാണോ എന്നൊക്കെ പല കോണുകളിൽ നിന്നും ചോദ്യം ഉയര്ന്നു .. ഞാനും അത് പങ്കു വെക്കുന്നു.. ചന്ദ്രശേഖരനു വീട് വെക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.. എത്ര വലിപ്പത്തിലും വെക്കാം.. വേണമെങ്കില കൊട്ടാരം തന്നെ പണിയാം.. ആരും എതിര് പറയില്ല.. പക്ഷെ മൂല്യങ്ങളെ പറ്റി വാചോടാപം നടത്തുന്ന , എളിമയെ പറ്റിയും ,ലാളിത്യത്തെ പറ്റിയും കവല പ്രസംഗം നടത്തുന്ന ഒരാൾക്ക്‌ ഇങ്ങനെ ഒരു വീട് പണി കഴിപ്പിക്കാൻ ധാര്മികമായ അവകാശം ഉണ്ടോ എന്ന സന്ദേഹം നിലനിൽക്കുന്നു .

ചന്ദ്രശേഖരൻ കേരളത്തിലെ ആദ്യത്തെ രക്തസാക്ഷി ഒന്നുമല്ല .. അഴീക്കൊടാൻ രാഘവനെ കുത്തിക്കൊന്ന നാടാണിത് …കുഞ്ഞാലിയെ വെടിവെച്ചു കൊന്ന നാട് … അങ്ങനെ ഒട്ടനവധി രക്തസാക്ഷികൾ സി പി ഐ എം എന്നാ പ്രസ്ഥാനത്തിൽ വിശ്വസിച്ചത് കൊണ്ട് മാത്രം എതിരാളികൾ കൊന്നൊടുക്കിയിട്ടുണ്ട്.. കണക്കുകൾ ഞങ്ങൾ മറന്നിട്ടില്ല … എല്ലാം ഞങ്ങള്ക്ക് ഓർമയുണ്ട്.. അത് കൊണ്ട് തന്നെയാണ് ഇടയ്ക്കിടെ ഞങ്ങൾ അത് ഓർമപ്പെടുത്തുന്നതും …ചന്ദ്രശേഖരന് ശേഷവും ഇവിടെ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട് … SFI യുടെ ഇടുക്കി ജില്ലയിലെ നേതാവ് അനീഷ്‌ രാജ് അടക്കം,കാസറഗോഡ് ജില്ലയിലെ ഉദുമയിലെ സഖാവ് ബാലകൃഷ്ണൻ അടക്കം പത്തിലധികം സഖാക്കൾ ചന്ദ്രശേഖരനു ശേഷം സി പി ഐ എമ്മുകാരായി എന്നത് കൊണ്ട് മാത്രം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് . ഗ്രൂപ്പ് വൈര്യത്തിന്റെ പേരില് കോണ്ഗ്രെസ്സുകാരാൽ കൊല്ലപ്പെട്ട തൃശ്ശൂരിലെ യൂത്ത് കോണ്‍ഗ്രസ്‌ നേതാവ് മധു അങ്ങനെ പലരും. ഒരു ചാനെൽ ചര്ച്ചയും ഇവിടെ നടന്നില്ല…ഹർത്താൽ നടത്താൻ ആളുണ്ടായില്ല. മുഖ്യമന്ത്രി ഡൽഹിയിൽ നിനും പറന്നു വന്നില്ല… രമേശ്‌ ചെന്നിത്തല സത്യാഗ്രഹം ഇരുന്നില്ല .. വെട്ടു വഴി കവികളെയും കണ്ടില്ല.. വെട്ടുകളുടെ എണ്ണം എടുക്കാനോ എണ്ണം ഇരട്ടിപ്പിക്കാനോ ആളുണ്ടായില്ല. എവിടെ പോയി ഉമേഷ്‌ ബാബുവും അപ്പുക്കുട്ടനും ആസാദും നീലകണ്ടനും മഹാശ്വേത ദേവിയും .. എവിടെ പോയി പുലയാട്ടു കവിതകൾ ? കാരണം ഒന്ന് മാത്രം ..സി പി ഐ എമ്മിനെ പഴി ചാരാനോ പ്രതിസ്ഥാനത്ത് നിർത്താനോ ഉള്ള വകുപ്പുകൾ ഇതിലൊന്നും ഇല്ലായിരുന്നു.. അത് തന്നെയാണ് ഇവരുടെ അവിഹിത ബാന്ധവത്തിനുള്ള ഏറ്റവും വലിയ തെളിവും …

നവ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ ഒരു പാട് കല്ലേറുകൾ ചന്ദ്രശേഖരൻ വധത്തിന്റെ പേരിൽ ഏൽക്കേണ്ടി വന്നിട്ടുണ്ട്. വളരെ രൂക്ഷമായ ഒപ്പം പരുഷമായ വാക്കുകൾ ഉപയോഗിച്ച് ഈ പാർട്ടിയെ തകർക്കാൻ നവമാധ്യമ രംഗത്തെ സി പി ഐ എം വിരുദ്ധ ശക്തികൾ ശ്രമിച്ചിട്ടുണ്ട് ഇന്നും ശ്രമിക്കുന്നുണ്ട്. അവയെയൊക്കെ സംഘ ശക്തിയുടെ മികവിൽ നന്നായി പ്രതിരോധിക്കാനും ഈ പാർടിയെയും അതിന്റെ നേതാക്കളെയും പ്രവർത്തകരെയും വർഗ ശത്രുക്കൾ വളഞ്ഞിട്ട് കൊത്തിയപ്പോൾ അവരുടെ ഗൂഢ ലക്ഷ്യത്തെ തുറന്നു കാട്ടാനും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ചന്ദ്രശേഖരൻ വധം വലിയൊരു പാഠം ആണ് നൽകിയത് . വർഗശത്രുക്കൾ എത്രമാത്രം സി പി ഐ എമ്മിന്റെ പതനം ആഗ്രഹിക്കുന്നു എന്നും അവർ ഏതൊക്കെ രൂപത്തിൽ, ഭാവത്തിൽ പ്രത്യക്ഷപ്പെടുമെന്നും എന്തൊക്കെ ഹീനമായ ആരോപണങ്ങൾ ഉയർത്തിവിടുമെന്നും ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. ഒരു കൊലപാതകത്തെ എങ്ങനെ market ചെയ്യാം എന്ന് മാധ്യമങ്ങൾ കാട്ടിത്തന്നു. ആ മൃതദേഹത്തെ എങ്ങനെ മാധ്യമ വെള്ളിവെളിച്ചത്തിൽ നിൽക്കാൻ ഉപയോഗപ്പെടുത്താം എന്ന് ചന്ദ്രശേഖരന്റെ പാർട്ടിയും കാട്ടി തന്നു. ഇവരൊക്കെ ഒന്നിച്ചൊരു അവിശുദ്ധ കൂട്ടുകെട്ട് ഇവിടെ സി പി ഐ എമ്മിന്റെ ചരമഗീതം എഴുതാൻ തുനിഞ്ഞിറങ്ങിപ്പൊൽ ആദ്യമൊന്നു പകച്ചു പോയിട്ടുണ്ട്. പക്ഷെ അതിൽ നിന്നും ക്ഷണ നേരം കൊണ്ട് മുക്തി നേടി പ്രതിരോധിക്കാൻ കഴിഞ്ഞത് ഇവരുടെ ഗൂഡ ലക്ഷ്യം തിരിച്ചറിഞ്ഞത് കൊണ്ട് കൂടിയാണ്. എങ്ങനെ ഞങ്ങളെ തളർത്താം എന്നാണ് ഇവർ നോക്കിയത് എങ്ങനെ വീഴാതെ പൊരുതി നില്ക്കാം എന്നാണ് ഞങ്ങൾ പഠിച്ചത്.

-ജതിന്‍ദാസ്‌

Share.

About Author

132q, 0.601s