Leaderboard Ad

പാഴ്ക്കിനാക്കള്‍

0

ഒരു മുളംതണ്ടില്‍ ഉയിര്‍കൊണ്ട ഈണമായ്
ചിറകടിച്ചുയരുന്നു പകല്‍ കിനാക്കള്‍
കരിവള കൈകളും കരിമിഴി അഴകുമായ്
കരയാന്‍ മറന്ന പൂങ്കിനാക്കള്‍ .
അത്തി മരക്കൊമ്പില്‍ തത്തികളിക്കുന്ന
പച്ച പനങ്കിളി പാട്ടുപാടാം
പിച്ചക പൂവിലും പച്ചില തുമ്പിലും
ചിത്രം വരക്കും ശലഭമാകാം .
പ്രണയം തളിരിട്ടു പരിണയം പൂക്കുന്ന
പറുദീസതന്നില്‍ ഒത്തുകൂടാം
പാതിമെയ്യാകുവാന്‍ പ്രാണന്‍ കിളിര്‍ക്കുവാന്‍
പാടാത്ത പാട്ടിനായ് വീണമീട്ടാം .
ഇത്തിരിപോന്നൊരു കൊച്ചു മണ്‍കൂരയില്‍
ഒത്തിരി സ്വപ്നങ്ങള്‍ക്കിടംകൊടുക്കാം
കൊഞ്ചി കരയുന്ന പിഞ്ചു കരങ്ങള്‍ക്ക്
പുഞ്ചിരി പാലിന്‍ കരുത്തു നല്‍കാം .
അന്നത്തെ അപ്പത്തിനു കപ്പം കൊടുക്കുവാന്‍
ഒപ്പത്തിനൊപ്പം പണി എടുക്കാം
വെയിലേറ്റു തളരാത്ത വിയര്‍പ്പിന്‍ കണങ്ങളെ
നല്ലൊരു നാളിനായ്‌ കാത്തുവക്കാം .
കുപ്പിവളകളും കുട്ടിയുടുപ്പുമായ്
കൊച്ചുമിടുക്കിയെ ചേര്‍ത്തണക്കാം.
കുഞ്ഞിളം കാതിനായ് പൊന്‍തരി  തീര്‍ക്കുവാന്‍
അന്നത്തെ അപ്പവും മാറ്റിവക്കാം .
ചെറു മഴചാറ്റിലും ചോര്‍ന്നൊലിക്കും
ചെറു കുടിലിന്‍ നനുത്തൊരു മണ്‍തറയില്‍
ചിതലിട്ട പായില്‍ പഴംതുണി കെട്ടുമായ്
വയറൊട്ടി ഉറങ്ങുന്നു പാഴ്ക്കിനാക്കള്‍ .

Share.

About Author

140q, 0.587s