Leaderboard Ad

‘പുതിയ സംസ്ഥാനം’ പ്രതിലോമകരമായ ഒരു ആശയം വിതയ്ക്കപ്പെടുമ്പോൾ

0

പ്രതിലോമകരമായ സ്വത്വരാഷ്ട്രീയത്തിന്റെ പ്രായോഗികപരീക്ഷണങ്ങൾ കേരളത്തിൽ ഒരു പുതിയ വിതാനത്തിലേക്ക് കടക്കുന്നതിന്റെ സൂചനകളായി വേണം മലബാർ സംസ്ഥാനം എന്ന ആവശ്യം പൊതു മണ്ഡലത്തിൽ ഉന്നയിക്കപ്പെട്ടതിനെ മനസ്സിലാക്കേണ്ടത്.അസന്തുലിതമായ സാമൂഹികവളർച്ചയുടെയും അതിന്റെ പരിമിതികളെ കൂടുതൽ രൂക്ഷമാക്കുന്ന നവലിബറൽ സാമ്പത്തികസമീപനത്തിന്റെ പ്രത്യാഘാതങ്ങളുടെയും പശ്ചാത്തലത്തിൽ ഈ കനൽ ഊതിപ്പെരുപ്പിക്കാമെന്നും അതിന്റെ സഹായത്തോടെ തങ്ങളുടെ കുത്സിതരാഷ്ട്രീയലക്ഷ്യങ്ങൾ പൂർത്തീകരിക്കാമെന്നും ചിലരെങ്കിലും വ്യാമോഹിക്കുന്നുണ്ട്.വ്യാപകമായ അസംതൃപ്തികളുടെ പൊതുപശ്ചാത്തലത്തിൽ യഥാർത്ഥവഴികളിൽ നിന്ന് ഇടറി നീങ്ങാൻ പ്രേരിപ്പിക്കുന്ന ഈ ഇടപെടലുകൾ ഗൗരവബുദ്ധ്യാ പരിശോധിക്കേണ്ടതും കൃത്യമായ നിലപാടുകളിൽ എത്തിച്ചേരേണ്ടതും ആയി മാറുന്നു.ചരിത്രപരമായ ധാരണകളുടെയും ഇന്നത്തെ മൂർത്തയാഥാർത്ഥ്യങ്ങളുടെയും പിന്തുണയോടെ മാത്രമേ ഇത്തരമൊരു ആവശ്യം ഉന്നയിക്കപ്പെടുന്നതിന്റെ ശരിയായ പൊരുളുകളിലേക്ക് എത്തിച്ചേരാൻ നമുക്ക് കഴിയുകയുള്ളൂ.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഭരണഘടനാനുസൃതമായി രൂപപ്പെടുത്തപ്പെട്ട ഫെഡറൽ ഭരണ സംവിധാനത്തിന്റെ ഒരു ഘടകമായാണ് ഇന്ത്യയിൽ ‘സംസ്ഥാനം’എന്ന സങ്കല്പം.ഇന്ത്യൻ ഫെഡറലിസത്തിന്റെ ദേശീയ-രാഷ്ട്രീയ പശ്ചാത്തലം അതിന്റെ ചരിത്രപരമായ അടിത്തട്ടിൽ നിന്ന് മനസ്സിലാക്കുകയും അതിന്റെ ഇന്നത്തെ അവസ്ഥ തിരിച്ചറിയുകയും ചെയ്യാതെ ഒരു പുതിയ സംസ്ഥാനത്തിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട ചർച്ചകൾ ശരിയായ ദിശയിൽ സഞ്ചരിക്കില്ല.

ഒന്നരശതാബ്ദക്കാലം രാജ്യത്തിന്റെ ഭരണാധിപത്യം വഹിച്ചിരുന്ന സാമ്രാജ്യത്വ ശക്തികൾ ഈ രാജ്യത്ത് വളരെയേറെ കേന്ദ്രീകൃതമായ ഒരു ഭരണനിർവഹണ സംവിധാനമാണ് സ്ഥാപിച്ചത്.അതികേന്ദ്രീകൃതമായ ഈ ഭരണസവിധാനത്തെ നേരിടേണ്ടി വന്ന സ്വാതന്ത്യപ്രസ്ഥാനത്തി ന് ജാതി-മത-ഭാഷാ ഭിന്നതകൾക്കെല്ലാം അതീതമായി ജനങ്ങളെയാകെ യോജിപ്പിക്കുന്ന ഐക്യം ആധുനികജനാധിപത്യമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ വളർത്തികൊണ്ടൂവരേണ്ടിവന്നു.ഇത് ഗുരുതരമായ വെല്ലുവിളിയായിക്കണ്ട് ഈ ഐക്യത്തെ തകർക്കാനുള്ള മാർഗങ്ങളുംതന്ത്രങ്ങളും ആവിഷ്കരിച്ച് നടപ്പാക്കുകയാണ് ബ്രിട്ടൺ ചെയ്തത്. ഒടുവിൽ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നേതാക്കളും ജനങ്ങൾ പൊതുവെയും കാത്തുസൂക്ഷിക്കണമെന്ന് അഭിലഷിച്ചിരുന്നതുപോലെയുള്ള ഇന്ത്യയുടെ ഐക്യം പിളർക്കപ്പെടുന്ന സാഹചര്യം ഉണ്ടായി.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമൂന്നു ദശകങ്ങളിൽ വിഭാവനം ചെയ്യപ്പെട്ടിരുന്ന ഭാവിഭരണഘടനയുടെ ചട്ടക്കൂട്,പ്രവിശ്യകൾക്ക് വിപുലമായ സ്വയംഭരണാവകാശങ്ങളോട് കൂടിയ ഒരു ഫെഡറൽ കേന്ദ്രം എന്ന ആശയം ഉൾക്കൊള്ളുന്നതായിരുന്നു.എന്നാൽ ബ്രിട്ടീഷ് തന്ത്രങ്ങൾക്ക് വിധേയമായി ശിഥിലനിലപാടുകളിലേക്ക് സഞ്ചരിച്ച് തുടങ്ങിയ നാല്പതുകളിൽ ഇതിന് മാറ്റങ്ങളുണ്ടായി.ഇന്ത്യ വിഭജിക്കപ്പെടുകയും ബൂർഷ്വാസി ഇന്ത്യൻ ഭരണവർഗമായി മാറുകയും ചെയ്യുന്നതോടെ ഒരു കേന്ദ്രീകൃത ഭരണകൂടം ആവശ്യമാക്കിത്തീർക്കുന്ന വിപുലീകൃതമായ ഒരു ആഭ്യന്തരവിപണി ഉണ്ടാകുന്നതിൽ തല്പരരായ അവർ നേരത്തെയുള്ള നിലപാടുകളിൽ നിന്ന് –സംസ്ഥാനസ്വയംഭരണം,ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടൻ തുടങ്ങിയവ–പിന്മാറി.1950-ൽ ആവിഷ്കരിച്ച ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം ഫെഡറൽ രൂപമാണെന്ന് പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും അതിന്റെ ഉള്ളടക്കം അമിതകേന്ദ്രീകരണത്തിന്റേതായിരുന്നു.പിൽക്കാലത്ത് ഇത് കൂടുതൽ കേന്ദ്രീകൃതമാവുകയാണ് ചെയ്തിട്ടുള്ളത്.ഇന്നത്തെ സംസ്ഥാനങ്ങളെ ഈ സാഹചര്യത്തിലാണ് ഒരു വശത്ത് നാം വിലയിരുത്തേണ്ടത്.

ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യസമരത്തിലുടെ ഇന്ത്യ ദേശീയഐക്യം കെട്ടിപ്പടുത്തപ്പോൾ തന്നെ വിവിധഭാഷാസാംസ്കാരികവിഭാഗങ്ങൾ വ്യക്തിത്വമുള്ള ദേശീയ വിഭാഗങ്ങളായി സ്വയം രുപപ്പെട്ടു വന്നിട്ടുണ്ട്.അതേ സമയം ‘സ്വരാജ്’എന്ന ആശയത്തെ ബ്രിട്ടീഷുകാർ എതിർത്തത് ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും അതൊരു ഭൂവിഭാഗത്തിന്റെ വിളിപ്പേര് മാത്രമാണെന്ന വാദമുയർത്തിയായിരുന്നു.ചരിത്രപരമായ യാഥാർത്ഥ്യങ്ങളുമായി പൊരുത്തമില്ലാത്ത തരത്തിൽ ഇന്ത്യ എന്നെന്നും ഒരു ഏകീകൃത രാഷ്ട്രമായിരുന്നെന്ന വാദത്തോടെ ദേശീയ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമവും ഉണ്ടായി.വിദേശ മേധാവിത്വത്തിനെതിരെ പോരാടുമ്പോൾ തന്നെ ഉല്പാദനപ്രക്രിയയിൽ മുതലാളിത്തത്തെ സ്വീകരിച്ചു കൊണ്ട് അതിപ്രധാനവും സങ്കീർണവുമായ ഒരു പ്രക്രിയയിലൂടെയാണ് യഥാർത്ഥത്തിൽ ഇന്ത്യ കടന്നുപോയത്.അതിന്റെ ഫലമായി ഓരോ ഭാഷാ സാംസ്കാരികവിഭാഗവും പ്രത്യേകം ദേശീയവിഭാഗമായി രൂപാന്തരം പ്രാപിച്ചുതുടങ്ങി.അതോടൊപ്പം ഏകോപിതമായ ദേശിയപ്രസ്ഥാനത്ത്തിന്റെ ഭാഗമായി അവ മാറുകയും ഇന്നത്തെ ദേശീയബോധത്തിന്റെ അടിത്തറ രൂപപ്പെടുകയുമായിരുന്നു.ഈ ചരിത്രപരമായ അനുഭവങ്ങളിൽ നിന്നാണ് ഭരണഘടനയുടെ ഫെഡറൽ ധാരണയും ഭാഷാ സംസ്ഥാനങ്ങൾ എന്ന സങ്കല്പവും രൂപപ്പെട്ടത്.

1947-ൽ ഇന്ത്യ സ്വതന്ത്രയായി.പക്ഷേ,മലയാളികൾ പ്രധാനമായും മൂന്ന് വ്യത്യസ്തഭരണപ്രദേശങ്ങളിലായി വിഭജിക്കപ്പെട്ടു തന്നെ തുടർന്നു.പൊതുവായ സാംസ്കാരികപൈതൃകവും ജീവിതരീതിയും പിന്തുടർന്നിരുന്ന മലയാളികൾ തമ്മിലുള്ള ഐക്യം സ്വാതന്ത്ര്യ സമരകാലത്ത് ശക്തിപ്പെട്ടുവന്നിരുന്നു.ഐക്യകേരളത്തിനായുള്ള ജനകീയപ്രസ്ഥാനം സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് തന്നെ രൂപപ്പെട്ടിരുന്നു.ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനപുനർ നിർണയം നടത്താൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾക്കു ശേഷം ആണ് മറ്റു സംസ്ഥാനങ്ങൾക്കൊപ്പം സംസ്ഥാനപുനഃസംഘടനാകമ്മിഷൻ ശുപാർശ അനുസരിച്ച് കേരളം ഒരു സംസ്ഥാനം എന്ന നിലയിൽ അംഗീകരിക്കപ്പെടുന്നത്.നവോത്ഥാന-ദേശീയ പ്രസ്ഥാനങ്ങളുടെ പുരോഗമനപരമായ ഇടപെടലുകളിലൂടെ ശക്തി പ്രാപിച്ച സാംസ്കാരികാവബോധം സാമൂഹിക യാഥാർത്ഥ്യങ്ങളുമായി കണ്ണി ചേർത്ത് രൂപപ്പെടുത്തിയ ഈ ഭരണ നിർവഹണസംവിധാനം ഭരണഘടനയുടെ പരിധിക്കും പരിമിതികൾക്കും വിധേയമായി കേരളീയ ജനസമൂഹത്തിന് ഗുണകരമായതെങ്ങനെ എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല.

1956-ൽ സംസ്ഥാനരൂപീകരണം നടന്നതിനു ശേഷം അഞ്ചര പതിറ്റാണ്ടുകൾ കടന്നു പോയി.മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി സാമൂഹികവികാസത്തിന്റെ ചില മേഖലകളിൽ ഉയർന്ന വിതാനം പാലിക്കാൻ കേരളത്തിന് ഈ കാലയളവിൽ കഴിഞ്ഞു.എന്നാൽ ഒട്ടേറെ പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുന്ന ഒരു ജനവിഭാഗമായാണ് ഇന്നും കേരളീയജനസമൂഹം നിലനിൽക്കുന്നത്.ഈ പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും പശ്ചാത്തലത്തിലാണ് അവയുടെ യഥാർത്ഥ കാരണങ്ങളന്വേഷിക്കാതെ ചില കുറുക്കു വഴികൾ എന്ന നിലയിൽ പുതിയ സംസ്ഥാനം എന്ന ആശയം മുന്നോട്ട് വെക്കപ്പെടുന്നത്.മൂർത്തമായ ഒരു ആവശ്യം എന്ന നിലയിലേക്ക് അത് വളർന്നിട്ടില്ലെങ്കിൽ പോലും അത്തരം ഒരു കാര്യം ചർച്ചയ്ക്ക് വേണ്ടി ഉയർത്തിക്കൊണ്ട് വരുന്നത് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് വഴി തിരിച്ചു വിടുക എന്ന ദുഷ്ടലാക്കോടെയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഭാഷാസംസ്ഥാനരൂപീകരണത്തിലേക്ക് ജനകീയ സമ്മർദ്ദത്തിന്റെ ഫലമായി കേന്ദ്ര ഭരണകൂടത്തിന് എത്തേണ്ടി വന്നെങ്കിലും പിന്നീട് ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ ഹനിക്കുന്ന വിധത്തിലുള്ള ഒട്ടേറേ നടപടികളിലൂടെ ഭരണകേന്ദ്രീകരണം ശക്തിപ്പെടുത്തുകയാ ണ് ചെയ്തിട്ടുള്ളത് എന്ന് കാണാൻ കഴിയും.കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ പരിഷ്കരിക്കാനാവശ്യപ്പെട്ട് വിവിധഘട്ടങ്ങളിൽ വിവിധ സംസ്ഥാന സർക്കാരുകൾ കേന്ദ്രഗവണ്മെന്റിന്റെ മുമ്പാകെ സമർപ്പിച്ച നിർദേശങ്ങൾ പ്രസക്തമാകുന്നത് ഇവിടെയാണ്.ഇവ പരിഗണിക്കാതെ തങ്ങളുടെ അധികാരം കൂടുതൽ കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങളിലാണ് എപ്പോഴും കേന്ദ്രഗവണ്മെന്റ് ഏർപ്പെട്ടത്.അസന്തുലിതമായ വികസനത്തിനും മറ്റ് വിവേചനങ്ങൾക്കും കാരണമാകുന്ന ഈ സാഹചര്യങ്ങൾ പരിഗണിക്കാതെയാണ് തെറ്റായി നിർണയിച്ച ചില അടിസ്ഥാനങ്ങളിൽ നിന്ന് പുതിയ ആവശ്യങ്ങൾ ബോധപൂർവം ഉന്നയിക്കപ്പെടുന്നത്.

മേല്പറഞ്ഞ പൊതുസാഹചര്യങ്ങളിലാണ് മലബാറിന്റെ സവിശേഷമായ പ്രശ്നങ്ങൾ,പിന്നോക്കാവസ്ഥ എന്നിവ പരിശോധിക്കപ്പെടേണ്ടത്.1956-ൽ കേരളപ്പിറവിക്കു മുമ്പ് ജൂൺ മാസത്തിൽ തൃശൂരിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനം അംഗീകരിച്ച ‘പുതിയ കേരളം പടുത്തുയർത്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശങ്ങൾ’എന്ന പ്രമേയത്തിൽ മൂർത്തമായ നിർദേശങ്ങൾ തന്നെ ഇതു സംബന്ധിച്ച് മുന്നോട്ട് വെച്ചിരുന്നു.”മലബാറിലെ വിദ്യാഭ്യാസസൗകര്യങ്ങൾ,യാത്രാസൗകര്യങ്ങൾ,വൈദ്യസഹായസൗകര്യങ്ങൾ മതലായ സാമൂഹ്യ സർവീസുകൾ അതിവേഗത്തിൽ തിരു-കൊച്ചിയുടെതിനോട് തുല്യമാക്കുന്നതിന് ഒരു നിശ്ചിത പദ്ധതിയനുസരിച്ച് കേരളത്തിന് കേന്ദ്രത്തിൽ നിന്ന് പ്രത്യേക ഗ്രാന്റ് അനുവദിക്കണം.”ഇത്തരം നിർദേശങ്ങളോട് കേന്ദ്ര ഭരണാധികാരികൾ എടുത്ത ഉദാസീനസമീപനം കാണാതിരുന്നു കൂട.എങ്കിൽ പോലും അധികാരത്തിലുണ്ടായിരുന്ന ഹ്രസ്വകാലങ്ങളിൽ ഈ വെല്ലുവിളിയെ തങ്ങളുടെ പരിമിതിയ്ക്കകത്തു നിന്നു കൊണ്ട് നേരിടാൻ ഇടതുസർക്കാരുകൾ ശ്രമിച്ചതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഭരണകാലത്ത് തോമസ് ഐസക്ക് പ്രഖ്യാപിച്ച മലബാർ പാക്കേജ്.അത് തുടരുന്ന കാര്യത്തിൽ യു ഡി എഫ് കാണിച്ച അലംഭാവവും കേന്ദ്രസർക്കാർ സമീപനത്തോട് ചേർത്തു വായിക്കാൻ കഴിയും.

രാജ്യത്തു നില നിൽക്കുന്ന ഭരണ നിർവഹണസംവിധാനത്തിന്റെ വളർന്നുവരുന്ന ജനാധിപത്യ വിരുദ്ധ ഉള്ളടക്കത്തെ ദർശിക്കാതെ വൈകാരികമായ തലത്തിൽ ചില കാര്യങ്ങൾ സമൂഹത്തിലേക്ക് സന്നിവേശിപ്പിച്ച് ഈ ജനാധിപത്യ വിരുദ്ധതയ്ക്ക് വളമേകുന്ന പ്രവർത്തനമാണ് പുതിയ സംസ്ഥാന വാദം നടത്തുന്നത്.നവലിബറൽ സാമ്പത്തിക പരിഷ്കാരങ്ങൾ ശക്തിപെട്ടതോടെ സാമ്പത്തിക അസമത്വത്തിന്റെ തോത് ക്രമാതീതമായി പെരുകുന്നു. ഇത് പ്രദേശങ്ങൾ തമ്മിലും ഉണ്ട്. ചരിത്രപരമായി തന്നെ പിന്നോക്കാവസ്ഥ നേരിട്ട മലബാർ പ്രദേശങ്ങൾ പോലുള്ളവയ്ക്ക് ഈ ആഘാതം സ്വാഭാവികമായും കൂടുതൽ ആയിരിക്കും.ഈ അവസരം മുതലെടുത്തു കൊണ്ട് വിഘടന വാദത്തിന്റെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ചെലവഴിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.സാമ്രാജ്യത്വാധിനിവേശത്തിനെതിരെയുള്ള സമരങ്ങളെ നേരിടാൻ ബ്രിട്ടിഷുകാർ അക്കാലത്തുപയോഗിച്ച രീതിയുടെ നിഴൽ ഇത്തരം നടപടികളിൽ കാണുന്നത് യാദൃശ്ചികമല്ല.നവലിബറൽ പരിഷ്കാരങ്ങൾക്കെതിരെ രൂപപ്പെടുന്ന ജനകീയ ഐക്യത്തെ പുതിയ മാർഗങ്ങളുപയോഗിച്ച് തകർക്കാനുള്ള ശ്രമം ആണിത്.സ്വത്വ രാഷ്ട്രീയ പ്രയോഗങ്ങൾ എല്ലാം ഫലത്തിൽ സാമ്രാജ്യത്വ അധിനിവേശത്തിന് സഹായകമെന്നതു പോലെ ഈ നിലപാടും രാജ്യത്തിന്റെ പരമാധികാര സംരക്ഷണത്തിനും സ്വാതത്ര്യത്തിനും ഭീഷണിയാകും എന്ന് തിരിച്ചറിയാൻ കഴിയണം.മലബാറിന്റെ വികസനപിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശരിയായ മാർഗം ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അത് നിരന്തരം നവീകരിക്കുകയുമാണ്.അത് ചെയ്യാൻ തയ്യാറാകാതെ, നിലവിലുള്ള ജനാധിപത്യ സംവിധാനങ്ങളെപ്പോലും തകർക്കുന്ന ഭരണകൂട നടപടികളെ പ്രതിരോധിക്കാതെ പ്രതിലോമകരമായ ആശയങ്ങൾ അവതരിപ്പിക്കപെടുന്നത് ആരെയാണ് സഹായിക്കാൻ പോകുന്നത് എന്നും അത്തരം ആവശ്യങ്ങൾ എത്ര വലിയ അപകടങ്ങളിലേക്കാണ് നാടിനെ നയിക്കാൻ പോകുന്നത് എന്നും മനസ്സിലാക്കേണ്ടതുണ്ട്.

കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിൽ അഴിച്ചു പണി ഉൾപ്പെടെയുള്ള ഭരണ പരമായ നടപടികൾ ആവശ്യപ്പെട്ടു കൊണ്ടും അധിനിവേശശ്രമങ്ങൾക്കെതിരെയുള്ള ജനകീയപ്രക്ഷോഭങ്ങൾ വളർത്തുന്നതിലൂടെ ദേശീയ ഐക്യം ശക്തിപ്പെടുത്തിയും ഇത്തരം പ്രതിലോമചിന്താഗതികളെ മുളയിലേ നുള്ളിക്കളയാൻ ജനാധിപത്യവിശ്വാസികൾ ശ്രമിക്കണം.നാടിന്റെ പാരമ്പര്യം ഭിന്നതയുടെതല്ല,ഐക്യത്തിന്റേതാണ് എന്ന ചരിത്രബോധമാണ് നമ്മെ നയിക്കേണ്ടത്.

Share.

About Author

136q, 0.561s