Leaderboard Ad

‘പുരോഗമന സംഘടനകളുടെ വിപ്ലവാത്മകത തിരിച്ചു പിടിക്കേണ്ടതുണ്ട്’

0

പൊതുവെ  പ്രതിലോമകരമായ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തെയാണ് ഇന്ന് ഇന്ത്യൻ സമൂഹം നേരിട്ട് കൊണ്ടിരിക്കുന്നത്. കേരളത്തിൽ അതിന്റെ അലയൊലികളുണ്ടാകുന്നത്  ജാതി സംഘടനകളെ വർഗീയവൽക്കരിക്കുന്നതിലൂടെയാണ്. മുതലാളിത്തം വലിയ പ്രതിസന്ധി നേരിടുന്ന ഏതു കാലഘട്ടത്തിലും, അതിനു തുണയേകാൻ  സ്വത്വം എത്തിച്ചേരും എന്നത് ഒരു ചരിത്ര പാഠം കൂടി ആണ്.

ഈ പാഠത്തിനു പിന്തുണയുമായി കേരളത്തിലെ മുക്കിലും മൂലയിലും ജാതി ഉപജാതി സംഘടനകൾ വളരുന്നതെങ്ങനെ, വളർന്നാൽ അവരുടെ സാമ്പത്തിക സ്രോതസെങ്ങനെ എന്നിങ്ങനെ നൂറു കണക്കിന് ചോദ്യങ്ങൾ നമ്മുടെ ചിന്താമണ്ഡലത്തിൽ  ഉയരേണ്ടതുണ്ട്. കേരളം മുമ്പ്‌ കാണാത്ത പതാകകളും, മുഖങ്ങളും  പൊതുമണ്ഡലത്തിലേക്ക് വന്നു ചേരുന്നതും ഈ പ്രക്രിയയുടെ ഭാഗമായാണ്. ജാതിയുടെ അടിസ്ഥാനത്തിൽ സംഘടിച്ചാൽ മാത്രമേ നിലനില്പ്പുള്ളൂ എന്ന് പ്രചരിപ്പിക്കപ്പെടുന്നു. ജാതി അടിസ്ഥാനത്തിൽ സംഘടിക്കുമ്പോൾ, അതതു ജാതിയിലെ പ്രമാണിമാർക്ക് മാത്രമാണ് പ്രയോജനം എന്നത് പച്ചയായ കാഴ്ചയാണ്. എല്ലാ ജാതി പ്രവർത്തനങ്ങൾക്കും, ഒരു പൊതു പ്രചാരണ ബോധത്തിന്റെ പിന്തുണ കൂടി ഉണ്ട്. അതായതു ” ഇടതു പ്രസ്ഥാനം, പാവങ്ങളുടെ പ്രസ്ഥാനം അല്ലാതായി എന്നത്”. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇത് ഒട്ടു മുക്കാലും, കുത്തക മാധ്യമങ്ങളുടെ സൃഷ്ടി  ആണെന്നും  മനസിലാക്കാം. കേരളത്തിലെ ഈ സ്ഥിതി വിശേഷത്തെ പുരോഗമന സംഘടനകൾ എങ്ങനെ തരണം ചെയ്യും എന്നത് വളരെ ശ്രദ്ധയോടെ ലോകം വീക്ഷിച്ചു കൊണ്ടിരിക്കുന്നു.

പ്രഥമമായി എപ്പോഴൊക്കെ തിരിച്ചടി നേരിടുമ്പോഴും, കമ്മ്യൂണിസ്റ്റ് ആചാര്യന്മാർ ചെയ്തിരുന്നത് പോലെ,  പ്രത്യയ ശാസ്ത്ര സമീപന പരിശോധനയാണ് നടത്തേണ്ടത്. ഇടതുപക്ഷ പ്രത്യയ ശാസ്ത്രവും, സംഘടനാ സമീപനവും വീണ്ടും യാഥാർത്ഥ്യം എന്ന ഉരകല്ലിൽ ഉരച്ചു പരിശോധിക്കുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. തിരുത്തലുകൾ വേണ്ടിടത്ത് തിരുത്തലുകളും ആകാം. പ്രത്യയ ശാസ്ത്ര സമീപനം പലപ്പോഴും ബൃഹത്താക്കുന്നതിൽ കാല താമസം പോലെ അനുഭവപ്പെടാറുണ്ട് . ഏതൊരു സമീപകാല സംഭവ വികാസത്തെയും, അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രമായ മാർക്സിസ്റ്റ് – ലെനിനിസ്റ്റ് രീതിയിൽ അപഗ്രഥിക്കാൻ, വിശദീകരിക്കാൻ കഴിയുന്നുണ്ടോ എന്നത് വലിയൊരു സംശയമായി നിലനിൽക്കുന്നു. ഏതൊരു സംഭവ വികാസത്തെയും കഴിയുന്നത്ര  ലളിതമായി വിശദീകരിക്കുകയും അതിൽ പുരോഗമന പ്രസ്ഥാനവും വ്യക്തികളും എടുക്കേണ്ട സമീപനത്തിൽ കൃത്യത വരുത്തുകയും ചെയ്യേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യം ആണെന്നത് മറന്നു കൂടാ. വളരെ വലിയ രീതിയിൽ വിവരങ്ങൾ സൃഷ്ടിക്കപ്പെടുന്ന കാലഘട്ടത്തിൽ ജീവിക്കുമ്പോഴും , ഈ വിവരങ്ങളുടെ വൈജാത്യം വലുതല്ല എന്നും നമ്മൾ തിരിച്ചറിയേണ്ടതായിട്ടുണ്ട്. ആശയങ്ങൾ ചലനാത്മകം അല്ലാത്തവ/ ആയവ എന്നിവയായി തരം തിരിച്ചു ചലനാത്മകം ആയവയിൽ പുരോഗമനാത്മകം ആയവയെ മുറുക്കിപ്പിടിക്കാനും അല്ലാത്തവയെ തുറന്നെതിർക്കാനും കാമ്പുള്ള ഒരു ബുദ്ധി ജീവി വൃന്ദം പ്രസ്ഥാനങ്ങൾ ബോധപൂർവ്വം വളർത്തി എടുക്കണം.

രണ്ടാമതായി ചെയ്യേണ്ടത് സമീപനങ്ങളെ വർഗ അടിസ്ഥാനത്തിൽ പുനർ വിചിന്തനം നടത്തുക എന്നതാണ്. ഏതു വിഷയത്തിലും ഇടതു പക്ഷം, തൊഴിലാളി വർഗ താല്പര്യത്തെ ആണോ സംരക്ഷിക്കുന്നത് എന്നത് പരിശോധന നടത്തിത്തന്നെ കണ്ടെത്തേണ്ടതാണ്. വലിയൊരു ജനസഞ്ചയം തന്നെ പുരോഗമനപരമായ നിലപാടുകൾക്കായി കാത്തിരിക്കുമ്പോൾ, എടുക്കുന്ന നിലപാടുകൾ സമൂഹത്തെ മൊത്തത്തിൽ രാഷ്ട്രീയവൽക്കരിക്കാൻ ഉതകുന്നതു കൂടിയാണ് എന്ന് തിരിച്ചറിയുന്നത്‌ നന്നായിരിക്കും. പല സമയത്തും നമ്മൾ എടുത്തിരിക്കുന്ന നിലപാടുകൾ, സ്ഥാപിത താത്കാലിക ലാഭ സംരക്ഷണം എന്ന കാര്യം മാത്രം മുൻകണ്ടു  എടുത്തതാണ് എന്ന് മനസിലാക്കാം. അവിടെ കൃത്യമായ ഇടപെടൽ, പ്രായോഗികത കൂടി പരിഗണിച്ചു ഉണ്ടാവേണ്ടതും ആണ്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ പ്രായോഗികത പലപ്പോഴും ഹ്രസ്വ കാല പ്രയോജനം മാത്രം ചെയ്യുന്നതും, ദീർഘ കാലത്തേക്ക് തിരിഞ്ഞു കുത്തുന്നതും ആണ്.

മൂന്നാമത്തേതും ഏറ്റവും പ്രാധാന്യം അർഹിക്കുന്നതും സംഘടനകളുടെ വിപ്ലവാത്മകത  തിരിച്ചു പിടിക്കുക എന്നതാണ്. ഏതു സാഹചര്യത്തിനും ആസ്പദമായതു ഭൌതികാടിസ്ഥാനത്തിലുള്ള അവസ്ഥ  ആണെന്നും, അതിൽ മാറ്റം വരുത്താൻ എപ്പോഴും വേണ്ടത് സാഹചര്യങ്ങളെ മാറ്റുക എന്നതാണെന്നും തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം . നില നില്ക്കുന്ന വ്യവസ്ഥയുടെ ഭാഗമാകാനല്ല, പക്ഷേ പൊളിച്ചെഴുത്തുകളുടെ നായകന്മാർ ആകാനാണ് പുരോഗമന സംഘടനകളോട് ചരിത്രപരമായ കടമ ആവശ്യപ്പെടുന്നത്. മൂർത്തമായ രാഷ്ട്രീയ സാഹചര്യം നിരന്തരം സൃഷ്ടിക്കാനും, അതിൽ നിന്ന് മുന്നേറ്റങ്ങൾ നടത്താനും ലെനിൻ പറഞ്ഞത് പോലെ സ്ഥിരം ശ്രമം ഉണ്ടാവണം. നിരന്തര സമരങ്ങളും, നിരന്തരം സൃഷ്ടിപരമായ ബദലുകൾ മുന്നോട്ടു വെക്കുന്നതും ഈ പ്രക്രിയയുടെ ഭാഗമാണ്. ഇതിങ്ങനെയൊക്കെയേ നടക്കൂ, നമുക്ക് നോക്കാം, നടത്തിത്തരാം, ശരിയാക്കാം എന്ന സാമ്പ്രദായിക പല്ലവികളിൽ നിന്ന് മാറി, ഇതും മാറും, മാറിയില്ലെങ്കിൽ മാറ്റും, മാറ്റിയില്ലെങ്കിൽ മാറ്റിനിർത്തും എന്ന വിപ്ലവാത്മക ശൈലിയാണ് പുരോഗമന രാഷ്ട്രീയത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ജനകീയ പ്രശ്നങ്ങളിൽ ഒരു നിലപാട് എടുക്കാതെ ഒളിച്ചോടുന്ന സമീപനം ഉപേക്ഷിച്ചു, വർഗാടിസ്ഥാനത്തിൽ ധീരമായ നിലപാടെടുത്ത് മുന്നോട്ടു പോകുന്ന ഇടതുപക്ഷത്തെയാണ്, കേരള സമൂഹം, മുതലാളിത്ത വർഗീയ ശക്തികൾ അരങ്ങു വാഴാൻ ഒരുങ്ങുമ്പോൾ പ്രതീക്ഷിക്കുന്നത്. വെള്ളം ചേർക്കാത്ത മതേതര സമീപനവും കൂടിയാകുമ്പോൾ,  തെറ്റിദ്ധരിച്ചു ജാതി സംഘടനകളിൽ ചെന്ന് ചേർന്ന ജനമടക്കം തിരിച്ചു, ഇടതു കുടക്കീഴിൽ എത്തിച്ചേരും, സംശയം വേണ്ട.

 

Share.

About Author

132q, 0.563s