Leaderboard Ad

പുരോഗമന സാഹിത്യം നേരിടുന്ന വെല്ലുവിളികൾ

0

ഒരു പക്ഷെ ആധുനികം എന്ന് പൊതുസമൂഹം വിശേഷിപ്പിക്കുന്ന ഈ കാലഘട്ടത്തിലാണ്  “സ്വത്വം” തിരിച്ചുള്ള പിന്തിരിപ്പന്‍ വിശകലനങ്ങള്‍ക്ക്   കൂടുതല്‍ പ്രചാരം കൈവന്നിട്ടുള്ളത്. എഴുത്തിന്റെയും പുസ്തകങ്ങളുടെയും കാര്യത്തിലും ഈ വിശേഷണം നന്നായി ചേര്‍ന്ന് പോകുന്നതുമാണ്. അതുകൊണ്ടാണ് പല ചര്‍ച്ചകളും കേന്ദ്രബിന്ദുവില്‍ നിന്ന് തെന്നിമാറി സ്വത്വകേന്ദ്രീകൃത സങ്കുചിതത്വത്തില്‍ തളച്ചിടപ്പെടുന്നത് . വായനയുടെയും എഴുത്തിന്റെയും മേഖലയില്‍ അടുത്ത കാലത്ത് (മലയാളത്തില്‍) വളരെ ശക്തം ആയി അവതരിപ്പിച്ചു കണ്ടിട്ടുള്ള വിശേഷണങ്ങള്‍ ആണ് “ദളിത്‌ എഴുത്ത്”  “പെണ്ണെഴുത്ത്” തുടങ്ങിയ പ്രയോഗങ്ങള്‍. ഇത്തരം പ്രയോഗങ്ങളിലൂടെ ബോധപൂര്‍വ്വം പാര്‍ശ്വവല്‍ക്കരിക്കപെടുത്താന്‍ ശ്രമിക്കുന്ന  മറ്റൊരു ആശയമാണ് പുരോഗമന സാഹിത്യം എന്നത്. എഴുത്തിലെ ഉച്ച നീചത്വങ്ങളും, സവര്‍ണ്ണതയും തച്ചുടച്ചാണ് പുരോഗമന സാഹിത്യം പുതിയ ചരിത്രം എഴുതി ചേര്‍ത്തത്. ദന്ത ഗോപുരങ്ങളിലെ ജീവിതങ്ങള്‍ക്കും കഥകള്‍ക്കും മറു ഭാഷ്യം ചമച്ചതും തൊഴിലാളി, പ്രകൃതി, ചൂഷണം തുടങ്ങിയ മനുഷ്യജീവിതവുമായി ഒട്ടിനില്‍ക്കുന്ന എല്ലാ മേഖലയിലേക്കും സാഹിത്യത്തിന്റെ സാധ്യതകള്‍ തുറന്നു കാണിക്കുന്നതില്‍ പുരോഗമന സാഹിത്യ സംഘം  നടത്തിയ മുന്നേറ്റങ്ങള്‍ ചെറുതല്ല.

പുരോഗമന സാഹിത്യം വികസിപ്പിച്ചെടുത്ത എഴുത്തിന്റെ ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് സ്വത്വവാദികള്‍ എഴുത്തിന്റെ പിന്തിരിപ്പന്‍ ഭാഷ്യം ചമയ്ക്കാന്‍ ശ്രമിക്കുന്നത്. ലോകത്തില്‍ ഇടതുപക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് സാഹിത്യം നല്‍കിയ സംഭാവന വലുതാണ്‌. മനുഷ്യ പക്ഷത്തു നില്‍ക്കുന്ന എല്ലാ എഴുത്തുക്കാരും ഒരു കുടക്കീഴില്‍ സംഗമിക്കുകയും കമ്മ്യൂണിസ്റ്റ്‌ അനുഭാവികള്‍ അല്ലാതിരുന്ന എഴുത്തുക്കാര്‍ വരെ പുരോഗമന സാഹിത്യത്തിന്റെ സാധ്യതകളോട് തോള്‍ ചേര്‍ന്ന്  സഞ്ചരിക്കുകയും ചെയ്തു.  75 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലും ഇത് ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. 1936-ല്‍ ലക്നൗവിൽ നടന്ന ആദ്യ സമ്മേളനത്തില്‍ മര്‍ദ്ദിതരുടേയും ചൂഷിതരുടേയും ദുരിതം അനുഭവിക്കുന്നവരുടേയും ജീവിത പ്രതിസന്ധികള്‍ക്കൊപ്പം നില്‍ക്കല്‍ ആണ് പുരോഗമന സാഹിത്യത്തിന്റെ പ്രധാന കടമ എന്ന് പ്രേംചന്ദ്  ഒര്‍മ്മിപ്പിക്കുക്കയുണ്ടായി. നിലവിലെ സാഹചര്യവും തെല്ലും ഭിന്നമല്ല.

ചരിത്രത്തിന്റെ അപഹാസ്യം ആയ ആവര്‍ത്തനം എന്നതുപോലെ ആണ് സ്വത്വവാദികള്‍ വികസിപ്പിച്ചെടുക്കുന്ന നവയുഗ എഴുത്ത്. 1930 -ൽ ലോക മുതലാളിത്വം പ്രതിസന്ധിയില്‍ അകപ്പെട്ട കാലത്താണ് സമൂഹത്തില്‍ പുതിയ മുന്നേറ്റങ്ങള്‍ ആരംഭിക്കുന്നത്. തൊഴിലാളികളും ചൂഷിതരും സംഘടിക്കുകയും മനുഷ്യപക്ഷത്തു നില്‍ക്കുന്ന എഴുത്തുക്കാര്‍ അവര്‍ക്ക് വേണ്ടി എഴുതുകയും ചെയ്തതോടെ സാമൂഹിക അന്തരീക്ഷത്തില്‍ വലിയ മാറ്റം ആണ് ഉണ്ടായത്. അക്കാലത്തുതന്നെ ഇത്തരം പ്രസ്ഥാനങ്ങളില്‍ വിഘടനവാദങ്ങള്‍ ഉയര്‍ത്തികൊണ്ടു വരാന്‍ സംഘടിത ശ്രമം നടന്നിരുന്നു. പ്രത്യക്ഷത്തില്‍ “മനുഷ്യപക്ഷം” എന്നു തോന്നിപ്പിക്കുന്ന ഈ പിന്തിരിപ്പന്‍ പ്രസ്ഥാനങ്ങള്‍ പക്ഷെ പിന്തുണച്ചിരുന്നത് ഫാസിസ്റ്റ് ശക്തികളെയും മുതലാളിത്തത്തെയും ആയിരുന്നു. വര്‍ത്തമാനകാല സാഹചര്യത്തിലും മുതലാളിത്തം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. 2008 മുതല്‍ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധി വികസിത രാജ്യങ്ങളില്‍ വലിയ സാമൂഹിക മാറ്റം ആണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഈ ഒരു കാലഘട്ടത്തില്‍ ആണ് സ്വത്വവാദികള്‍ പിന്തിരിപ്പന്‍ സാഹിത്യത്തിന്റെ വിഘടന വാദങ്ങള്‍ ഉയര്‍ത്തി സമൂഹത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്നത്. ലോകത്ത് ദുരിതം അനുഭവിക്കുന്ന, ചൂഷണം ചെയ്യപ്പെടുന്ന എല്ലാ മനുഷ്യനും ഒരേ പൊതുവികാരം തന്നെയാണ്. സ്വത്വം തിരിച്ചു സങ്കുചിതമായി ഇത് വീക്ഷിക്കുന്നവര്ക്ക് ഈ വികാരത്തെ ഒരിക്കലും ആഴത്തില്‍ സ്പര്‍ശിക്കാന്‍ കഴിയില്ല.

കേരളം പോലെ പുരോഗമന ആശയങ്ങള്‍ക്ക് വേരോട്ടം ഉള്ള സ്ഥലങ്ങളില്‍ സാഹിത്യം ഒരു പ്രചാരണ ആയുധമായി സ്വത്വവര്‍ഗീയ ശക്തികള്‍ ഉപയോഗിച്ച് തുടങ്ങിയിട്ട് അധികം കാലം ആയിട്ടില്ല. സാഹിത്യത്തില്‍ “പാരമ്പര്യം” അവകാശപ്പെടുന്ന പല സവര്‍ണ്ണ പ്രസിദ്ധീകരണങ്ങളും “സാഹിത്യ ദൈവങ്ങളെ” സൃഷ്ടിച്ചു കച്ചവടം വിപുലീകരിക്കുവാന്‍ ഉള്ള തിരക്കിലുമാണ്. ആഗോളവല്‍ക്കരണം തുറന്നു കൊടുത്ത ഈ കച്ചവട സാധ്യതകള്‍ ജനകീയ പ്രതിരോധം കൊണ്ട് വേണം പ്രതിരോധിക്കാന്‍. അതിനു പുരോഗമന സാഹിത്യ സംഘങ്ങളെ സംരക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യതയും സമൂഹത്തിനുണ്ട്.

Share.

About Author

149q, 0.576s