Leaderboard Ad

പുഴു കുത്തിയ ‘ഒലീവ്‌’

0

എന്‍.ഡി.എഫ് കുപ്രസിദ്ധ ഇസ്ലാമിക തീവ്രവാദ സംഘടന തന്നെയാണെന്നതില്‍ ഒട്ടും സംശയിക്കേണ്ടതില്ല. നേര്‍രേഖ ഓണ്‍ലൈന്‍ മാഗസിനില്‍ ”എന്‍.ഡി.എഫിന്‍റെ മാരീച വേഷങ്ങള്‍” എന്ന എന്‍റെ ലേഖനത്തില്‍ പറഞ്ഞതത്രയും വസ്തുതകളുടെ വെളിച്ചത്തില്‍തന്നെയാണെന്ന തിരിച്ചറിവിന്‍റെ ജാള്യതയില്‍ നിന്നും, വഴി പിഴപ്പിച്ച അണികളെ അരക്കിട്ടുറപ്പിക്കാനും വേണ്ടിയുള്ള തീവ്ര തത്രപ്പാടില്‍ നിന്നുമാണ് ”ഒലീവ്”കാര്‍ നിരര്‍ത്ഥകവും ദുർബലവുമായ പ്രതിരോധവുമായി നേര്‍രേഖയില്‍  വന്ന ലേഖനത്തിനു നേരെ അരിശം കൊള്ളുന്നത്‌.

ഏതു മണ്ടന്മാര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാനാവും എന്‍ ഡി എഫിന്‍റെ താണ്ഡവങ്ങള്‍ എന്ന് അവര്‍ തന്നെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ”ഒലീവിലൂടെ”. എന്‍.ഡി.എഫ് കേരളക്കരയില്‍ നടത്തിയ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ആധികാരികമായി തെളിയിക്കാന്‍ ആവുമോ എന്നാണ് ഒരു ചോദ്യം.

എന്‍.ഡി.എഫ്-കാരാല്‍ കൊല ചെയ്യപ്പെട്ടവരുടെ കുഴിമാടങ്ങള്‍, എന്‍ ഡി എഫുകാരാല്‍ കൈകാലുകള്‍ നഷ്ട്ടപ്പെട്ടവര്‍, ശാന്തത നഷ്ടപെടുത്തിയ തെരുവുകള്‍, മാനം നഷ്ടപ്പെടുത്തിയ പെണ്‍കുട്ടികള്‍ ഇങ്ങിനെ എന്‍ ഡി എഫുകാരാല്‍ വേട്ടയാടപ്പെട്ട എണ്ണമറ്റ കിരാത കൃത്യങ്ങളില്‍ ഏതിനാണാവോ ആധികാരികത വേണ്ടത്?

ക്രൂര കൃത്യങ്ങള്‍ക്ക് ശേഷം ഞങ്ങളാണ് അത് ചെയ്തതെന്ന വീരവാദവുംവീമ്പുപറച്ചിലുമായി പ്രത്യക്ഷപ്പെടാറുള്ള താലിബാനിസ്റ്റ്കളെപ്പോലെ/ഹര്‍ക്കത്തുള്‍ മുജാഹിദ്ദീനെപ്പോലെ,ലഷ്ക്കറി-ത്വൈബയെപ്പോലെ അല്ലെങ്കില്‍ മറ്റേതെങ്കിലും തീവ്രവാദ സംഘടനയെപ്പോലെ അവകാശ വാദ ഗര്‍വ്വ് നടത്താന്‍ മാത്രം നിങ്ങള്‍ എന്‍ ഡി എഫുകാര്‍ പാകപ്പെട്ടിട്ടില്ലെന്നു മാത്രം. സിമിയില്‍ പ്രവർത്തിച്ചവർക്ക്‌ പിന്നീട് മറ്റൊരു സംഘടനയിലും പ്രവര്‍ത്തിക്കാന്‍ അവകാശമില്ലെന്നാണോ ലേഖകന്‍ ധരിച്ചിരിക്കുന്നത് എന്ന മഹാ മണ്ടന്‍ ചോദ്യമുന്നയിക്കുകവഴി ആ പഴയ നിരോധിക്കപ്പെട്ട സിമിക്കാര്‍ തന്നെയാണ് എന്‍ ഡി എഫിന്‍റെ അണിയറയില്‍ എന്ന് നിരുപാധികം  സമ്മതിച്ചു തരികയാണ് ‘ഒലീവ്’കാര്‍.

നിരോധിക്കപ്പെട്ട തീര്‍ച്ചയായും നിരോധിക്കപ്പെടെണ്ട സിമിക്കാര്‍ക്ക് മറ്റേതെങ്കിലും മതേതര സംഘടനയിലോ,മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിലോ പ്രവര്‍ത്തിക്കാവുന്നതാണ്. അതില്‍ അസാധാരണമോ,അസ്വാഭാവികമോ ദര്‍ശിക്കേണ്ടതില്ല. എന്നാല്‍ കൈവെട്ടും, കാല്‍ വെട്ടും, തലവെട്ടും,മുഖ മുദ്രയാക്കിയ മറ്റൊരു തീവ്രവാദ സംഘടനയില്‍ ചേക്കേറുക വഴി സിമിയും സിമി ചേക്കേറിയ എന്‍ ഡി എഫ് എന്ന സംഘടനയും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. അത് മാത്രമല്ല ഒരുപോലെ ആപല്‍ക്കരവുമാണ്.

നേര്‍രേഖയിലെ മാഗസിനില്‍ വന്ന എന്‍.ഡി.എഫ് ന്റെ മാരീച വേഷങ്ങള്‍ (http://www.nerrekha.com/?p=7610) എന്ന ലേഖനത്തിന് 'ഒലീവില്‍' വന്ന മറുപടി (http://oleeveblog.blogspot.ae/2013/08/blog-post.html)

നേര്‍രേഖയിലെ മാഗസിനില്‍ വന്ന എന്‍.ഡി.എഫ് ന്റെ മാരീച വേഷങ്ങള്‍ (http://www.nerrekha.com/?p=7610) എന്ന ലേഖനത്തിന് ‘ഒലീവില്‍’ വന്ന മറുപടി (http://oleeveblog.blogspot.ae/2013/08/blog-post.html)

ഈ വരികള്‍ എഴുതുമ്പോള്‍ കണ്ണൂരിലെ ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ശാഖകള്‍ അടച്ചുപൂട്ടി, കുറുവടികള്‍ വലിച്ചെറിഞ്ഞ്, കാവിക്കറകള്‍ വൃത്തിയാക്കി ചെങ്കൊടി മാറോടു ചേർത്തു  വെച്ച് ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കാന്‍ തയ്യാറായ ശുഭമുഹൂര്‍ത്തമാണ് എന്ന് കൂടെ സന്ദര്‍ഭോചിതം ഉണര്‍ത്തട്ടെ.

ഒരിക്കല്‍ സിമിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പിന്നീടൊരിക്കല്‍ മറ്റൊരു തീവ്ര വാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് എന്താ കുഴപ്പം? എന്ന് ചോദിക്കുന്ന മണ്ടന്മാരെ… ഒരിക്കല്‍ ആര്‍ എസ് എസ്സില്‍ പ്രവര്‍ത്തിക്കുകയും ചതിയും, കൊലയും മുഖ മുദ്രയാക്കിയിരുന്നവര്‍ പാശ്ചാത്തപിച്ചു മടങ്ങുകയാണ്. നിങ്ങളെപ്പോലെ മറ്റൊരു തീവ്രവാദ സംഘടനയിലെക്കല്ല.  മതേതരമായ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലേക്കാണ്. എന്തുകൊണ്ട് നിങ്ങള്‍ക്കതിനു സാധിക്കുന്നില്ല? വിവിധ ഘട്ടങ്ങളിലായി,വ്യത്യസ്ഥ സംസ്ഥാനങ്ങളിലായി എന്‍.ഡി.എഫ് എന്ന നിരോധിത സംഘടനയെ പോപ്പുലര്‍ ഫ്രെണ്ട്, എസ്.ഡി.പി.ഐ തുടങ്ങിയ  സംഘടനകളായി  രൂപാന്തരപ്പെടുത്തിയിരിക്കുന്നു/പരിണമിപ്പിച്ചിരിക്കുന്നു. ആകയാല്‍, ഞങ്ങളെ ഇനിയും എന്‍ ഡി എഫുകാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കല്ലേ, അപമാനിക്കല്ലേ എന്ന ദീനരോദനം മുഴക്കുന്ന നിങ്ങള്‍ തന്നെയാണ് എന്‍ ഡി എഫ് എന്ന സംഘടന എന്ത് പിഴച്ചു എന്ന വൈരുദ്ധ്യം നിറഞ്ഞ ചോദ്യവും ഉന്നയിക്കുന്നത്!

പേര് മാറ്റംകൊണ്ടൊന്നും നിങ്ങള്‍ സാധൂകരിക്കപ്പെടാൻ പോവുന്നില്ല. നിരോധിക്കപെടാന്‍ സാദ്ധ്യത കൂടുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഇനിയും നിങ്ങള്‍ പേര് മാറ്റിയേക്കാം. ഏതു പേരില്‍ പ്രത്യക്ഷപ്പെട്ടാലും നിങ്ങള്‍ ആ പഴയ മൌധൂധി ശിഷ്യരായ സിമിയുടെ പിന്‍ മുറക്കാര്‍തന്നെയാണ്.

ഏതു രാജ്യത്തിന്‍റെ യൂണിഫോം ധരിചാണ് ഞങ്ങള്‍ പരേഡുകള്‍ സംഘടിപ്പിക്കാര്‍ ഉള്ളതെന്ന് ലേഖകന്‍ വ്യക്തമാക്കണമെന്നാണ് മറ്റൊരു ചോദ്യം. ഏവര്‍ക്കും അറിയാവുന്നത് കൊണ്ടും, ആ രാജ്യത്തിന്‍റെ പേര് പറഞ്ഞ് ആ രാജ്യത്തെ കുറ്റപ്പെടുത്തുന്ന ഒരു പരാമര്‍ശമാണ് എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതെങ്കില്‍ ആ മോഹം നടക്കില്ലെന്നു മാത്രം പറയട്ടെ.

എന്‍ ഡി എഫുകാര്‍ കായിക പരിശീലനം നടത്തുന്നിടത്തു നിന്ന് കണ്ടെടുത്തത് കേവലം മരപ്പട്ടികയാല്‍ നിര്‍മ്മിക്കപെട്ട ആള്‍രൂപം മാത്രമാണെന്നും, പിടിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ വിദേശരാജ്യങ്ങളില്‍ ഉള്ളവര്‍ ആകയാല്‍ വിദേശ ഫോണ്‍ കാളുകള്‍ സ്വാഭാവികമെന്നും മറ്റും ഉള്ള ബാലിശമായ വാദഗതികള്‍ക്കൊന്നും മറുപടി അര്‍ഹിക്കുന്നില്ല. നിങ്ങള്‍ മരപ്പട്ടികകൊണ്ടാണ് മനുഷ്യരെയും മൃഗങ്ങളെയും കൊല്ലുന്നതെന്ന് ഞങ്ങള്‍ വിശ്വസിക്കണമെന്ന് പറയാന്‍ മാത്രം വങ്കത്തങ്ങള്‍ മേലാല്‍ എഴുന്നെള്ളിക്കരുത്.

ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ടു ആരാധനാലയങ്ങളില്‍ പണപ്പിരിവ് നടത്തിയതില്‍ ലേഖകനു എന്താ ചേതം എന്നും,മുസ്ലിം സുഹൃത്തിനു  വേണ്ടി പിന്നെ ഏ കെ ജി സെന്ററില്‍ നിന്നാണോ പണം പിരിക്കേണ്ടതെന്നുമുള്ള ചോദ്യം ഉന്നയിക്കുകവഴി ശുദ്ധ വര്‍ഗീയ തീവ്രവാദികള്‍ തന്നെയാണ് നിങ്ങളെന്ന് നിങ്ങള്‍ തന്നെ വീണ്ടും,വീണ്ടും ബോധ്യപ്പെടുത്തുകയാണ്. ആരാധനാലയങ്ങള്‍ ശുദ്ധ ദൈവ വിശ്വാസികള്‍ക്ക് പ്രാധാന-വഴിപാടുകള്‍ക്കുള്ളതാണ്. അതിന്‍റെ ഏഴയലത്തുപോലും നിങ്ങളെപ്പോലുള്ള തീവ്ര വാദികളെ അടുപ്പിക്കരുതെന്നും മോഹിക്കുന്ന സാധാരണ വിശ്വാസികള്‍ക്കുപോലും നാണക്കേടും അപമാനവും വരുത്തിവെക്കാനാണ് നിങ്ങള്‍ തുനിഞ്ഞിട്ടുള്ളത്‌.

നിങ്ങളുടെ കൊലവിളികള്‍ക്കും,വിളയാട്ടങ്ങള്‍ക്കും വേണ്ടി ആരാധനാലയങ്ങള്‍ മുമ്പും നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. നാട്ടില്‍ ആക്രമണങ്ങള്‍ അഴിച്ചു വിട്ട് നാട് കത്തുമ്പോള്‍,ആരാധനാലയങ്ങള്‍ ഒളിസാങ്കേതമാക്കുകയും,മലിനപ്പെടുത്തുകയും എന്തിനധികം, മയ്യിത്ത് കട്ടിലിന് അടിയില്‍പോലും ആയുധങ്ങള്‍ ഒളിപ്പിച്ച പാരമ്പര്യം നിങ്ങള്‍ക്കുണ്ട്‌.

പിന്നെ ഏ കെ ജി സെന്ററില്‍ വെച്ചാണോ മുസ്ലിം സുഹൃത്തിനു പണം പിരിക്കുക എന്ന ചോദ്യത്തില്‍ എത്രമാത്രം വിഷം കലര്‍ത്തിയതാനെന്നു വായനക്കാര്‍ തിരിച്ചറിയാതിരിക്കില്ല. ഹിന്ദു സുഹൃത്ത്, മുസ്ലിം സുഹൃത്ത്, ക്രിസ്ത്യന്‍ സുഹൃത്ത് തുടങ്ങിയ പരാമര്‍ശങ്ങളിലൂടെ ”ഒലീവ്”അതിന്‍റെ തനി നിറം വായനക്കാരെ ബോധ്യപ്പെടുത്തിയത് വളരെ വളരെ നന്നായി.

എന്‍ ഡി എഫിന്‍റെ മാരീച വേഷങ്ങള്‍ എന്ന എന്‍റെ ലേഖനം കൊള്ളെണ്ടിടത്തു തന്നെ കൊണ്ടതില്‍ നേര്‍രേഖയ്ക്കും എനിക്കും ഒരുപോലെ അഭിമാനിക്കാം.

-മുല്ലക്കുട്ടി മൂര്‍ഖനാട്

Share.

About Author

135q, 0.796s