Leaderboard Ad

പർദ്ദയുടെ മനശാസ്ത്രം : ഒരു വിശകലനം

0

പുസ്തകത്തിന്റെ പേര്: പർദ്ദയുടെ   മനശാസ്ത്രം

ഗ്രന്ഥ കർത്താവിന്റെ പേര്: ഹമീദ് ചേന്നമംഗലൂർ

പർദ്ദയുടെ മനശാസ്ത്രം : ഒരു വിശകലനം അയോദ്ധ്യയില്‍ ഹിന്ദു  മൗലികവാദികള്‍ രാമന്‍റെ ജന്മസ്ഥലത്തിനും ,മുസ്ലിം മൗലികവാദികള്‍ അല്ലാഹുവിന്റെ പള്ളിക്കും വേണ്ടി പൊരുതുമ്പോഴും, ദൈവത്തിന്റെ രാഷ്ട്രീയമാണ് കയ്യാളുന്നത്. മൗലികവാദം  വർഗീയവാദത്തിൽ  നിന്ന് ഭിന്നമാകുന്നത് ഈ പാശ്ചാത്തലത്തിലാണ്.  വർഗീയവാദത്തെ മത ഭ്രാന്തു ആയോ മത വൈര്യം ആയോ  വ്യാഖ്യാനിക്കാം  എങ്കിൽ മൗലികവാദം  മത-നിരപേക്ഷ ജനാതിപത്യ സംസ്കൃതിയെ തല്ലിയുടയ്ക്കാൻ ജന്മമെടുത്ത മത രാഷ്ട്രീയമാണ്. മത ഭ്രാന്തിൽ നിന്ന് ഭിന്നമായി അതിനു ഒരു രാഷ്ട്രീയലക്ഷ്യവും ഉള്ളടക്കവുമുണ്ട്. ഒരു മത വൈരി  അന്യമതങ്ങളെ  അവജ്യയോടെ തള്ളിക്കളഞ്ഞു തൃപ്തിയടയുന്നു.എന്നാല്‍ ഒരു മത മൗലികവാദി  തന്‍റെ ലക്‌ഷ്യം പൂര്‍ത്തിയായെന്നു കരുതുന്നത് തന്‍റെ സങ്കല്‍പ്പത്തിലുള്ള മതം അടിസ്ഥാനം ആക്കിയുള്ള  രാഷ്ട്രം സ്ഥാപിക്കപ്പെടുമ്പോൾ മാത്രം ആണ്. മത നിരപേക്ഷതയെ  ”അന്യ സങ്കല്പമോ””പാശ്ചാത്യ സങ്കല്പമോ”’ ആയി തള്ളിക്കളയാന്‍ ഇരു സംഘടനകളും കാണിക്കുന്ന വ്യഗ്രതയുടെ കാരണവും അതു തന്നെയാണെന്നും വായനക്കാരനെ ബോധ്യപ്പെടുത്തി തരുന്ന കൃതിയാണ്  ഹമീദ് ചേന്നമംഗലൂരിന്റെ “പർദയുടെ മനശാസ്ത്രം” എന്ന പുസ്തകം.

ജനകീയ ഹിന്ദുമതത്തിലെ അനേകേശ്വരവാദത്തെ  വിലമതിയ്ക്കാൻ മുസ്ലിം വിശ്വാസികൾക്കും, ഇസ്ലാമിലെ ഏക ഈശ്വര വിശ്വാസത്തെ മുഖവിലയ്ക്ക് എടുക്കാൻ  ഹിന്ദു വിശ്വാസികൾക്കും കഴിയേണ്ടിയിരിക്കുന്നു. അത് സാധ്യം ആവണമെങ്കിൽ  മനുഷ്യന്റെ സാമൂഹിക വികാസത്തിനു  അവസാന വാക്ക് എന്ന  പ്രശ്നം ഇല്ലാത്തത് കൊണ്ട്  മഷ്യനുമായി ബന്ധപ്പെട്ട മതങ്ങളിലും അവസാന വാക്ക് സാധ്യമല്ല എന്ന തിരിച്ചറിവിലേക്ക് സർവ്വ മത വിശ്വാസികളും   വളരേണ്ടതുണ്ട്. സത്യത്തെ വിദ്വാന്മാര്‍ പല പല പേര്‍ ചൊല്ലി വിളിയ്ക്കുന്നു എന്ന കാഴ്ചപ്പാട് വിശാലമാണ്.സത്യം ഒരു അന്യേഷണ മാണെന്നതാണ്    അതിനേക്കാള്‍ വലിയ വിശാലത.

മനുഷ്യന്‍റെ ചലനത്തിനു  വേഗത കൂടുന്നതനുസരിച്ച് സംസ്ക്കാരങ്ങളുടെ കൂടികലരലുകൾ  നിരന്തരം സംഭവിക്കും എന്നത് ചരിത്ര യാഥാർത്ഥ്യം ആണ് . രണ്ടോ,മൂന്നോ സഹസ്രാബ്ധങ്ങൾക്ക്‌  മുമ്പ്   ഉണ്ടായിരുന്ന ജനവിഭാഗങ്ങള്‍ അവരവരുടെ സാംസ്ക്കാരിക മാളങ്ങളില്‍ ഒതുങ്ങിക്കൂടിയവര്‍ ആവാനുള്ള മുഖ്യകാരണം സഞ്ചാര പാതകൾ  ദുർബലം ആയതു കൊണ്ടായിരുന്നു. അച്ചടി മാധ്യമങ്ങളോ , ദൃശ്യമാധ്യമങ്ങളോ അന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സ്വയം രൂപീകരിച്ച  ഇടുങ്ങിയ ചിന്തകളില്‍ അവര്‍ക്ക് ഒതുങ്ങി കൂടി കഴിയേണ്ടി വന്നു. പൊട്ടക്കിണറ്റിലെ തവളകളുടെ ലോകം എന്ന് നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നാം തനതു സംസ്ക്കാര വിശുദ്ധിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ചരിത്ര നിഷേധമാണ് നടത്തുന്നതെന്ന് പുസ്തകം വസ്തുതാപരം സ്ഥാപിക്കുന്നുണ്ട്.

കലര്‍പ്പില്ലാത്ത ഒരു സംസ്ക്കാരവും ഇന്ന് ഭൂമുഖത്തില്ല. ശുദ്ധമായ ഹൈന്ദവ സംസ്ക്കാരമോ,ഇസ്ലാമിക സംസ്ക്കാരമോ ക്രൈസ്തവ സംസ്ക്കാരമോ,ഉണ്ടെന്നത് നാട്യമോ ഭാവനയോ മാത്രമാണ്.ദേശീയ സംസ്കൃതികളുടെ സ്ഥിതിയും അതുതന്നെയാണ്.കലര്‍പ്പില്ലാത്ത ഭാരതീയ, ചൈനീസ്, ആഫ്രിക്കന്‍, യൂറോപ്യന്‍, അമേരിക്കന്‍, അറബ് സംസ്ക്കാരങ്ങള്‍ ഒന്നും തന്നെയില്ല. മത മൗലികവാദികള്‍ അവര്‍ ഏതു ബ്രാന്‍ഡില്‍ പെട്ടവരായാലും സംസ്ക്കാരങ്ങളുടെ സങ്കലനവും സംയോജനവും ഉള്‍കൊള്ളാനും  അംഗീകരിക്കാനും  തയ്യാറല്ല. ഹിന്ദുവിൽ  കലര്‍ന്ന അഹിന്ദു  അംശങ്ങള്‍ കഴുകിക്കളയാന്‍ ഹിന്ദുത്വവാദികളും  മുസ്ലിം സംസ്ക്കാരത്തില്‍ കലര്‍ന്ന അമുസ്ലിം സംസ്ക്കാരത്തെ ശുദ്ധീകരിക്കാന്‍ മുസ്ലിം മൗലികവാദികളും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അത്തരം ശുദ്ധീകരണം സാധ്യമാണോ എന്നും പുസ്തകം പരിശോധിയ്ക്കുന്നുണ്ട്.

ക്രൈസ്തവമോ, ഇസ്ലാമികമോ, വൈദേശികമോ ആയ എല്ലാ ആശുദ്ധങ്ങളില്‍നിന്നും മുക്തമായ ഒരു ഹിന്ദു സംസ്ക്കാരമാണ് സംഘപരിവാർ മുന്നോട്ട് വയ്ക്കുന്നത്. ഇത്തരം കാര്യപരിപാടികള്‍ വിഭാവനം ചെയ്യുന്നവര്‍ വിസ്മരിക്കുന്നത്”’ഹിന്ദു ”എന്ന പദം പോലും വൈദേശിക സംസ്ക്കാരം ഉൽപ്പന്നമാണ്‌ എന്നതാണ് .വേദങ്ങളില്‍ ഒരിടത്തും കാണാത്ത ഹിന്ദു  എന്ന വാക്ക്  പേർഷ്യക്കാരുടെ  സംഭാവനയാണ്. അവരുടെ ഭാഷയില്‍ ”സ” കാരമില്ലാത്തതു കൊണ്ട്   “സിന്ധൂ” എന്ന വാക്കിനെ  പേര്‍ഷ്യക്കാര്‍ ”ഹിന്ത്”എന്ന് വിളിച്ചു. സിന്ധൂനദീതടത്തില്‍ താമസിക്കുന്നവര്‍ അവര്‍ക്ക് ഹിന്ദുക്കൾ ആയി. അങ്ങിനെയാണ്  ഹിന്ദുത്വത്തിലെ “ഹിന്ദു”  ജനിക്കുന്നത്.

പേപ്പട്ടി  വിഷത്തിനു പ്രതിവിധി കണ്ടുപിടിച്ചത് വിദേശിയും  ക്രൈസ്തവ വിശ്വാസിയും  ആയ ലൂയിസ് പാസ്ച്ചരാനെന്നു വെച്ച്   പ്രസ്തുത  മരുന്ന് ഇന്ത്യക്കാര്‍ക്ക് വേണ്ടെന്ന് വയ്ക്കാനാവുമോ?  ഇത്തരത്തിൽ ഉള്ള ഉദാഹരണങ്ങൾ  നിരത്തി “ശുദ്ധ സംസ്ക്കാ” രം എന്ന വീക്ഷണത്തെ  പുസ്തകം ചോദ്യം ചെയ്യുന്നുണ്ട്. ഒരു ചരിത്ര ഘട്ടത്തില്‍ നിന്ന് മറ്റൊരു ചരിത്ര ഘട്ടത്തിലേക്കും,ഒരു ഭ്രമാത്മകതയിൽ   നിന്ന് മറ്റൊരു ഭ്രമാത്മകതയിലേക്കും   വികസിക്കുന്നതാണ് മാനവ ചിന്തകള്‍ എന്നിരിക്കേ അവയെ ദേശാതിര്‍ത്തികള്‍ വെച്ച് പകുത്തു മാറ്റാന്‍ വിശ്വ മാനവ സംസ്ക്കാരത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സാധ്യമാണോ എന്ന ധാര്‍മ്മികവും രാഷ്ട്രീയവുമായ കുറേ ചോദ്യങ്ങളും,പുസ്തകം നമുക്ക് മുന്നിലേക്ക് വയ്ക്കുന്നുണ്ട്‌.

സാംസ്ക്കാരിക പൈതൃകം,ഉപഭൂഖണ്‌ഡത്തിലെ    ഇസ്ലാം, ദൈവത്തിന്റെ രാഷ്ട്രീയം, സാംസ്ക്കാരിക  മൗലികവാദം , ഇടതുപക്ഷവും ഇസ്ലാമിസ്റ്റുകളും, നവോത്ഥാനവും  പുനരുദ്ധാരണവും കേരളീയ മുസ്ലിങ്ങളില്‍ മനുഷ്യന്‍ ഇല്ലാത്ത താലിബാന്‍ നിഘണ്ടു, മുസ്ലിം വിദ്യാഭ്യാസത്തിന്റെ പിന്നോക്കാവസ്ഥയും പ്രതിവിധിയും, അമേരിക്കന്‍ യുദ്ധം,അമേരിക്കന്‍ ഇസ്ലാം തുടങ്ങിയ വിഷയങ്ങള്‍ ലളിതമായും യുക്തി ഭദ്രമായും അവതരിപ്പിക്കുകവഴി ”പര്‍ദ്ദയുടെ മനശ്ശാസ്ത്രം”എന്ന കൃതി പഠനാര്‍ഹാവും അതിലേറെ ചിന്തനീയവുമാണ്,നിർബന്ധം ആയി   വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ പട്ടികയില്‍ പര്‍ദ്ദയുടെ മനശ്ശാസ്ത്രം  ഉണ്ടാവേണ്ടത് വർത്തമാന കാലാവസ്ഥയുടെ അനിവാര്യതയാണ്.  പുസ്തകത്തിനു ഉജ്ജ്വലമായ അവതാരിക എഴുതിയ പ്രൊഫ്‌. എം എന്‍ വിജയന്‍ മാഷിനും  ഒരു പുസ്തക വാനക്കാരാൻ എന്ന നിലയിൽ  എന്റെ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്താന്‍ കൂടി ഈ അവസരം ഉപയോകപ്പെടുത്തുന്നു.

Share.

About Author

148q, 0.634s