Leaderboard Ad

“പുസ്തക പുഴുക്കള്‍” നേരിടുന്ന പ്രതിസന്ധി

0

വായനയുടെ ഒരു പ്രത്യേകത അത് ഒരു ഭാഷയില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതാണ്. ലോകത്തില്‍ വച്ച് പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഷകളില്‍ ഒന്നായ റഷ്യന്‍ ഭാഷയില്‍ എഴുതിയ സാഹിത്യ പുസ്തകങ്ങള്‍  ദ്രാവിഡ ഭാഷയായ മലയാളത്തില്‍ പരിഭാഷപ്പെടുത്തി വായിച്ചവര്‍ നിരവധിയാണ്. റഷ്യന്‍ സാഹിത്യകാരന്‍ ഫിയോദര്‍ ദസ്തയേവ്സ്കി അവസാനമായി എഴുതിയ കരമസോവ് സഹോദരന്മാര്‍ (ബ്രദേഴ്സ് കരമസോവ്) എന്ന പുസ്തകം വായനശാലയില്‍ നിന്ന് തിരഞ്ഞെടുത്തു പോകുന്ന ആളെ പിന്നീട് കുറച്ചു ദിവസത്തേക്ക് വീട്ടില്‍ നിന്നും പുറത്തു കാണില്ല. അത്തരത്തില്‍ വായനയില്‍ മുഴുകി പോകുന്നവരെ പൊതുവെ നാട്ടിന്‍ പുറങ്ങളില്‍ പറയുന്ന വിളിപേരാണ് “പുസ്തകപ്പുഴു”. പുസ്തകപ്പുഴു എന്ന പ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത് പുസ്തകം തുറന്നാല്‍ പിന്നെ വായനയുടെയും ചിന്തയുടെയും ലോകത്തില്‍ മുഴുകുന്നവരെയാണ്. വളരെ ചെറുപ്പം മുതല്‍ ഈ ശീലം പഠിച്ചവര്‍ക്ക് പിന്നെ പുസ്തകം ഒരു ആവശ്യ “ഉല്പ്പന്നം” ആയി വരുന്നു. വൈദ്യശാസ്ത്രത്തിൽ പലവിധം അടിമപ്പെടലുകളെ കുറിച്ചും അവയുടെ ദോഷങ്ങളെ കുറിച്ചും പറയുമെങ്കിലും പുസ്തക വായനയ്ക്ക് അടിമപ്പെടുന്നവരെ കുറിച്ച് കൂടുതല്‍ വിശദീകരണം കണ്ടിട്ടില്ല. മറ്റൊരര്‍ത്ഥത്തില്‍ പുസ്തക വായന ഒരു സാംസ്ക്കാരിക  ചിഹ്നമായാണ് പൊതുസമൂഹം കരുതി പോരുന്നത്.

പുസ്തകവായന നല്‍കുന്ന ആസ്വാദനത്തെ കൃത്യമായി വിവരിക്കാന്‍ ബുദ്ധിമുട്ടാണ്. പലര്‍ക്കും പല അനുഭവതലമാണ് പുസ്തക വായന പ്രദാനം ചെയ്യുന്നത്. ഇത്രയൊക്കെയാണ് എങ്കില്‍കൂടി വായനയിലും ഉച്ച നീചത്വങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കേണ്ടി വരും. പ്രശസ്ത എഴുത്തുക്കാരുടെ പുസ്തകങ്ങള്‍, പ്രചാരമുള്ള ആനുകാലികങ്ങള്‍, സാംസ്ക്കാരിക ആഴ്ചപ്പതിപ്പുകള്‍  വായിക്കുന്നവര്‍  ഉന്നത നിലവാരം പുലര്‍ത്തുന്ന വായനക്കാരും   അത് പോലെ “നിലവാരം” ഇല്ലാത്ത കണ്ണീര്‍ ആഴ്ചപ്പതിപ്പുകള്‍ വായിക്കുന്നവര്‍ താഴ്ന്ന ഗണത്തില്‍ പെട്ടവരുമായി പലരും വിമര്‍ശിച്ചു കണ്ടിട്ടുണ്ട്. വായന എന്ന പ്രക്രിയയെ പൊതുവായി എടുക്കുമ്പോള്‍ ഈ രണ്ടുകൂട്ടരും അതില്‍ പെടുന്നുണ്ട്. അതില്‍ ഉച്ചനീചത്വം കണ്ടെത്തുന്നത് എഴുത്തിന്റെ സാംസ്ക്കാരിക മണ്ഡലത്തില്‍ ഇപ്പോഴും നിഴലിച്ചു നില്ക്കുന്ന “സവർണ്ണ” വായനയുടെ ഭാഗമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

ഈയൊരു കാലയളവില്‍ തന്നെ ശക്തി പ്രാപിച്ച  മറ്റൊരു വാദമാണ് വായന ഊര്‍ധ്വശ്വാസം വലിക്കുന്നു എന്നത്. ജനങ്ങള്‍ പുസ്തകം വായിക്കുന്നില്ലെന്നും, ടി വി, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌ തുടങ്ങിയവയുടെ അതിപ്രസരം വായനക്കാരനെ ഇല്ലാതാക്കുന്നു എന്നും കടുത്ത പ്രചരണമുണ്ട്. ഒരു കാര്യം സത്യമാണ്, കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയില്‍ പൂട്ടിപോയ ചെറുകിട പ്രാസാധകരുടെ എണ്ണം ശരാശരിയിലും വളരെ കൂടുതലാണ്. എന്നാല്‍ ഈ ഒരു മാനദണ്ഢം അളവുകോലായി എടുത്ത് വായന മരിക്കുന്നു എന്ന് തട്ടിവിടുന്നത് യുക്തി ഇല്ലാത്ത കാര്യമാണ്. ചെറുകിട പ്രാസാധകര്‍ പൂട്ടി പോയപ്പോള്‍ പുസ്തക വില്‍പ്പന വ്യവസായത്തില്‍ വന്‍കിട കമ്പനികള്‍ കൂടുതല്‍ ശക്തി പ്രാപിച്ചത് ആരും അത്ര ശ്രദ്ധിച്ചു കാണില്ല. പതിനഞ്ചു വര്‍ഷം മുന്‍പ് വരെ ഉണ്ടായിരുന്ന പല പ്രാസാധകരും കാലക്രമേണ ഇല്ലാതാവുകയും വന്‍ പ്രാസാധകസംഘങ്ങള്‍ മാത്രം അവശേഷിക്കുകയും  ചെയ്തതിലെ ധനതത്ത്വശാസ്ത്രം മനസ്സിലാക്കാന്‍ അത്ര ബുദ്ധിമുട്ട് ഉണ്ടാവില്ല.  ചെറുകിട പ്രാസാധകരുടെ അഭാവത്തില്‍ വന്ന ഈ വിടവ്  പിന്നീട്  നികത്തിയത്  നവ മാധ്യമം ആയ “ബ്ലോഗ്‌ “, “ഫേസ്ബുക്ക്‌” പോലെ ഉള്ള വെബ്സൈറ്റുകളാണ്.

പലവിധ കാരണങ്ങളാല്‍ വായന നിര്‍ത്തിപോയ ഒരാള്‍ക്ക്‌ വായനയുടെ ലോകത്തേക്ക് തിരിച്ചുകയറാന്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ട്. പുസ്തക പുഴുക്കള്‍ ഇന്ന് നേരിടുന്ന പ്രതിസന്ധി അവരുടെ പുസ്തക വായനക്ക് സംഭവിച്ച തടസം തന്നെയാണ്. പല നിറത്തിലും, രൂപത്തിലും ഇപ്പോഴും നല്ല പുസ്തകങ്ങള്‍ വായനശാല വഴിയോ, പുസ്തക കടയില്‍ നിന്നോ കിട്ടും എന്നിരിക്കെ മറ്റെന്തോ മാനസിക കാരണങ്ങളാല്‍ പലര്‍ക്കും വീണ്ടും വായനയിലേക്ക് മടങ്ങാന്‍ കഴിയാറില്ല. പലരും മുന്‍കാലങ്ങളില്‍ വായിച്ചു തീര്‍ത്ത വലിയ പുസ്തകങ്ങളുടെ പേര് പലവട്ടം ആവര്‍ത്തിച്ച്,  തനിക്കു വീണ്ടും വായനയുടെ ആ മാസ്മരിക ലോകത്തേക്ക് തിരിച്ചു വരാന്‍കഴിയും എന്നു പ്രത്യാശിക്കുന്നു. വായനക്കാരന് വന്ന ഈ പ്രതിസന്ധി പരിഹരിക്കേണ്ടത് വായനക്കാരന്‍ തന്നെയാണ്.

Share.

About Author

149q, 0.845s