Leaderboard Ad

പൂവിന്‍ സുഗന്ധവും ശവപ്പെട്ടിയും

0

   ‘ദരിദ്ര ജനാധിപത്യം സമ്പന്ന മാധ്യമം ‘ എന്ന സങ്കൽപ്പം പുതിയ അധിനിവേശത്തിന്‍റെ സാംസ്കാരിക മുഖം നന്നായി അനാവരണം ചെയ്യുന്നതാണ് .ആഗോള ഗ്രാമം ജനാധിപത്യ സഖ്യം , ഘടനാപരമായ നീക്കു പോക്കുകള്‍ – തുടങ്ങിയ ചമല്‍ക്കാരങ്ങള്‍ കൃത്യമായ കുരുക്കുകള്‍ തന്നെAnil Kumar1 . മാധ്യമ വാഗ്ദാനങ്ങള്‍ക്കിടയില്‍ കൊലവിളികള്‍ സംഗീതമാകുന്നതും അവകാശ ലംഘനങ്ങള്‍ വരേണ്യരുടെ സവിശേഷാധികാരങ്ങളാകുന്നതും എത്ര സൌമ്യമായിട്ടാണ് . മാലിന്യം പുരളാത്ത അര്‍ത്ഥങ്ങളുടെയും അറിവുകളുടെയും സമാഹാരങ്ങളായി കരുതപ്പെടുന്ന നിഘണ്ടുകളും വിജ്ഞാനകോശങ്ങളും പോലും ചരിത്ര വിരുദ്ധങ്ങളായ ഊന്നലുകളിലാണ് അടയിരിക്കുന്നത് .എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ കൊച്ചുപതിപ്പില്‍ കൊക്കകോള ആരോഗ്യദായകമായ ലളിത പാനീയമാണ് . ചില പാശ്ചാത്യ നിഘണ്ടുകളില്‍ സ്വതന്ത്ര കമ്പോളത്തിന്റെ വക്താക്കളും പ്രചാരകരുമാണ് പുരോഗമനവാദികള്‍. സമത്വാദര്‍ശങ്ങള്‍ നെഞ്ചേറ്റുന്നവരാകാട്ടെ യാഥാസ്ഥിതികരും .

പുറംമോടിയില്‍ സമകാലീനവും ആധുനികവുമാവുമ്പോള്‍ ആന്തരിക ഘടനയില്‍ ഫ്യൂഡലും പ്രാകൃതവുമായ മാധ്യമ ശൈലി ഉണ്ടാക്കിത്തീര്‍ക്കുന്ന വിപത്തുകള്‍ നിരവധിയാണ് . ഭോപ്പാല്‍ ദുരന്തം , ഗുജറാത്ത്‌ കലാപം , സാമ്പത്തിക പരിഷ്കാരം തുടങ്ങിയ രൂപീകരണങ്ങളില്‍ അവ ഒളിച്ചു കടത്തുന്നത് മൂലധന രാഷ്ട്രീയം തന്നെ . ദ ഹാര്‍ഡ്‌ ഫോര്‍ഡ്‌ കൌറന്‍റ് പത്രത്തിന്റെ രൂപ പരിണാമങ്ങള്‍ മുന്‍ നിര്‍ത്തി പുറത്തു വന്ന പഠനം ഈ അര്‍ത്ഥത്തില്‍ അതീവ സാരവത്താണ്. വളരെ പ്രാദേശികമായിരുന്ന അത് മുന്നേറിയതിന്റെ ചരിത്രം ശ്രദ്ധിക്കേണ്ടതുണ്ട് .1806 ല്‍ പ്രസിഡന്‍റ് ജഫെഴ്സന്‍റെ ചില നടപടികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തു പത്രം . ടൈംസ്‌ മിറര്‍ കോര്‍പറേഷന്‍ കൌറന്റില്‍ രൂപപരമായ പല മാറ്റങ്ങളും വരുത്തുകയുണ്ടായി . ഇതോടെ വായനക്കാര്‍ അഭിമാനിച്ചിരുന്ന ഗുണങ്ങളെ അത് കൈയൊഴിഞ്ഞു .വന്‍കിട പരസ്യ ശൃംഖല കളുടെയും കൂറ്റന്‍ വ്യവസായ കോര്‍പറേറ്റുകളുടെയും പിന്തുണയില്‍ ആ പത്രം സാമ്പത്തികമായി കുതിച്ചെങ്കിലും രണ്ടു നൂറ്റാണ്ടായി കാത്തു സൂക്ഷിച്ച പാരമ്പര്യങ്ങള്‍ അനാഥമാക്കി .കാഴ്ചാമികവിനിടയിലെ റിപ്പോര്‍ട്ടിങ്ങും അവതരണവും തീര്‍ത്തും ഉപരിപ്ലവവുമായി . വാണിജ്യ താല്പര്യങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നും വാര്‍ത്തയായി വെളിച്ചം കണ്ടതുമില്ല .

ശ്രീ നാരായണ ഗുരു ‘ പ്രബുദ്ധ കേരള’ത്തിലേക്ക് നല്‍കിയ  സന്ദേശത്തിന്റെ  സമാപന  വാക്കുകളും   കാള്‍  മാര്‍ക്സിന്റെ മത  പരാമര്‍ശത്തിന്റെ  അവസാന വരികളും മാത്രം  ഉദ്ധരിക്കുന്ന  സാമാന്യ  ബോധം പോലെ  മലയാള  മനോരമയും മാതൃഭൂമിയും  ജനകീയ  പ്രശ്നങ്ങള്‍ക്ക്  ഇടമേ നല്‍കുന്നില്ല  . എന്നാല്‍  തങ്ങള്‍ക്കിഷ്ടമുള്ളവരുടെ  വങ്കന്‍ പ്രസ്താവനകള്‍ക്ക്  ഫുട്ബോള്‍ കോര്‍ട്ട് പോലെയാണ്  സ്ഥലമാനുവദിക്കുന്നത്  . വട്ടപ്പാറ  വാമദേവനും  കൊടുങ്ങല്ലൂര്‍  കുട്ടപ്പനും  രാമന്‍കുട്ടി രാമനാട്ടുകരയും സ്ഫോടനങ്ങള്‍  കണക്കെയാണ്  പത്രഭൂമിയില്‍  വെല്ലുവിളികള്‍  പൊട്ടിക്കുന്നതും  സോളാര്‍  കുംഭകോണ  ചര്‍ച്ചകളില്‍  മഞ്ചേരി  ഫെയിം  രാജ് മോഹന്‍ ഉണ്ണിത്താനും  , വാഴക്ക  , തറയില്‍  വേലകളും  ഉമ്മന്‍ചാണ്ടിയുടെ  വാക്കും നോക്കും നടപ്പും  വള്ളിപുള്ളി തെറ്റാതെ  അനുകരിക്കുന്ന പി.സി. വിഷ്ണുനാഥും  അലറുകയായിരുന്നല്ലോ. സോളാര്‍ കേസില്‍  രാഷ്ട്രീയ നേതാക്കള്‍ക്ക് ബന്ധം  എന്നായിരുന്നല്ലോ  ആദ്യ  തലക്കെട്ടുകള്‍ . അതിനര്‍ഥം  കേരളത്തിലെ  ഭൂരിപക്ഷം  നേതാക്കളും അതിന്റെ ചെളിയില്‍  വീണവരാണെന്നാണ് . ഖജനാവില്‍  ഒരുറുപ്പികയുടെ  നഷ്ടം  ഇല്ലെന്ന  ഉമ്മന്റെ അവകാശവാദം  ചിലര്‍  അനുവദിച്ചു കൊടുക്കുകയും  ചെയ്തു . കുറ്റകൃത്യങ്ങളുടെ  ഗൌരവം നിര്‍ണയിക്കുന്നത്  ഖജനാവിനു വരുന്ന  നഷ്ടം നോക്കിയാണോ ?   ഒളിച്ചു വയ്ക്കാന്‍  ആരെങ്കിലും  ആഗ്രഹിക്കുന്നതാണ്  വാര്‍ത്ത  എന്ന  ക്ലിഫ്‌ പ്രഭുവിന്റെ  നിര്‍വചനം  മുഖവിലക്കെടുത്താല്‍  എല്ലാ ദിവസവും നിറയെ  വാര്‍ത്തകളുമായി  ഇറങ്ങുന്നവരാന് ഈ  രണ്ടു പത്രങ്ങളും . ഭൂതകാലത്തെക്കുറിച്ചുള്ള  പച്ചക്കള്ളങ്ങളായിരുന്നു  അതിന്റെ  ആദ്യപടി . സമീപ  വര്‍ഷങ്ങളിലാകട്ടെ  , അസ്വീകാര്യങ്ങളായ  നിഗമനങ്ങളില്‍  എത്തിച്ചേരാന്‍  ഇടയാക്കിയേക്കാവുന്ന  വസ്തുതകള്‍  ഒഴിവാക്കുകയാണ്  .അപ്രിയ സത്യങ്ങള്‍  അവ്യക്തവും  പതുങ്ങിയതുമായ  ശബ്ദത്തില്‍  പറയുകയും അവയ്ക്ക്  പ്രധാനമായി തോന്നുന്ന  കാര്യങ്ങളിലേക്കും  കഥകളിലെക്കും  അതിവേഗം കടക്കുകയുമാണ്  പുതിയ  പ്രവണത .

കന്യാസ്ത്രീകള്‍ വെന്തു മരിച്ചതോ? ചുട്ടു കൊന്നതോ ?

    വസ്തുതകള്‍ക്ക് നേരെ കണ്ണടക്കുകയും പെരും നുണ എഴുന്നള്ളിക്കുകയും ചെയ്‌താല്‍ ജനാധിപത്യ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന ഭയത്തില്‍ വസ്തുതകളെ മറ്റു അപ്രധാന വിവരങ്ങളുടെ ചാരക്കൂമ്പാരത്തിനുള്ളില്‍ പൂഴ്ത്തുകയുമാണ് .വായനക്കാരോട് മധുരമായും സൗമ്യമായും അവ പറയുക ,’ആളുകള്‍ മരിച്ചു പക്ഷെ ചിലര്‍ അടിവരയിടുന്നത്ര ഗൌരവമൊന്നും അതിനില്ല . നമ്മുടെ അന്ത്യ നിഗമനങ്ങളെ പോറലേല്‍പ്പിക്കാന്‍ മാത്രം വലുതല്ല അത് ‘ എന്ന മട്ടിലാകും . ഒറീസ്സയിലെ ഗുജറാത്ത്‌ പരീക്ഷണ മാതൃകയുടെ ഘട്ടത്തില്‍ രണ്ടു കന്യാസ്ത്രീകളെ കാവിപ്പട ചുട്ടു കൊന്നപ്പോള്‍ മനോരമയിലെ തലക്കെട്ട്‌ ‘ രണ്ടു കന്യാസ്ത്രീകള്‍ വെന്തു മരിച്ചു ‘ എന്നായിരുന്നല്ലോ .എണ്ണവില കയറി എന്ന ശീര്‍ഷകം മൌനമായി പറയുന്നത് എണ്ണ സ്വയം വില കൂട്ടി എന്നാണു . ആട്ടിന്‍ കുട്ടിക്കും ചെന്നായ്ക്കും ഒരേ നീതി കൊടുക്കുന്ന ‘ നിഷ്പക്ഷതയില്‍ ആണത്രേ മനോരമയ്ക്കും മറ്റും താല്പര്യം . ഹവാര്‍ഡ് സിന്‍ എഴുതിയത് പോലെ അമേരിക്ക കണ്ടെത്തിയതിന്റെ കഥ അറവാക്കുകളുടെ കാഴ്ചപ്പാടിലും മെക്സിക്കന്‍ യുദ്ധത്തെ സ്കോട്ടിന്‍റെ സേനയില്‍ നിന്ന് പലായനം ചെയ്തവരുടെയും വ്യവസായ യുഗത്തിന്റെ ഉദയത്തെ ലോവല്‍ തുണി മില്ലിലെ ചെറുപ്പക്കാരികളുടെയും പക്ഷത്തുനിന്നും കണ്ടാലേ ചരിത്രം പൂര്‍ണ്ണമാകൂ . എന്നാല്‍ മനോരമയും മാതൃഭുമിയും മറ്റും പ്രതിനിധാനം ചെയ്യുന്ന ധാര പൂക്കളുടെ സുഗന്ധം പ്രസരിപ്പിക്കുന്ന സൌരഭത്തിനിടയിലും ശവപ്പെട്ടിക്കു ചുറ്റുമാണ് കണ്ണ് പായിക്കുന്നത് .

അമേരിക്കന്‍ കവിയും പ്രബന്ധകാരനും പരമ്പരാഗത മത തീട്ടൂരങ്ങളുടെ കടുത്ത വിമര്‍ശകനുമായ റാള്‍ഫ്‌ വാള്‍ഡോ എമെഴ്സന്‍ , ജനാധിപത്യത്തിന്റെ ദുര്‍ഗതിയെക്കുറിച്ച് ഏറെ പറഞ്ഞു വച്ചിട്ടുണ്ട്‌ . അവയ്ക്കൊരു മാധ്യമ അനുബന്ധവും കൂട്ടിച്ചേര്‍ത്തു . പത്രാധിപന്മാര്‍ ഓമനിക്കുന്ന ജനവിരുദ്ധരും നിഷ്ഠൂരരുമായവരുടെ ഭരണമാണ് ജനാധിപത്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം .മുതലാളിത്ത ചൂഷണത്തിന് മറയിടാന്‍ മാധ്യമങ്ങളും മുതലാളിമാരും ഒരേ സ്വരത്തില്‍ പാടുന്ന സംഗീതക്കച്ചേരിയിലെന്ന പോലെ കൈകോര്‍ക്കുമെന്നും വിശദീകരിച്ചു . വേശ്യാലയത്തിലേക്ക് പറ്റുകാരെ തരപ്പെടുത്തിക്കൊടുക്കുന്ന കൂട്ടിക്കൊടുപ്പുകാരെപ്പോലെയാണ് മാധ്യമങ്ങളടക്കമുള്ള ‘ ജനാധിപത്യ സ്ഥാപനങ്ങള്‍ ‘.കാബേജും മൃഗത്തിന്റെ തുടയിറച്ചിയും നല്‍കുന്നവരെ എന്തിനു വിമര്‍ശിക്കണം എന്ന പഴയ ചോദ്യം കേരളത്തില്‍ സമര്‍ത്ഥമായി വിവര്‍ത്തനം ചെയ്യുന്നത് മനോരമയും മാതൃഭൂമിയുമാണ് .

നഷ്ടത്തിന്റെ പൊതുവല്‍ക്കരണം

   ലാഭത്തിന്റെ സ്വകാര്യവല്‍ക്കരണത്തിലും നഷ്ടത്തിന്റെ പൊതുവല്‍ക്കരനതിലും മാത്രം കണ്ണ് വച്ചുള്ള സാമ്പത്തിക ഉദാരവല്‍ക്കരണത്തിനു സ്തുതിഗീതം ചമയ്ക്കുന്നവര്‍ സംഘടിത ചെറുത്തുനില്‍പ്പുകളെയെല്ലാം അശ്ലീലമെന്ന് താറടിക്കുകയാണ് .കളവു മുതല്‍ ലേലം ചെയ്തു വില്‍ക്കുന്നവരുടെ ദല്ലാള്‍ പണിയാണ് ഇവിടെ മാധ്യമങ്ങള്‍ക്ക് .ഭരണവര്‍ഗവും പോലിസ്‌ മേധാവികളും ബിഷപ്പുമാരും പ്രവചനക്കാരും ആള്‍ ദൈവങ്ങളും മാത്രമാണിവിടെ സന്തോഷത്തില്‍ . എന്നാല്‍ കാര്യങ്ങളെല്ലാം നടത്തുന്ന തങ്ങള്‍ വലിയ മനുഷ്യരാണെന്ന വിചാരം സാധാരണക്കാരില്‍ വളര്‍ത്തിയെടുക്കുന്നിടത്താണ് മാധ്യമങ്ങളുടെ കള്ളക്കളിയും വലക്കെണിയും .ആള്‍ക്കൂട്ടങ്ങളെയാണ് പൌരന്മാരെന്ന ഉയര്‍ന്ന പീഠങ്ങളില്‍ പ്രതിഷ്ഠിക്കുന്നതും .

 കേരളത്തിലെ  സര്‍ക്കാര്‍  ജീവനക്കാര്‍  നടത്തിയ  സമരത്തെ  എതിര്‍ത്ത് തോല്‍പ്പിക്കാന്‍  മനോരമയും  മാതൃഭുമിയും  പുറത്തെടുത്ത  കൌശലങ്ങള്‍  സമാനതകളില്ലാത്തതാണ്  . സാമൂഹ്യ  മനുഷ്യരെ  ചിതറിത്തെറിപ്പിച്ചു  പൌരപദവികളില്‍  ഊറ്റം  കൊള്ളുകയായിരുന്നു  അവ . ആദ്യം ശബ്ദിക്കാനുള്ള  സ്വാതന്ത്ര്യത്തിനു  വിലങ്ങിടുക  . തുടര്‍ന്ന്  പ്രതിഷേധങ്ങളും പ്രകടനങ്ങളും  നാട് കടത്തുക . പൊതു ഇടങ്ങള്‍  കവര്‍ന്നെടുത്തു  നിശബ്ദ മേഖലയെന്ന  ബോര്‍ഡ്‌ തൂക്കുക . പിന്നെ  പണിമുടക്കുകള്‍ക്ക്   മൊറോട്ടോറിയം . ഒടുവില്‍ ജീവിക്കാനുള്ള  അവകാശത്തിനു  നേരെ  ബുള്‍ഡോസറുകള്‍  ഉരുട്ടുന്നത് വരെയെത്തി  കാര്യങ്ങള്‍  .ജീവനക്കാര്‍  പണിമുടക്കിയാല്‍  ജനം എന്ത് ചെയ്യും എന്ന  വിരുദ്ധ ദ്വന്ദം  മുന്നോട്ടു വച്ചായിരുന്നു  വാര്‍ത്താനിര്‍മ്മാണങ്ങള്‍  .ഭൂരിപക്ഷത്തിന്റെ  പൊതു സ്വഭാവം  ഉയര്‍ത്തിക്കാണിക്കുന്നതും  ചെറു ന്യൂനപക്ഷവുമായുള്ള   അവരുടെ  താല്പര്യ  വൈരുദ്ധ്യം  വെളിവാക്കുന്നതും  തടയാന്‍  ലക്‌ഷ്യമിട്ടായിരുന്നു മാധ്യമ പ്രമാണിമാരുടെ  ശകാരങ്ങള്‍ . അമേരിക്കന്‍  ഭരണ ഘടനയുടെ   ആമുഖത്തില്‍  ‘ നാം ജനങ്ങള്‍  ‘ എന്ന് എഴുതി  ചേര്‍ത്തതിനു  സമാനമാണിത്  . ജനതാല്പര്യം എന്ന കപട  രൂപീകരണത്തിന്‍റെ  മറവില്‍  സര്‍ക്കാരുകളും ബഹുജന  മാധ്യമങ്ങളും  തമ്മിലുള്ള  സഹകരണത്തെയാണ്  മറച്ചു പിടിക്കുന്നതും  .വ്യവസ്ഥയില്‍  അനുവദനീയമായ  യാഥാര്‍ത്യബോധത്തിനപ്പുറം  നീങ്ങാനനുവദിക്കാത്ത  പത്ര വിശേഷങ്ങളില്‍  പ്രവര്‍ത്തനമില്ല  ; ചരിത്രാല്‍ഭുതങ്ങളുമില്ല .പരിഷ്കരണങ്ങളാല്‍  സമാധാനിക്കപ്പെട്ടവരും  നിയമങ്ങളാല്‍  നിയന്ത്രിക്കപ്പെട്ടവരും  ലക്ഷ്മണ രേഖകള്‍  കടക്കാതെ  നോക്കുന്ന  ജാഗ്രത  .പ്രതിസന്ധിയുടെ  കാരണക്കാരെ തന്നെ തിരുത്താന്‍  ഏല്‍പ്പിക്കണമെന്ന  ശാട്യം  നാണമില്ലാതെ  ആവര്‍ത്തിക്കുന്നുമുണ്ട്  .

ബദലുകളും വ്യവസ്ഥക്കകത്ത്‌

അപരിഷ്കൃതവും അധാര്‍മികവുമായ ചെയ്തികളെ ആരാധിക്കുന്ന ജനാധിപത്യം പ്രകാശം തൂകുന്ന രാത്രിയില്‍ തട്ടിന്‍പുറത്ത് ഭക്ഷണമെത്തിക്കുന്നതായാണ് മാധ്യമങ്ങളുടെ മറ്റൊരു വായ്ത്താരി .നേതാക്കളുടെ വ്യക്തി വൈശിഷ്ട്യം കൊണ്ട് നന്നാക്കിയെടുക്കാവുന്നതാണത്രേ അതിന്റെ പരിക്കുകള്‍ . ജോര്‍ജ്‌ ബുഷിന്‌ പകരം ബരാക്‌ ഒബാമയും നരസിംഹറാവുവിന്റെ മരണ ശേഷം മന്‍മോഹന്‍സിങ്ങും , കരുണാകരനെ മാറ്റി ഉമ്മന്‍ ചാണ്ടിയും എ .ബി . വാജ്പേയിക്ക് ബദലായി നരേന്ദ്ര മോഡിയും , ആര്‍ . ബാലകൃഷ്ണപ്പിള്ളയെ ജനങ്ങള്‍ ശിക്ഷിച്ചപ്പോള്‍ മകന്‍ കെ ബി ഗണേഷ്‌ കുമാറും , ചാണ്ടിക്ക് പകരം ചെന്നിയും വന്നാല്‍ ശുഭകരമാകുമെന്നാണ് മനോരമയും മാതൃഭുമിയും പഠിപ്പിക്കുന്നത്‌ . മുതലാളിത്തം ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കും , അങ്ങനെയാകാത്തിടം വരെ മാത്രം . എപ്പോള്‍ യഥാര്‍ത്ഥ ജനാധിപത്യം പുലരുന്നുവോ അന്നേരം അതിനെ നിര്‍ദയം കയ്യൊഴിയും . സംസ്കാരത്തിന്‍റെ വക്താവും കലയുടെ പ്രോത്സാഹകനും സംഗീതത്തിന്‍റെ ആസ്വാദകനുമാണ് മുതലാളിത്തം .നാം സ്വകാര്യ മൂലധനത്തില്‍ കൈവെക്കുംവരെ മാത്രമേ ഈ ‘ വിശാലത ‘ പ്രകടിപ്പിക്കു .എപ്പോള്‍ സ്വകാര്യ മൂലധനത്തില്‍ ആരെങ്കിലും കൈവെക്കുന്നുവോ ഉടന്‍ ആ ഉദാരവാദി ഹീനനായ ജന്തുവായി മാറും .

  കോണ്‍ഗ്രസ്സ്‌  പുനസംഘടനയെന്ന  നിയമനങ്ങളില്‍ പുളകം കൊണ്ട്   മനോരമയും  മാതൃഭുമിയും നിരത്തിയ   വെണ്ടക്കാ  തലക്കെട്ടുകള്‍  ഹെന്റി  ലൂയിസ്  മെകെന്‍  ഉല്‍കണ്ഠപ്പെട്ടത് പോലെ   പത്രങ്ങള്‍  അറിവില്ലാതവരെ കൂടുതല്‍  അജ്ഞരാക്കുകയും  വെകിളി  പിടിച്ചവരെ  ആര്‍ത്തിയുടെ  കൊടുമുടിയിലെത്തിക്കുകയും  ചെയ്യുന്ന  ഉപകരണമാണെന്ന  നിഗമനം  ശരി വയ്ക്കുന്നതായിരുന്നു . ഒരു  മേസ്‌ത്രിയും  നൂറു കണക്കിന്  വാര്‍പ്പുകാരും  എന്നപോലെ  ആയിരുന്നല്ലോ  ആ ആള്‍ക്കൂട്ടം  . പരസ്പരം പരിചയമില്ലാത്ത  അന്യ സംസ്ഥാന  തൊഴിലാളികള്‍  ഒട്ടുമിക്ക  നഗര കേന്ദ്രങ്ങളിലും  പണിക്ക് വേണ്ടി  തിങ്ങിക്കൂടുന്നത്  പതിവ് കാഴ്ചയാണ്  .ഇവര്‍ക്കൊരു  മേസ്ത്രിയുണ്ടാകും . അതോര്‍മ്മിപ്പിക്കും  വിധമാണ്  മധുസൂധനന്‍ മിസ്ത്രിയും  വാഴക്കകളും  പല്ലിന്‍ ശൌര്യം  പണ്ടേ പോലെ  ഫലിക്കാത്തവരും  തുരുമ്പെടുത്ത  സിംഹ പ്രതിമകളും  ബ്യൂട്ടിപാര്‍ലര്‍  കൊച്ചമ്മമാരും  ചാനല്‍  അവതാരകരെ  സെക്കന്‍ഡില്‍  ഒരുവട്ടമെന്ന  തോതില്‍ പേര്  വിളിച്ചു  വളരെ നല്ല  മലയാളത്തില്‍ സംസാരിക്കുന്ന  ടോം വടക്കന്‍റെയത്ര  ഭാഷാശുദ്ധി  ഇല്ലാത്ത  ഇറക്കുമതിക്കാരും  തറവേലകളുമടങ്ങുന്ന  കോമാളികളുടെ  സര്‍ക്കസ്‌  കൂടാരം  . പുതിയ  ഭാരവാഹികളായ  ഭരണങ്ങാനം  ഭാസിയും  മലപ്പുറം  മമ്മദും  തീവണ്ടിയില്‍  വച്ചാണത്രേ  ആദ്യമായി  കാണുന്നത് . തമ്പാനൂര്‍  സ്റ്റേഷനില്‍  നിന്ന്  കെ പി സി സി  ഓഫീസിലേക്ക്  പോയ  മൌന ജാഥ  ഒരു തലസ്ഥാന ഫലിതമാണ് .അതാകട്ടെ  ജഗദീഷിന്റെ  കോമഡിയേക്കാള്‍  നിലവാരമുള്ളതുമാണ്  . കോണ്‍ഗ്രസ്സ്‌  അംഗത്വ  വിതരണ ഗുസ്തിക്കിടയില്‍  ചില  നേതാക്കളുടെ  നായ്ക്കള്‍  പോലും  പട്ടികയില്‍  കടന്നു കൂടിയിരുന്നു  . എല്ലാ ജനദ്രോഹത്തിനും  കൈയൊപ്പ്‌  നല്‍കി  ചാനലുകളില്‍  കുരച്ച്  നില്‍ക്കുന്നവര്‍  അധികാരത്തിന്റെ  എല്ലിന്‍ കഷ്ണം  നുണഞ്ഞു  മോങ്ങുമ്പോള്‍  അവര്‍ക്കിതാ  മനോരമയുടെയും  മാതൃഭൂമിയുടെയും  താമ്രപത്രം : ഹരിത  എം എല്‍ എ  മാര്‍ . വിമോചന സമര  കാലഘട്ടത്തിലെന്നവണ്ണം  രണ്ടു വിഡ്ഢികളെ ചേര്‍ത്ത് ഒരു ബുദ്ധിമാനെ  സൃഷ്ടിക്കുകയാണ്  അവ . 

പോലീസ്‌ സ്റേഷന് മുന്നിലൂടെ പോവുകയായിരുന്ന കോളേജ് അധ്യാപകനായ സുഹൃത്ത്‌ പറഞ്ഞ ഫലിതം നിസ്സാരമായിരുന്നില്ല . അങ്ങോട്ടേക്ക് നോക്കാന്‍ പേടിയാണ് , കേസെടുത്താലോ എന്ന മട്ടിലായിരുന്നു അത് . കേരളത്തിലെ പോലീസ്‌ ഭീകരതയുടെയും പൌരാവകാശ ലംഘനങ്ങളുടെയും വലതുപക്ഷാഭിമുഖ്യത്തിന്റെയും ഞെട്ടലുണ്ട് ആ ഫലിതത്തില്‍ .വിശകലനങ്ങള്‍ എന്ന പേരില്‍ ഭാവനാ സൃഷ്ടങ്ങളായ ദുര്‍ഭൂതങ്ങളുടെ ഭീതി പരത്തി ഈ കാടത്തത്തെ പ്രോത്സാഹിപ്പിക്കുകയാണ് പത്രങ്ങളും ചാനലുകളും . ഭംഗി കുറഞ്ഞ മുഖവും തളര്‍ച്ചയില്ലാത്ത ശബ്ദവും നട്ടെല്ല് വളയാത്ത നിശ്ചയദാര്‍ഢ്യവും തെറ്റുകള്‍ക്ക് നേരെ ചൂണ്ടുന്ന വിരലുകളും മാന്യന്മാരുടെ ലക്ഷണമല്ലെന്നും ഇക്കൂട്ടരെ ക്രിമിനലുകളായി കണക്കാക്കി ജയിലിലടക്കണമെന്നും പത്രങ്ങള്‍ വാദിക്കുന്നു .അവയുടെ കാഴ്ചപ്പാടില്‍ സിമന്‍റ് പൂശിയ ഷര്‍ട്ടും വടി നെയ്തെടുത്ത മുണ്ടുമുടുത്തു നടക്കുന്ന ധൂര്‍ത്തന്‍മാരായ പൊങ്ങച്ചക്കാരാണ് ജനനേതാക്കള്‍ .മാടമ്പിയായ കണ്ണൂര്‍ എം.പി.യുടെ അധോലോക മോഡല്‍ സ്റ്റണ്ടുകള്‍ നല്ല സിനിമയുടെ പരസ്യ വാചകമാണ് . തീര്‍ന്നില്ല കോടതികളില്‍ ജാമ്യം തേടി എത്തിയാല്‍ ജഡ്ജിമാരെപ്പോലും സ്വാധീനിക്കാന്‍ നുണ പരമ്പരകള്‍ നിരത്തുന്നുമുണ്ട് . മാധ്യമങ്ങള്‍ വരച്ചു വയ്ക്കുന്ന ആ സംശയത്തിന്റെ കണ്ണട ചില ഘട്ടങ്ങളില്‍ കോടതികളും എടുത്തണിയുകയുമാണ് .

ജഡ്ജിമാരുടെ അമിതാവേശം

      അമേരിക്കന്‍ നിയമപാലനത്തിന്‍റെയും കോടതി നടപടികളുടെയും പക്ഷപാതങ്ങളെക്കുറിച്ച് ഹവാര്‍ഡ് സീന്‍ പുറത്തു കൊണ്ടുവന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ എവിടെയും ബാധകമാണ് . ഒരാള്‍ ദാരിദ്രനാണെങ്കില്‍ ജയിലിലെത്തപ്പെടാനുള്ള സാധ്യത കൂടുതലാണ് . അടിസ്ഥാനാവശ്യങ്ങള്‍പോലും അനുവദിച്ചുകിട്ടാത്തതിനെതിരായ പ്രക്ഷോഭങ്ങള്‍ കുറ്റകൃത്യങ്ങളായിട്ടാണ് വകയിരുത്തുക .ധനികര്‍ക്ക് വേണ്ടതിനെക്കാള്‍ ലഭിക്കുന്നതിനാല്‍ ഇങ്ങനെ ചെയ്യേണ്ടി വരുന്നില്ല .നിയമം അവരെ തുണയ്ക്കുന്നു .കുറ്റം ചെയ്താലും അവര്‍ക്കെതിരെ കേസുണ്ടാവില്ല . വളരെ വിദൂര സാധ്യതയില്‍ ജയിലിലായാല്‍ തന്നെ വേഗം പുറത്തിറക്കും . ജഡ്ജിമാരുടെ അനുഭാവപൂര്‍ണമായ സമീപനങ്ങളും ഇവിടെ തുണയാണ് .

1969ല്‍ 502 പേരുടെ മേല്‍ നികുതി വെട്ടിപ്പിനു കേസെടുത്തതിലെ പൊള്ളത്തരം സീന്‍ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട് . ഇതില്‍ 20 ശതമാനത്തിനു മാത്രമായിരുന്നു ശിക്ഷ .എന്നാല്‍ ചെറിയ മോഷണമടക്കമുള്ള ദരിദ്രരുടെ പെറ്റി കേസുകളില്‍ 60 ശതമാനത്തിലധികം പേര്‍ അഴിക്കുള്ളിലായി .മനശാസ്ത്രജ്ഞനായ വില്യം ഗെയ് ലിന്‍ ‘ അപൂര്‍ണ്ണ നീതി’ എന്ന കൃതിക്ക് വേണ്ടി വിയട്നാം യുദ്ധത്തിലിറങ്ങാന്‍ വിസമ്മതിച്ച 17 പേരെ അഭിമുഖം നടത്തിയിരുന്നു . അതിലൊരാളെ അഞ്ചു വര്‍ഷത്തേക്കായിരുന്നു കാരാഗൃഹത്തിലാക്കിയിരുന്നത് .സാധാരണ ഇത്തരം കേസുകള്‍ക്ക്‌ നല്‍കുന്ന ശിക്ഷയെക്കാള്‍ രണ്ടു വര്ഷം അധികം .അയാളുടെ ആഫ്രിക്കന്‍ ഹെയര്‍സ്റ്റൈല്‍ ആണ് വിനയായത് . മനോരമയുടെയും മാതൃഭൂമിയുടെയും കോടതിയാകട്ടെ ഇവിടെ ജീവിതക്ലേശങ്ങളില്‍ വരണ്ടുണങ്ങിയ ദരിദ്ര നേതാക്കളെയാണ് ദീര്‍ഘ തടവിനു വിധിക്കുന്നത് .

ശിക്ഷാവിധികളില്‍  തഞ്ചം  നോക്കിയുള്ള  തീരുമാനങ്ങളായിരുന്നു  ജഡ്ജിമാരുടെത്.  ഓറഗോണ്‍ നഗരത്തില്‍   ഡ്രാഫ്റ്റ്‌  നിയമം ലംഘിച്ച  33  പേര്‍ക്കെതിരെ  കേസെടുത്തു  , അതില്‍ 18 പേരെ  നല്ല  നടപ്പിന്  വിട്ടു .തെക്കന്‍  ടെക്സാസില്‍   ഇതേ  കുറ്റത്തിന്  പിടി കൂടിയ  16  പേരെയും  ജയിലിലിടുകയായിരുന്നു  .ന്യൂയോര്‍ക്ക്‌  സിറ്റിയില്‍ പൊതു സ്ഥലത്ത്  ബഹളം  വച്ച   673  പേരില്‍  530 പേരെ  വെറുതെ വിട്ടു . മറ്റൊരു  ന്യായാധിപനാകട്ടെ  ഇതേ  കുറ്റം ചെയ്ത  566 പേരില്‍  ഒരാളെ  മാത്രമാണ്  പോകാന്‍ അനുവദിച്ചത്  .ജഡ്ജിമാരില്‍  മിക്കവാറും  ഉപരി വര്‍ഗ്ഗത്തില്‍പ്പെട്ട  പഴഞ്ചന്‍മാരായ  വര്‍ണ്ണവെറിയന്‍മാരായതിനാലാണ്  ദരിദ്രര്‍ക്കും  കറുത്തവര്‍ക്കും  ഉല്‍പ്പതിഷ്ണുക്കള്‍ക്കും   അര്‍ഹിക്കുന്ന  നീതി കിട്ടാതെ പോയതെന്നും പറയേണ്ടതുണ്ട്  . 

 1950  ല്‍ ജൂലിയസ്  റോസന്‍ബര്‍ഗിനെയും  ഏഥന്‍  റോസന്‍ബര്‍ഗിനെയും   വിചാരണ  ചെയ്തത്  ചാരക്കുറ്റം  കെട്ടിയേല്‍പ്പിച്ചായിരുന്നു .പ്രധാന  തെളിവായി സ്വീകരിച്ചതാകട്ടെ  ചില  യഥാര്‍ത്ഥ  ചാരന്മാരുടെ  മൊഴികളും  . ഏഥന്‍റെ  സഹോദരന്‍  ഡേവിഡ്‌  ഗീന്‍ ഗ്ലാസ്സിനെയും  പോലീസ്‌ സാക്ഷിയായി മെരുക്കിയെടുത്തു . അയാള്‍ അന്ന്  മാന്‍ഹട്ടന്‍  ലബോറട്ടറിയില്‍  മെഷീനിസ്റ്റ്   മാത്രമായിരുന്നു  .ഹോളിവുഡ്  ത്രില്ലര്‍  പോലെ  കോര്‍ത്തിണക്കിയ  ഗൂഡാലോചനയുടെ  തിരക്കഥ  എഫ് ബി ഐ  യുടേതാണ്  .ആല്‍ബര്‍ട്ട്  ഐന്‍സ്റ്റീനും  ഴാങ്ങ് പോള്‍ സാര്‍ത്രും   പാബ്ലോ പിക്കാസോയും   റോസന്‍ബര്‍ഗ് കള്‍ക്കായി  ഏറെ ശബ്ദമുയര്‍ത്തിയെങ്കിലും  എല്ലാം വിഫലമായി  .1953 ജൂണ്‍ 19 നു  വിധി വന്നു  .കൂട്ടുഗൂഡാലോചനയുടെ  പേരില്‍   മോര്‍ട്ടന്‍ സോബല്ലും  അകത്തായി  .പരോള്‍ യാചനകള്‍  തുടര്‍ച്ചയായി  നിരസിക്കപ്പെട്ടു . രണ്ടു പതിറ്റാണ്ടിനടുത്ത്  ശിക്ഷയനുഭവിച്ച  ശേഷമേ   അയാളെ  വിട്ടുള്ളൂ . കേസില്‍ വിധി എന്തായിരിക്കുമെന്നത്   ജഡ്ജി  പ്രോസിക്യൂട്ടര്‍മാരുമായി  ധാരണയിലെത്തിയതായി  എഫ്‌ ബി ഐ  രേഖകളില്‍  പിന്നീട്  കണ്ടെത്തി  .അപ്പീലിനു  ശേഷം  അറ്റോണി ജനറല്‍  ഹെര്‍ബെര്‍ട്ട്  ബ്രൌണ്‍ വെല്ലും  ചീഫ്‌ജസ്റ്റിസ്‌  ഫ്രെഡ്‌ വില്‍സണും  നേരില്‍  കാണുകയും  ചെയ്തു . വിധി  സ്റ്റേ  ചെയ്യാന്‍  ഏതെന്കിലും  ജഡ്ജി  മുതിര്‍ന്നാല്‍  അത് മറികടന്ന്  ഫുള്‍ ബെഞ്ച്‌  വിളിച്ചു  തടസ്സം  ഒഴിവാക്കാമെന്നും  ആ  കൂടിക്കാഴ്ചയില്‍ ചീഫ്‌ജസ്റ്റിസ്‌  ഉറപ്പു നല്‍കി  . വധശിക്ഷക്കെതിരെ  ജസ്റ്റിസ്‌  വില്യം  ഡഗ്ലസ്  നിലകൊണ്ടു  .അവധിയെടുത്ത  ജഡ്ജിമാരെ  ചാര്‍ട്ടര്‍  വിമാനങ്ങളയച്ചു  തിരിച്ചു  വിളിക്കുകയായിരുന്നു  ചീഫ്‌  ജസ്റ്റിസ്‌ . ഡഗ്ലസിന്‍റെ  സ്റ്റേ  റദ്ദായത്  അങ്ങനെ .

 

Share.

About Author

136q, 0.569s