Leaderboard Ad

പെണ്‍കുട്ടിയുടെ അച്ഛന്‍

0

ഇന്നലെ എന്‍റെ മകള്‍ വയസ്സറിയിച്ചു
എനിക്കിനി കഥയറിയാതെ ആട്ടം കാണാനാവില്ല
ഏവര്‍ക്കും മനസ്സിലാകുന്ന ലിപികളിലേക്ക്
എന്‍റെ ശരീരവും പരിഭാഷപ്പെടും

സന്ദേഹങ്ങള്‍ നിറഞ്ഞ നെറ്റിത്തടം
ആധി നിറഞ്ഞ കണ്ണുകള്‍
വിദൂരത്തെ ഒച്ചകള്‍ പോലും ശ്രദ്ധിക്കുന്ന കാതുകള്‍
കരള്‍ പിളര്‍ക്കുന്ന ഒരു നിലവിളിയുടെ
ഇരമ്പല്‍ പേറുന്ന നെഞ്ചിന്‍ കൂട്

ഇന്നലെ എന്‍റെ മകള്‍ വയസ്സറിയിച്ചു
അവള്‍ക്കിനി അരുതുകളുടെ കാലമാണ്
കരുതലുകളുടെ മഹാ നിഘണ്ടു
അവള്‍ക്കു മുന്നില്‍ തുറക്കപ്പെടും
പകര്‍ന്നാടാനുള്ള വേഷങ്ങള്‍
ഉടലറിവുകള്‍ കൊണ്ടവള്‍ തിരിച്ചറിയും
അവളുടെ ജീവിത പുസ്തകത്തില്‍
ഇനി യുദ്ധകാണ്ഡമാണ്

ഇന്നലെ എന്‍റെ മകള്‍ വയസ്സറിയിച്ചു
ഇനിയവള്‍ ആരെയൊക്കെ ഭയപ്പെടണം
അയല്‍ക്കാരെ
ബന്ധുക്കളെ
കളിക്കൂട്ടുകാരെ സഹപാഠികളെ
ഗുരുക്കന്മാരെ
ഏട്ടനെ അനുജനെ
വല്ല്യച്ചനെ
അവര്‍ക്കിടയില്‍
അച്ഛനാം ഈ എന്നെയും
എന്തൊക്കെ വാക്കുകള്‍ ആവാം
കരുതലുകളുടെ മഹാ നിഘണ്ടുവില്‍…..

Share.

About Author

140q, 1.113s