Leaderboard Ad

പൊതുവിദ്യാഭ്യാസം സംരക്ഷിക്കൂ… സാമൂഹ്യ ബാധ്യത നിറവേറ്റൂ…

0

     മൂന്നാം ലോകരാജ്യങ്ങളിലെ വിസ്മയമായി മാറിയ കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യസേവന മേഖലയാണ് പൊതു വിദ്യാഭ്യാസ മേഖല. നോക്കിയാല്‍ കാണുന്ന സ്ഥലത്ത് ലോവര്‍ പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളും വിളിച്ചാല്‍ കേല്‍ക്കുന്ന സ്ഥലത്ത് അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളും,എല്ലാ പഞ്ചായത്തിലും ഹൈസ്കൂളുകളും ഹയര്‍ സെക്കന്ററി സ്ഥാപനങ്ങളും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. എല്ലാ താലൂക്കുകളിലും കോളേജും,സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉറപ്പാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലാ ബന്ധിതയും, സര്‍വ്വത്രികവും സൗജന്യവുമായി വിദ്യാഭ്യാസവും മറ്റേതെങ്കിലും ലോകരാജ്യങ്ങളില്‍ നിലവിലുണ്ടോ എന്നു അന്വേഷിച്ചറിയേണ്ട കാര്യമാണ് .ആധുനിക കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായ പൊതുജനാരോഗ്യ മേഖലയും,പൊതുവിദ്യാഭ്യാസ മേഖലയും സംസ്ഥാത്തിന്റെ അഭിമാന സ്തംഭങ്ങള്‍ തന്നെയാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ച പൊന്‍തൂവലുകളായി നിലനില്‍ക്കുന്ന അംഗീകാരമാണ്,രാഷ്ട്രപതിയായി തീര്‍ന്ന ശ്രീമാന്‍ കെ ആര്‍ നാരായണനും സുപ്രീം കോടതി ചീഫ് ജസ്റിസായി സ്ഥാനമേറ്റ ശ്രീമാന്‍ കെ ജി ബാലകൃഷണനും, അവരുടെ രാഷ്ട്രത്തോടുള്ള ആദ്യ പ്രസംഗങ്ങളില്‍ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ അംഗീകാരം.അധസ്ഥിതരായി ജനിച്ചു വളര്‍ച്ച തങ്ങളെ ഈ പരമോന്നത സ്ഥാനത്ത് എത്തിച്ചത് കേരളത്തില്‍ നിലനിന്ന സവിശേഷമായ വിദ്യാഭ്യാസ സാഹചര്യങ്ങളാണെന്ന് രണ്ടുപേരും ഉറക്കെ പറയുകയുണ്ടായി. ലോകത്തിന്റെ ഏത് കോണിലും മലയാളി സാന്നിദ്ധ്യം ഉണ്ടാക്കിയെടുക്കാനും ഒട്ടേറെ വിശ്വപ്രസിദ്ധരായ ബഹുമാന്യരെ സൃഷ്ടിക്കാനും കഴിഞ്ഞത് പൊതു വിദ്യാഭ്യാസ മേഖലകൊണ്ടു തന്നെയാണ്.സ്വാമി വിവേകാനന്ദന്‍ ഒരു നൂറ്റാണ്ടു മുമ്പ് ഭ്രാന്താലയമെന്നു വിളിച്ച കേരളത്തെ ആധുനിക കേരളമാക്കുന്നതില്‍ പൊതുവിദ്യാഭ്യാസം വഹിച്ച പങ്ക് കുറച്ചു കാണാന്‍ ആര്‍ക്കും കഴിയില്ല. “പൊതുവിദ്യാഭ്യാസം” ഇല്ലായിരുന്നു എങ്കില്‍ എന്തായിരിക്കും നമ്മുടെ കേരളത്തിന്റെ അവസ്ഥ എന്ന് ഏറെ ആലോചിക്കേണ്ട സംഗതിയാണ്.

   രണ്ട് രണ്ടര നൂറ്റാണ്ട് മുന്‍പ് തുടക്കംകുറിച്ച് നടന്ന നിരവധി പ്രവര്‍ത്തങ്ങളുടെ സഞ്ചിത നിധിയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം. ശാലകളും, പണിശാലകളും, കുടി പള്ളിക്കൂടങ്ങളും ആരംഭിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ കെട്ടും മട്ടും സംഭവിക്കുന്നത് ക്രിസ്ത്യന്‍ മിഷണറിമാരുടെ വരവോടു കൂടിയാണ്. ബാസല്‍ മിഷനും, ഇവാഞ്ചലിക്കല്‍ മിഷനും ഈ രംഗത്ത് ഒട്ടേറെ സംഭാവകള്‍ നല്‍കിയിരുന്നു. ഉല്‍പതിഷ്ണുകളായ ഒട്ടേറെ വ്യക്തികളും സംഘടകളുമെല്ലാം ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേരളത്തിലെ വിദ്യാലയ പ്രവര്‍ത്തത്തിന്റെ തുടക്കം കുറിച്ചത്. 1817 ലെ തിരുവിതാംകൂര്‍ രാജ്ഞി റാണി ലക്ഷ്മിസേതുപാര്‍വ്വതീഭായിയുടെ സൗജന്യവും സാര്‍വ്വര്‍ത്തികവുമായ വിദ്യാഭ്യാസ വിളംബരം കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തത്തിന്റെ ആധാരശിലയായി നില്‍ക്കുന്നു. നവോത്ഥാനപ്രസ്ഥാത്തിനു തുടക്കം കുറിക്കുന്നതിനു മുമ്പ് തന്നെവിദ്യാഭ്യാസ പ്രവര്‍ത്തത്തിന്‍ ഏറെ മുന്നേറാന്‍ കഴിഞ്ഞ സംസ്ഥാനത്തിന്‌ നവോത്ഥാ പ്രവര്‍ത്തങ്ങള്‍ വിദ്യാഭ്യാസ മേഖലക്ക് പുതിയ ദിശാബോധം ഉണ്ടാക്കിക്കൊടുത്തു.ശ്രീ നാരായണ ഗുരുവും, അയ്യങ്കാളിയും, ചട്ടമ്പിസ്വാമികളും വാഗ്ഭട തുടങ്ങി നവോത്ഥാന നായകരെല്ലാം ഏറെ സംഭാവകള്‍ നല്‍കുകയുണ്ടായി. അധ:സ്ഥിതന്റെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി 1913 ല്‍ ശ്രീമാന്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക തൊഴിലാളി സമരം ചരിത്ര രേഖയായി നിലനില്‍ക്കുന്നു. കര്‍ഷക തൊഴിലാളികളുടെ ആദ്യ പണിമുടക്ക് എന്ന് അറിയപ്പെടുന്ന 1913 ലെ പ്രക്ഷോഭം അധ:സ്ഥിതന്റെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയായിരുന്നു. നവോത്ഥാപ്രസ്ഥാം ഉഴുതു മറിച്ച മണ്ണില്‍ 1930 കളോടുകൂടി ഒട്ടേറെ സംഘടിതപ്രസ്ഥാനങ്ങള്‍ ഉടലെടുക്കുകയുണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര സമരപ്രസ്ഥാത്തിന്റെ ഉജ്വലമായ ഏടുകളായി നിലില്‍ക്കുന്ന തൊളിലാളികളുടെയും കര്‍ഷകരുടെയും പ്രസ്ഥാനങ്ങള്‍, യുവജനവിദ്യാര്‍ത്ഥി പ്രസ്ഥാനം, അധ്യാപകരുടെ പ്രസ്ഥാനം, ഗ്രന്ഥശാലാ പ്രസ്ഥാനം ഇവയെല്ലാം രൂപം കൊള്ളുന്നത് 1930 കളിലാണ്. ഈ പ്രസ്ഥാനങ്ങളെല്ലാം കേരളീയ വിദ്യാഭ്യാസ വളര്‍ച്ചയില്‍ ഊടും പാവും നെയ്തെടുത്ത കണ്ണികളാണ്. ഐക്യ കേരളം രൂപപ്പെടുന്നതിനു ദശകങ്ങള്‍ക്ക് മുമ്പ് രൂപീകൃതമായ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അതിന്റെ ആദ്യത്തെ പ്രസിഡന്റ് ആയിരുന്ന ശ്രീമാന്‍ പി ടി ഭാസ്കരപ്പണിക്കരുടെ നേതൃത്വത്തില്‍ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുകയുണ്ടായി മലബാറില്‍ ഇന്നും കാണുന്ന ഒട്ടുമിക്ക സര്‍ക്കാര്‍ വിദ്യാലയങ്ങളും അക്കാലത്ത് സ്ഥാപിക്കപെട്ടതാണ്.ഐക്യ കേരള രൂപീകരണത്തിനു മുന്‍പു തന്നെ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ മുന്നേറാന്‍ മേല്‍ കാണിച്ച പ്രവര്‍ത്തങ്ങള്‍ കൊണ്ട് കഴിയുകയുണ്ടായി.

      കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ കൊണ്ടു വന്ന വിദ്യാഭ്യാസ നിയമം കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തങ്ങളെ നിയമബന്ധിതമാക്കാന്‍ സഹായകമായി. ആ സര്‍ക്കാര്‍ പാസാക്കിയ കര്‍ഷകബന്ധബില്ലും വിദ്യാഭ്യാസബില്ലുമാണ് ആധുനിക കേരളത്തില്‍ അടിത്തറ പാകിയതെന്ന് രാഷ്ട്രീയ തിമിരം ബാധിച്ചിട്ടില്ലാത്ത ഏതൊരാളും അംഗീകരിക്കുന്ന കാര്യമാണ്. എന്ത് കൊണ്ട് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ് സര്‍ക്കാര്‍ ഈ നിയമങ്ങള്‍ ഒന്നിച്ചുകൊണ്ടു വന്നു എന്ന് പരിശോദിക്കുമ്പോഴാണ് കമ്മ്യൂണിസ്റ് പാര്‍ട്ടിക്കു കേരളത്തോടും കേരളീയരോടും ഉള്ള പ്രതിബദ്ധത കാണാന്‍ കഴിയുക. കര്‍ഷക പരിഷ്കരണമെന്നത് സാധാരണക്കാരന്റെ കൈകളില്‍ സമ്പത്ത് എത്തിക്കുക ,ഒരു പരിധിവരെ അവനു സ്വാതന്ത്യ്രം നല്‍കുക എന്നതാണ്. സാമ്പത്തിക സ്വാതന്ത്യ്രം ലഭിച്ച ഒരുവന്റെ പ്രഥമഗണനീയമായ മോഹമാണ് തന്റെ മക്കളെ പഠിപ്പിക്കുക, അതിനുള്ള ഭൌതിക സൌകര്യം ഒരുക്കുക, ഇവയെല്ലാമാണ് സര്‍ക്കാര്‍ വിദ്യാഭ്യാസ ബില്ലിലൂടെ ചെയ്തത്. ഈ രാഷ്ട്രീയം മനസ്സിലാക്കിയ സ്ഥാപിത താല്‍പ്പര്യക്കാരാണ് എല്ലാ ജാതി മത ശക്തികളേയും കൂട്ടുപിടിച്ച് ആ സര്‍ക്കാറിനെതിരായി വിമോചന സമരം സംഘടിപ്പിച്ചത്. വിമോച സമരത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിഞ്ഞെങ്കിലും ആ സര്‍ക്കാര്‍ ഉയര്‍ത്തിയ ഉന്നത മൂല്യങ്ങളും ,സംരക്ഷണവും ഇന്നും നിലില്‍ക്കുന്നു എന്നത് കേരളത്തിന്റെ സവിശേഷമായ പ്രത്യേകതകളില്‍ ഒന്നുമാത്രമാണ്. ചരിത്രം എന്നും കറുത്ത പുള്ളിയായി കാണുന്ന ആ വിമോചന സമരത്തിന്റെ ഉല്‍പ്പന്നങ്ങളാണ് ഇന്ന് കേരളത്തില്‍ ഐക്യജാധിപത്യമുന്നണിക്ക് നേതൃത്വം കൊടുക്കുന്നവരും, കേന്ദ്രസംസ്ഥാന ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരും എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടതാണ്.

      1957 വിദ്യാഭ്യാസ നിയമത്തിനു ശേഷം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴേക്കും സാര്‍വത്രികമായി വിദ്യാഭ്യാസ സ്ഥാപങ്ങള്‍ ഉറപ്പാക്കാനും 5-16 വരെ പരിധിയിലുള്ള മുഴുവന്‍ കുട്ടികളേയും വിദ്യാലയങ്ങളില്‍ എത്തിക്കാനും കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 2008 ല്‍ വിദ്യാഭ്യാസ അവകാശത്തില്‍ ലക്ഷ്യം വച്ച 6 മുതല്‍ 16 വരെ പരിധിയിലുള്ള മുഴുവന്‍ കുട്ടികളേയും വിദ്യാലയങ്ങളില്‍ എത്തിക്കുക എന്ന ലക്‌ഷ്യം 40 വര്‍ഷം മുമ്പ് തന്നെ നമ്മള്‍ ആര്‍ജിച്ച നേട്ടമാണ്. പ്രധാനമന്ത്രിമാരെ പ്രസവിക്കുന്ന ഉത്തര്‍ പ്രദേശിലും കേന്ദ്രഭരണത്തിനു നേതൃത്വം നല്‍കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ആര്‍ജിക്കാന്‍ കഴിയാത്ത വിദ്യാഭ്യാസ നേട്ടേം എങ്ങനെ നമുക്ക് കേരളീയര്‍ക്കു നേടാന്‍ കഴിഞ്ഞു? ഇതിനു പിന്നിലുള്ള പ്രവര്‍ത്തങ്ങല്‍ എന്തായിരുന്നു? ഇതെല്ലാം വിസ്മരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പൊതു വിദ്യാഭ്യാസ മേഖലയ്ക്കു നേരെ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

         1980 കള്‍ വരെ പൊതുവിദ്യാഭ്യാസ മേഖലയെ സഹായിക്കുക എന്നത് സര്‍ക്കാറുകളുടെ അജണ്ടയായിരുന്നു. യു ഡി എഫും, എല്‍ ഡി എഫും മാറി മാറി ഭരണത്തില്‍ വരുന്ന ഒരു സംസ്ഥാനം എന്ന നിലയില്‍ എല്‍ ഡി എഫ് സര്‍ക്കാരുകള്‍ പൊതു വിദ്യാഭ്യാസ മേഖലയെ ചടുലമാക്കാന്‍ പര്യാപ്തമായ സമീപനങ്ങള്‍ കൈക്കൊള്ളും. തുടര്‍ന്നു വരുന്ന യു ഡി എഫ് സര്‍ക്കാര്‍ ഇതെല്ലാം തകിടം മറിക്കാനാവശ്യമായ സമീപനങ്ങള്‍ സ്വീകരിക്കും. ആ സമീപനങ്ങള്‍ പൊതു വിദ്യാഭ്യാസ മേഖലയെ ഒട്ടേറെ പിറകോട്ട് വലിക്കുന്ന സ്ഥിതി വിശേഷണവുമായിരുന്നു. വിദ്യാഭ്യാസം സാര്‍വത്രികമായ സംസ്ഥാത്ത് ഈ മേഖല കച്ചവടത്തിനു ഏറെ സാധ്യതയുള്ളതാണ് എന്ന് കണ്ടെത്തുന്നത് 1980 കളിലാണ്.1991 ല്‍ ആരംഭിച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ ഈ രംഗം സമ്പൂര്‍ണ്ണകച്ചവട വല്‍ക്കരിക്കാനുള്ള സമീപനങ്ങള്‍ കൈക്കൊള്ളാന്‍ സഹായകമായി. സര്‍ക്കാര്‍ എയ്ഡഡ് പള്ളിക്കൂടങ്ങള്‍ മാത്രമുണ്ടായിരുന്ന ഈ മേഖലയില്‍ അണ്‍എയ്ഡഡ് സ്ഥാപനങ്ങളുടെ തള്ളിക്കയറ്റം ഈ കാലത്താണുണ്ടാകുന്നത്. സാമ്പത്തിക താല്‍പ്പര്യത്തോടുകൂടി കടന്നു വരുന്ന വന്‍കിട കച്ചവടലോബി വന്‍തോതില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങി. അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായി അണ്‍എയ്ഡഡ് സ്വാശ്രയ കോളേജുകളും, മെഡിക്കല്‍,എഞ്ചിനീയറിങ്ങ് സ്ഥാപനങ്ങളും ഇവര്‍ കെട്ടിപ്പൊക്കി. സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ആരംഭിക്കുന്ന സി ബി എസ് ഇ വിദ്യാലയങ്ങള്‍ ഇവരുടെ മൂശയില്‍ ഉരുത്തിരിഞ്ഞ ആശയത്തിന്റെ ഭാഗമാണ്. മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള സംസ്ഥാനത്താണ് ഈ രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊട്ടിമുളയ്ക്കുന്നത്. ഇവര്‍ക്ക് സ്ഥാപനങ്ങള്‍ യഥേഷ്ടം ആരംഭിക്കാന്‍ കഴിയും. ആരംഭിച്ച സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കുട്ടികളെ എവിടെ നിന്ന് ലഭിക്കും? കേരളത്തിലെ തൊഴില്‍ മേഖലയില്‍ ഉണ്ടായ ഉത്തരേന്ത്യന്‍ സാന്നിധ്യം ഈ മേഖലയില്‍ കൊണ്ടു വരാന്‍ കഴിയുകയില്ലല്ലോ? ഇവര്‍ ലക്ഷ്യമിടുന്നത് പൊതുവിദ്യാഭ്യാസ മേഖലയിലെ കുട്ടികളെ അടര്‍ത്തി എടുക്കാനാണ്. അതിനിവര്‍ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നു. ജാതിയും മതവും സമുദായവുമെല്ലാം ഉപയോഗിക്കുന്നു.പരോക്ഷമായി സര്‍ക്കാര്‍ അനുഗുണമായ നയങ്ങളും സ്വീകരിക്കുന്നു.തല്‍ഫലമായിദുര്‍ബലമാകുന്നത് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയാണ്.

         പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിദ്യാഭ്യാസ കച്ചവടക്കാര്‍ ഉയര്‍ത്തുന്ന പൊതുസ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനങ്ങള്‍ തന്നെയാണ്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ കേരളത്തിലെ സര്‍ക്കാര്‍ ഈ രംഗത്തെടുക്കുന്ന സമീപനങ്ങള്‍ ഓരോന്നും ഇവരെ സഹായിക്കാന്‍ പര്യാപ്തമാകുന്നതുമാണ്. ബഹു മാന്യനായ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പു മന്ത്രി താന്‍ കേരളത്തിന്റെ പൊതു വിദ്യാഭ്യാസവകുപ്പിന്റെ മന്ത്രി ആണ് എന്നകാര്യം പോലും മറന്നുപോയിരിക്കുന്നു. മൂവായിരത്തോളം സി ബി എസ് ഇ വിദ്യാലയങ്ങല്‍ക്ക് എന്‍ ഒ സി നല്‍കാനും അധികൃതമായി പ്രവര്‍ത്തിക്കുന്ന മൂവായിരം സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുവാനുമുള്ള തീരുമാനവും പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ മാത്രം സഹായകമാവുന്നതാണ്. കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തെ ഈ രംഗത്തെ സമീപനങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കാന്‍ പോരുന്ന സമീപനങ്ങളായിരുന്നു. പരീക്ഷാ പരിഷ്കരണവും പാഠ്യപദ്ധതി പരിഷ്കരണവും വിദ്യാഭ്യാസ അവകാശ നിയമ നടത്തിപ്പും എല്ലാം തുക്ളക് പരിഷ്കാരങ്ങളായി മാറുകയുണ്ടായി. വിദ്യാഭ്യാസ സമൂഹത്തെ ഏറെ വേദനിപ്പിച്ച ഒട്ടേറെ സമീപനങ്ങള്‍ കച്ചവട സ്ഥാപനങ്ങളേയും വിദ്യാഭ്യാസ കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതുമായിരുന്നു.

         1996 ല്‍ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണവും പഠനരീതികളും ഗുണകരമായ ഫലങ്ങള്‍ സംസ്ഥാനത്ത് കണ്ടുതുടങ്ങയിരിക്കുന്നു. പൊതു വിദ്യാഭ്യാസമേഖല വീണ്ടെടുപ്പിന്റെ പാതയിലേക്ക് വരാനും പൊതുവിദ്യഭ്യാസ രംഗത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒട്ടേറെ മികവുകളിലേക്കും എത്തിച്ചേരാന്‍ കഴിഞ്ഞിരിക്കുന്നു.സംസ്ഥാനം ആര്‍ജിച്ചുകൊണ്ടിരിക്കുന്ന ഉയര്‍ന്ന വിജയശതമാവും പൊതു പ്രവേശന പരീക്ഷകളിലും,സിവില്‍സര്‍വ്വീസ് പരീക്ഷകളിലടക്കം പൊതുവിദ്യാഭ്യാസരംഗത്തുനിന്നുയര്‍ന്നു വന്ന കുട്ടികള്‍ ആര്‍ജിക്കുന്ന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാലത്താണ് സര്‍ക്കാര്‍ നേതൃത്വം നല്‍കി പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള സംഘടിതനീക്കം .ഇതനുവദിച്ചുകൂടാ. സംസ്ഥാനത്തിന്റെ സഞ്ചിത നിക്ഷേപമാണ് പൊതുവിദ്യാഭ്യാസമേഖലയും സ്ഥാപനങ്ങളും. അതിനെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കും എന്ന പ്രഖ്യാപനം ഓരോ കേരളീയനും നടത്തേണ്ടതാണ്. ജനതയോട് പ്രതിബദ്ധതയില്ലാത്ത,കേരളം ആര്‍ജിച്ച നേട്ടേങ്ങളെ പിറകോട്ടടിപ്പിച്ചു സര്‍ക്കാരിനു ചെപ്പും പന്തും കളിക്കാനുള്ളതല്ല വിദ്യാഭ്യാസമേഖല എന്ന് ഏറെ ഉച്ചത്തില്‍ പ്രഖ്യാപിക്കാന്‍ കഴിയണം . എങ്കില്‍ മാത്രമേ നാം സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്ത തലമുറയാണെന്നു അഭിമാനിക്കാന്‍ കഴിയൂ.

 

(കെ എസ് ടി എ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)

Share.

About Author

134q, 0.544s