Leaderboard Ad

ഫാസിസം ചെറിപ്പഴങ്ങൾ ഇഷ്ടപ്പെടുന്നില്ല

0

  രിത്രത്തിൽ നിന്ന് മാഞ്ഞു പോകാത്ത പേരാണ് അഡോൾഫ് ഹിറ്റ്ലറുടേത്. സ്കൂളിൽ  പഠിച്ച ചരിത്രപാഠങ്ങളിലൊന്നും അയാളെകുറിച്ച് നല്ലത് പഠിച്ചിട്ടില്ല. എന്നാൽ  ഹിറ്റ്ലറുടെ ആത്മകഥയിൽ അയാൾ വളരെ നല്ലവനാണ്. എഴുതാത്ത നമ്മുടെയൊക്കെ ആത്മകഥയിൽ നമ്മളും മഹാന്മാരാണല്ലോ?   ഫാസിസത്തിൻറെ ഇന്ത്യൻപ്രതിനിധാനങ്ങൾ വാർത്തയിൽ നിറയുമ്പോൾ ഹിറ്റ്ലർ വീണ്ടും വീണ്ടും മനസ്സിലേക്ക് വരികയാണ്. ഫാസിസ്റ്റുകളുടെ ഈ ആചാര്യനെ ഓർക്കേണ്ട കാലമാണ് നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നത്.

പാർലമെന്റു തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മോഡി തന്നെ അധികാരത്തിൽ വരുമോ? നമ്മുടെ ആഗ്രഹങ്ങൾക്കപ്പുറത്ത് അത് നടന്നുകൂടായ്കയില്ല. കാരണം ഇരുമ്പുലക്ക പ്രസവിക്കാൻ വെമ്പുന്ന ഒരാൾ നമ്മുടെയൊക്കെ ഉള്ളിലുണ്ട്. പ്രാചീനജീവിതത്തിലെ വേട്ടക്കാരന്റെ ഓർമകൾ നമ്മുടെ ജീവിതത്തിൽ ഇപ്പോഴും അടയാളപ്പെട്ടു കിടക്കുന്നുണ്ട്. ബൈബിളിൽ ഒരു കഥയുണ്ട്, ഞങ്ങൾക്കൊരു രാജാവിന്റെ വേണം എന്നു പ്രാർഥിച്ച ജനത്തിൻറെ കഥ. രാജാവിനെ ആവശ്യപ്പെട്ട ജനതയോട് ദൈവം പറഞ്ഞു. ‘അവൻ നിങ്ങളെ അടിമകളാക്കും. നിങ്ങളുടെ ആണ്മക്കളെ അവൻറെ കുതിരകൾക്കു മുമ്പിൽ നടത്തും. നിങ്ങളുടെ പെണ്മക്കളെ അവൻറെ തൈലക്കാരത്തികളാക്കും. എന്നാൽ ജനം പറഞ്ഞു. സാരമില്ല, ഞങ്ങൾക്കൊരു രാജാവിനെ വേണം. പുരാതനമായ ഒരു ജനതയുടെ ചിന്തകളെ മനസ്സിൽ ചുമക്കുന്നവരാണ് നമ്മിൽ പലരും. ഒരു ഫാസിസ്റ്റിനെ ആലിംഗനം ചെയ്യാൻ നമുക്കിപ്പോഴും മടിയുണ്ടാവില്ല. പാദസേവ നാമുക്കിപ്പോഴും പഥ്യംതന്നെ. ഈയിടെ ചിന്തനീയമായ ഒരു കാര്യം നടന്നു. ഒമ്പതാം ക്ലാസ്സിലെ മോറൽസയൻസ് പേപ്പറിൽ ഒരു ചോദ്യമുണ്ടായിരുന്നു. എ പി ജെ അബുൽകലാമിനെയും അഡോൾഫ് ഹിറ്റ്‌ലറെയും താരതമ്യം ചെയ്യുക. ഒരു നേതാവെന്ന നിലയിൽ നിങ്ങൾ ആരെയാണ് തെരഞ്ഞെടുക്കുക? ഈ ചോദ്യത്തിന് ഉത്തരമെഴുതിയ ആറുപേരിൽ അഞ്ചു പേരും ഹിറ്റ്ലരെയാണ് തെരഞ്ഞെടുത്തത്. നമ്മുടെ മുൻഗണനകളും തെരഞ്ഞെടുപ്പുകളും മാറിപ്പോകാൻ അധികം സമയം വേണ്ടി വരില്ല. സ്വാതന്ത്ര്യത്തെക്കാൾ ദാസ്യമാണ് പലപ്പോഴും നാം ഇഷ്ടപ്പെടുന്നത്.

നരേന്ദ്രമോഡിയുടെ കാര്യത്തിൽ നാം ആരുടെ ഉപദേശമാണ് സ്വീകരിക്കുക. അനന്തമൂർത്തിയൊ കൃഷ്ണയ്യരോ? ആരാണ് നമ്മെ സ്വാധീനിക്കുക. നല്ലവരെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണോ?

ഔട്ട്‌ സൈഡർ

ഫാസിസം എപ്പോഴും ഒരു അന്യനെ സൃഷ്ടിക്കുന്നുണ്ട്. ഞാനല്ലാത്ത എന്റെതല്ലാത്ത ഒരാൾ. അടയാളപ്പെടുത്തി മാറ്റി നിർത്തപ്പെടെണ്ട ഒരാൾ. ആവശ്യാനുസരണം നിലനിർത്തുകയൊ നശിപ്പിക്കുകയോ ചെയ്യാവുന്ന ഒന്ന്. ഗുജറാത്തിൽ ഇപ്പോഴും മുസ്ലിംകൾ ജീവിക്കുന്നില്ലേ എന്ന ചോദ്യത്തിനുത്തരം ഇതാണ്. കൊഴുപ്പിച്ച ആട്ടിൻകുട്ടിയെയെയാണ് നാം എപ്പോഴും ബലി കൊടുക്കുക. ബലി ആവശ്യപ്പെടുന്ന ഉത്സവങ്ങൾ ഇനിയും വന്നു കൂടായ്കയില്ല. ജര്മനിയിലെ ജൂതന്റെ പണിശാലകളും അവൻറെ ശരീരവും വസ്ത്രവും ഫാസിസത്തിന്റെ മുദ്രകൾ പേറിയവയായിരുന്നു. നീ എന്ന് മാറ്റി നിര്ത്തപ്പെട്ടവർ . അവൻ എന്ന് കുറ്റം ചാർത്തപ്പെട്ടവർ. ഫാസിസത്താൽ മാറ്റി നിർത്തപ്പെട്ട മനുഷ്യനു ഉദാഹരണമാണ് ചാപ്ലിൻ സിനിമയിലെ(ദി ഡിക്റ്റെറ്റർ) ബാർബർ. രൂപം കൊണ്ട് ഹിറ്റ്ലറിനു സദൃശനാ യിരിക്കുമ്പോഴും അയാൾ ഭയന്ന് ചൂളിയാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്‌. ഹിറ്റ്ലറിൻറെ ഓരോ വാക്കും ശബ്ദവും അയാളെ ഭയപ്പെടുത്തുന്നുണ്ട്. കയ്യിൽ നിന്ന് വീണുപോയ തൊപ്പി എടുക്കാൻ കുനിയുമ്പോഴാണ് മൈക്കിലൂടെ ഹിറ്റ്‌ലറിന്റെ അലർച്ച അയാളുടെ കാതിൽ വന്നുവീഴുന്നത്. അകലെഎവിടെയോ നിന്ന് അയാൾ നാസി പട്ടാളക്കാരോട് സംസാരിക്കുന്നതായിരുന്നു അത്. തൊപ്പിയെടുക്കാൻ നില്ക്കാതെ വേഗത്തിൽ നടന്നു പോകുന്ന ആ പാവപ്പെട്ട ജൂതന്റെ ചിത്രം എല്ലാ കാലത്തേക്കുമായി നമ്മുടെ മനസ്സിൽ കൊത്തിവെക്കുകയാണ് ചാപ്ലിൻ ചെയ്തത്.

ഒരു പക്ഷെ നമ്മുടെ ഉള്ളിൽ  തന്നെയുള്ള ഒരു ഫാസിറ്റ് അപരനെ ഈ സാരൂപ്യ ചിത്രീകരണത്തിലൂടെ ചാപ്ലിൻ പുറത്തു കൊണ്ട് വരുന്നുണ്ട്.  സി വി രാമൻ പിള്ളയുടെ ഉഗ്ര ഹരി പഞ്ചാനനെയും ശാന്തഹരിപഞ്ചാനനെയും പോലെ  ഒരേ വ്യക്തിസത്തയുടെ രണ്ടു ഭാഗങ്ങളാണ് അവ.  നമ്മുടെ ഉള്ളിലെ ഈ അപരനെയാണ്  ഫാസിസ്റ്റ്പ്രത്യശാസ്ത്രം കാത്തിരിക്കുന്നത്. ഒളിയിടങ്ങളിൽ നിന്ന് അയാൾ എന്നെങ്കിലും പുറത്ത് ചാടുമെന്ന് അവർക്ക് നല്ല ഉറപ്പുണ്ട്. അതിന് മോഡിയെ പോലെ നല്ല ഒരു വേട്ടക്കാരൻ വേണമെന്നുമാത്രം.  വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന നമ്മുടെ ഇരട്ട മാനസികാവസ്ഥയെ തികഞ്ഞ ജനാധിപത്യബോധം  കൊണ്ട് നാം നേരിടെണ്ടതുണ്ട്.

ഫാസിസത്തിൻറെ കംസമാർഗ്ഗം

അഹരോണ്‍ അപ്പൽഫെൽദ് എന്ന ഇസ്രായേൽ എഴുത്തുകാരൻറെ ജീവചരിത്രത്തിൽ ഒരു ഇറ്റാലിയൻ പെന്നിനെ കുറിച്ച് പറയുന്നുണ്ട്. പെന്ന് എന്ന ഇറ്റാലിയൻ പദം മൃഗങ്ങളെ സൂക്ഷിക്കുന്ന ഒരു സംരക്ഷിത വളപ്പിനെ സൂചിപ്പിക്കുന്നതാണ്. ഒരു പെന്നിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന തടങ്കൽ പാളയത്തിൽ നടന്ന സംഭവം അദ്ദേഹം വിവരിക്കുന്നുണ്ട്. അവിടേക്ക് എപ്പോഴും പുതിയ തടവുകാരെ കൊണ്ടുവരുമായിരുന്നു. കൂട്ടത്തിൽ കുട്ടികളുണ്ടെങ്കിൽ അവരെ തിരിച്ചയക്കുകയാണ് പതിവ്. പതിവിനു വിപരീതമായി ഒരു ദിവസം തടവുകാരുടെ കൂട്ടത്തിലെത്തിയ കുട്ടിയെ പട്ടാളക്കാർ പെന്നിനകത്തെ നായ്ക്കൾക്കിടയിലേക്ക് വിട്ടു. ശൂരന്മാരായ ആ വെട്ടപ്പട്ടികൾ കുട്ടിയെ കടിച്ചുകീറി. പിന്നീട് ഇത് ഒരു പതിവായിത്തീർന്നു. ഹൃദയഭേദകമായ ഈ കാഴ്ച സഹിക്കാതെ ചില തടവുകാർ ആത്മഹത്യ ചെയ്തു. ചിലര്ക്ക് ഭ്രാന്തുപിടിച്ചു. ശിശുവധം ഫാസിസത്തിന്റെ ഇഷ്ട വിനോദമാണ്‌.,. ഇഷ്ടമില്ലാത്ത ഒരു വംശത്തെ ഉന്മൂലനം ചെയ്യാൻ കുട്ടികളെ ഇല്ലാതാക്കുകയാണ് എളുപ്പ വഴി. മാത്രമല്ല ആ വംശത്തിൻറെയാകെ പരാജയഭീതിയും വേദനയും ഇരട്ടിപ്പിക്കാൻ കഴിയുകയും ചെയ്യും. ഇതിൻറെ കുറേക്കൂടി ഉയർന്ന രൂപമാണ് ഗുജറാത്തിൽ നാം കണ്ടത്. കംസൻ പ്രസവം വരെ കാത്തു നിൽക്കാൻ തയ്യാറായിരുന്നു. ഇന്ത്യൻ ഫാസിസ്റ്റുകൾ ഗര്ഭത്തിനകത്ത് വച്ച് തന്നെ അവരെ കൈകാര്യം ചെയ്തു.

തീയിൽകുരുത്തത് ജനാധിപത്യത്തിൽ വാടിപ്പോകുമോ?

1933 ൽ ജർമ്മൻ പാർലമെന്റായ റീസ്താഗ് ബിൽഡിംഗിന് തീ വച്ച് കൊണ്ടാണ് നാസിപാർട്ടി അധികാരത്തിലേക്കുള്ള അതിൻറെ യാത്ര ആരംഭിച്ചത്. തീവെപ്പിന്റെ ഉത്തരവാദിത്തം കംമ്യൂനിസ്ട്ടുകാരുടെ തലയിൽ കെട്ടി വെക്കുകയും ചെയ്തു. ഇന്ത്യൻ ഫാസിസത്തിൽ മോഡിയുഗം ആരംഭിക്കുന്നതും ഒരു അഗ്നി ബാധയിൽ നിന്നാണ്. ഗുജറാത്ത് കലാപത്തിന്റെ തുടക്കം എന്ന് കരുതപ്പെടുന്ന ഗോദ്രയിലെ ട്രെയിൻ തീവെപ്പ് ഒരു ഫാസിസ്റ്റ് ആസൂത്രണമായിരുന്നു എന്ന് പിന്നീട് വെളിപ്പെട്ടിട്ടുണ്ട്. ഗുജറാത്തിൽ ന്യൂനപക്ഷ വിഭാഗത്തിന്റെ കടകളും സ്ഥാപനങ്ങളും അഗ്നിയ്ക്കിരയാക്കി. ആളുകളെ പച്ചയ്ക്ക് തീ കൊളുത്തി. ജനാധിപത്യം പലപ്പോഴും ഫാസിസത്തിന് വളക്കൂറുള്ള മണ്ണോരുക്കുന്നു. വളക്കൂറുള്ള മണ്ണിൽ വിളയോടൊപ്പം കളകളും വളരുന്നത്‌ പോലെയാണത്

ചോദ്യങ്ങളില്ല,  ഉത്തരങ്ങളും

പോളിഷ് സംവിധായകനായ റൊമാൻ പൊലാൻസ്കിയുടെ  ദി പിയാനിസ്റ്റ്‌ എന്ന ഒരു സിനിമയുണ്ട്. വാഴ്സാ ഗേറ്റൊയിൽ ഒരു ജൂത പിയാനിസ്റ്റ്‌ന് ഉണ്ടാകുന്ന അനുഭവമാണ് സിനിമയുടെ പ്രമേയം. ഈ  സിനിമയിൽ ഒരു രംഗമുണ്ട്. പട്ടാളക്കാർ വരി വരിയായി ആളുകളെ  വണ്ടിയിൽ കയറ്റുന്നു. വരിനിന്ന ഒരാൾ ചോദിച്ചു.  ‘സർ, ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്’. ഓഫീസർ തോക്കെടുത്ത് ചോദ്യകര്ത്താവിന്റെ നെറ്റിയിൽ ചേർത്തു വച്ച് കാഞ്ചി വലിച്ചു.  ഫാസിസത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളുമില്ല, അനുസരണ മാത്രം. അത് പൂർണനായ മനുഷ്യനെ അപൂർണനാക്കുന്നു.  ഫാസിസത്തിൻറെ   ലോകം അർദ്ധമനുഷ്യന്മാരുടെ  ലോകമാണ്; ചോദ്യങ്ങളില്ലാത്തവരുടെ, ആശയങ്ങളെയോ വ്യക്തികളേയോ ആരാധിക്കാൻ മാത്രമാറിയാവുന്നവരുടെ ലോകം. അവിടെ കലാപത്തിൻറെ സാധ്യത ഒരു ചൂണ്ടുവിരൽ ദൂരത്തിലാണ്. ഭയത്തിന്റെ  കൊണ്ട് രാഷ്ട്രത്തെ പൊതിഞ്ഞു കളയുന്നു. ഓരോ മനുഷ്യന്റെയും കൂടെ ഭയം നിഴല് പോലെ സഞ്ചരിക്കുന്നു.

ഫാസിസത്തിന് കീഴിൽ പൌരന്റെ ജീവിതം

മരിയാവർഗാസ്‌യോസയുടെ ‘ആടിൻറെ വിരുന്ന്’ എന്ന നോവലിൽ കരുത്തനായ ഒരു എകാധിപതിയുണ്ട്, ജനറൽ ട്രൂഹിയോ. ഡന്മാര്ക്കിന്റെ ഭരണം അയാളുടെ സ്വകാര്യമായ ഇച്ഛകളാണ്. രാജ്യസ്നേഹം എന്നാൽ അയാളെ സ്നേഹിക്കുക എന്നതായിരുന്നു. അയാളുടെ ആഗ്രഹങ്ങൾ നടത്തിക്കൊടുക്കാനുള്ള മത്സരമാണ് പൊതുഭരണം. അയാളുടെ ഭരണസമിതിയിലെ അംഗങ്ങൾ അയാളുടെ ആരാധകർ മാത്രമാണ്. മന്ത്രിസഭയിലെ രണ്ടാമനോട് അയാൾ അകാരണമായി അതൃപ്തനാവുന്നു. തന്റെ ആരാധ്യപുരുഷന്റെ അതൃപ്തിയിൽ നിന്ന് രക്ഷപ്പെടാൻ അയാള് കണ്ട മാർഗം സ്വന്തം മകളെ ട്രൂഹിയോവിന് സമർപ്പിക്കുകയായിരുന്നു. പ്രോസ്റ്റെറ്റ്കാൻസർ കാരണം ട്രൂഹിയോ പലപ്പോഴും ലൈംഗികമായി ദുര്ബലനായിരുന്നു. അയാൾക്ക് ആ കൊച്ചു പെണ്കു ട്ടിയെ പ്രാപിക്കാനായില്ല. എങ്കിലും അയാൾ അവളുടെ ചെറിപ്പഴം വിരലുകൾ കൊണ്ട് ഉടച്ചുകളഞ്ഞു. ലൈംഗികമായ ഈ ദുരനുഭവം ഒരു പ്രവാസത്തിലേക്കാണ് അവളെ നയിച്ചത്. ഡെന്മാർക്കിന് വെളിയിൽ ഉപരിപഠനം നടത്തിയ അവൾ ട്രൂഹിയോയുഗം അവസാനിക്കുന്നതു വരെ സ്വന്തം നാട്ടില കാലുകുത്തിയില്ല. ഫാസിസം നാമ്മുടെ വിലപ്പെട്ടതൊക്കെ കവർന്നെടുത്ത് നമ്മെ രാജ്യഭ്രഷ്ടനാകാൻ നിർബന്ധിക്കുന്നു. നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകൂ, നിങ്ങൾ റോമിലേക്ക് പോകൂ എന്ന് ഇന്ത്യൻ ഫാസിസ്റ്റുകൾ ന്യൂനപക്ഷങ്ങളോട് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്. തങ്ങളുടെതല്ലാത്ത ഒന്നിനേയും അവർക്ക് സഹിഷ്ണുതയോടെ നേരിടാനാവില്ല. തങ്ങളുടെതല്ലാത്ത ഒന്നും അവർക്ക് വിലയുള്ളതല്ല. അയ്യായിരം വർഷത്തെ ജീർണതയെ അവർ നിരന്തരം പാടിപ്പുകഴ്ത്തും. എക്കാലത്തെയും മികച്ച ഇന്ത്യൻ ചിത്രകാരന്മാരിൽ ഒരാളായ എം എഫ് ഹുസൈൻ അവർക്ക് ഇന്ത്യയിൽ ജീവിക്കാൻ കൊള്ളാത്ത ഒരാളായത് അങ്ങനെയാണ്.

സർഗാത്മകതയുടെ ചെറിപ്പഴങ്ങൾ പൂങ്കുലയിൽ തന്നെ തല്ലിക്കൊഴിയ്ക്കുന്ന ഫാസിസ്റ്റ് ഭീകരതയെ ഭയന്നാവാണം  മോഡി പ്രധാനമന്ത്രിയാകുന്ന ഇന്ത്യയിൽ ജീവിക്കുകയില്ലെന്ന് യു ആർ അനന്തമൂർത്തി പറഞ്ഞത്. ഫാസിസം ഭയപ്പെടേണ്ട ഒന്നാണ്. പട്ടത്തുവിളയുടെ ഒരു കഥാപാത്രം രാഷ്ട്രീയ പ്രവർത്തകനായ തൻറെ അനിയനെയും സുഹൃത്തുക്കളെയും കുറിച്ചു  പറയുന്നുണ്ട്. ‘അവർ ബുദ്ധിയുള്ള കുട്ടികളാണ് .അതുകൊണ്ടാണ് അവർ ഭയപ്പെടുന്നത്. ഈ ഭയമാണ് അവരെ ചെറുത്തുനിൽപ്പിനു പ്രേരിപ്പിക്കുന്നത്’

ജനാധിപത്യത്തിൽ എനിക്കും നിങ്ങൾക്കും ഇടമുണ്ട്. ഫാസിസത്തിൽ ഞാൻ / ഞങ്ങൾ മാത്രമേയുള്ളൂ. മറ്റാർക്കും അവിടെ ഇടമില്ല. ജീവിക്കുമ്പോൾ ആരെയെങ്കിലും അനാവശ്യമായി ഭയപ്പെടാനും നിർബാധം അനുസരിക്കാൻ നാം ബാധ്യസ്ഥരല്ല. അത് മനുഷ്യത്വത്തിന് എതിരാണ്. ഫാസിസം നമ്മുടെ ഇഷ്ടഭോജ്യമാല്ലാത്തത് അത് കൊണ്ടാണ്. യജമാനനെ ചുമക്കുമ്പോൾ അഭിമാനം തോന്നുന്നവരുണ്ടാകാം. എന്നാൽ നാം യജമാനനെ ചുമക്കുന്ന കഴുതകളല്ല.

Share.

About Author

136q, 0.901s