Leaderboard Ad

ഫാസിസത്തിനെതിരേ വിശാല ഐക്യം രൂപപ്പെടണം: ഡോ പി കെ പോക്കർ

0

മാർക്സിസ്റ്റ്‌ ബുദ്ധിജീവികൾക്കിടയിൽ സ്വത്വരാഷ്ട്രീയ ചർച്ചയ്ക്ക് തുടക്കമിട്ട പ്രമുഖരിൽ ഒരാളാണ് ഡോ. പി കെ പോക്കർ. ആഗോളവല്‍ക്കരണ കാലത്ത് സ്വത്വം ഭിന്ന രീതിയിൽ ഉയര്‍ന്നു വന്നത് പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക മാത്രമാണ് താൻ ചെയ്തെന്നു അദ്ദേഹം സമർഥിക്കുന്നു. സര്‍ഗ്ഗാത്മകത , സാഹിത്യം, സ്വത്വരാഷ്ട്രീയം, ഫാസിസം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഡോ. പി. കെ പോക്കറുമായി അനിൽ പള്ളൂർ നടത്തിയ സംഭാഷണത്തിൽ നിന്ന്.

ഡോ. പി കെ പോക്കർ:

കാലിക്കറ്റ് സർ‌വകലാശാലയിലെ തത്വചിന്താവിഭാഗം തലവനായിരുന്ന ഡോ. പി.കെ. പോക്കർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായി പ്രവർത്തിച്ചിട്ടുണ്ട്. സ്വത്വരാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം എഴുതിയ പുസ്തകത്തിനു 2008-ലെ നല്ല വൈജ്ഞാനിക സാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. ആധുനികോത്തരതയുടെ കേരളീയ പരിസരം എന്ന പുസ്തകം മികച്ച മലയാള സാഹിത്യ വിമർശനത്തിനുള്ള തായാട്ട് അവാർഡിനു അർഹമായി.
പി കെ പോക്കർ, അനിൽ പള്ളൂർ

പി കെ പോക്കർ, അനിൽ പള്ളൂർ

 1. ആഗോളവത്കരണ കാലത്തെ സര്‍ഗ്ഗാത്മകതയെ കുറിച്ച്?
  ആഗോളവത്കരണം  മുതലാളിത്തത്തിന്റെ വളരെ ഉയർന്ന  ഘട്ടമാണ്. സ്വാഭാവികമായും, എല്ലാം കമ്പോളത്തിലെ ഉത്പന്നങ്ങൾ ആയിമാറും. കലയ്ക്കും, സാഹിത്യത്തിനും ഇതിനെ മറികടക്കാൻ എളുപ്പമല്ല. സാങ്കേതിക വികാസം പങ്കാളിത്തത്തിന്റെ സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. അതെ സമയം, അറിഞ്ഞും അറിയാതെയും ലാഭ യുക്തിയുടെ ഇരകളായി നാം മാറുന്നു. ദേശീയമായ അതിർവരമ്പുകൾ മായുന്നത് സര്‍ഗാത്മക ആവിഷ്കാരങ്ങള്‍ക്കും ബാധകമാണ്. കലാ സാഹിത്യത്തിന്റെ പരമ്പരാഗത വഴികളും ധർമവും  മാറിയിട്ടുണ്ട്.
 2. ആഗോളവത്കരണത്തെ കേരളം സ്വീകരിച്ചതെങ്ങിനെ ?
  കേരളത്തില്‍ ഇക്കാര്യങ്ങൾ ആദ്യമേ ശ്രദ്ധയിൽപ്പെടുത്താൻ  ഞാൻ ശ്രമിച്ചിട്ടുണ്ട്. ഉത്പാദന ഉപകരങ്ങളുടെ വികാസം ഉണ്ടാക്കുന്ന മാറ്റങ്ങളും ആധുനികതയുടെ ചില ധാരണകൾ തിരുത്തപെടുന്നതും 1995-96 കാലത്ത് ഞാൻ എഴുതിയിട്ടുണ്ട്. ചിലര്‍ അതെല്ലാം പരിഹസിച്ചു, ചിലർ  അവഗണിച്ചു. എന്തായാലും, കാര്യങ്ങൾ മാറിവന്നത്എല്ലാവരും ഇപ്പോൾ കാണുന്നു. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചില കാര്യങ്ങൾ സംഭവിക്കും. ചരിത്രത്തില്‍ അനിവാര്യതയും യാദൃശ്ചികതയും ഉണ്ട്. കൃത്യമായ വൈരുദ്ധ്യാത്മക സമീപനം വികസിപ്പിക്കാതെ ഇതൊന്നും മനസ്സിലാവില്ല.
 3.  മാഷിന്‍റെ സ്വത്വരാഷ്ട്രീയത്തെ പറ്റിയുള്ള പുസ്തകത്തിനു  നല്ല വൈജ്ഞാനിക സാഹിത്യ കൃതിക്കുള്ള കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയതാണല്ലോ. സ്വത്വരാഷ്ട്രീയത്തിന്റെ ചരിത്രവും വർത്തമാനവും അതിന്റെ പ്രയോഗരീതികളും വിശകലനം ചെയ്തു കൊണ്ട് ഇടതുപക്ഷവും സ്വത്വരാഷ്ട്രീയവും തമ്മിൽ ഏതു തരം ബന്ധമാണ് സാധ്യമാവുക ?
  എന്റെ പുസ്തകത്തില്‍ ഞാൻ ഇടതുപക്ഷ സമീപനമാണ് സ്വീകരിച്ചത്. ആഗോളവല്‍ക്കരണ കാലത്ത് സ്വത്വം ഭിന്ന രീതിയിൽ ഉയര്‍ന്നു വന്നത് കാണിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ആദിവാസി, ദളിത്‌ സ്ത്രീ, ന്യൂനപക്ഷ സ്വതങ്ങളെ സംബോധന ചെയ്യണമെന്നാണ്  ഞാൻ പറഞ്ഞത്. ഇക്കാര്യം ഇടതുപക്ഷവും അംഗീകരിക്കുന്നുണ്ട് . അതിന്റെസൈദ്ധാന്തിക വിശകലനമാണ് ഞാൻ നടത്തിയത്.. ജാനുവിന്റെയും പൊക്കുടന്റെയും പേരുള്ളതാണ്‌ ചിലർ വിമര്‍ശിച്ചത് . മത മൗലിക വാദത്തെ വിമർശിക്കുന്ന  ഒരു ലേഖനം അതിലുണ്ട്.Identity Politics
 4.  “ലിംഗനീതിയുടെയോ , ന്യൂനപക്ഷ ലൈംഗികതയുടെയോ പാരിസ്ഥിതിക വിവേകത്തിന്റെയോ പ്രശ്നങ്ങൾ കാര്യമായി ചർച്ച ചെയ്യപ്പെട്ടിരുന്നില്ല .മുഖ്യധാരാ ഇടതുപക്ഷത്തുനിന്നും ഉയർന്നു വന്ന സ്വത്വവാദം ഒട്ടുമിക്കവാറും മതാത്മക സ്വത്വത്തിന്നു വേണ്ടി മാത്രമുള്ളതായിരുന്നു .സ്വത്വബോധത്തിന്റെ ചരിത്രപരതയോ , സ്വത്വപദവികളിലെ ആന്തരവൈരുധ്യങ്ങളൊ അതിൽ കാര്യമായി അഭി സംബോധന ചെയ്യപ്പെട്ടില്ല.” ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ശ്രീ. സുനില്‍ പി ഇളയിടത്തെ പോലുള്ള ആളുകള്‍ പല വേദികളിലും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതില്‍ താങ്കളുടെ പ്രതികരണം എന്താണ് ?
  സുനിലിന്റെ അഭിപ്രായങ്ങള്‍ സത്യസന്ധമല്ല മാതൃഭൂമിയിൽ പാർട്ടി വിമര്‍ശനം , ദേശാഭിമാനിയിൽ വർഗ രാഷ്ട്രീയം, പ്രബോധനത്തിൽ മുസ്ലിം സംരക്ഷണം, ഇതാണ് സുനിലിന്റെ രീതി. സുനില്‍ എഴുതി തുടങ്ങുന്നതിനു മുമ്പ് തന്നെ കേരളത്തില്‍ ഇക്കാര്യങ്ങളെല്ലാം പലരും പറഞ്ഞു കഴിഞ്ഞതാണ്. 1996 ഇൽ ആധുനികോത്തരതയും മാര്‍ക്സിസത്തെയും ബന്ധപ്പെടുത്തി കോഴിക്കോട്സര്‍വ്വ കലാശാലയില്‍ സെമിനാറുകൾ തന്നെ ഞങ്ങൾ നടത്തിയിട്ടുണ്ട്. എന്റെ ആധുനികോത്തരത യുടെ കേരളീയ പരിസരം 1996 ലാണ് വന്നത്. സാറ ടീച്ചറും സച്ചിദാനന്ദനും ബി രാജീവനുമെല്ലം ഇക്കാര്യങ്ങൾ അക്കാലത്തു പറഞ്ഞിട്ടുണ്ട്. സൂസി താരുവിനെപ്പോലുള്ള പലരെയും കേരളത്തിന്‌ പരിചയ മാകുന്നത് അക്കാലത്താണ്. അരുന്ധതിയുടെ നോവലിനെ മുന്‍നിര്‍ത്തി മലയാളം വാരികയിൽ അന്ന് തന്നെ ഞാൻ ലേഖനം എഴുതിയിട്ടുണ്ടായിരുന്നു. യോജിച്ചും വിയോജിച്ചും. എന്റെ പുസ്തകം ഇ .എം.എസ് ദേശാഭിമാനിയില്‍ നിരൂപണം ചെയ്തിട്ടുണ്ട്. ഭാഷ ലളിതമാകണമെന്ന നിർദ്ദേശത്തോടെയാണ്‌ അതവസാനിപ്പിച്ചത്. മാത്രമല്ല അതിനു തായാട്ട് അവാര്‍ഡും ലഭിച്ചു. ഞാൻ ഉച്ചരിക്കുന്ന ഓരോ വാക്കിനും എനിക്ക് ഉത്തരവാദി ത്വമുണ്ട്. കയ്യടിക്കുവേണ്ടി എഴുതാറോ പറയാറോ ഇല്ല. സത്യസന്ധമായ വിമർശനങ്ങൾ ഗൗരവമായി കാണും. അജണ്ട മുന്‍നിര്‍ത്തി നടത്തുന്നവ പരിഗണിക്കാറില്ല, `തെറ്റുകള്‍ തിരുത്താൻ മടിയില്ല. വേദിക്ക് അനുസരിച്ച് വാക്കുകള്‍ മാറ്റാറില്ല.
 5. ഇപ്പോള്‍ രാജ്യത്ത് കോര്‍പ്പറേറ്റുകളുടെ ചിറകിലേറി ഒരു ഫാസിസ്റ്റ് ഭരണകൂടം നിലവില്‍ വന്നിരിക്കുന്നു. ഇന്ത്യയിലെ ജാതി സ്വത്വങ്ങള്‍ക്കെതിരെയുള്ള പോരാട്ടം രാഷ്ട്രീയപരമായി ഇടതുപക്ഷത്തിന് ഗുണം ചെയ്യുന്നതെങ്ങിനെ?
  ഇ എം എസ്

  ഇ എം എസ്

  സംഘപരിവാർ  വിഭാവനം ചെയ്യുന്നത് മുതലാളിത്തം + കാവി രാഷ്ട്രീയമാണ്. ഒരുതരം “Fapitalism ” ആണത്. അതിന്റെ അപകടം വളരെ വൈകിയാണ് പലരും തിരിച്ചറിയാൻ തുടങ്ങുന്നത്. സംവരണ പ്രത്യയ ശാസ്ത്രമാണ് അതിന്റെ അടിത്തറ. ഇന്ത്യൻ ഭരണകൂടം ഇപ്പോഴും അവലംബിച്ചത്‌ സംവരണ പ്രത്യയ ശാസ്ത്രമാണ്. ബ്രിട്ടീഷ്‌ ഇന്ത്യയില്‍ പോലും! അതുകൊണ്ട്, അധികാരം രാജ്യത്തെ തിരിച്ചു കൊണ്ടുപോകാൻ വഴിവെച്ചേക്കും. ജാതി ശ്രേണിയെപ്രബലമാക്കി നിര്‍ത്തി ഇന്ത്യയെ കൂടുതല്‍ പഴഞ്ചനും അസ്വതന്ത്രവും ആക്കും. ജാതി മേധാവിത്വം ഒരു യാഥാര്‍ത്ഥ്യമായതുകൊണ്ടാണ്‌ ഇന്ത്യയിൽ ജാതി പാർടികൾ ഉണ്ടായതു. ജാതി വിവേചനം നിലനിർത്തി  ക്കൊണ്ട് വർഗീയ ധ്രുവീകരണം ഉണ്ടാക്കി ഭരണം പിടിക്കുകയാണ് സംഘപരിവാർ  ലക്ഷ്യമിട്ടത്. ഇടതുപക്ഷം എല്ലാ അടിച്ചമർത്തപ്പെടുന്നവർക്കും  വേണ്ടിയാണ് സംസാരിക്കേണ്ടത്. മൂര്‍ത്തയാഥാര്‍ത്ഥ്യത്തെയാണ് കാണേണ്ടത്. ഇന്ന് ഇടതുപക്ഷത്തിന്റെ ഇടപെടലിന് പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ് . അനന്തമൂര്‍ത്തിയുടെ പാകിസ്ഥാനിലേക്കുള്ള ടിക്കറ്റ്‌ നിസ്സാരമായി കാണേണ്ടതില്ല. ഇന്ത്യൻ ഭരണം “ഭയം” ഏറ്റെടുത്തു തുടങ്ങുകയാണ്.

 6. ജാതിയും മതവുമൊക്കെ മുതലാളിത്ത ഉല്‍പ്പന്നമാണെന്നത് അംഗീകരിക്കുന്നു. മുതലാളിത്ത വ്യവസ്ഥിതി തകരുമ്പോള്‍ ഈ സ്വത്വങ്ങള്‍ ഇല്ലാതാവും. എന്നാല്‍ ഇടതുപക്ഷവും വര്‍ഗീയ ഫാസിസ്റ്റ് ചേരിയിലെ ചില പക്ഷങ്ങളും ജാതി വ്യവസ്ഥക്കെതിരെ ഒരേ പോലെ ശബ്‌ദം    ഉയർത്തുന്നത്  ഹിന്ദൂ ഏകീകരണത്തിലേക്ക് വഴിവെക്കില്ലേ? ജാതി സ്വത്വം ഇല്ലാതായി അതിലേറെ ഭീകരമായ മത സ്വത്വം രൂപപ്പെടുകയല്ലേ ചെയ്യുക?നോര്‍ത്ത് ഇന്ത്യയിലെ ജാതിപ്പാര്‍ട്ടികളുമായി ഈ ചോദ്യത്തെ താരതമ്യം ചെയ്യാമല്ലോ?സ്വത്വ  രാഷ്ട്രീയത്തെയും വർഗ രാഷ്ട്രീയത്തെയും പൂര്‍ണ്ണമായി വേര്‍തിരിക്കാന്‍ പറ്റില്ല. സാമ്രാജ്യത്വ വിരുദ്ധസമരങ്ങള്‍ക്ക് പല മുഖങ്ങള്‍ ഉണ്ടാവാം . ഇറാഖ്‌ അധിനിവേശതിനെതിരായി അവിടെ ജനങ്ങൾ  സംഘടിക്കുന്നു. ബാല ഗംഗധാര തിലകൻ ഗീതയുമായാണ്‌ ബ്രിട്ടീഷ്‌ വിരുദ്ധ സമരം ചെയ്തത്. വെനിസ്വലയിലെ ജനങ്ങൾ കുരിശു വരച്ചുകൊണ്ടാണ് മുദ്രാവാക്യം വിളിച്ചത്. കാസ്ത്രോ അഹമെദ് നെജദിനോട്  ഐക്യപ്പെട്ടത്‌ സാമ്രാജ്യത്വ വിരുദ്ധ വികാരത്തിലാണ്. വർഗ പരികല്പന ഉരുവിടാനുള്ളതല്ല . വിശകലനത്തിനുള്ളതാണ്‌. ഇറാഖിലും അഫ്ഘാനിലും സാമ്രാജ്യത്വം നിലയുറപ്പിച്ചതാണ് ഇടതുപക്ഷത്തെ വേവലാതിപ്പെടുത്തേണ്ടത്‌. അല്ലാതെ പ്രക്ഷോഭകാരികളുടെ മതമല്ല. വെള്ള പട്ടണങ്ങള്‍ കീഴടക്കിയ ജനങ്ങൾ, ഭൂപ്രദേശങ്ങൾ, ഇതൊന്നും നമ്മെ വേവലാതി പ്പെടുത്താത്തതെന്തേ? സാമ്രാജ്യത്വം ശാശ്വതമായി അവിടങ്ങളിൽ ഭരിക്കണമേന്നാണോ. അവരുടെ സ്വതത്തെ കുറിച്ച് ആരാണ് നമുക്ക് വിവരങ്ങൾ നൽകുന്നത്? മുഖ്യ വൈരുധ്യം കാണാൻ കഴിയാതെ ഇടതു പക്ഷമായിരിക്കാൻ കഴിയില്ല.
 7. ഈ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പ് വെച്ച്പരിശോധിച്ചാൽ  ബി .എസ്.പി , എസ്.പി പോലുള്ള സ്വത്വരാഷ്ട്രീയ സംഘടനകള്‍ക്ക് മേല്‍ വര്‍ഗീയ രാഷ്ട്രീയം അധീശത്വം സ്ഥാപിക്കുകയും മതേതരത്വത്തിന് ഭീഷണിയായി മാറുകയും ചെയ്യുന്നു. അന്താരാഷ്‌ട്ര തലത്തില്‍ നോക്കുമ്പോള്‍ ഇറാഖിലും സിറിയയിലും ഇസ്ലാമിസ്റ്റ് സ്വത്വ രാഷ്ട്രീയം തലപര്യങ്ങള്‍ക്ക് അനുസരിച്ച് സാമ്രാജ്യത്വ ശക്തികള്‍ക്ക് സഹായകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. സ്വത്വപരമായ എല്ലാ ഭിന്നതകള്‍ക്കും ഉപരിയായി വര്‍ഗതാല്‍പര്യങ്ങളില്‍ അധിഷ്ഠിതമായ മതേതര രാഷ്ട്രീയത്തിന്‍റെ അനിവാര്യതയല്ലേ ആവശ്യപ്പെടുന്നത്?സ്വതന്ത്ര ഇന്ത്യയിൽ 67 വർഷം  കഴിഞ്ഞിട്ടും ആധുനിക തൊഴിലാളിവര്‍ഗ്ഗം രൂപപ്പെട്ടിട്ടില്ല. ഇതിന്റെ അടിസ്ഥാന കാരണം ജാതി വ്യവസ്ഥയാണ്‌. വെറും രണ്ടു ദശകങ്ങൾക്കു ഉള്ളിലാണ്‌ ചെറിയ  മാറ്റം ഉണ്ടായതു. രണ്ടു കമ്മ്യൂണിസ്റ്റ്പാർട്ടികളും വിവിധ തീവ്രവാദ  പാർട്ടികളും ശ്രമിച്ചിട്ടും പറയത്തക്ക  ചലനങ്ങളൊന്നും ഉണ്ടാക്കാൻ കഴിയാത്തത് അംബേദ്‌കർ പറഞ്ഞ ഇന്ത്യൻ യാഥാര്‍ത്ഥ്യം പരിഗണിക്കുന്നതുകൊണ്ടാണ്. സാക്ഷരരും, ആധുനിക ജോലികൾ  ചെയ്യുവാൻ കെൽപ്പുള്ളവരുമായി ഇന്ത്യൻ ജനത മാറിയാലേ ജനാധിപത്യം സാധ്യമാകൂ. 60% നിരക്ഷരരും ദളിതരും പിന്നോക്കക്കാരുമാണ്. ഇന്ത്യയിൽ എവിടെയാണ് ന്യൂന പക്ഷ പാർടികൾ ഉള്ളത്? ഗുജറാത്തിൽ  6 കോടിയിലധികം മുസ്ലിമുണ്ടെങ്കിലും  ഒരു മുസ്ലിം നാമധാരി പോലും MLA യിട്ടില്ല. കേരളത്തിലൊഴികെ എവിടെയെങ്കിലും മുസ്ലിമോ ക്രിസ്ത്യാനിയോ  രാഷ്ട്രീയ ശക്തിയാണോ? അവിടെയെല്ലാം സംഘപരിവാർ  ശക്തമാണ് താനും. ഇതെല്ലം പരിവാറിന്റെ പ്രചാരണമാണ്. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. കോണ്‍ഗ്രസ്സും ബി ജെ പിയുമല്ലാത്ത ഒരു ഭരണം, ദളിത്‌ , പിന്നോക്ക (മായാവതി, മുലായം) മാത്രമല്ലേ ഉണ്ടായതു. ഹരിയാനയിലോ രാജസ്ഥാനിലോ ന്യൂനപക്ഷ പാർട്ടികളോ  ഇടതു പക്ഷമോ പ്രീണനമോ  ഉണ്ടോ? കെട്ടുകഥകൾ കൊണ്ട് അധികാരവും സമ്മതവും ഉത്പാദിപ്പിക്കാന്‍  സാമ്രാജ്യത്തിനു മാത്രമല്ല സംഘപരിവാർ  ഫാസിസത്തിനും  കഴിയും. ജർമ്മനി യുടെയുംഇറ്റലിയുടേയും  ചരിത്രം കൂടി നാം പഠിക്കുന്നത് നന്നാവും.
 8. സംഘപരിവാര്‍ ഇന്ത്യയില്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ അവയെ പ്രതിരോധിക്കാന്‍ ന്യൂനപക്ഷ വര്‍ഗീയ സംഘടനകളോടും മറ്റു സ്വത്വ രാഷ്ട്രീയ സംഘടനകളോടും ഇടതുപക്ഷം മൃദുസമീപനം സ്വീകരിക്കുകയോ ഐക്യപ്പെടുകയോ ചെയ്യുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം അല്ലെ ചെയ്യുക.?ഇന്ത്യൻ സാഹചര്യം ഭീതിദമാണ്‌. ഇടതുപക്ഷം ആദ്യം യാഥാര്‍ത്ഥ്യം പ്രകടിപ്പിക്കണം. ഉള്ള ശക്തി തിരിച്ചറിയുന്നതോടൊപ്പം പരിമിതിയും കാണണം. ഒറ്റയ്ക്ക് ഇന്ന് ഫാസിസത്തെ ചെറുക്കാനൊ  സാമ്രാജ്യത്വത്തെ ചെറുക്കാനൊ സാധ്യമല്ല. വിശാലമായ ഐക്യമാണ് ഉണ്ടാക്കേണ്ടത്. ദിമിത്രോവിന്റെ അതെ മുന്നണി പോലുമല്ല. അതിനെക്കാളുപരി പുതിയ സാഹചര്യം കണക്കിലെടുത്ത്. തീർച്ചയായും ജീവിതം ദുസ്സഹമാവും. വിലക്കയറ്റവും പ്രാന്തവൽക്കരണവും  ഉണ്ടാവും. ഇതിനെല്ലാറ്റിനുപരി സാംസ്കാരികമായ ആധിപത്യം ഉണ്ടാക്കും. എല്ലാ ഇരകളും ഒന്നിക്കേണ്ടി വരും. ഒരുപക്ഷെ ഈ ചീത്ത കാലത്തിന്റെ തുടക്കം നല്ല കാലത്തിലേക്കുള്ള കാല്‍വെപ്പിനും സഹായമായേക്കും.
 9. 1922ലാണ് മുസോളനിയുടെ നേതൃത്വത്തില്‍ ഫാസിസ്റ്റുകള്‍ അധികാരം പിടിച്ചെടുക്കുന്നത്. ഫാഷിസം ഏറ്റവും അധികം ഭയപ്പെട്ടത് കമ്യൂണിസത്തെയും ഗ്രാംഷിയുടെ തലച്ചോറിനെയും ആയിരുന്നു. 2014 ൽ ഇന്ത്യയിലും സമാന സാഹചര്യമാണുള്ളത്. വലതു ചേരിയില്‍ ജനദ്രോഹ നയങ്ങളുമായി കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന സഖ്യവും , ജനദ്രോഹത്തോടൊപ്പം ഫാസിസ്റ്റ് നയങ്ങളുമായി ബിജെപി നേതൃത്വം നല്‍കുന്ന സഖ്യവും. ഇതിനെയെല്ലാം ഒറ്റയ്ക്ക് ചെറുത്തു തോല്‍പ്പിക്കാന്‍ ഏതെല്ലാം രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ്നിലവിലെ ഇടതുപക്ഷത്തില്‍ നിന്നും താങ്കള്‍ പ്രതീക്ഷിക്കുന്നത്?മുസോളിനിയുടെ കാലമല്ല ഇന്ന്. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇന്ത്യയിൽ വലിയ ശക്തിയുമല്ല . കേരളത്തെ അവർ നേരത്തെ ലക്ഷ്യമിട്ടതാണ്. കണ്ണൂരിലാണ് പാർട്ടിയുടെ പിറവി, അവിടെ അവർ നിരന്തരം വേട്ടയാടികൊണ്ടിരിക്കുന്നു. ഇന്ത്യയിൽ അവർ സംസ്ഥാനങ്ങൾ വേർതിരിച്ചുള്ള  അജണ്ട നടപ്പാക്കും. കോർപ്പറേറ്റ് സഹായം അവർക്കുണ്ടാവും. വലിയ സാംസ്കാരിക കൂട്ടായ്മകൾ ഉണ്ടാവണം. അനന്തമൂർത്തിയെ  എന്തുകൊണ്ട് ബുദ്ധിജീവികൾ പിന്തുണച്ചില്ല. ഗ്രാംഷിക്കുപോലും ആദ്യ ഘട്ടം ഫാസിസത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ല. തെരഞ്ഞെടുക്കപ്പെട്ടപ്രതിനിധിയായത്‌ കൊണ്ട് അറസ്റ്റ് ഉണ്ടാവില്ലെന്ന് തെറ്റിദ്ധരിച്ചു. ജയിലിനകത്താണ്‌ ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ അടിവേരുകള്‍ അന്വേഷിച്ചത്.
  ======================
 10. “എല്ലാം മാറും,
  നിങ്ങളുടെ അവസാന ശ്വാസത്തിലും
  പുതുതായിഎല്ലാം നിങ്ങൾക്ക്  തുടങ്ങാം,
  സംഭവിച്ചത് സംഭവിച്ചു കഴിഞ്ഞു.
  നിങ്ങൾ വീഞ്ഞിലേക്ക് ഒഴിച്ചുപോയ വെള്ളം
  ഇനി തിരിച്ചെടുക്കാനാവില്ല.
  സംഭവിച്ചത് സംഭവിച്ചു,
  നിങ്ങൾ വീഞ്ഞിലേക്ക് ഒഴിച്ചുപോയ വെള്ളം
  ഇനി തിരിചെടുക്കനാവില്ല,
  നിങ്ങളുടെ അവസാന ശ്വാസത്തിലും
  പുതുതായി എല്ലാം നിങ്ങൾക്ക് തുടങ്ങാം.”

  -: Bertolt Brecht , Everything Changes

Share.

About Author

152q, 0.832s