Leaderboard Ad

ഫുട്ബാള്‍ ചന്ത

0

ആവേശം അടക്കിപ്പിടിച്ച 90 മിനിറ്റ്, മൈതാനത്ത് ആക്രമണവും പ്രതിരോധവും ചെറുത്തുനില്‍പ്പുമായി 22 പേര്‍, ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്ന സമ്മര്‍ദം, കൂട്ടികിഴിക്കലുകള്‍ക്കൊടുവില്‍ റഫറി അവസാന വിസില്‍ മുഴക്കുന്നു… ജയിച്ചവരുടെ ആഘോഷം , തോറ്റവരുടെ നിരാശ , സമനില പിടിച്ചവരുടെ മോഹഭംഗം…ആരാധകര്‍ക്ക്  പക്ഷെ ഇതിലപ്പുറം പലതുമാണ് ഫുട്ബാള്‍. യൂറോപ്പിലും, വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലും ഫുട്ബാള്‍ എന്നാല്‍ 90 മിനുട്ടില്‍ ഒതുങ്ങുന്ന ഒരു കളിയല്ല. എല്ലാ പ്രാദേശിക ക്ലബ്ബുകള്‍ക്കും ആരാധകരുണ്ട്. സ്വന്തം ടീം തോല്‍ക്കും എന്ന് ഉറപ്പുണ്ടായാലും  അവര്‍ ഗാലറിയില്‍ ഇരുന്നു പ്രോത്സാഹിപ്പിച്ചു  കൊണ്ടിരിക്കും. അവര്‍ക്ക് ഫുട്ബാള്‍ ജീവിതമാണ്. ഒരുപക്ഷെ വമ്പന്‍ ഫുട്ബാള്‍ ടീമുകളുടെ പേര് മാത്രം കേട്ട് അവയില്‍ ഒന്നിന്റെ ആരാധകനായി മാത്രം  പരിചയിച്ച കേരളം പോലെയുള്ള നാട്ടിലെ ഫുട്ബാള്‍ പ്രേമികള്‍ക്ക് ആ ആവേശത്തിന്റെ തോത് അളക്കാന്‍  പ്രയാസമായിരിക്കും.

ഇതൊക്കെയാണ് എങ്കിലും ഫുട്ബാള്‍ പണക്കൊഴുപ്പിന്റെ കളിയാണ്. താരങ്ങളെ പണം എറിഞ്ഞു വീഴ്ത്തി മേനി നടിക്കുന്ന വമ്പന്‍ ക്ലബ്ബുകള്‍ യൂറോപ്പില്‍ വളരെയധികമാണ്. ഇംഗ്ലീഷ് സ്പാനിഷ്‌ ക്ലബ്ബുകളാണ് ഈ വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.  ലോക  ഫുട്ബാളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ക്ലബ്ബ് കളികള്‍ നടക്കുന്നത് സ്പെയിന്‍, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലാണ്. ഒരു പക്ഷെ ലോകം മുഴുവന്‍ ആരാധകര്‍ ഉള്ള ക്ലബ്ബുകള്‍ ഈ രണ്ടു രാജ്യങ്ങളില്‍ തന്നെയാണ് കൂടുതലുള്ളത്. ഈ രണ്ടു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില കായിക ക്ലബ്ബുകള്‍ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യവും അവകാശപ്പെടാനുണ്ട്. ഇതൊക്കെയാണ് എങ്കില്‍ കൂടി, ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിലപിടിപ്പുള്ള ഫുട്ബാള്‍ താരങ്ങള്‍ എന്നും സ്പെയിന്‍ എന്ന രാജ്യത്തിലെ ക്ലബ്ബുകള്‍ക്ക് അവകാശപ്പെടതാണ്. ഇതില്‍ പ്രധാനപ്പെട്ട രണ്ടു ക്ലബ്ബുകള്‍ റയല്‍ മാഡ്രിഡ്, ബാര്‍സലോണ എന്നിവയാണ്. ലോകം മുഴുവന്‍ ആരാധകരുള്ള  ലയണല്‍ മെസ്സി,  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നീ പ്രമുഖ താരങ്ങള്‍ കളിക്കുന്നത് ഈ രണ്ടു ക്ലബുകളില്‍ തന്നെ. വര്‍ഷത്തിലെ ആദ്യമാസമാണ് ഫുട്ബാള്‍ താരവിപണി യൂറോപ്പില്‍ സജീവമാകുന്നത്. ജനുവരി ഒന്നുമുതല്‍ ജനുവരി 31 വരെ വില്‍ക്കല്‍ വാങ്ങല്‍ ഇടപാട് നടത്താന്‍ ഫിഫ അനുവദിക്കുന്നുണ്ട്.    ഓരോ ജനുവരിയിലും വന്‍തുകകള്‍ക്കാണ് താരങ്ങളെ ഈ ക്ലബ്ബുകള്‍ വാങ്ങുകയും വിലക്കുകയും ചെയ്യുന്നത്. കൂടുതല്‍ ഫോമില്‍ ഉള്ള താരങ്ങള്‍ക്ക് കൂടുതല്‍ വില അത് കമ്പോള നിയമം മാത്രമാണ്.

പലപ്പോഴും വന്‍താരങ്ങള്‍ക്ക് നേരെ ഉയര്‍‌ന്നു കേള്‍ക്കുന്ന ഒരു വിമര്‍ശനം അവര്‍ക്ക് സ്വന്തം രാജ്യത്തിന്റെ കുപ്പായം അണിഞ്ഞു കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ ആത്മാര്‍ത്ഥത ഇല്ല എന്നുള്ളതാണ്. എന്നാല്‍ ഒരു കാര്യം ആലോചിക്കുമ്പോള്‍ ഈ ആരോപണത്തില്‍ വലിയ കഴമ്പു കാണില്ല. കാരണം, യൂറോപ്യന്‍ രാജ്യങ്ങളില്‍ മൊത്തം കളിക്കാരെ ചെറുപ്പം മുത്തല്‍ വികസിപ്പിച്ചു എടുക്കുന്നത് ഫുട്ബാൾ ക്ലബ്‌  അക്കാദമികളാണ്. ഓരോ ഫുട്ബോള്‍ കളിക്കാരനിലും വന്‍തുകയാണ് ഇവര്‍ മുടക്കുന്നത്. ഇങ്ങനെ വളര്‍ന്നുവന്ന താരങ്ങളാണ് പിന്നീട് ചില കരാറിന്റെ അടിസ്ഥാനത്തില്‍ സ്വന്തം രാജ്യത്തിന്റെ ജേര്‍സി അണിയുന്നത്. ഒരു ഉദാഹരണത്തിന് രണ്ടു രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന കളിയില്‍ ഒരു കളിക്കാരനു പരിക്ക് പറ്റിയാല്‍ അതിനു ചിലവാകുന്ന തുക ഫിഫ നല്കേണ്ടി വരും. അതുപോലെ തന്നെ രാജ്യങ്ങൾ തമ്മിൽ ഉള്ള കളികള്‍ വളരെ വിരളം ആയി മാത്രമാണ് നടക്കുക്ക. ലോകകപ്പ്, യൂറോ കപ്പ്‌ തുടങ്ങിയ കളികള്‍ക്ക് മുന്നോടിയായി ചിലപ്പോള്‍ ഓരോ മൂന്നോ നാലോ മാസത്തിലും ഒന്നോ രണ്ടോ കളികള്‍ നടക്കും. ഇവിടെയുള്ള പ്രധാന പ്രശ്നം ഈ കളിക്കാര്‍ എല്ലാം തന്നെ വ്യത്യസ്ത ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കുന്നു എന്നതാണ്. മാത്രമല്ല ഒരു രാജ്യത്തെ ടീം ആയി ഇണങ്ങി ചേരാന്‍  ഒരാഴ്ചത്തെ പരിശീലന സമയം മതിയാവുകയും ഇല്ല.

നിലവില്‍ യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി ക്ലബ്ബുകളെ പിടിച്ചു ഉലയ്ക്കുന്നുണ്ട്. ഇടത്തരം ക്ലബ്ബുകൾക്ക് തങ്ങളുടെ താരങ്ങള്‍ക്ക് ശമ്പളം നല്ക്കാന്‍ പോലും പണം ഇല്ലാതെ വലയുന്ന കാഴ്ചയാണ് കാണുന്നത്. ഈയിടെ പോർച്ചുഗലില്‍ ശമ്പളം കൊടുക്കാത്ത കാരണം ഫുട്ബാള്‍ കളിക്കാര്‍ കളിക്കളത്തില്‍ ഇറങ്ങാതെ പ്രതിഷേധിച്ചിരുന്നു. കളിക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പ്രമുഖ കളിക്കാരെ വില്‍ക്കേണ്ടിവന്ന കഥയും പത്രങ്ങള്‍ പറയുന്നുണ്ട്.

ഇതൊന്നും പക്ഷെ ക്ലബ്‌ ആരാധകരെ നിരാശാര്‍ ആക്കുന്നില്ല. കടുത്ത പ്രതിസന്ധികള്ക്കിടയിലും ഗാലറികള്‍ ഇപ്പോഴും നിറഞ്ഞു തന്നെ കിടക്കുന്നു. കാരണം ആരാധകര്‍ക്ക് ഫുട്ബാള്‍ ജീവിതമാണ് കച്ചവടമല്ല.

Share.

About Author

145q, 0.755s