Leaderboard Ad

ഫെബ്രുവരിയിലെ മഞ്ഞ്

0

   ണ്ടാം ക്ലാസ്സുകാരന്‍ തപ്പിത്തടഞ്ഞു പാഠ പുസ്തകം വായിക്കുന്നതുപോലെ പുറത്തു മഞ്ഞിന്‍റെ തൂവലുകള്‍ മടിയോടെ കൊഴിഞ്ഞുകൊണ്ടിരുന്നു. തെരുവുവിളക്കിന്‍റെ ഓറഞ്ച് നിറമുള്ള വെളിച്ചത്തില്‍ മഞ്ഞു കണങ്ങള്‍ക്ക് അരുതാത്ത ഒരുതരം വര്‍ണ്ണഭംഗി കലര്‍ന്നിരുന്നത് സാന്ദ്രഡേവിഡ്‌ ശ്രദ്ധിച്ചു . അതവളെ എന്തുകൊണ്ട് എന്നറിയാതെ നോവിക്കുന്നതുപോലെ തോന്നി. ഡ്യൂട്ടി ഹാന്‍ഡ്‌ ഓവറിനു ഇനിയും 37 മിനുട്ടുകള്‍ കൂടിയുണ്ട്. രാത്രി 10 മണിമുതലുള്ള ലോങ്ങ്‌ നൈറ്റ്‌ ആണ് സന്ദ്രക്കുവേണ്ടി അലോകെറ്റ് ചെയ്തിരുന്നത്. മഞ്ഞു പെയ്യുമെന്ന വെതെര്‍ ഫോര്‍കാസ്റ്റ് കണ്ടിരുന്നത്‌ കൊണ്ട് സാന്ദ്ര പതിവിലും നേരത്തെ ജോലിസ്ഥലത്തേക്ക് പോന്നിരുന്നു. പ്രതീക്ഷയില്‍ കൂടുതലെങ്ങാനും ഹിമപാതമുണ്ടായാല്‍ റോഡ്‌ ട്രാഫിക് പ്രശ്നങ്ങള്‍ വന്നുപെട്ടെക്കാമെന്ന് അവള്‍ ഊഹിച്ചു. ട്രാം സര്‍വ്വിസ്സും നിലച്ചുപോയേക്കാം. യു കെ യില്‍ എത്തിയിട്ട് കഷ്ടിച്ച് 14 മാസം മാത്രമേ ആയിട്ടുള്ളൂ എങ്കിലും ആദ്യ ശൈത്യകാലത്തിന്‍റെ ഗുണപാഠങ്ങള്‍ അവള്‍ക്കു വേണ്ടുവോളം വിവേകം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്‌ . കോഫി മെഷിനില്‍ നിന്ന് നമ്പര്‍ 14 ഡ്രിങ്ക് എടുത്തുകൊണ്ടു അവള്‍ മെസ്സ് റൂമിലെ സെന്‍ട്രല്‍ ഹീടിംഗ് യുണിട്ടിനു സമീപത്തേക്ക് കസേര വലിച്ചിട്ടു പുറത്തേക്കു നോക്കിയിരുന്നു. മഞ്ഞുവീഴ്ച്ചക്ക് ഒട്ടൊന്നു ആക്കം കൂടിയിട്ടുണ്ട്. ഫീനിക്സിന്‍റെ ഡ്രൈവ് വേയിലും ഡ്രൈവ് വേയുടെ ഇരുവശവും വച്ചുപിടിപ്പിച്ചു വെട്ടിയൊതുക്കി നിര്‍ത്തിയിരിക്കുന്ന ഫെന്‍സിംഗ് ചെടികള്‍ക്ക് മേലേയും അവക്കപ്പുറം വിശാലമായ പുല്‍ മൈതാനത്തുമൊക്കെ പൊടിമഞ്ഞു അതീവ ശ്രദ്ധയോടെ സമത്വത്തിന്‍റെ വെളുത്ത കുപ്പായം അണിയിക്കയാണെന്ന് സാന്ദ്ര സങ്കല്‍പ്പിച്ചു. എന്തൊരു വൈരുധ്യമാണ് തന്‍റെ സ്വന്തം കുട്ടിക്കാനം ഗ്രാമവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടത്തെ ഭൂപ്രകൃതിക്ക് ! നോട്ടം എത്താത്ത ദൂരത്തോളം തലയെടുത്ത് നില്‍ക്കുന്ന വലിപ്പ വൈവിധ്യമാര്‍ന്ന മരക്കൂട്ടങ്ങള്‍.. അവക്കിടയിലൂടെ ചൊടിപിടിപ്പിച്ചു പാഞ്ഞു നടക്കുന്ന കാറ്റിന്‍റെ കുസൃതി കൂട്ടുകാര്‍ . അകലെ തലയെടുത്ത് നിന്ന് ഗര്‍വ്വം കാട്ടുന്ന കിഴക്കന്‍ മലകളുടെ നിരകള്‍ . പറമ്പില്‍ മേയുന്ന പയ്യും കിടാവും. തൊടിയില്‍ ചിക്കി ചിനക്കി നടക്കുന്ന കോഴിയമ്മയും കുഞ്ഞുങ്ങളും. വേലിയില്‍ കോഴിക്കുഞ്ഞിനെ റാഞ്ചി കൊണ്ടുപോകാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചാരനിറമുള്ള ചതിയന്‍ പുള്ള്. പാവലും പടവലവും നിറഞ്ഞു കായ്ക്കുന്ന പന്തലുകള്‍ ….അങ്ങനെയെന്തെല്ലാം . ഇവിടെ ഭൂപ്രകൃതിക്കു സൌന്ദര്യമില്ല എന്നല്ല. ചെത്തി മിനുക്കി ഒരുക്കിയെടുത്ത കൃത്രിമ സൌന്ദര്യം ആണെന്ന് മാത്രം. ഇവിടത്തെ ജീവിതം പോലെ തന്നെ…. യു കെ യില്‍ എത്തിയത് മുതല്‍ ഫീനിക്സില്‍ ആണ് സാന്ദ്ര ജോലിനോക്കി പോന്നത്. നല്ല നിലയില്‍ നടത്തിപ്പോകുന്ന ഒരു കെയര്‍ ഹോം. ഏതാണ്ടൊരു ഫാമിലി റണ്‍ ബിസിനസ്‌ ആണത്. മൂന്ന് നിലകളിലായി തീര്‍ത്തിരിക്കുന്ന പഴയ മാതൃകയിലുള്ള പ്രൌഡ ഗംഭീരമായ ഒരു കെട്ടിടം. ഏഴ് ഏക്കറോളം വരുന്ന സ്ഥലത്ത് ഒറ്റയ്ക്ക് നില്‍ക്കുന്നതിന്‍റെ തലയെടുപ്പ് അതിനുണ്ട്. 24 അന്തേവാസികളാണ് അവിടെ ഉള്ളത്. ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോയവരാണ് എല്ലാപേരും. ചിലര്‍ക്ക് പ്രായാധിക്യം കൊണ്ട് ചലന ശേഷി ഭാഗികമായി നഷ്ട്ടപ്പെട്ടു പോയിരിക്കുന്നു. ചിലര്‍ക്ക് ഓര്‍മ്മ ശക്തി തീരെയില്ല. ഇനിയും ചിലര്‍ കടുത്ത മാനസിക സമ്മര്‍ദം നിമിത്തം എപ്പോഴും പൊട്ടിത്തെറിക്കുന്ന സ്വഭാവം പ്രകടിപ്പിക്കുന്നവര്‍ . ജീവിത സായാഹ്നത്തിന്‍റെ ദൈന്യ മുഖങ്ങള്‍ . കെയര്‍ സഹായിയായി പൂര്‍ണ്ണമായും അര്‍പ്പണ ബുദ്ധിയോടെ സാന്ദ്ര ഓരോരുരുത്തരെയും ശ്രദ്ധിക്കാറുണ്ട്. കുഞ്ഞു നാള്‍ മുതല്‍ അവളുടെ അമ്മയുടെ മാതാപിതാക്കള്‍ അവളുടെ വീട്ടില്‍ തന്നെ താമസിച്ചു പോന്നത് ഈ ജോലിയില്‍ അവള്‍ക്കൊരു വഴിവിളക്കായി ഉതകുന്നുണ്ട്. രണ്ട് ആങ്ങളമാരുടെ കുഞ്ഞു പെങ്ങള്‍ എന്ന പദവി ജീവിതം എളുപ്പമുള്ളതാക്കുവാന്‍ ഒട്ടും സഹായിച്ചില്ല. നേര്‍ മുകളിലുള്ള സഹോദരനെക്കാള്‍ 7 വയസ്സിനു ഇളയതാണ് സാന്ദ്ര. വൈകി വന്ന പെണ്‍ തരിക്കു അകാലത്തില്‍ മുളച്ചു പൊങ്ങിയ ഒരു പാഴ് ചെടിയുടെ പരിവേഷം ആരോപിച്ചു കൊടുത്തിരുന്നു. 9 വയസ്സില്‍ അമ്മ മരിച്ചു പതിനഞ്ചു വയസ്സ് വരെ അമ്മയുടെ അമ്മ കൂട്ടിനുണ്ടായിരുന്നു. 19 വയസ്സില്‍ അമ്മയുടെ പിതാവ് മരിച്ചതോടെ തന്‍റെ എല്ലാം എല്ലാം അപ്പന്‍ മാത്രമായി. നേരത്തെ തന്നെ കല്യാണം കഴിഞ്ഞു പുറം നാടുകളില്‍ ചേക്കേറിയ സഹോദരന്മാര്‍ ക്രമേണ വീട് മറന്നു. അപ്പനെ മറന്നു. തന്നെ മറന്നു. മുളച്ചു വളര്‍ന്ന മണ്ണും അതിന്‍റെ മണവും മറന്നു. അപ്പന് താനും തനിക്കു അപ്പനും. നഴ്സിംഗ് ഡിപ്ലോമ കഴിഞ്ഞപ്പോള്‍ ഇടവകയിലെ പുരോഹിതനും നല്ല കുറെ അയല്‍ക്കാരും അപ്പനും സ്നേഹപൂര്‍വ്വം ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ ഇങ്ങോട്ടേക്കു പോന്നത്. അപ്പന്‍ അവശേഷിച്ചിരുന്ന 11 സെന്‍റ് സ്ഥലവും വീടും വിറ്റ് തന്‍റെ യാത്രക്ക് പണമുണ്ടാക്കിയിട്ടു പള്ളിവക അഗതി മന്ദിരത്തിലേക്ക് താമസം മാറ്റുകയായിരുന്നു..പാവം തന്‍റെ തോല്‍വികളിലൂടെ മറ്റുള്ളവര്‍ക്ക് വിജയം കൊണ്ടുവന്നു കൊടുത്ത സ്നേഹ നിധിയായ അപ്പന്‍ ..

” സാന്‍ യു ലുക്ക് എ ബിറ്റ് മൂടി. യു ഓള്‍ റൈറ്റ് ?”ചിന്തകളില്‍ നിന്ന് സാന്ദ്ര ഞെട്ടിയുണര്‍ന്നു. സീനിയര്‍ ആയ അന്ന ടോമും ഫിസ്യോ സോളമന്‍ മുകബെയും മുറിയിലേക്ക് കടന്നു വന്നു. അന്ന ആണ് സംസാരിച്ചത്. ” ഐ ആം ഓള്‍ റൈറ്റ്, അന്ന . ഹൌ ആര്‍ യു ? ” നോട്ട് ടൂ ബാഡ്. വാട്ട്‌ ആര്‍ യു ഡ്രീമിംഗ് ഓഫ് ഡിയര്‍ ? ” സാന്ദ്ര പുഞ്ചിരിക്കുക മാത്രം ചെയ്തു. സ്വപ്നമല്ല നോവിക്കുന്ന സത്യത്തിന്‍റെ ചൂളയാണ് തന്‍റെ ഉള്ളില്‍ എന്ന് പറഞ്ഞാല്‍ അവള്‍ക്കു മനസ്സിലാവുകയില്ല. ജോലിക്ക് പുറപ്പെടുന്നതിനു മുമ്പ് ഇടവകയിലെ ഫ്രാന്‍സിസ് അച്ചന്‍റെ കാള്‍ വന്നിരുന്നു. അപ്പന്‍ ആശുപത്രിയിലാണ്. ഭയപ്പെടേണ്ട കാര്യമില്ല എന്നും രണ്ട് മൂന്ന് ദിവസങ്ങള്‍ക്കകം മടങ്ങിപ്പോകാം എന്നും അദ്ദേഹം പറഞ്ഞെങ്കിലും സംസാര രീതിയിലെ അസ്വാഭാവാവികത കൊണ്ട് എന്തോ വന്നു ഭാവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ അവളില്‍ ശക്തമായി വളര്‍ന്നു വരാന്‍ തുടങ്ങിയിരുന്നു. റൂം മേറ്റ്‌ ആയ നീതു കുറെയേറെ ആശ്വാസ വാക്കുകള്‍ പറഞ്ഞാണ് അവളെ യാത്രയാക്കിയത്. യാത്രാ വേളയില്‍ മൊബൈല്‍ ഫോണില്‍ നിന്ന് ഫ്രാന്‍സിസ് അച്ചനെ വിളിച്ചു കാര്യങ്ങള്‍ തിരക്കാന്‍ ശ്രമിച്ചതാണ്. പക്ഷെ അദ്ദേഹം ഫോണ്‍ എടുക്കകയുണ്ടയില്ല. തുടര്‍ന്നുള്ള ശ്രമങ്ങളും പരാജയപ്പെട്ടത് അതി ഭയങ്കരമായ എന്തോ സംഭവിക്കാന്‍ പോകുന്നു എന്നതിന്‍റെ സൂചനയായി അവളുടെ അന്തക്കരണം അവളെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമക്കാരി പെണ്ണിന്‍റെ ഈ വക ചിന്തകള്‍ അന്നയ്ക്ക് മനസ്സിലാവുകയില്ല. ഭ്രമിപ്പിക്കുന്ന കണ്‍സ്യുമര്‍ സംസ്കാരത്തിന്‍റെ കൊടുംകാറ്റില്‍ വീര്‍പ്പിച്ചെടുത്ത ബലൂണ്‍ ലക്‌ഷ്യം ഇല്ലാതെ അന്യുസൂതം സഞ്ചരിക്കുന്നത് പോലെയുള്ള ആധുനിക ജീവിത ശൈലിയുടെ പ്രയോക്താവാണ് അന്ന. അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല തന്നെ. കരിഞ്ചീരകവും വേമ്പാടയും ചേര്‍ത്ത് കാച്ചിയെടുക്കുന്ന എണ്ണയുടെ മണം പരത്തുന്ന ഒരു പാവം കുട്ടിക്കാനത്തുകാരന്‍ വൃദ്ധ കര്‍ഷകന്‍ തന്‍റെ മനസ്സില്‍ നിന്നെരിഞ്ഞു നേര്‍വഴി കാട്ടുന്ന സൂര്യ സമാനമായ വഴിവിളക്ക് ആണെന്ന് പറഞ്ഞാല്‍ അസംബന്ധമായ ഒരു ഫലിതം മാത്രമായേ അവള്‍ക്കത് തിരിയൂ. ഇവിടത്തെ ജീവിതം വലിച്ചെറിഞ്ഞിട്ട്‌ നാട്ടിലേക്കു പോയി അപ്പന്‍റെ അരികത്തിരുന്നു ആശ്വാസം പകരണമെന്ന് വിചാരിച്ചതാണ്. വര്‍ക്ക്‌ പെര്‍മിറ്റ്‌ ശരിയാക്കാനായി പാസ്പോര്‍ട്ടും മറ്റും ഹോം ഓഫീസില്‍ ആയതുകൊണ്ട് അവള്‍ക്കത് ചെയ്യനുമാകുന്നില്ല. ” കം ഓണ്‍ ഡിയര്‍ . ടേക്ക് ഓവര്‍ ദി ഡ്യൂട്ടി ആന്‍ഡ്‌ പ്ലീസ്‌ ഗോ ടു യുവര്‍ ബോയ്ഫ്രെണ്ട് പീറ്റര്‍ പാന്‍ ” ഫസ്റ്റ് ഫ്ലോറിലെ അന്തേവാസിയാണ് പീറ്റര്‍ റോബിന്‍സണ്‍ എന്ന മിശ്ര വര്‍ഗ്ഗക്കാരനായ ആള്‍. . തന്നോട് ജോലിതുടങ്ങിയ ആദ്യ ആഴ്ച തന്നെ അദ്ദേഹത്തിനൊരു പുത്രീ നിര്‍വ്വിശേഷമായ അടുപ്പം രൂപപ്പെട്ടു തുടങ്ങിയിരുന്നു. താന്‍ ഉണ്ടെങ്കില്‍ എന്തിനും ഏതിനും അദ്ദേഹത്തിന് തന്‍റെ സാമീപ്യം വേണം. അപ്പന്‍റെ ഓര്‍മ്മകള്‍ നിറഞ്ഞ മനസ്സുമായി അതിനു വഴങ്ങുന്നത് തനിക്കും അനിര്‍വ്വചനീയമായ ഒരു മനസ്സമാധാനം തരുന്നുണ്ട്. സഹപ്രവര്‍ത്തകര്‍ കളിയാക്കാനായി ചമാച്ചെടുത്തതാണ് ബോയ്ഫ്രെണ്ട് കഥ. ഇടക്കെങ്ങാന്‍ അനിയിന്ത്രിതമായി വികാര വിക്ഷോഭം കാട്ടുന്ന അയ്യാള്‍ തന്‍റെ സ്നേഹപൂര്‍ണ്ണമായ ഒരു ശാസനക്ക് മുമ്പില്‍ ചെറിയ കുട്ടിയെ പോലെ ശാന്തനാകുക പതിവായിരിക്കുന്നു. ഹാന്‍ഡ്‌ ഓവര്‍ കഴിഞ്ഞു സാന്ദ്ര അദ്ദേഹത്തിനടുത്തെക്ക് ചെന്നു. കിടക്കയില്‍ ഏതോ മാനസിക സമ്മര്‍ദ്ദത്തിനു അടിമപ്പെട്ടു തേങ്ങിക്കരയുന്ന രൂപമാണ്‌ സാന്ദ്ര കണ്ടത്. ” വാട്ട്‌ ഈസ്‌ ദി പ്രോബ്ലം മൈ ?” സാന്ദ്ര ചോദിച്ചു. തന്‍റെ മകള്‍ വന്നു കാത്തിരിക്കുകയാണെന്നും താന്‍ അവളോടൊപ്പം പോകാന്‍ തുടങ്ങുകയാണ് എന്നും അയാള്‍ പറഞ്ഞത് പ്രയാസപ്പെട്ടാണ് എങ്കിലും സാന്ദ്ര തിരിച്ചറിഞ്ഞു. അവളുടെ മേലാകെ വിറച്ചുപോയി. നട്ടെല്ലിന്‍റെ ഉള്ളിലൂടെ ഒരു തണുപ്പ് അരിച്ചു കയറുന്നത് സാന്ദ്ര തിരിച്ചറിഞ്ഞു. പതിനൊന്നു വയസ്സ് പ്രായത്തില്‍ ബ്രസീലില്‍ വച്ച് ഒരു ഫാമിലി ഹോളിഡെ സമയത്ത് മുങ്ങിമാരിച്ചതാണ് അയാളുടെ മകള്‍. പലപ്പോഴായി സാന്ദ്രക്ക് കിട്ടിയ വിവരങ്ങളില്‍ നിന്ന് അതവള്‍ക്ക്‌ അറിവുള്ളതാണ്. ആ സംഭവം അയാളെ വിവാഹ മോചനത്തില്‍ കൊണ്ടെത്തിക്കുകയായിരുന്നു. തുടര്‍ ജീവിതം മുഴുവന്‍ ഒറ്റയ്ക്ക്. ഒടുവില്‍ ഈ കിടക്കയില്‍ വന്നെത്തി. ” വേര്‍ ഈസ്‌ യുവര്‍ ഡോട്ടെര്‍ ദെന്‍?” ഉള്ളിലെ നൊമ്പരം പണിപ്പെട്ടു ഒതുക്കിക്കൊണ്ട്‌ സാന്ദ്ര ചോദിച്ചു. വൃദ്ധന്‍ തലക്കലെ ചെറിയ സൈഡ് ടേബിളിലേക്ക് വിരല്‍ ചൂണ്ടി. അവിടെ തുറന്നു വച്ച ബൈബിള്‍ മാത്രം… ” സാന്‍ യു ഗോട്ട് എ കാള്‍ ഫ്രം ഹോം.” സാന്ദ്രയുടെ ഉള്ളില്‍ ഒരു അഗ്നിപര്‍വതം പൊട്ടി. ലാവ പോലെ കണ്ണുനീര്‍ പ്രവാഹം. ജോലിസമയത്ത്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൂടാത്തതുകൊണ്ട് ഫ്രാന്‍സിസ് അച്ചന് അവള്‍ ഫീനിക്സ് ഹോമിന്‍റെ ഒഫീഷ്യല്‍ നമ്പര്‍ കൊടുത്തിരുന്നു. അത്യാവശ്യ കാര്യത്തിനു മാത്രം വിളിക്കണമെന്ന് പറഞ്ഞ്‌ ഏല്‍പ്പിച്ചിരുന്നു. സാന്ദ്ര ഫോണ്‍ അറ്റന്‍ഡ് ചെയ്തു. സഹപ്രവര്‍ത്തകരില്‍ ആരെല്ലാമോ അവളുടെ അടുത്തേക്ക്‌ വന്നു പോകുന്നുണ്ടായിരുന്നു. പുറത്തെ മഞ്ഞു വീഴ്ചക്ക് കനം വച്ചു. നിയതമായ കര്‍ത്തവ്യ നിര്‍വ്വഹണം പോലെ മഞ്ഞു സമതയുടെ പുതപ്പിന് കട്ടി കൂട്ടിക്കൊണ്ടിരുന്നു.

സാന്ദ്ര ഫോണിലൂടെ വരുന്നവിവരങ്ങള്‍ കേട്ട് നില്‍ക്കുകമാത്രമാണ് ചെയ്തത്. ഒരക്ഷരം അവള്‍ മറുപടി പറയുന്നുണ്ടായിരുന്നില്ല. കാഴ്ച മങ്ങി വരുന്നതായും ശരീര ഭാരം കുറയുന്നതായും അവള്‍ക്കു തോന്നി. മരത്തലപ്പുകളില്‍ കൂത്താടിയായ കാറ്റ് ചൂളം കുത്തി പാഞ്ഞു നടക്കുന്നുണ്ടോ? നിലക്കാതെ ഉയരുന്ന മണിയൊച്ച അവള്‍ക്കു നന്നായി ഇപ്പോള്‍ കേള്‍ക്കാം. ഫോണ്‍ വിളി അവസാനിച്ചു . സാന്ദ്ര കസേരയിലക്ക് ചാഞ്ഞു. മലയാളിയായ മെറീന എന്ത് പറ്റി എന്ന് ചോദിച്ചു. ” നിനക്കൊരു മണം കിട്ടുന്നില്ലേ?” സാന്ദ്ര അവളോട്‌ ചോദിച്ചു. ” എന്ത് മണം?” “കരിഞ്ചീരകവും വേമ്പാടയും ചേര്‍ത്ത് കാച്ചിയെടുക്കുന്ന എണ്ണയുടെ മണം. എന്‍റെ അപ്പന്‍റെ മണം.” സാന്ദ്ര ആ മറുപടി പറഞ്ഞില്ല. ഫസ്റ്റ് ഫ്ലോറില്‍ ഫീനിക്സ് ഹോം മാനേജരും മറ്റും പീറ്റര്‍ റോബിന്‍സണ്‍ എന്ന അന്തേവാസിയുടെ ആകസ്മിക മരണം സ്ഥിരീകരിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമുള്ള തിരക്കില്‍ ഏര്‍പ്പെട്ടു. പുറത്ത് മഞ്ഞ് അതിന്‍റെ കര്‍മ്മം അവിരാമം തുടര്‍ന്നുകൊണ്ടേയിരുന്നു..

Share.

About Author

145q, 0.646s