Leaderboard Ad

ബഹുഭാര്യാത്വവും പെണ്‍കുട്ടികളുടെ വിവാഹവും

0

    ജീവിതത്തിനു ആവശ്യമായ നിയമവ്യവസ്ഥകൾ നീതിയുക്തമായി നടപ്പിൽ വരുത്തിയ മതമാണു ഇസ്ലാം .ഒരു പ്രത്യയശാസ്ത്രം എന്ന നിലക്ക് ഇസ്ലാം വിഭാവനം ചെയ്യുന്ന നിയമങ്ങൾ മനുഷ്യപ്രകൃതിക്കും ജീവിതനിലവാരത്തിനും ഉപയുക്തമാണ് .എന്നാൽ മതത്തെയും സമുദായത്തെയും കൂട്ട് പിടിച്ചു ,പ്രവാകചര്യ പിന്തുടരുന്നു എന്ന മട്ടിൽ അടുത്തിടെ ചില മതമേലദ്ധ്യക്ഷന്മാർ വിവാദ പ്രസ്താവനകൾ ഇറക്കി .ശൈശവ വിവാഹത്തെയും ബഹുഭാര്യത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററുകളും  സംവാദങ്ങളും പൊതുവെ കേരളീയ സമൂഹത്തിൽ മുസ്ലീം വിഭാഗത്തെ പരിഹാസ കഥാപാത്രമാക്കി . വിവാഹപ്രായത്തെ കുറിച്ചും ബഹു ഭാര്യാത്വത്തെ കുറിച്ചും ഇസ്ലാം കൃത്യമായി നിഷ്കര്ഷിച്ചിട്ടുണ്ട് .എന്നാൽ ഇസ്ലാം മതം വിഭാവനം ചെയ്യുന്ന നിയമങ്ങളെ തങ്ങളുടെ സൌകര്യാർത്ഥം മാറ്റി മറിക്കുന്ന പ്രവണതയാണ് പൊതുവെ കണ്ടു വരുന്നത്.

അർഹതപ്പെട്ട സ്ഥാനവും സ്വാതന്ത്ര്യവും സ്ത്രീകൾക്ക് നല്‍കണം  എന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു .സ്ത്രീയെ മഹത്വത്തിന്റെ പ്രതീകമായ മാതാവായാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത് .മാന്യവും സ്നേഹാർദ്രവും ആയ സമീപനം സ്ത്രീകളോട് കൈക്കൊള്ളണം എന്ന് മുഹമ്മദ്‌ നബി പഠിപ്പിച്ചു .
“സമൂഹത്തിന്റെ ലളിതവും പവിത്രവും ആയ രൂപമാണ് കുടുംബം .സമൂഹത്തിലെ പരിവർത്തനത്തിന്റെ തുടക്കം .അവിടെ ശക്തവും ശാസ്ത്രീയവും ആയ സംസ്കരണം നടന്നെങ്കിൽ മാത്രമേ സമൂഹം അഭിവൃദ്ധിപെടുകയുള്ളൂ .ഉത്തമ സമൂഹത്തിന്റെ  സൃഷ്ടിക്ക് കുടുംബരംഗം സംശുദ്ധമാകണം. കുടുംബത്തിന്‍റെ ഭരണം സ്ത്രീയെയാണ് ഇസ്ലാം ഏല്‍പ്പിച്ചിരിക്കുന്നത്. സ്ത്രീയാണ് വീട്ടിലെ ഭരണാധികാരി” (ഹദീസ് )

ഇത്തരത്തില്‍ എല്ലാവിധ സംരക്ഷണവും മാന്യതയും സ്ത്രീകള്‍ക്ക് നല്‍കണമെന്ന് ഇസ്ലാം മതം ആവശ്യപ്പെടുമ്പോള്‍ സമുദായത്തില്‍ വികലമായ ചിന്തകള്‍ കുത്തിവെച്ച് സ്ത്രീയുടെ അവകാശങ്ങളെയും സ്വപ്നങ്ങളെയും ഇരുണ്ട മുറിക്കുള്ളില്‍ തളച്ചിടാനാണ് ചില മത നേതാക്കള്‍ ശ്രമിക്കുന്നത്. 

ഇനി വിവാഹത്തെപ്പറ്റി ഇസ്ലാം പറയുന്നതെന്താണെന്ന് നോക്കൂ

“പ്രതിശ്രുത വധുവിനെ തിരഞ്ഞെടുക്കാന്‍ പുരുഷന് സ്വാതന്ത്ര്യമുള്ളതുപോലെ സ്ത്രീക്കും തന്‍റെ ഇണയെ തിരഞ്ഞെടുക്കാന്‍ ഉള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.ആയുഷ്കാല ജീവിത പങ്കാളിയായി സ്വീകരിക്കാന്‍ പോകുന്ന ആളെപ്പറ്റി ഇരുവര്‍ക്കും ധാരണകള്‍ ഉണ്ടായിരിക്കണം. സ്വീകരിക്കാനും തിരസ്ക്കരിക്കാനും സ്ത്രീക്കും പുരുഷനും ഒരുപോലെ സ്വാതന്ത്ര്യമുണ്ട്. പെണ്ണിനെ അപേക്ഷിച്ച് ആണിന് ഇക്കാര്യത്തില്‍ മേധാവിത്വമില്ല. ഇക്കാര്യത്തില്‍ ആരുടെ മേലിലും ബലാല്‍ക്കാരവും സമ്മര്‍ദ്ദവും പാടില്ല.”

പ്രായപൂര്‍ത്തിയായ യുവതിയാണെങ്കില്‍ വിവാഹത്തിന് അവളുടെ സമ്മതം വേണമെന്ന് ഖുറാന്‍ പറയുന്നു. അവളുടെ വ്യക്തമായ സമ്മതമില്ലാതെ നിക്കാഹ് ചെയ്തുകൊടുക്കുവാന്‍ പിതാവിനോ മറ്റുള്ളവര്‍ക്കോ അനുവാദമില്ല. അവള്‍ ഇഷ്ടപ്പെടുന്ന വരന് മാത്രമേ വിവാഹം ചെയ്തുകൊടുക്കാന്‍ അധികാരമുള്ളൂ. അവള്‍ക്ക് തൃപ്തിയില്ലെങ്കില്‍ വിവാഹം സാധുവാകുകയില്ല. ഇണയെ തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ രക്ഷിതാവിന്‍റെ ഹിതമല്ല, സ്ത്രീയുടെ തീരുമാനമാണ് പരിഗണിക്കപ്പെടുക. രക്ഷിതാവിന് ബന്ധം ഇഷ്ടപ്പെട്ടതുകൊണ്ട് വിവാഹം കഴിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുന്നത് ഇസ്ലാം പ്രോല്‍സാഹിപ്പിക്കുന്നില്ല. ശരീരവളര്‍ച്ച നോക്കി ഇറച്ചിക്കോഴികളെ വില്‍പ്പനനടത്തുന്നതുപോലെ മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചുവിടണം എന്നു പറയുന്നവര്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളെ ഒന്നു വിശദമായി പരിശോധിച്ചാല്‍ നന്ന്.

ജീവിതാവസ്ഥകളുടെ നിലയും നിലപാടും സാഹചര്യങ്ങളുടെ സമ്മര്‍ദ്ധവുമനുസരിച്ച് ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കേണ്ട അവസ്ഥ വരികയാണെങ്കില്‍ അതാവാമെന്ന് ഇസ്ലാം പറയുന്നുണ്ട്. അസാധാരണമായ ചില സാമൂഹ്യചുറ്റുപാടില്‍ അപൂര്‍വമായി അനുവദിക്കപ്പെട്ടതാണ് ബഹുഭാര്യാത്വം. സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. യുദ്ധത്തില്‍ കൊല്ലപ്പെട്ടുപോയ ഭര്‍ത്താക്കന്മാരുടെ ഭാര്യമാരുടെ പരിരക്ഷണത്തിന് ആളില്ലാതെ വിഷമിക്കുമ്പോള്‍ അവരെ രക്ഷിക്കാന്‍ വേണ്ടിയും,രോഗശയ്യയില്‍ കിടക്കുന്ന ഭാര്യയ്ക്ക് തന്‍റെ ഭര്‍ത്താവിനെ പരിചരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ അവളുടെ പൂര്‍ണസമ്മതത്തോട് കൂടിയും, സന്താനോല്‍പ്പാതനശേഷിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഭാര്യയാണെങ്കില്‍

അവളുടെ താല്‍പര്യാര്‍ത്ഥവും ഭര്‍ത്താവിന് രണ്ടാമത് വിവാഹം കഴിക്കാവുന്നതാണ്. ഇതിന് നീതിയുക്തമായ മാനദണ്ഡങ്ങള്‍ അവലംബിക്കണമെന്ന് ഇസ്ലാം കൃത്യമായി പറയുന്നുണ്ട്. ഭാര്യമാര്‍ക്കിടയില്‍ നീതിപുലര്‍ത്താന്‍ കഴിയുമെന്നുറപ്പില്ലാത്തവര്‍ ഒന്നിലധികം പേരെ വിവാഹം കഴിക്കാന്‍ തുനിയേണ്ട എന്നാണ് ഖുര്‍ ആന്‍റെ പ്രഖ്യാപനം. ബഹുഭാര്യാത്വം നിര്‍ബന്ധിതശാസനയല്ല, സാഹചര്യം മാത്രമാണ്. ഇത് ദുരുപയോഗപ്പെടുത്തുന്നവര്‍ നിയമത്തെയും മതത്തേയും വഴിതെറ്റിക്കുകയാണ് ചെയ്യുന്നത്. ഖുറാന്‍ പറയുന്നത് ശ്രദ്ധിക്കൂ.

“ഒരാള്‍ക്ക് രണ്ടു പത്നിമാര്‍ ഉണ്ടാവുകയും അവരില്‍ ഒരാളിലേക്ക് മനസ്സ് ചാഞ്ചല്യപ്പെടുകയും ചെയ്താല്‍ ശരീരത്തിന്‍റെ ഒരു ഭാഗം ചരിഞ്ഞു വീണവനെപ്പോലെയായിരിക്കും അന്ത്യനാളുകളില്‍ അവന്‍ ഉയര്‍ത്തപ്പെടുക (ഇബ്നുഹിബ്യാന്‍ ഹാക്കിം)” വ്യക്തമായ കാരണങ്ങള്‍ കൂടാതെ ഒരു മുസ്ലീം ഒന്നിലധികം ഭാര്യമാരുമായി ജീവിക്കുന്ന പക്ഷം നിശ്ചയമായും അത് ഇസ്ലാമിക താല്‍പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തിയാണെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഇതാണ് ഇസ്ലാമിന്‍റെ നിലപാട് എന്നിരിക്കെ മതനിയമങ്ങളെ തങ്ങള്‍ക്കനുസൃതമായി മാറ്റിയെടുക്കാനാണ് പല മുസ്ലീം നാമധാരികളും ശ്രമിക്കുന്നത്. ഇത് ഒരര്‍ത്ഥത്തില്‍ സമൂഹമദ്ധ്യത്തില്‍ മുസ്ലീം ജനവിഭാഗങ്ങളെ കരിവാരിത്തേക്കുന്ന പ്രവൃത്തിയാണ്. ഇസ്ലാമിന്‍റെ യശസ്സ് ഉയര്‍ത്തിയില്ലെങ്കിലും അതിനു അവമതിപ്പുണ്ടാക്കാതിരിക്കാണെങ്കിലും ശ്രമിക്കുക. മതത്തേയും സമുദായത്തെയും കൂട്ടുപിടിച്ച് നടത്തുന്ന ദുഷ്ടപ്രവണതകളെ സമുദായത്തിനുള്ളില്‍നിന്നുതന്നെ ചെറുക്കേണ്ട സമയമായിരിക്കുന്നു

Share.

About Author

134q, 0.560s