Leaderboard Ad

ബാർസലോണക്കിത് പിഴവിന്റെ ഋതുകാലം

0
Photo: Krister

Photo: Christopher Wagner

സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയുടെ തലസ്ഥാനമാണ് ബാർസലോണ. എവിടെയും മുട്ട് മടക്കാത്ത പ്രകൃതം. ആഭ്യന്തര യുദ്ധ കാലത്തും, മാദ്രിദ് ആയുള്ള കടുത്ത സംഘട്ടന കാലത്തും സ്വന്തം ഭാഷയും (കത്തലാൻ ) അതിർത്തിയും സംരക്ഷിച്ചവർ. “നിങ്ങൾ സ്പാനിഷ്‌ പൗരൻ” ആണോ എന്ന് ചോദിച്ചാൽ അവർ പറയും, അല്ല കാറ്റലോണിയ സ്വദേശിയെന്ന്. കരുത്തുറ്റ ഭാഷയും സംസ്ക്കാരവും പോലെ തന്നെ അവർക്ക് പ്രധാനമാണ് ബാർസലോണ ഫുട്ബാൾ ക്ളബ്.

സ്പാനിഷ്‌ ലീഗ് മറ്റൊരു അർഥത്തിൽ സ്പാനിഷ്‌ “ആഭ്യന്തര” യുദ്ധം തന്നെയാണ്. ലോകത്തെ അതി സമ്പന്നർ ആയ രണ്ടു ക്ളബ്ബുകൾ കളിക്കളത്തിലും പുറത്തും പണം എറിഞ്ഞു യുദ്ധത്തിനായുള്ള സന്നാഹങ്ങൾ ഒരുക്കുന്നു. ലോകത്തെ ഏറ്റവും മികച്ച കളിക്കാർ, എണ്ണം പറഞ്ഞ പരിശീലകർ… ഇതെല്ലാം ഉണ്ടായിട്ടും ബാർസലോണക്ക് പിഴച്ചു, ഒന്നല്ല മൂന്ന് തവണ… (ലാ ലീഗാ , കിങ്ങ്സ് കപ്പ്‌, ചാമ്പ്യൻസ് ലീഗ് )

ബാർസലോണക്ക് സ്വന്തം കേളീ ശൈലി ഉണ്ട്. ടിക്കി ടാക്ക എന്ന പേരിൽ പ്രസിദ്ധമായ ഈ ഫുട്ബാൾ തന്ത്രം തന്നെയാണ് ഈ സീസണിൽ അവർക്ക് വിനയായത്. ഒരു പാട് നേരം പന്ത് കൈവശം വച്ച് എതിരാളിയുടെ ഗോൾ മുഖത്തു സമ്മര്‍ദ്ധം ചെലുത്തി, പ്രതിരോധം ഭഞ്‌ജിച്ച് അനായാസം ഗോൾ നേടുക. ചുരുക്കത്തിൽ ഇതാണ് ടിക്കി ടാക്ക.

ത്വത്വത്തിൽ രണ്ടു പ്രശ്നങ്ങൾ ആണ് ക്ളബ് ഈ വർഷം അഭിമുഖീകരിച്ചത്. ആദ്യത്തേത്, ടിക്കി ടാക്ക കൃത്യം ആയ രീതിയിൽ പരിശീലിപ്പിക്കാൻ സ്വദേശിയായ ഒരു പരിശീലകൻ ഇല്ലാതെ പോയി. രണ്ടാമത്തെ പ്രശനം, വളരെ കാലമായി ഉപയോഗിച്ച് തേഞ്ഞ ഈ ചെപ്പടി വിദ്യക്കുള്ള മറു മരുന്ന് പ്രതിയോഗികൾ ഈ കാലയളവിൽ സ്വായത്തമാക്കി.

2013- 2014 സീസണിൽ ബാർസലോണയെ പരിശീലിപ്പിച്ചത് അർജന്റീന സ്വദേശിയായ ടാറ്റാ മർട്ടീനസ് ആണ്. അദ്ദേഹത്തിൻറെ പരിശീലന ശൈലി ക്ളബ്ബിന്റെ പരമ്പരാഗത രീതിയും ആയി ഒത്തു പോകുന്നതായിരുന്നില്ല. ഉദാഹരണത്തിന് “ലോങ്ങ്‌ പാസ് ഗെയിം ബിൽഡ് അപ്പ് (long pass game build up) ആണ് അദ്ദേഹം കാലങ്ങളായി ഉപയോഗിച്ച് വന്നിരുന്ന രീതി. ആ കളി ശൈലിയും ബാർസലോണയുടെ പരമ്പരാഗത ശൈലിയും തമ്മിലുള്ള വൈരുദ്ധ്യമാണ് പലപ്പോഴും ടീമിന്റെ തോൽവിയിൽ കലാശിച്ചത്.

ടിക്കി ടാക്ക ശൈലി കാലോചിതം ആയി പരിഷ്ക്കരിച്ചില്ല എന്ന ആക്ഷേപം ശക്തമാണ്. കാലങ്ങളായി ഈ ശൈലി ഉപയോഗിക്കുന്നത് കൊണ്ട് മറ്റു സ്പാനിഷ്‌ ക്ളബ്ബുകൾ ഇതിനു “പ്രത്യാക്രമണ” രൂപത്തിൽ മറുപടി കൊടുത്ത് തുടങ്ങിയതോടെ, ഈ ശൈലിക്ക് എതിരേ ഉള്ള ആക്ഷേപങ്ങളും വിമർശനങ്ങളും ശക്തിപ്പെട്ടു. വിശേഷിച്ചു, മിന്നൽ വേഗത്തിൽ പന്തുമായി പായാൻ കഴിയുന്ന താരങ്ങൾ മറ്റു ക്ളബ്ബുകളിൽ ഉള്ളപ്പോൾ. ബാർസലോണ ക്ളബ്ബിന് എതിരേ എതിർ ടീമുകൾ നേടിയ ഒരു വലിയ ശതമാനം ഗോളുകൾ “പ്രത്യാക്രമണ” ശൈലിയിൽ ഊന്നിയുള്ളതായിരുന്നു എന്നത് ഈ വിമർശനങ്ങൾ ശരിവയ്ക്കുന്നു.

കളിക്കളത്തിനു അകത്തു ള്ളത് പോലെ തന്നെ പുറത്തും പ്രശ്നങ്ങൾ ആയിരുന്നു. ബ്രസീൽ താരം നെയ്മാർനെ ബാർസലോണയിൽ എത്തിച്ചതുമായുള്ള പ്രശ്നങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇതിനിടയിൽ അവരുടെ മുൻ കോച്ച് ടിറ്റോ വിലനോവയുടെ മരണം, ക്ളബ്ബിന്റെ പ്രധാന താരങ്ങൾ ആയിരുന്ന കാറൽ പൂയോൾ, ഗോളി വിക്ടർ വാൽദെസ് എന്നിവരുടെ പരിക്കും, വിരമിക്കലും ക്ളബ്ബിന്റെ പ്രകടനത്തെ ബാധിച്ചു. മധ്യ നിരയിലെയും പ്രതിരോധത്തിലെയും പിഴവുകൾ പുതിയ താരങ്ങളെ കണ്ടെത്തി പരിഹരിക്കുന്നതിനും, ഫിഫ ഏർപ്പെടുത്തിയ വിലക്കും കളബ്ബിനെ വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു.

ബാർസലോണ

Photo: Christopher Wagner

പിഴവുകൾ പരിഹരിച്ചു പുത്തൻ ഉണർവ് കണ്ടെത്താൻ ഉള്ള ക്ളബ്ബിന്റെ ശ്രമങ്ങൾ അഭിനന്ദനീയമാണ്. ഇതിന്റെ ഭാഗം ആയി ക്ളബ് പുതിയ പരിശീലകനെ നിയമിച്ചു കഴിഞ്ഞു. പുതിയ പരിശീലകൻ ലുയീസ് എൻറിക്ക്, മുൻ ബാർസലോണ താരമാണ്. അതിനാൽ ഈ മാറ്റം ഗുണം ചെയ്യും എന്നാണ് നിരീക്ഷികർ കരുതുന്നത്.

Share.

About Author

135q, 0.610s