എല്ലാ അര്‍ത്ഥത്തിലും ഇരുണ്ട ജീര്ണാവസ്ഥയില് ഉള്ള ഒരു സമൂഹം, അതിന്റെ അതിജീവനത്തിനു അല്ലെങ്കിൽ അനിവാര്യമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന് നവോത്ഥാനമെന്ന ഊന്നുവടിയെയാണ് ആശ്രയിച്ചിരുന്നത്. അതൊരിക്കലും വ്യക്തികേന്ദ്രീകൃതമായൊരു അരുളപ്പാട് കൊണ്ടോ ഉല്‍പ്പതിഷ്ണുക്കളുടെ ബുദ്ധി പ്രസരണങ്ങൾ കൊണ്ടോ മാത്രം സംഭവിക്കുന്നതല്ല. മറിച്ചു, സാമൂഹിക അതിജീവനത്തിന്റെ സമ്മർദ്ദം കൊണ്ടായിരുന്നു ആ ചുവട് വെയ്പ്പ്. അസംതൃപ്തി സംഘ രൂപവും , സംഘടിത രൂപവും, സംഘടന രൂപവുമായി ഉയര്‍ന്നു വരുമ്പോള്‍, തീർച്ചയായും വര്‍ഗപക്ഷം ചേരലും, അതിനനുസരിച്ച് ഉപരിവിപ്ലവ വായ്ത്താരിയായും, പൊതുജനങ്ങളുടെ സാമൂഹിക ജീവതവുമായി ബന്ധപെട്ട പ്രക്ഷോഭ സമര രൂപങ്ങളായി രൂപാന്തരം പ്രാപിക്കും.
അന്നു നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കെതിരേ ഉള്ള പ്രതിഷേധങ്ങൾ പ്രക്ഷോഭരൂപം പ്രാപിക്കുമ്പോൾ അതിനു ദിശാരൂപം നല്കുന്നതില് വ്യക്തികേന്ദ്രീകൃതവും, അവരാല്‍ സംഘടിപ്പിക്കപ്പെട്ട കൂട്ടായ്മക്കും വലിയ പങ്കാണ് ഉള്ളത്. ദര്‍ശനം പോരാട്ട മുന്നണിവര്ഗത്തിന്റെ ആത്മീയ ചൈതന്യാമാവുമ്പോഴാണ് സമൂഹത്തില്‍ അതിനു സ്വാധീനം ചെലുത്താന്‍ കഴിയുന്നതു. ആ അര്‍ത്ഥത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങളില്‍ നിന്നും വിഭിന്നം ആയി കൂടുതൽ വികസിതമായൊരു ആശയ പാശ്ചാത്തലത്തിലേക്ക് ഉയരുകയായിരുന്നു യുക്തിവാദ ചിന്താധാര. അത് അന്നേവരേ അട്ടിപ്പേറവകാശം കൈവശം വച്ചിരുന്ന വ്യവസ്ഥിതിക്കെതിരേയുള്ള പുറം തള്ളിച്ചയായി രൂപാന്തരം പ്രാപിക്കുന്നു. അന്നു നിലനിന്നിരുന്ന ഫ്യൂഡല്‍ മാഡമ്പിത്തരത്തിനു ആ ഉശിരു അനിവാര്യവുമായിരുന്നു.
നിരന്തരമായ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ഭാഗമായി വരുന്ന തുടര്‍ പ്രക്രിയയിലും അത് പുത്തൻ ആശയതലത്തിലേക്ക് വളര്‍ന്നതും സമാന രീതിയിലായിരുന്നു. നവോത്ഥാന കൈവഴികളിലൂടെ കടന്നു വന്ന യുക്തിവാദ പ്രസ്ഥാനം ഒരു പരിധി വരെ ചിന്താ ശേഷിയുള്ളവരിലെല്ലാം അഗ്നി പ്രസരണം പകര്‍ന്നിരുന്നു. “ബൂർഷ്വായുക്തിവാദത്തിൽ നിന്ന് വൈരുധ്യാത്മക ഭൗതികവാദത്തിലേക്ക്” എന്ന കൊച്ചു പുസ്തകത്തില്‍ ഈ വിഷയത്തെ കുറിച്ച് സവിസ്തരം പരിശോധിക്കുന്നുണ്ട് സഖാവ് ഇ എം എസ്.
ഇത്തിരിയില്‍ ഒത്തിരി കാര്യങ്ങള്‍ പറയുന്നത് അദ്ദേഹത്തിന്റെ അപാര വിജ്ഞാനത്തിന്റെ ഉപോല്പ്പന്നമാണ്. സഹോദരന് അയ്യപ്പനിലൂടെ ഏറ്റവും തീഷ്ണമായി ഉയര്‍ന്നു വന്ന യുക്തിവാദ പ്രസ്ഥാനം അതിന്റെ ഉപരിവിപ്ലവ വ്യക്തികൂട്ടത്തിനപ്പുറം സാമൂഹ്യപരമായ ഇടപെടലിന്റെ പ്രാധാന്യം ഉൾക്കൊള്ളാതെ ബഹുഭൂരിപക്ഷം വരുന്ന അജ്ഞരായ ബഹുജനങ്ങളേ മാറ്റി നിര്‍ത്തികൊണ്ട് ആശയകസര്ത്തു നടത്തുന്നതിനെ കമ്പോട് കമ്പ് ചേർത്തു ഏറ്റവും ലളിതമായ ഭാഷയിൽ സാമാന്യ ജനത്തിനു മനസ്സിലാക്കാന്‍ കഴിയുന്ന ശൈലിയില്‍ തുറന്നുകാണിക്കുന്നുണ്ട്.
യുക്തിവാദ കേവല ഭൗതികവാദത്തിന്റെ വായാടിത്തരത്തിനു എതിരേ “സാമൂഹ്യമായ ഒരുല്പനമാണ് യുക്തി. മറ്റല്ലാ സാമൂഹ്യ ഉള്പ്പന്നെങ്ങളേയും പോലെ യുക്തിയ്ക്കും വർഗാടിസ്ഥാനം ഉണ്ട്. ഫ്യൂഡല്‍ വര്‍ഗത്തിന്റെ സാമൂഹ്യവും സാംസ്ക്കാരികവുമായ സംവിധാനത്തിനെതിരായ സമരത്തില്‍ ഫലപ്രദമായ പങ്കുവഹിച്ച യുക്തിവാദത്തിനു ബൂര്‍ഷ്വാസിയുടെ ആശയ പ്രപഞ്ചത്തെ നേരിടാന്‍ കഴിയില്ല. അതിനുള്ള കഴിവു നേടുന്നത് തൊഴിലാളിവര്‍ഗമാണ്. അതിന്റെ ദര്‍ശനമായ വൈരുധ്യാത്മകത ചരിത്രപരമായ ഭൗതികവാദമാണ്. അതുകൊണ്ട് മുതലാളിത്വത്തിന്റെ വളര്‍ച്ച തകര്‍ച്ചയുടെ ഘട്ടത്തിലെത്തുകയും സോഷ്യലിസത്തിന്റെ ഉയര്‍ച്ച അനിവാര്യമാവുകയും ചെയ്ത ഇന്നത്തെ ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍ ബൂർഷ്വാ യുക്തിവാദമല്ല, കേവലമായ ഭൗതികവാദമല്ല, തൊഴിലാളിവര്‍ഗത്തിന്റെ വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദമാണ് പ്രസക്തമാവുന്നത്.” എന്നു വളറേ ലളിതമായി ബോധ്യപെടുത്തുന്നു.
അതേ ബോധം സമൂഹത്തെയല്ല, സമൂഹം ബോധത്തെയാണ് സൃഷ്ട്ടിയ്ക്കുന്നതെന്ന മാർക്സിയൻ ചിന്താ ധാരയിലൂടെ യുക്തിവാദത്തിൽ ഊന്നിയുള്ള കേവല ഭൗതിക കാഴ്ചപ്പാട് നിരര്‍ത്ഥകമാണെന്നു സ്ഥാപിക്കൽ മാത്രമല്ല , പകരം വയ്ക്കുന്ന ദര്‍ശനിക കാഴ്ച്ചപ്പാടിലൂടെ മാറ്റുകയും പുതിയതായി സൃഷ്ടിക്കപ്പെടുന്ന ജീവിത പരിസരത്തിലൂടെ മാത്രമാണ് അജ്ഞതയില്‍ തെളിച്ചം കൈവരുക എന്നും ശാസ്ത്രീയ ദാർശനികതയിലൂടെ വ്യക്തമാക്കുക്കയാണ് ഇ എം എസ്.
ലോകത്തെ വ്യാഖ്യാനിക്കുകയല്ല മാറ്റിതീര്‍ക്കുകയാണ് വേണ്ടത് എന്നു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറഞ്ഞത് പ്രായോഗികവല്ക്കരിക്കുന്നതിന്റെ കരുത്തുറ്റ് രാഷ്ട്രീയ കാഴ്ചപാടില്‍ അധിഷ്ഠിതമായാണ് സഖാവ് ഇ എം എസിന്റെ എഴുതുകള്‍ എന്നും ജീവന് പകര്‍ന്നിരിക്കുന്നതു. ജനസാമാന്യത്തിന്റെ ദൈന്യംദിന ജീവിത പരിസരത്ത് ചേർത്തു നിര്ത്തികൊണ്ടല്ലാത്ത ഒരു ആശയ പരിസരവും വെച്ചു പൊറുപ്പിക്കില്ല എന്നുമാത്രമല്ല, അതിനു എതിര് നിലപാടിനു ശക്തിപകരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആവശ്യത്തില്‍ ഊന്നി നിന്നുകൊണ്ടല്ലാത്ത ഒരു വിടുവായത്വത്തിന്റെ പകര്പ്പെഴുത്തിന്റേയും കര്ത്താവായിട്ടില്ല എന്നത് ഒരു വസ്തുത കൂടിയാണ്. അതില്‍ തിളക്കമറ്റ കൃതിയാണ് “ബൂർഷ്വായുക്തിവാദത്തിൽ നിന്ന് വൈരുധ്യാത്മക ഭൗതികവാദത്തി” എന്നത്.