Leaderboard Ad

ബോണ്‍സായ്

0

   അച്ഛന്റെ കിടപ്പു കട്ടിലിന്റെ നീളം ഒന്നരയടിയിലേക്ക് ചുരുക്കി കൊണ്ടുവരണമെന്ന് ഭാര്യ പറഞ്ഞപ്പോള്‍ ജനലരികില്‍ താൻ നട്ടുനനച്ചുവളര്‍ത്തുന്ന ബോണ്‍സായ് ചെടിയിൽ പുതുതായി കിളിര്‍ത്ത തളിരുകള്‍ നുള്ളൂകയായിരുന്നു അയാള്‍.

എന്തെങ്കിലും മനസ്സില്‍ വെച്ച് കൊണ്ടായിരിക്കണം അവള്‍ അത് പറഞ്ഞിട്ടുണ്ടാകുക , ഭാര്യയടെ മനസ്സിലെ കുനുട്ടു ചോദ്യത്തിനുള്ള ഉത്തരത്തിനായി , പണ്ട് പഠിച്ച വിസ്തൃത മനപ്പാഠത്തിലെ ഗുണനപാഠങ്ങള്‍ ആരോഹണാവരോഹണ ക്രമത്തില്‍ അയാള്‍ ചൊല്ലി .

ആറ് ആറരയടി പൊക്കത്തെ വെറും ഒന്നരയടിയില്‍ ചവിട്ടിക്കൂട്ടുക , ആലോചിക്കാനേ വയ്യ . കണ്ണുകള്‍ ചുറ്റുമോടിച്ച്‌ മക്കള്‍ അടുത്തില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അയാള്‍ ദീര്‍ഘമായി ഒന്ന് നെടുവീര്‍പ്പിട്ടു .

രേവത്യേയ് .. നീ കുറച്ചു വെള്ളമിങ്ങെടുത്താന്‍ , പറമ്പില്‍ തെങ്ങിന് തടം കിളക്കുകയായിരുന്ന അച്ഛന്‍ ഓട്ടുമുരടയുടെ ശബ്ദത്തില്‍ വിളിച്ചലറി .

രേവതി അയാളുടെ ഭാര്യയാണ് , അമ്മായിയപ്പന്റെ മുരട ശബ്ദം കേട്ടപ്പോള്‍ , സ്വതേ കിളിച്ചുണ്ടുപോലുള്ള അവളുടെ മൂക്ക് ഒന്നുകൂടി ചുവന്നു തുടുത്തു .

നോക്കൂ ആ ആല്‍മരത്തെ , അത് വളര്‍ന്നു പന്തലിച്ചിരുന്നെങ്കില്‍ നമ്മുക്കീ മുറിയില്‍ ഒതുക്കാന്‍ ആവുമായിരുന്നോ ? സൌകര്യങ്ങള്‍ .. അതിലേക്കാണ് നാം എല്ലാം പരിമിതപ്പെടുത്തേണ്ടത് , കിളിനാദം കാവ്യാത്മകമായി ചിലച്ചു .

വളവും വെള്ളവും വെളിച്ചവും വളരെ കുറച്ചു മാത്രമേ കൊടുക്കാവൂ , പുതിയ തളിരുകള്‍ കിളിര്‍ക്കാന്‍ അനുവദിച്ചു കൂടാ , ശിഖരങ്ങളില്ലാതെ ചുളുങ്ങിച്ചുരുണ്ടു കിടക്കണം .. എങ്കിലേ ബോണ്‍സായ്ക്ക് ഭംഗിയുണ്ടാകൂ .

ജീവിതത്തിന്റെ നിതാന്ത പ്രായോഗികതയില്‍ കുരുങ്ങി ഇരുണ്ടു കിടന്നിരുന്ന അയാളുടെ മനസ്സിലേക്ക് ഉണക്കിലകള്‍ കൂട്ടി തീയിട്ട് രേവതി ചൂട്ടുകറ്റകള്‍ക്ക് തിരികൂട്ടി .

അച്ഛനെ നമുക്ക് ബോണ്‍സായ് ആക്കാം ല്ലേ ..!!

സിമന്റുചട്ടിയിൽ മണൽ ചരലുകളിൽക്കിടയിൽ വേരുകൾ പടരാൻ വയ്യാതെ വളർച്ച മുരടിച്ച അച്ഛൻ .. ഉള്ളുനൊന്തു പരുവപ്പെടാതെ കുഴഞ്ഞ അയാളുടെ മനസ്സും അവസാനമതു തലകുലുക്കി .

വെയിലും മഴയും താണ്ടി കാലം കാലത്തിന്റെ വഴിയേ .. നിറഞ്ഞ പൂക്കുലകളോടെ നിന്നിരുന്ന മുറ്റത്തെ പഴയ തെങ്ങിനെ അയാൾ ഓർത്തെടുത്തു , ഉണങ്ങി തലയെടുപ്പുപോയ പൊത്തുകൾ നിറഞ്ഞ ആ തെങ്ങിന്റെ ഇന്നിനെയും നേരിൽക്കണ്ടു .

അതേ .. കാലം , കാലമാണ് എല്ലാം ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും, അകത്തളത്തിൽ നാളെ തനിക്കായൊരുങ്ങുന്ന സിമന്റു ചട്ടിയുടെ ചിത്രം തികട്ടിയ ചിന്തകളാൽ അയാൾ ഖിന്നനായി ..

Share.

About Author

145q, 0.709s