Leaderboard Ad

ഭാരതത്തെ പട്ടുസാരി ഉടുപ്പിക്കുന്നവര്‍ !

0

      തേതര ഇന്ത്യയിലെ സ്കൂളുകളില്‍ വര്‍ഷാവര്‍ഷം കുഞ്ഞുങ്ങളെ വെയിലു കൊള്ളിച്ചു നടത്തുന്ന സ്വാതന്ത്ര്യ ദിന – റിപ്പബ്ലിക്‌ ദിന ജാഥകള്‍ മുതല്‍ കള്ളപ്പണ കോടികള്‍ കൊണ്ടു നിര്‍മിക്കുന്ന ബോളിവുഡ്‌ സിനിമകളില്‍ വരെ കാണുന്ന ഒരു പതിവു ഫാന്‍സി ഡ്രസ്സ്‌ ആണ് ത്രിവര്‍ണ്ണ പതാകയും ഒരു ശൂലവും പിടിച്ച ‘ഭാരതമാതാവ്’

എന്ന് മുതലാണ്‌ ഭാരതം മാതാവായത്‌? അതും കുട്ടി രാജ്യങ്ങള്‍ എല്ലാം കൂടെ ചേര്‍ന്ന് ഒരൊറ്റ മാതാവ്? ഭാരതത്തിന്‍റെ ഭൂമിശാസ്ത്രം, മാപ്പില്‍ imagesvgggtrrreഒരു തലയും രണ്ടു കൈയും കാലുമുള്ള ഒരാളെപോലെ തോന്നിപ്പിക്കും എന്നത് വളരെ ശരിയാണ്. പക്ഷെ ഭാരതത്തെ ഇങ്ങനെ സ്ത്രീവത്കരിച്ചതിനു പിന്നില്‍ ആരാണ്? സാരിയുടുത്ത ഒരു സവര്‍ണ്ണ ഹിന്ദു സ്ത്രീയുടെ വേഷഭൂഷാദികള്‍ അണിഞ്ഞ കൈയ്യില്‍ ആയുധങ്ങളും ആയി നില്‍ക്കുന്ന ഒരു സ്ത്രീ എന്ന രീതിയില്‍ ഭാരതത്തെ വിഭാവനം ചെയ്തത് ആരായിരിക്കും? തീര്‍ച്ചയായും സവര്‍ണ്ണ ഹിന്ദു സംഘടനകള്‍ തന്നെ, ഹിന്ദുമതമൌലീക വാദികള്‍ തന്നെ. രാജ്യത്തെ അവര്‍ ഹിന്ദു സ്ത്രീയാക്കി വെയ്ക്കുന്നതില്‍ രണ്ടാണ് കാര്യം, ഒന്ന് ഹിന്ദുവിന്‍റെ മേല്‍ക്കോയ്മ നിലനിര്‍ത്താം , രണ്ട്, സ്ത്രീയുടെ ഉടമ എന്നും പുരുഷനാണല്ലോ ആ മേല്‍ക്കോയ്മയും നിലനില്‍ക്കും.

എംഎഫ് ഹുസൈന്‍ എന്ന ചിത്രകാരനെ ഭാരതം അടിച്ചോടിച്ചത് ഈ മാതാവെന്ന ബിംബത്തെ അവഹേളിച്ചു എന്ന പേരില്‍ ആണ്. ഹുസൈനെ ആക്ഷേപിക്കാന്‍ മുന്നില്‍ നിന്ന തന്ത്രികുമാരന്‍ ഇപ്പോള്‍ പുള്ളിയുടെ സൊ കോള്‍ഡ്‌ ആര്‍ഷഭാരത സംസ്കാരത്തെ ഉന്നതങ്ങളില്‍ എത്തിച്ചു മലയാളി ഹൌസില്‍ കപ്പ് നേടിയ കാലം കൂടിയാണല്ലോ – ചിത്രങ്ങളിലും ഭാവനാവിഷകാരങ്ങളിലും സവര്‍ണ്ണ സ്ത്രീയായി ഭാരതത്തെ ചിത്രീകരിച്ചില്ല എന്നതായിരുന്നു എം എഫ് ഹുസൈന്‍ ചെയ്ത തെറ്റ്. മതേതര ഭാരതം എങ്ങനെയാണ് ഒരു ഹിന്ദു സ്ത്രീ ആവുന്നത്? ഇത്രയധികം കീഴ്ജാതി സ്ത്രീകളും ഇതര മത സ്ത്രീകളും അവഹേളനവും അനീതിയും നേരിടുന്ന നമ്മുടെ ഭാരതത്തെ എങ്ങനെയാണ് ഒരു സന്തോഷവതിയായ സ്ത്രീയായി ചിത്രീകരിക്കാന്‍ കഴിയുക?? ജനസംഖ്യയുടെ നല്ലൊരു ശതമാനവും പോഷകാഹാരക്കുറവും രോഗങ്ങളും കാരണം മരിച്ചു വീഴുമ്പോള്‍ ഭാരതത്തെ എങ്ങനെയാണ് പുഷ്ടിയുള്ള ഒരു സ്ത്രീയായി ചിത്രീകരിക്കുക??? ദേശസ്നേഹം എന്നാല്‍ ചിത്രങ്ങളിലും ബിംബങ്ങളിലും വര്‍ണ്ണനയുടെ അതിരുകളിലും ഉള്ള ആരാധന മാത്രമാണോ?? സ്ത്രീയെ ബഹുമാനിക്കുന്നത് ചിത്രത്തില്‍ പൂമാല അര്‍പ്പിച്ച് മാത്രമാണോ ??

ബ്രിട്ടീഷ്‌ കോളനി എന്ന പേരില്‍ ആദ്യമായി ഐക്യപ്പെട്ട ഉപഭൂഖണ്ഡം ആ ഐക്യത്തെ ഭാരതം ആക്കുകയും ഒരൊറ്റ സംസ്കാരം ആക്കി മാറ്റുകയും ചെയ്തപ്പോള്‍ എങ്ങനെയാണ് ഒരു കൂട്ടം ആളുകളുടെ, സവര്‍ണ്ണ ഹൈന്ദവരുടെ, മാത്രം വക്തവായത് ഭാരതം? വ്യക്തമായ രാഷ്ട്രീയ അധികാര മോഹങ്ങള്‍ നിലനിര്‍ത്തുവാന്‍ വേണ്ടിയല്ലാതെ അതിനു മറ്റൊരു കാരണം കണ്ടെത്താന്‍ കഴിയില്ല.

പുരുഷാധിപത്യ ദേശീയതയുടെ ചിഹ്നം പോതുബോധത്തില്‍ എത്ര ആഴത്തില്‍ അപകടകരമായി പതിഞ്ഞു പോയിട്ടുണ്ട് എന്ന് മനസ്സിലാവുന്നത്‌ പുരോഗമന പ്രസ്ഥാന വിദ്യാർത്ഥി സംഘടനകളുടെ പേരിലും ഇത്തരത്തിൽ ഭാരതാംബമാർ ഫ്ലെക്സുകളിൽ പ്രത്യക്ഷപ്പെടുമ്പോൾ ആണ്‌..

ആര്‍എസ്എസ് ബീജെപി സംഘടനകള്‍ ദേശീയതയെ മഹത്വത്കരിക്കുമ്പോള്‍ ഫാഷിസത്തിന്റെ മുഖമുദ്രയാണ് ദേശീയത എന്ന് തിരുത്തികൊടുക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ പരാജയപ്പെടുന്നു. ഭാരതത്തിന്‍റെ ഹിന്ദു സ്ത്രീത്വം ഉപേക്ഷിച്ച് പകരം അടിച്ചമര്‍ത്തി വെയ്ക്കാനുള്ള മതേതര സ്ത്രീയായി പൊതുബോധത്തെ സുഖിപ്പിച്ചു നിര്‍ത്തുക എന്ന തലത്തില്‍ മാത്രമേ അവര്‍ക്ക്‌ എത്താന്‍ കഴിയുന്നുള്ളൂ. അങ്ങേയറ്റം അപലപനീയമായ, ഫാഷിസ്റ്റ്‌ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ തന്നെ സഹായിക്കുന്ന, ഇത്തരം പോതുബോധ വിക്രിയകള്‍ മാത്രം നുളയ്ക്കുന്ന ഈ സമൂഹത്തില്‍ സ്ത്രീയ്ക്ക് എവിടെ നിന്നാണ് ഒരു പ്രതീക്ഷ!!!

“മാതാവ്” എന്നൊക്കെ വിളിച്ച് പിറന്ന നാടിനോടുള്ള സ്നേഹം ഉദ്ഘോഷിക്കും എങ്കിലും ഹൈന്ദവ സംഘടനകളുടെ സ്ത്രീകളോടുള്ള സമീപനം വളരെ അപകടകരമായ ഒന്നാണ്. ഒരു നൂറു നൂറ്റാണ്ട് കഴിഞ്ഞാലും സ്ത്രീ “അമ്മ” എന്ന കാഞ്ചന കൂട്ടില്‍ നിന്നും മോചിതയാവുകയില്ല ഈ സംഘടനകളുടെ ആശയങ്ങള്‍ വെച്ചുപുലര്‍ത്തിയാല്‍‍.,. അവരത് പ്രത്യക്ഷമായി പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഇടയില്‍ ധാരാളം സ്ത്രീകളും ഉണ്ട്, അവര്‍ക്ക്‌ സ്ത്രീ സംഘടനകളും ഉണ്ട്. എന്നിരിക്കെ തന്നെ അവരുടെ ഒരു മുതിര്‍ന്ന നേതാവ് “സ്ത്രീകള്‍” വീടുകളില്‍, അടുക്കളയില്‍ കഴിയേണ്ടവരാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ചു. ലിംഗ സമത്വത്തിന്‍റെ പേരില്‍ ലോകം വളരെയധികം മുന്നോട്ട് പോയിരിക്കുന്ന ഈ കാലത്താണ് ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവ് ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കുന്നത്!! ഇതേ മാതാവിനെ, മാതൃത്വം കാത്തിരുന്ന സ്ത്രീയെ തന്നെയാണല്ലോ ടി അണികള്‍ ഗര്‍ഭപാത്രം ശൂലം കൊണ്ട് കുത്തിപ്പിളര്‍ന്നതും..!!

ഹിന്ദുമതവാദികള്‍ അവരുടെ ആശയങ്ങളും നിലപാടുകളും ഒരുപരിധി വരെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് പുരാതന ഗ്രന്ഥങ്ങള്‍ ആയ മനുസ്മൃതിയിലും ഗീതയിലും ഇതിഹാസങ്ങളിലും മറ്റുമാണ്. ഈ പുസ്തകങ്ങളില്‍ എല്ലാം പുരുഷന്‍റെ മേല്‍ക്കോയ്മ പകല്‍ വെളിച്ചം പോലെ പ്രകടമാണ്. അതാണ്‌ സ്ത്രീയുടെ ധര്‍മ്മം എന്നവര് പഠിപ്പിക്കുന്നു. പുരുഷനോടുള്ള അനുസരണയാണ് ഉത്തമ സ്ത്രീയുടെ ലക്ഷണം എന്നവര്‍ ശ്ലോകങ്ങള്‍ ചൊല്ലുന്നു!! എങ്ങനെയാണ് ഒരു രാജ്യം പുരോഗമിക്കുക ഇത്തരം പ്രാകൃത പുരാതന ആശയങ്ങളില്‍ സ്ത്രീകളെ സമീപിച്ചാല്‍. ? മറ്റെല്ലാ സ്വാതന്ത്ര്യ വാദങ്ങളും മാറ്റി വെച്ചാല്‍ തന്നെയും സ്ത്രീ സാമ്പത്തികമായി എങ്കിലും സ്വതന്ത്ര ആവേണ്ടത് ഇന്നത്തെ കാലത്ത്‌ വളരെ അനിവാര്യമായ ഒന്നാണ്. ഈ ചുറ്റുപാടില്‍ സ്ത്രീ വീട്ടില്‍ ഇരിക്കേണ്ട, അടുക്കളയില്‍ കഴിയേണ്ട ഒരാളാണ് എന്ന നിലപാട് അടിച്ചേല്‍പ്പിച്ചു നിര്‍ത്തിയാല്‍ എങ്ങനെയാണ് ഒരു രാഷ്ട്രത്തിനു സാമ്പത്തികമായി മുന്നേറാന്‍ കഴിയുക??

സ്ത്രീകള്‍ എന്നും പിന്നില്‍ നില്‍ക്കേണ്ടവര്‍ ആണെന്നുള്ള ഈ ഗ്രന്ഥ കാഴ്ചപ്പാടുകള്‍ പുരുഷാധിപത്യത്തെ ഉറപ്പിച്ചു നിര്‍ത്തുന്നു. ഇത്തരം സംഘടനകള്‍ സ്ത്രീകളെ സ്വന്തമായി തീരുമാനം എടുക്കുന്നതില്‍ നിന്നും വിലക്കുന്നു. ഒരു സ്ത്രീ എന്ത് വേഷം ധരിക്കണം, എപ്പോള്‍ യാത്ര ചെയ്യണം, ആരുടെ കൂടെ യാത്ര ചെയ്യണം എന്നൊക്കെ പതിനെട്ടു കഴിഞ്ഞാല്‍ സ്വന്തമായി തീരുമാനിക്കാനും നടപ്പിലാക്കാനും നിയമ സാധ്യതയുള്ള ഈ രാജ്യത്ത് നമ്മള്‍ എന്നും കേള്‍ക്കുന്നു ഇത്തരം സംഘടനകളുടെ സദാചാര വിളയാട്ടം പൊതു നിരത്തില്. സ്ത്രീകളുടെ നേരെയാണ് അവരുടെ ആക്രമം മുഴുവന്‍,. യുവതീ യുവാക്കള്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നത്, ഒരുമിച്ചു കൂടി ഒരു ആഘോഷം നടത്തുന്നത്, കൂട്ടമായി ഒരു യാത്ര പോകുന്നത് ഇതിനെയൊക്കെ അവര്‍ എതിര്‍ക്കുന്നു. കുളിച്ചപ്പോള്‍ തുണിയില്ലാത്ത സ്ത്രീകളെ നോക്കിയിരിക്കുകയും അവരുടെ വസ്ത്രം എടുത്തു ഒളിപ്പിക്കുകയും ചെയ്ത ഒരു ആരാധന പുരുഷന്‍ അവര്‍ക്കുണ്ട് എന്നത് വിരോധാഭാസം മാത്രം!!

സ്ത്രീയെ ഇപ്പോള്‍ പൊട്ടുന്ന ഒരു വെടിമരുന്നായി അവര്‍ ഉല്ലേഖനം ചെയ്തു വയ്ക്കുന്നു. പെങ്ങള്‍ എന്നാല്‍ അമ്മ എന്നാല്‍ ഭാര്യ എന്നാല്‍ എന്നും പുരുഷന്‍റെ നിഴലില്‍, അതും നിയമപരമായി ഉടമസ്ഥാവകാശം ഉള്ള ഏതെന്കിലും ഒരു പുരുഷന്‍റെ തണലില്‍ കഴിയെണ്ടാവല്‍ ആണെന്ന് അവര്‍ ഉരുവിട്ട് പഠിപ്പിക്കുന്നു. സ്ത്രീയെന്നാല്‍ സ്വന്തമായി തീരുമാനം എടുക്കാനും നടപ്പിലാക്കാനും കഴിവില്ലാത്ത ചിന്തയ്ക്കും ബുദ്ധിയ്ക്കും ക്ഷതം സംഭവിച്ച എന്തോ ഒരു കൂട്ടമാണ് എന്ന് കരുതണം ഇത്തരം ഫാസിസ്റ്റ്‌ നടപടികള്‍ കാണുമ്പോള്‍!,!

പുരുഷന്‍റെ ആധിപത്യവും സ്ത്രീയുടെ അടിമത്വവും ഉദ്ഘോഷിക്കുന്ന മതങ്ങള്‍ ഭരിക്കുന്ന ഒരു സമൂഹവും പുരോഗമന പാതയില്‍ അല്ല ഉള്ളത്. സാങ്കേതികവിദ്യകള്‍ ഉണ്ടായത് കൊണ്ടോ മിന്നിത്തിളങ്ങുന്ന നിരത്തുകള്‍ ഉണ്ടായത് കൊണ്ടോ ഒരു സമൂഹം എന്ന നിലയില്‍ മനുഷ്യ ജീവി എന്ന നിലയില്‍ ബൌദ്ധികമായി ഉന്നത നിലവാരവും വികാസവും അവകാശപ്പെടാന്‍ കഴിയില്ല. ജനസംഖ്യയുടെ പകുതിയില്‍ കൂടുതല്‍ ഉള്ള പുരന്ത്രിമാര്‍ അടിമകള്‍ ആയി കഴിയവേ എങ്ങനെയാണ് ഒരു സമൂഹം പുരോഗമിച്ചു എന്ന് പറയുക?? സ്ത്രീകളുടെ സ്വാതന്ത്ര്യത്തില്‍, ജീവിതത്തില്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്ക് അവര്‍ ഭാവ ശുദ്ധിയെന്നും സ്ത്രീത്വമെന്നും പേരിട്ടു വിളിച്ച് താലോലിച്ചാല്‍ അടിമത്വം അതല്ലാതെ ആവുമോ?? അധികാരം കൈയ്യില്‍ കിട്ടിയാല്‍ ഓരോ സ്ത്രീയും വീട്ടിലെ, അടുക്കളയിലെ അടിമയാവുന്നത് നടപ്പിലാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഇത്തരം സംഘടനകളെ തിരിച്ചറിയേണ്ടത് ഒരു വലിയ ആവശ്യം ആണ്, നിലനില്‍പ്പിന്റെ ആവശ്യം. ഇല്ലായെങ്കില്‍ ശ്രീരാമ സേനകളും സദാചാര വാനരപ്പോലീസ്‌ കഥകളും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.

സ്ത്രീയുടെ ജീവിതം പൂര്‍ണ്ണമായും സ്ത്രീയുടേത് എന്ന് ഈ സംഘടനകള്‍ ഒരിക്കലും അംഗീകരിച്ചു തരുകയില്ല. കാരണം അധികാരം പുരുഷന് നിലനിര്‍ത്താന്‍ ഉള്ള വഴികാട്ടിയായ ഗ്രന്ഥ സംഹിതകള്‍ പഠിച്ചു വളരുന്നവര്‍ക്ക് അത് നടപ്പിലാക്കാനല്ലേ കഴിയൂ!

എന്തോ മഹത്തരമായത് എന്ന രീതിയില്‍ ഇവര് പൊലിപ്പിച്ചു പറയുന്ന പുരാതന ഭാരതത്തില്‍ സ്ത്രീകളെ ആചാരങ്ങളുടെ പേരില്‍ ചട്ടക്കൂടുകളില്‍ അടച്ചിടുക മാത്രമാണ് ചെയ്തിരുന്നത്. മറുത്തൊരു ചോദ്യം ചോദിക്കാതെ ചോദിക്കാന്‍ കഴിയാതെ ബഹുഭാര്യാത്വം ബാലവിവാഹം സതി എന്നിങ്ങനെ വിലങ്ങുകള്‍.,. ദേവദാസികള്‍ എന്ന പേരില്‍ പരസ്യമായി വേശ്യാവൃത്തി, കന്യകമാരെ കുരുതികൊടുക്കല്‍, വിധവകളെ ഏറ്റവും ഹീനമായ ജീവിത സാഹചര്യങ്ങളില്‍ തളച്ചിടുക എന്നിങ്ങനെ മനുഷ്യത്വ രഹിതമായ കീഴ്‌വഴക്കങ്ങള്‍,. ഏതൊക്കെ ജാതികളില്‍ സ്ത്രീകള്‍ മാറ് മറയ്ക്കണം മറയ്ക്കണ്ട എന്നും സ്ത്രീ ആരോട് എങ്ങനെ സംസാരിക്കണം എങ്ങനെ പെരുമാറണം എന്നൊക്കെ നിയമങ്ങളും സ്മ്രിതികളും തയ്യാറാക്കിയ ആ കാലത്തിന്‍റെ വക്താക്കളെ എങ്ങനെയാണ് ആധുനിക ഭാരതം അംഗീകരിക്കുക?? ആധുനിക സ്ത്രീകളുടെ ജീവിതവും പുരുഷന്മാരുടെ പ്രാകൃത രീതികളില്‍ അടിച്ചമര്‍ത്തി വെച്ചേക്കണം എന്നാണോ ബഹുഭൂരിപക്ഷവും തീരുമാനിക്കേണ്ടത്‌?? കീഴ്ജാതികളിലെ സ്ത്രീകളെ മേല്‍ ജാതി പുരുഷന്മാര്‍ക്ക്‌ കാഴ്ച വെയ്ക്കുന്ന ഏര്‍പ്പാടും, സംബന്ധം എന്ന പേരില്‍ പല സ്ത്രീകളുമായി ലൈംഗീക ബന്ധം മാത്രം പുലര്‍ത്തുകയും ചെയ്തിരുന്നതും ഇവര്‍ ഉദ്ഘോഷിക്കുന്ന കാലത്തിന്‍റെ ബാക്കി പത്രമാണ്. ബ്രാഹമണ ക്ഷത്രിയ ജാതികളിലെ പുരുഷന്മാര്‍ സ്വേച്ഛാധിപതികള്‍ ആയി വാണ കാലമാണ് ആര്‍ഷഭാരത കാലം. അവര്‍ പ്രചരിപ്പിക്കുന്ന സംസ്കാരവും അത് തന്നെയാണ്. ഇന്നും, ലോകം മുഴുവന്‍ ലിംഗസമത്വത്തിന്‍റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെയും പുരോഗമനം പ്രാപിക്കുന്ന ഈ കാലത്തും ഹിന്ദു മത മൌലീക വാദി സംഘടനകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും അതെ അടിമത്വം തന്നെയാണ്.

ഭാരതത്തില്‍ ഇന്നും വളരെയധികം പ്രചാരത്തില്‍ ഉള്ള ഖാപ്‌ പഞ്ചായത്തുകളും മറ്റും ഇതേ ഹിന്ദു ജാതീയതയുടെ പുരുഷാധിപത്യത്തിന്റെ ഈറ്റില്ലമാണ്. വാര്‍ത്തകള്‍ എടുത്തു നോക്കിയാല്‍ കാണാം, പുരുഷനും സ്ത്രീയും ചെയ്യുന്ന ഒരേ തെറ്റിന് അവര്‍ സ്ത്രീകളെ മാത്രം ഹീനമായി ശിക്ഷിക്കും, പുരുഷനാണ് തെറ്റുകാരന്‍ എങ്കിലും ചില സമയങ്ങളില്‍ അവര്‍ സ്ത്രീകളെയായിരിക്കും ശിക്ഷിക്കുക! സ്ത്രീകളെ അടിമകളായി നിര്‍ത്താന്‍ അവര്‍ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കി വെച്ചിരിക്കുന്നു. അവരുടെ സദാചാര പോലീസ് വാഴ്ചകള്‍ അവസാനിപ്പിക്കാന്‍ ഒരു ഭരണകൂടവും ശ്രമിക്കുന്നില്ല. അവരെ സവര്‍ണ്ണ ഹൈന്ദവ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രോത്സാഹിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു.

സ്ത്രീ എന്നും പുരുഷന്‍റെ നിഴലായി മാത്രം തുടരണം എന്ന ശ്ലോകം ഉരുവിട്ട് പഠിക്കുന്ന ഒരു സംഘടന എങ്ങനെയാണ് സ്ത്രീ പൌരന്മാരുടെ, ഇന്ത്യ എന്ന രാഷ്ട്രത്തിന്‍റെ പുരോഗതി നിര്‍ണ്ണയിക്കുക, എങ്ങനെയാണ് അവരുടെ കീഴില്‍ സമൂഹം പുരോഗമിക്കുക?? ഏതോ പുരുഷന്മാര്‍ രചിച്ച പലവിധ വ്യാഖ്യാനങ്ങള്‍ നല്‍കാവുന്ന ചില സംസ്കൃത ശ്ലോകങ്ങളില്‍ അല്ല സ്ത്രീയുടെ ജീവിതം. സ്വന്തം ജീവിതം യുക്തിയിന്മേല്‍ ഇഷ്ടം പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം പുരുഷന്മാരെ പോലെ തന്നെ സ്ത്രീയ്ക്കും ഉള്ളതാണ്.

 

Share.

About Author

136q, 0.725s