Leaderboard Ad

ഭാസ്കരേട്ടന്‍

0

ഭാസ്കരേട്ടന്റെ അളിയന്‍ രാധാകൃഷ്ണന്‍ പുറപ്പെട്ടിട്ടുണ്ട്,അര മണിക്കൂറിനുള്ളില്‍ എത്തും.. അപ്പോഴേക്ക് നമുക്കൊരു ചായ കുടിച്ചു വരാം…” നാസര്‍ പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌ പുലര്‍ച്ചെ മുതല്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെയുള്ള ഓട്ടമായിരുന്നു ഇതുവരെ.എന്നും ഇത്തരം കാര്യങ്ങള്‍ക്ക് ഞങ്ങളോടൊപ്പം മുന്നിലുണ്ടായിരുന്ന ഭാസ്കരേട്ടന് വേണ്ടി!!

വെളുപ്പിന് അഞ്ചു മണിക്ക് ഉറക്കം മുറിച്ചു കൊണ്ട് നിറുത്താതെ കരഞ്ഞ മൊബൈലില്‍ കുമാറായിരുന്നു.

“ഇക്കാ ഇത് ഞാനാണ്” കുമാറിന്റെ ശബ്ദത്തിലെ പതര്‍ച്ച എന്റെ ഉറക്കം തെളിയിച്ചു.

“എന്താടാ രാവിലെ തന്നെ” ..

”നമുടെ ഭാസ്കരേട്ടന്‍” അവന്‍ അര്‍ദ്ധോക്തിയില്‍ നിറുത്തി …

“‘നീ കാര്യം പറ ” എന്റെ ശബ്ദം വല്ലാതെ പൊങ്ങിയോ

.”ഭാസ്കരേട്ടന്‍ … ഭാസ്കരേട്ടന്‍ നമ്മെ വിട്ടു പോയി ഇക്കാ”

ഒരു നിമിഷം ഹൃദയം നിലച്ച പോലെ.

“എന്താണ് സംഭവിച്ചത്”

വളരെ പണിപ്പെട്ടു വിക്കി വിക്കി ഞാന്‍ ചോദിച്ചു

“‘ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്നതാണ്.പുലര്‍ച്ചെ രണ്ടു മണിക്ക് നെഞ്ചു വേദന വന്നു.ഉടനെ ഉടനെ ഞാനും അബ്ദുവും ആശുപത്രിയില്‍ എത്തിച്ചു.പക്ഷെ അവിടെയെത്തി പത്തു മിനിട്ടിനകം എല്ലാം കഴിഞ്ഞിരുന്നു”

പറഞ്ഞു തീര്‍ന്നതും അവന്‍ പൊട്ടിക്കരഞ്ഞു.നിമിഷങ്ങളോളം ഒന്നും പറയാനാകാതെ ഞാന്‍ തരിച്ചിരുന്നു പോയി.

“ബോഡി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി” കുമാറിന്റെ ചിലമ്പിച്ച ശബ്ദം ………….

(എത്ര പെട്ടെന്നാണ് ഭാസ്കരേട്ടനില്‍ നിന്നും ബോഡി യിലേക്ക് സംജ്ഞ മാറിയത്!!)

ഞാന്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ ഷഫീക്കും നാസറും ഷിബുവും വെലായുധേട്ടനുമടക്കം കുറെ സുഹൃത്തുക്കള്‍ ആശുപത്രി മുറ്റത്തുണ്ടായിരുന്നു .

എന്നെ കണ്ടതും പലരും നിയന്ത്രണം വിട്ടു കരഞ്ഞു ..ആര്‍ക്കും പരസ്പരം ആശ്വസിപ്പിക്കാനാവാതെ……………വല്ലാത്തൊരു സങ്കടക്കടലില്‍ അകപ്പെട്ട പോലെ.

“വീട്ടില്‍ അറിയിക്കണ്ടേ”

നിമിഷങ്ങളുടെ നിശ്ശ്ബ്ദതക്ക് ശേഷം ഞാന്‍ വെലായുധേട്ടനോട് ചോദിച്ചു.

“വേണം ..അത് നീ വന്നിട്ടാകാംഎന്നു കരുതി ഇരിക്കുകയാണ്”

ഞാനൊഴിച്ചു മിക്കവരും ഭാസ്കരേട്ടന്റെ വീട്ടില്‍ പോയിട്ടുള്ളവരാണ്.എനിക്ക് ഭാസ്കരേട്ടന്റെ വീട്ടുകാരുമായി ഫോണില്‍ കൂടിയുള്ള ബന്ധം മാത്രമാണുള്ളത്.പക്ഷെ ഒരിക്കല്‍ പോലും നേരില്‍ കണ്ടില്ലെങ്കിലും ആ വീടുമായി വല്ലാത്തോരടുപ്പം എനിക്കുണ്ടായിരുന്നു .അവര്‍ക്കൊരോരുത്തര്‍ക്കും എന്നെ ഒരു സ്വന്തക്കാരനെ പോലെ അറിയാമായിരുന്നു.പക്ഷെ ഇങ്ങിനെ ഒരു വിവരം അവരെ അറിയിക്കാന്‍ ഞാന്‍ ……………

അങ്ങനെയാണ് ഭാസ്കരേട്ടന്റെ ദാമ്മാമിലുള്ള അളിയന്‍ രാധാകൃഷ്ണന്‍ വന്ന ശേഷം വീട്ടില്‍ അറിയിക്കാം എന്ന് തീരുമാനിച്ചത്. ബോഡി നാട്ടില്‍ കൊണ്ട് പോകുന്നതിന്റെ പേപ്പറുകള്‍ ശരിയാക്കാനായി ഞാന്‍ ഒന്ന് രണ്ടു സ്നേഹിതന്മാരെ ബന്ധപ്പെട്ടപ്പോള്‍ .എന്ത് സഹായവും ചെയ്യാമെന്നവര്‍ വാക്ക് തന്നു.

ചായ കുടിക്കാന്‍ നാസറിനൊപ്പം നടക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു. ഭാസ്കരേട്ടനെ ഞാന്‍.ആദ്യമായി കാണുന്നത് ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ദമ്മാമില്‍ നിന്നും ജുബൈലിലെക്കുള്ള ടാക്സി യാത്രയിലാണ്.കറുത്ത് തടിച്ച ഒരു കട്ടിമീശക്കാരന്‍.അന്‍പതിനോടടുത്ത പ്രായം.സരസമായി സംസാരിക്കുന്ന സംഭാഷണ പ്രിയന്‍.വളരെ വേഗം ആരുടെ മനസ്സിലും ചേക്കാറാന്‍ കഴിവുള്ള ഒരു വേറിട്ട വ്യക്തിത്വം.പിരിയുമ്പോള്‍ ഫോണ്‍ നമ്പര്‍ തന്നു.(അക്കാലത്ത് മൊബൈല്‍ ഇല്ലാത്തത് കൊണ്ട് കമ്പനിയിലെ നമ്പരാണ് നല്‍കിയത്).

ഇടക്കിടെയുള്ള വിളികളില്‍ സൗഹൃദം കൂടുതല്‍ ബലപ്പെട്ടു വന്നു.അപകടത്തില്‍ പെട്ട ഒരു പ്രവാസിയെ നാട്ടിലയക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒന്നിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ കൂടുതല്‍ അടുത്തറിയാനും കുടുംബകാര്യങ്ങള്‍ പരസ്പരം സംസാരിക്കാനും ഇടയായി.

കഫാലത്ത് വിസക്കാരനായ ഭാസ്കരേട്ടന്‍ ഒഴിവു സമയങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് മാറ്റി വെച്ചയാളായിരുന്നു.കിട്ടുന്ന വരുമാനത്തില്‍ നല്ലൊരു പങ്ക് ഇളയ കുട്ടിയുടെ ചികില്‍സക്ക് വേണ്ടി ചെലവാക്കേണ്ടി വന്നിട്ടും നിരാലംബരെ സഹായിക്കാന്‍ ഭാസ്കരേട്ടന്‍ എന്നും മുന്നിലുണ്ടായിരുന്നു.

മൂന്നു പെണ്മക്കളാണ് ഭാസ്കരേട്ടന്.മൂത്തമകള്‍ പ്രസന്നയുടെ വിവാഹം കഴിഞ്ഞു ..ഇളയവര്‍ രണ്ടും പഠിക്കുകയാണ് …

ഏറ്റവും ഇളയവള്‍ പ്രിയ നന്ദിനിക്ക് ഹാര്‍ട്ടിന്റെ വാല്‍വിനു തകരാറുണ്ട്.ഒരു മേജര്‍ ശസ്ത്രക്രിയ കഴിഞ്ഞതാണ്.ദിവസവും മരുന്നിനു തന്നെ നല്ലൊരു തുക വേണം.പണി പാതി പൂര്‍ത്തിയായ വീട്ടില്‍ എല്ലാ അസൌകര്യങ്ങളോടെയും അവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നു.ഒരു വശം തളര്‍ന്നു പോയ പെങ്ങളെയും വൃദ്ധയായ മാതാവിനെയും നോക്കാന്‍ രോഗിയും കൂലിപ്പണിക്കാരനുമായ അനുജന്‍ മുരളിക്ക് കഴിയാത്തതിനാല്‍ അവരെയും തന്റെ ഇല്ലായ്മയുടെ കൂടെ കൂട്ടിയിരുന്നു ഭാസ്കരേട്ടന്‍.

ഞാനൊഴികെ മറ്റാരും ഈ കഥകള്‍ അറിഞ്ഞിരുന്നില്ല.

തൃത്താലക്കാരനായ ഭാസ്കരേട്ടന്‍ അവധിക്കു നാട്ടില്‍ പോകുന്ന സുഹൃത്തുക്കളെ തന്റെ വീട്ടില്‍ പോകുന്നത് ഓരോ ഒഴിവുകഴിവ് പറഞ്ഞു മുടക്കി. (എന്തിനാ നമ്മുടെ ബുദ്ധിമുട്ടുകള്‍ മറ്റുള്ളവരെ അറിയിച്ചു അവരെയും കൂടി വിഷമിപ്പിക്കുന്നത് എന്നായിരുന്നു ഭാസ്കരേട്ടന്‍ അതിനു എന്നോട് പറഞ്ഞ ന്യായം).

ഒരു വര്‍ഷം മുമ്പ് പ്രിയക്ക് അസുഖം കൂടുതല്‍ ആയപ്പോള്‍ അത്യാവശ്യമായി അല്പം പണത്തിനു ഭാസ്കരേട്ടന്‍ മടിച്ചു മടിച്ചാണ് എന്നോട് ചോദിച്ചത്.അന്ന് നാട്ടിലുണ്ടായിരുന്ന നാസറിനെ വിളിച്ചു ഞാന്‍ ഭാസ്കരേട്ടന്റെ വീട്ടില്‍ പോയി കാര്യങ്ങള്‍ അന്വേഷിക്കാനും പണം കൊടുക്കാനും പറഞ്ഞത് ഭാസ്കരേട്ടന് ഒട്ടും ഇഷ്ടമായിരുന്നില്ല.പക്ഷെ എന്റെ നിര്‍ബന്ധവും പ്രിയയുടെ അവസ്ഥയും ഭാസ്കരേട്ടനെ നിശബ്ദനാക്കി.

നാസര്‍ പറഞ്ഞ വിവരങ്ങള്‍ കേട്ട് ഞങ്ങള്‍ ഞെട്ടിത്തരിച്ചു പോയി. കിടപ്പാടം നില്‍ക്കുന്ന ആകെയുള്ള ആറര സെന്റ്‌ ഭൂമി ബാങ്കില്‍ പണയത്തിലാണ്! ദുരിതങ്ങളുടെ നടുക്കടലില്‍ അലയുമ്പോഴും തീരാദുഖത്തില്‍ പെട്ട് മനസ്സും ശരീരവും മരവിക്കുമ്പോഴും ചിരിച്ച മുഖത്തോടെ സരസഭാഷണങ്ങളോടെ ഞങ്ങളുടെ ഇടയില്‍ നിറഞ്ഞു നിന്ന ഭാസ്കരേട്ടന്‍ ഒരത്ഭുതമായിരുന്നു.

അതിനിടയിലാണ് മൂത്തമകള്‍ പ്രസന്നക്ക് പ്രസവത്തോടെ കുഞ്ഞു മരണപ്പെടുന്നതും അമിത രക്തസ്രാവം മൂലം മൂന്നു ദിവസം ബോധരഹിതയായി ആശുപത്രിയില്‍ കിടക്കേണ്ടി വന്നതും.കൂനിന്മേല്‍ കുരു പോലെ കൃത്യമായ ചികിസയില്ലാത്ത കാരണം അസുഖം കൂടി അമ്മയും ആശുപത്രിയില്‍ ആയി.പിന്നീട് ഞങ്ങള്‍ സുഹൃത്തുക്കള്‍ ആര് നാട്ടില്‍ പോകുമ്പോഴും ഭാസ്കരേട്ടന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചു ഭാസ്കരേട്ടന്റെ വീട്ടില്‍ പോവുകയും കഴിയുന്ന രീതിയില്‍ ചില്ലറ കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു ..

ആറു വര്‍ഷമായി നാട്ടില്‍ പോകാതിരിക്കുന്ന ഭാസ്കരേട്ടന്‍ എപ്പോഴും പറയുന്ന ഒരു സ്വപ്നമായിരുന്നു എങ്ങിനെയെങ്കിലും വീടിന്റെ ഒരു മുറിയെന്കിലും പണി തീര്‍ത്ത്‌ അടച്ചുറപ്പുള്ളതാക്കണമെന്ന്.പ്രിയയെ തിരുവനന്തപുരത്തു കൊണ്ട് പോയി ഒരു ഓപ്പറേഷന്‍ കൂടി കഴിഞ്ഞാല്‍ അസുഖം പൂര്‍ണ്ണമായും ഭേദമാക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടത്രേ. അടുത്ത ലീവിന് പോകുമ്പോള്‍ അതും കൂടി നടത്തണമെന്നായിരുന്നു മോഹം.

“”ഇക്കാ “” നാസറിന്റെ വിളി ഓര്‍മ്മയില്‍ നിന്നും ഉണര്‍ത്തി.കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നില്‍കുന്ന രാധാകൃഷ്ണനെ എങ്ങിനെ ആശ്വസിപ്പിക്കനമെന്നറിയാതെ ഞങ്ങള്‍ നിസ്സഹായരായി.

രാധാകൃഷ്ണന്‍ ഭാസ്കരേട്ടന്റെ അനിയനെ വിളിച്ചു കാര്യം ഏതാണ്ട് പറഞ്ഞു.എന്നെ അന്വേഷിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ വാങ്ങി.മുരളി പറഞ്ഞ വാര്‍ത്ത കേട്ട് ഞാന്‍ സ്തംഭിച്ചു പോയി.

“ഭാസ്കരേട്ടന് മുന്‍പ് രണ്ടു തവണ അറ്റാക്ക് ഉണ്ടായണത്രേ.വളരെ സൂക്ഷിക്കണം.കഠിന ജോലികള്‍ ഒന്നും ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കിയതാണ്. ഏട്ടന്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ് ആരോടും ഒന്നും പറയാതെ എല്ലാം മറച്ചു വെച്ച് കഠിന ജോലികള്‍ ചെയ്തതെന്ന്” പറഞ്ഞു അവന്‍ പൊട്ടിക്കരഞ്ഞപ്പോള്‍ നിയന്ത്രണം വിടാതിരിക്കാന്‍ ഞാന്‍ പാട് പെടുകയായിരുന്നു.

ബോഡി നാട്ടിലയക്കാനുള്ള പേപ്പറുകള്‍ എല്ലാം ശരിയാക്കി മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ആംബുലന്‍സിലേക്ക് എടുത്തു വെക്കുമ്പോള്‍ പറയാതെ പോയ നൂറു നൂറു കാര്യങ്ങള്‍ ഒളിപ്പിച്ചു വെച്ച് ഭാസ്കരേട്ടന്‍ ഉറങ്ങുകയാണെന്നു മനസ്സ് പറഞ്ഞു….പ്രിയമോളുടെ കാര്യം ….പലപ്പോഴും അര്‍ദ്ധോക്തിയില്‍ നിറുത്തിയ ആ വാക്കുകള്‍ മൌനമായി വീണ്ടും വീണ്ടും എന്നോട് ഉണര്‍ത്തുന്ന പോലെ………

ആറു വര്‍ഷത്തിനു ശേഷം പണി തീരാത്ത വീട്ടിലേക്കു ഭാസ്കരേട്ടന്റെ ചേതനയറ്റ ശരീരം കയറിചെല്ലുംപോള്‍ എല്ലാ വേദനകളില്‍ നിന്നും മുക്തമായി ശാശ്വതമായി സ്വസ്ഥമായുറങ്ങാനുള്ള വീട് വീട്ടു വളപ്പില്‍ തയ്യാറായിരുന്നു… എല്ലാ പണികളും പൂര്‍ത്തിയായ വീട്.

Share.

About Author

145q, 0.619s