Leaderboard Ad

മഞ്ചേരി മെഡിക്കല്‍ കോളേജ്: ഗ്രൂപ്പ് പോരില്‍ മുങ്ങിപ്പോയ ജനകീയ സ്വപ്നം

0

1942ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്‌ 20 കിടക്കകള്‍ ഉള്ള ഒരു ആശുപത്രി മഞ്ചേരിയില്‍ സ്ഥാപിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം 250കിടക്കകള്‍ ഉള്ള താലുക്ക് ആശുപത്രിയാക്കി. 1969ല്‍ ജില്ല രൂപികരിച്ചപ്പോള്‍ 318 കിടക്കകള്‍ ഉള്ള ജില്ല ആരോഗ്യകേ ന്ദ്രമായി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് 501 കിടക്കകള്‍ അനുവദിച്ചത്. അനുവദിച്ച കിടക്കകളുടെ ഇരട്ടി രോഗികള്‍ ഇവിടെ കിടത്തി ചികിത്സിക്കുന്നു.Manjeri Medical college
പ്രതിദിനം 2700ല്‍ പരം രോഗികള്‍ ചികിത്സ തേടി എത്തുന്ന മഞ്ചേരിയില്‍ മതിയായ സൗകര്യമില്ലായ്മ, ഡോക്ടര്‍മാരുടെ കുറവ്, പ്രാഥമിക സൗകര്യങ്ങളുടെ കുറവ് എന്നിവ പ്രധാന പ്രശ്നങ്ങള്‍ ആയിരുന്നു. ഇതിനു പരിഹാരമായിട്ടാണ് 1992ല്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അനുവദിച്ചത്. ഒരു കോടി അറുപത്തിഎട്ട് ലക്ഷത്തി അന്‍പതിനായിരം രൂപയായിരുന്നു എസ്റ്റിമേയ്റ്റ് തുക. ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം 2010ല്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാവുമ്പോള്‍ ചിലവായത് പത്തരകോടി രൂപയാണ്. അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രികെട്ടിടത്തിലാണ് ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനത്തിന്‍റെ കൂടെ മറ്റു ജില്ലകളില്‍ അനുവദിച്ച അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രികള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യം മറക്കരുത്.
ജില്ല ആശുപത്രിയുടെ അസൗകര്യങ്ങള്‍ കണക്കിലെടുത്ത് ജില്ല പഞ്ചായത്ത്‌ മുന്‍കൈ എടുത്ത് “ജില്ലആശുപത്രി ജനകീയ വികസന പദ്ധതി” രൂപം നല്‍കിയത്. 17 കോടിയുടെ എസ്റ്റിമേയ്റ്റ് ആദ്യം പ്രഖ്യാപിച്ചു. ജനങ്ങളുടെ ആവേശം കണ്ടപ്പോള്‍ 20കോടി ലക്ഷ്യമാക്കി പിരിവു തുടങ്ങി. ഒടുവില്‍ 10,36,13564.55 രൂപ വരവും 9,61,07430 രൂപ ചിലവും വന്നതായുള്ള കണക്കില്‍ ജനകീയബ്ലോക്ക് യാഥാര്‍ത്ഥ്യമായി. 5നില കെട്ടിടം ഉയര്‍ന്നപ്പോള്‍, അതിലേക്കുള്ള ജീവനക്കാരെ എങ്ങനെ നിയമിക്കുമെന്ന ചോദ്യം ഉയര്‍ന്നു. ആശുപത്രിക്ക് ചുറ്റും റോഡിനു അഭിമുഖമായി ഷോപ്പിംഗ്‌ കോമ്പ്ലെക്സ്‌ നിര്‍മ്മിച്ച്‌ ശമ്പളവും മറ്റു സൗകര്യങ്ങളും ഒരുക്കുമെന്ന് ജില്ല പഞ്ചായത്ത്ക്കാര്‍ മറുപടി പറഞ്ഞിരുന്നു. നയന മനോഹരമായ പൂന്തോട്ടം, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയവയെല്ലാം പഴയപത്രതാളുകളില്‍ ഒതുങ്ങി.
ജനകീയ ബ്ളോക്കിന്‍റെ ഉദ്ഘാടനം അതിഗംഭീരമായി നടന്നു. ജില്ല ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി കൊണ്ടുള്ള പ്രഖ്യാപനവും നടന്നു. പ്രസ്തുത ആതുരാലയം ബഹുമാനപ്പെട്ട പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മാരകമായും അന്നത്തെ LDF സര്‍ക്കാരിന്‍റെ ആരോഗ്യവകുപ്പ് മന്ത്രി ആയിരുന്ന P K ശ്രീമതി ടീച്ചര്‍ പ്രഖ്യാപിച്ചു.

Manjeri Medical Collegeജനറല്‍ ആശുപത്രി മഞ്ചേരി വന്നത് ചില നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ക്ക് രുചിച്ചിരുന്നില്ല. അവര്‍ നിലവിലുള്ള ആശുപത്രിയുടെ സ്ഥിതിവിവരകണക്കുകള്‍ യഥാസമയം ഹെഡ് ഓഫീസിലേക്ക് അയച്ചു കൊടുത്തില്ല. പരമാവധി വച്ച് താമസിപ്പിച്ചു. അതുകൊണ്ട് തന്നെ ജനറല്‍ ആശുപത്രിയുടെ രേഖകള്‍ ശരിയാവാത്തത് കൊണ്ട് ജീവനക്കാരെ മാറ്റുന്നതിന് കഴിഞ്ഞില്ല. ജനറല്‍ ആശുപത്രി എന്ന പേരല്ലാതെ ജനങള്‍ക്ക് മറ്റു സൗകര്യങ്ങള്‍ ഉണ്ടാക്കാനായില്ല. ഈ കാര്യത്തില്‍ പ്രതിഷേധം ഉള്ളവരുടെ വോട്ട് വാങ്ങി അധികാരത്തില്‍ വന്ന UDF സര്‍ക്കാരും ജനപ്രതിനിധികളും മഞ്ചേരി ജനറല്‍ ആശുപത്രിക്ക് ആവശ്യമായ ഡോക്ടര്‍മാരേയോ മരുന്നോ മറ്റു ജീവനക്കരെയോ എത്തിക്കുന്നതില്‍ താല്പര്യമേ കാണിച്ചില്ല. ചികിത്സ കാര്യത്തില്‍ UDF കാണിക്കുന്ന വീഴ്ചക്കെതിരെ പരക്കെ പരാതി ഉയര്‍ന്നപ്പോള്‍ ആണ് 2010ല്‍ മെഡിക്കല്‍ കൌണ്‍സില്‍ മെഡിക്കല്‍കോളേജുകള്‍ തുടങ്ങുന്നതിലുള്ള ചട്ടങ്ങളില്‍ ഇളവു വരുത്തിയത്. UPA സര്‍ക്കാരിന്‍റെ പൊതു സ്വകാര്യ പങ്കാളിത്തനയവും (PPP) കൂടിയായപ്പോള്‍ കച്ചവടകണ്ണുള്ള UDF സര്‍ക്കാര്‍ 26% സര്‍ക്കാര്‍ വിഹിതവും 25% പൊതുമേഖലപങ്കാളിത്തവും 49% സ്വകാര്യപങ്കാളിത്തവുമെന്ന സിയാല്‍ മോഡല്‍ നീക്കം നടത്തിയത്.
മഞ്ചേരിയില്‍ ലക്ഷങ്ങള്‍ വിലയുള്ള ഇരുപത് ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളും പ്രതേക ട്രസ്റ്റിനു കൈമാറി കഴിഞ്ഞാല്‍ , മെഡിക്കല്‍ കോളേജില്‍ നിന്ന് 50% സീറ്റ് മാത്രമേ മെരിറ്റ് ക്വോട്ടയില്‍ ലഭിക്കു. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനം ആയാല്‍ 100% മെറിറ്റ്‌ സീറ്റും സംവരണം, ഫീസ്‌ ഇളവ്, സ്റ്റയിപ്പന്റ്റ് എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുമെന്ന് മനസിലാക്കിയവരെല്ലാം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് മതിയെന്ന് ആവശ്യപ്പെട്ടു. ഇതോടെ ജനകീയ ആവശ്യത്തിനു മുമ്പില്‍ അധികാരികള്‍ മുട്ട് മടക്കി.

manjeri Medical College

Powered by: Fotopedia

മെഡിക്കല്‍ കോളേജ് ഉദ്ഘാടനം കെങ്കേമമായി നടന്നു. ജില്ലയിലെ പ്രധാനകക്ഷി വകുപ്പ് മന്ത്രിയെയും സഹപ്രവര്‍ത്തകരെയും നോക്കുക്കുത്തിയാക്കി.
കേരളത്തില്‍ നേരെത്തെ ആരംഭിച്ച മെഡിക്കല്‍ കോളേജുകളെല്ലാം ജില്ല ആശുപത്രികളില്‍ തുടരുകയും 100 എക്കരയിൽ കുറയാത്ത സ്ഥലം കണ്ടെത്തി അവിടെ ക്യാമ്പസ്‌ നിര്‍മ്മിച്ച്‌ അങ്ങോട്ട്‌ മാറുകയുമാണുണ്ടായത്… ഭാവി വികസനം കണ്ടു കൊണ്ടാണ് അവര്‍ മുന്നോട്ടു നീങ്ങിയത്.
മഞ്ചേരിയിലെ സ്ഥിതി പരിശോധിച്ചു നോക്കൂ. നഗരമധ്യത്തില്‍ ഉള്ള ഇരുപതു ഏക്കര്‍ സ്ഥലം. അതില്‍ ജനറല്‍ ആശുപത്രി, നേഴ്സിംഗ് സ്കൂള്‍, മദര്‍ ചൈല്‍ഡ് ആശുപത്രി, ഇവയുടെ പ്രവര്‍ത്തനം ഇല്ലാതാകുന്നു. അനുവദിച്ച 26കോടി രൂപയുടെ സിംഹഭാഗവും ഉപയോഗിച്ച് സെന്റിന് ലക്ഷങ്ങള്‍ വാങ്ങി ഭൂമി വാങ്ങുന്നു. മതിയായ റോഡ്‌ സൗകര്യം ഇല്ല. ഉള്ള റോഡുകള്‍ വീതി കുറഞ്ഞതും. ഭാവിയില്‍ പിജി കോഴ്സുകളും നഴ്സിംഗ് കോളേജും ഡെന്റല്‍ കോളേജും പാരാമെഡിക്കല്‍ കോഴ്സുകളും തുടങ്ങണമെങ്കില്‍ എന്ത് ചെയ്യുമെന്ന ചോദ്യം അവശേഷിക്കുന്നു. മെഡിക്കല്‍ കോളേജ് പൂര്‍ണമായും യധാര്ത്യമാവുമ്പോള്‍ ദ്രവ്യഖര മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ പോലും ഇടം കാണില്ല.
മെഡിക്കല്‍ കോളേജ് പൂര്‍ണമായും യാഥാര്‍ത്ഥ്യമായാൽ 400 വിദ്യാര്‍ഥികളും ഏകദേശം 2500 ജീവനക്കാരും കാണും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാധാരണക്കാരായ രോഗികള്‍ ചികിത്സതേടി എത്തുന്ന കേന്ദ്രമായി മാറും. വാഹനബാഹുല്യം തുടങ്ങിയവ വേറെയും കാണും.
ഇതൊക്കെ പരിഗണിച്ചു നഗരസഭയുടെ ഒരല്‍പം ഉള്ളിലുള്ള പ്രദേശത്ത് 50ഏക്കറില്‍ കുറയാത്ത സ്ഥലം കണ്ടെത്തണം. മഞ്ചേരി മുസിപ്പല്‍ കൌണ്‍സില്‍ അതിനു മുന്‍കൈ എടുക്കണം. വിശാലമായ പാതകളും കുട്ടികള്‍ക്ക് പഠിക്കാനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ലൈബ്രറി, ഗ്രൌണ്ട്, ആശുപത്രി എന്നിവ വേണം. ഭാവി വികസനം വരുമ്പോള്‍ പിജി കോഴ്സുകളും നഴ്സിംഗ് കോളേജും ഡെന്റല്‍ കോളേജും പാരാമെഡിക്കല്‍ കോഴ്സുകളും വരണം. അതിനുള്ള സൗകര്യം ഒരുക്കണം.
നിലവിലുള്ള ജനറല്‍ ആശുപത്രി ശിഹാബ് തങ്ങള്‍ സ്മാരകം ആണ്. അത് നിലനിര്‍ത്തണം. സാധാരണക്കാരന് ഇന്ന് ലഭിക്കുന്ന ചികിത്സ സൗകര്യം നിഷേധിക്കരുത്. കോളേജ് കുട്ടികള്‍ക്ക് പഠിക്കാനും ഗവേഷണം നടത്താനും ഉള്ളതാണ്. ഓരോ രോഗിയും വിദ്യാര്‍ഥികളുടെ നിരീക്ഷണം കഴിഞ്ഞു പറഞ്ഞു വിടുന്നതിനു കൂടുതല്‍ സമയം എടുക്കും. അതുകൊണ്ടാണ് റഫരൽ സംവിധാനം ഏർപ്പെടുത്തിയത് . ഇത് മറച്ചു വച്ച്കൊണ്ടുള്ള പ്രചാരണം രോഗികളും ഡോക്ടര്‍മാറും തമ്മില്ലുള്ള സംഘര്‍ഷതിനെ വഴിവക്കൂ.
കേരളത്തില്‍ ജനസംഖ്യ 3കോടി 30ലക്ഷം ആണെങ്കില്‍ ജില്ലയില്‍ 42 ലക്ഷമാണ്. ജനസാന്ദ്രത അനുസരിച്ച് ചുരുങ്ങിയ നിരകിലുള്ള ചികിത്സസൌകര്യമില്ല. ഇത് തികഞ്ഞ അവഗണ ആണ്. ഭരണകക്ഷിയിലെ പ്രധാനകക്ഷികള്‍ തമില്ലുള്ള ചേരിപോരാണ്‌ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള പ്രധാന തടസ്സം. ശിഹാബ്തങ്ങള്‍ സ്മാരക ജനറല്‍ ആശുപത്രി ഇല്ലാതാക്കി 17.06.2014നു ഉത്തരവ് ഇറങ്ങിയതും ഇതിന്‍റെ ഭാഗമാണ്.
നിങ്ങളുടെ മൂപ്പിളമതര്‍ക്കം മൂലം കഷ്ട്ടപ്പെടുന്നത് സാധാരണക്കാരായ ജനങ്ങള്‍ ആണ്. ജനഹിതം കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാതെ സ്വന്തം യശസ്സിന് അപ്പുറത്തേക്ക് ചിന്തിക്കാതെ ചാമ്പ്യന്‍പട്ടം അണിഞ്ഞു നടക്കുന്ന വ്യക്തിയും, അദ്ധേഹത്തിന്‍റെ പാര്‍ട്ടിയുമായി ശീതസമരവുമായി നടക്കുന്നവരും ഇതിനു ഉത്തരവാദികള്‍ ആണ്.
ജില്ലക്ക് തുഗ്ളക്കുമാരെ വേണ്ട… ദീര്‍ഘവീക്ഷണമുള്ള ശാസ്ത്രീയമായി കാര്യങ്ങള്‍ വിശ കലനം ചെയ്യാന്‍ കഴിവുള്ളവരെ ആണ് വേണ്ടത്…

Share.

About Author

152q, 0.565s