Leaderboard Ad

മദർ

0
Nerrekha online magazine

Powered by: fotopedia

ട്രെയിൻ ചൂളംകുത്തി നിന്നത് പാദങ്ങളോട് ചേർന്നായിരുന്നു .യാത്രയയക്കാൻ അച്ഛനോടൊപ്പം സിസ്റ്റർ സ്റ്റഫീന മാത്രം .മദറിന്റെ  വിരോധം വാങ്ങാതിരിക്കനാവുംവേറെ ആരും സ്റ്റേഷനിൽ വന്നില്ല .മലയാളത്തിനപ്പുറത്ത് ഒരു സ്ഥലവും  ഭാഷയും അറിയാത്ത ഞാൻ ഏതോ സങ്കര ഭാഷ കേൾക്കാനും പഠിക്കാനുമായി തീവണ്ടിയിൽപായുന്നു .

തീരെ പരിചയമില്ലാത്ത ആദ്യ യാത്ര ,പാലക്കാട്ടെ ഒരു കുഗ്രാമത്തിൽ നിന്നും ഒറീസ്സയിലെ പേരറിയാത്ത ഏതോ ഗ്രാമത്തിലേക്ക് ..ചായ വിൽപ്പനക്കാരുടെ നിലവിളികൾ,അംഗ വൈകല്യം ബാധിച്ചവരുടെ നെഞ്ച് വേദനയാവുന്ന രോദനങ്ങൾ .” ദൈവമേ ..ലോകത്ത് ഇത്രയും  ബഹളങ്ങളോ ..? ”

നേരത്തെ ബുക്ക്‌ ചെയ്തത് കാരണം ബർത്ത് കിട്ടിയിരുന്നു .പിന്നെ മഠത്തിൽ നിന്നാണെന്ന പ്രത്യേക പരിഗണനയും .ട്രെയിൻ നീങ്ങി തുടങ്ങി .പുറത്തെ ബഹളത്തെതീവണ്ടി കൂവി തോൽപ്പിച്ചു .ചായ തരുമ്പോൾ വിരലിൽ അമർത്തി പിടിച്ച കുള്ളന്റെ കണ്ണിൽ നിന്നും മുഖം തിരിച്ചു .അയാൾ ഒറ്റ കൈയ്യൻ ആയിരുന്നോ ..!! ബർത്തിൽആരുമില്ല. മനസ്സിലേക്ക് ഭയം അരിച്ചിറങ്ങി. ഇനി എത്ര ദിവസം വേണ്ടി വരുമോ ആവോ .. ജനലിനോട്‌ കാല് ചേർത്ത് വെച്ച് ബാഗ് നെഞ്ചോട്‌ ചേർത്ത് ഉറങ്ങാതെകിടന്നു.

ലൂർദ് മാതാവ് ഹോസ്പിറ്റലിലെ അറ്റെന്റർക്ക് എന്ത് വരുമാനമാണ് ഉണ്ടാവുക. ബി എസ് സി നഴ്സിംഗ് കഴിഞ്ഞ് ഒഴിവുകളിൽ കയറുന്നവർക്ക് 3000 വും 4000 വുമാണ്കിട്ടുന്നത്.അത് കൊടുക്കാത്തതിന്റെ തർക്കവിതർക്കങ്ങളും സമരങ്ങളും സമര വീഥിയിൽ മൂന്ന് രാത്രിയിൽ ഉണ്ണാതെ ഉറങ്ങാതെ മഴ കൊണ്ട സഹോദരിമാർ.തനിക്ക് കിട്ടുന്നഒന്നിനും തികയാതെ വരുന്ന നാല് നോട്ടിൽ ഗാന്ധി അപ്പൂപ്പന്റെ പരിഹാസച്ചിരി കാണാം.  കണ്ണീലെ മഴ തോരാതെ പെയ്യുന്നു.

മദർ സുപ്പീരിയറിന്റെ സ്നേഹ വാത്സല്യമാണ് അവിടുത്തെ ഏറ്റവും വലിയ ആനന്ദം. അനിയൻ രഘുവിന്റെ ചികിത്സയുടെ അലച്ചിലിലാണ് മദറിന്റെമുൻപിലെത്തുന്നത്. പിന്നെ ഹോസ്പിറ്റലിലെ പൈസ കൊടുക്കാനാവാതെ നട്ടം തിരിയുമ്പോൾ , അതേ ഹോസ്പിറ്റലിൽ മദർ ആശ്വാസമാകുന്നത്. മദർ സുപ്പീരിയറിന്റെസ്നേഹിക്കുന്ന വാക്കുകളിൽ കർത്താവ്‌ മനസ്സിലെപ്പോഴും ചോര വാർന്നൊലിച്ച് നിന്നിരുന്നു . ആ പാദങ്ങൾക്കടുത്ത് മനസ്സ് എത്താൻ എപ്പോഴും വല്ലാതെ കൊതിച്ചിരുന്നു.എന്നാൽ എല്ലാം തുടക്കത്തിലേ പാഴ് വാക്കായി.രമേശന്റെ എതിർപ്പ് മാനിക്കാം, പക്ഷെ, പുലർത്താനുള്ള ചങ്കുറപ്പ് അവന്റെ കണ്ണിൽ കാണാൻ കഴിഞ്ഞില്ല.യാത്രാദിവസം വാലും തലയും താഴ്ത്തി അവൻ തിരിഞ്ഞു നടന്നു….’ ഭീരു !. സൌകര്യങ്ങളുടെ വാഗ്ദാനങ്ങൾ പട്ടിണിയെ പരിഹസിക്കുന്നതായിരുന്നുവെന്ന് അൾത്താരയിലെഅനുഭവങ്ങളാൽ ബോധ്യമായി.കർത്താവിന്റെ തിരുമുൻപിൽ ചെന്ന് കണ്ണ് നിറഞ്ഞ് പ്രാർത്ഥിക്കാൻ ആനിയായി മാറിയിട്ടും അശ്വതിക്കായില്ല.

Nerekha online magazine

Powered by: Fotofolia

അൾത്താരയിലെ നടുത്തളത്തിലെത്തി കർത്താവിനെ നമിക്കാനൊ താഴ്ന്ന ജാതിയിൽ നിന്നും മാറി വന്ന ഒരാൾക്കും ആവില്ലെന്ന് പള്ളിയിലെ ത്രേസ്യ ചേട്ടത്തി കണ്ണ് തുടച്ച്കെട്ടിപ്പിടിച്ച് പറഞ്ഞു. “പള്ളിയിലെ ഈ ചായ്പ്പ് നമ്മൾ പുത്തങ്കൂട്ടുകാർക്കുള്ളതാ..മോളെ..നീ ഇവിടെയിരുന്ന് നല്ല വണ്ണം പ്രാർത്ഥിച്ചോളൂ.”

രമേശന്റെ മണവാട്ടിയാവാൻ ആഗ്രഹിച്ച്, പ്രാർത്ഥിച്ച് അവസാനം ക്രിസ്തുവിന്റെ മണവാട്ടിയായി ഒറീസയിലേക്ക്.!!

ഇനിയുമൊരു മോഹനവാഗ്ദാനത്തിൽ പെടണോ.?’ ,എന്നിരുന്നാലും ഒരാളെ പോലും കല്യാണം കഴിക്കാതെ കർത്താവിന്റെ ഒരായിരം കന്യകമാരിൽ ഒരാളാവുക,മദർസുപ്പീരിയർ മനസ്സിൽ സ്നേഹമായി വന്നു നിന്നു. ട്രെയിൻ ഭുവനേശ്വറിലെത്തി.അതേ ,ലോകത്ത് ഇവിടെയാണെന്ന് തോനുന്നു കൂടുതൽ ബഹളം.അതും ഒന്നുംമനസ്സിലാവാത്തത്.

അവിടെ നിന്ന്‌ ജീപ്പിൽ

ഫുൽബാനി ജില്ലയിലെ ബ്രഹ്മാണിഗോണ്‍ പട്ടണത്തിലാണ് മഠം.മഠം എന്നതിനേക്കാൾ ഒരു തീവണ്ടി നീളത്തിലുള്ള ടെന്റ്.അതിനോട് ചേർന്ന് പുൽക്കൂടും ഒരു ചെറിയപള്ളിയും ചേർന്ന് നിൽക്കുന്ന തൊഴുത്തിൽ അടുത്തെന്നോ പ്രസവിച്ച പശു കിടാവിനെ നക്കി തലോടുന്നു.

എലിയാമ്മചേട്ടത്തിയും സിസ്റ്റർ ട്രീസയും പിന്നെ മെലിഞ്ഞ് കർത്താവിന്റെ മുഖമുള്ള ആദിവാസി പയ്യൻ മുന്നയും. അവൻ ആദിവാസിയാണ്‌ എന്ന് സിസ്റ്റർ പിന്നെയെന്നോ പറഞ്ഞറിഞ്ഞതായിരുന്നു.

അവനെയും അമ്മ എന്നോ പുൽക്കൂട്ടിൽ പ്രസവിച്ചത്. ആരായിരുന്നു മുന്നയുടെ അച്ഛൻ എന്ന് ആ അമ്മയ്ക്കും അറിവില്ലായിരുന്നു. മതപരിവർത്തനത്തിന്റെ രതി സൌഹൃദങ്ങൾ. വയറു നിറയാനും, നല്ല ഉടുപ്പിനും കീഴ്പ്പെടുന്നവർ.

ഒറീസയിലെ ആദിവാസികൾ ഒരു നേരത്തിനു പോലും അന്നത്തിനു വകയില്ലാത്തവർ, തമ്പ്രാന്മാർക്ക് മുൻപിൽ ഓച്ചാനിച്ചൂ നിൽക്കുന്നവർ.

ദൈവമേ എന്റെതോന്നും ഒരു ബുദ്ധിമുട്ടായി തോന്നുന്നില്ല. ഉറങ്ങാൻ കൂരയില്ലാത്തവർ, ഉടുക്കാൻ വസ്ത്രമില്ലാത്തവർ, ഉണ്ണാൻ അന്നമില്ലാത്തവർ, കൂടെ പേടിപ്പെടുത്തുന്ന കാടും കാട്ട്മൃഗങ്ങളും. ഇവരെ എങ്ങനെ പുനരുദ്ധരിക്കും എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

Nerrekha online Online

Powered by: Fotopedia

അൾത്താരയിൽ നിന്ന് പ്രാർത്ഥന കേൾക്കാം…

“വഴിയും സത്യവും ജീവനുമായ“ പ്രിയമുള്ള രക്ഷകനായ യേശുവിൽ നിന്നാണ് എന്റെ മുടങ്ങാത്ത പ്രാർത്ഥന കർത്താവേ എനിക്കായി നിന്റെ വഴി കാട്ടേണമേ…”

കർത്താവേ എനിക്കായി എന്റെ വഴി കാട്ടേണമേ..

വിളക്കണച്ചു. എല്ലാവരും ഉറക്കത്തിലേക്ക് ഊളിയിടുന്നു. അവളുടെ ചിന്തകൾ മുറിയിൽ അലഞ്ഞു തിരിഞ്ഞു. മനസ്സ് കാർമേഘം പോലെ ഇരുളുകയും, മദർസുപ്പീരിയറിന്റെ ചിരി മനസ്സിൽ വെളിച്ചത്തിന്റെ മിന്നലാട്ടമാവുകയും ചെയ്തു.

കർത്താവിനെ ധ്യാനിക്കാൻ ശ്രമിച്ചു.. എന്തോ മുന്നയുടെ മുഖമാണ്, വഴി തെറ്റിയോ.. തെറിച്ചോ മനസ്സിൽ കടന്നുവരുന്നത്‌..

അടുക്കളയിലെ മണ്ണെണ്ണ  വിളക്കിൽ ഈയാമ്പാറ്റകൾ കരിഞ്ഞു തിരി കേട്ടപ്പോൾ ആരുടെയോ കൈ തന്റെ നഞ്ചിൽ തട്ടിയിട്ടില്ലായിരുന്നോ? അടുക്കളയിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ മുന്ന നോക്കിയിരുന്നത് തന്റെ പിന്ചലനങ്ങളെയല്ലേ..?

 

ആവോ.. കർത്താവേ.. എന്റെ പ്രാർത്ഥന കേൾക്കണമേ..!!

നേരം ഉണരുകയാണ്.. പ്രകാശത്തെ നോക്കി മനസ്സിനെ പ്രാകി. ഇത്ര നേരത്തെ സൂര്യനുദിച്ചുവോ?

കലഹിക്കുന്ന കിളികളും നേരത്തെയുണർന്നെന്ന് തോന്നുന്നു. കർത്താവിന്റെ ചോര വാർന്നൊലിക്കുന്ന പുഞ്ചിരി അവളെ ഉന്മേഷവതിയാക്കി.

ഇനി ആദിവാസി കുടിലുകളിലേക്ക്. വൈക്കോൽ കൂനകളിലേക്ക്.. മഞ്ഞു നിറഞ്ഞ കാട്ടിലൂടെയുള്ള യാത്രകളിൽ പലപ്പോഴും മുന്ന വെളിച്ചമായി.. ഞാൻ കർത്താവിനെ കണ്ടു തുടങ്ങിയോ..? എന്റെ കന്യകയിൽ ചലനങ്ങളായോ ആ യാത്രകൾ..?

കർത്താവേ എനിക്ക് വഴി തെറ്റുകയാണോ..?

സിസ്റ്റർ ട്രീസയുടെ കാലാവധി തീരുകയാണ്. വൈദികരുടെയും അന്തേവാസികളുടെയും സ്നേഹം ചാർത്തിയ യാത്ര പറച്ചിലുകൾ. ഇനി തന്റെ ഊഴം.. ‘കർത്താവേ ..?’

വഴങ്ങാത്ത ഭാഷയിൽ ഇവരിൽ എങ്ങനെ എന്റെ സ്നേഹം കാണിക്കാനാകും? ആംഗ്യങ്ങൾ കൊണ്ട് എത്രകാലം പിടിച്ചു നിൽക്കാനാവും?. രാത്രിയിൽ ഏലിയാമ്മ ചേട്ടത്തിയും, പകലുകളിൽ മുന്നയും എന്റെ വൈക്കോൽ തുരുമ്പായി..

വാരാന്ത്യ ചന്തയിലേക്ക് പോകാൻ എന്നുമൊരു ആവേശമായിരുന്നു. മുല്ലപ്പൂ കാണാം.. കയ്യിലെടുത്തു തുളസിമാല മണപ്പിക്കാം.. കുങ്കുമത്തിന്റെയും ഭസ്മതിന്റെയും മണംവരുന്ന അമ്പല പരിസരം മനസ്സിൽ എപ്പോഴും ഒരു നോവായി നിന്നു.

അടുത്ത ആഴ്ച ദുർഗാപൂജയാണ്. അണിഞ്ഞൊരുങ്ങിയ പെണ്‍കുട്ടികളെ, കണ്ണന്റെ രൂപമണിഞ്ഞ കുട്ടികളെ.. ആർത്ത് വിളിച്ചു ഉല്ലസിക്കുന്ന നാട്ടുകാരെ കാണാം, കാവി തോരണങ്ങളും കുരുത്തോലയും ആലിലകളും നിറഞ്ഞ ഗ്രാമം. കുറേക്കൂടി സുന്ദരിയായിരിക്കുന്നു. അന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ചന്തയിൽ വരുന്നതും കച്ചവടം കൂടുന്നതും മഠവും അതിനോടനുബന്ധമായും ധാരാളം കടകൾ ചന്തയിലുണ്ട്. ദുർഗാ പൂജയ്ക്ക് നിർബന്ധമായും കടകൾ അടക്കാൻ ഗ്രാമ മുഖ്യനായ ഏതോ സ്വാമി പറഞ്ഞെന്നു കേട്ടിരുന്നു.. പിന്നെ തർക്കമായി, അതൊരു ലഹളയായി. സ്വാമിയെ ആരോ ആക്രമിച്ചുവത്രേ.. കലാപം ആരംഭിക്കുകയായി. കാണുന്നവരൊക്കെ അക്രമത്തിനിരയായി. ആർത്തനാദങ്ങൾ മരണ നിലവിളികളായി. ടെന്റും മഠവും കത്തിത്തുടങ്ങി.

ജീവനുകൊണ്ടൊരു പാച്ചിൽ, അൽത്താരക്ക് പിറകിൽ പുൽക്കൂട്ടിലേക്ക് ആരോ തന്നെ വലിച്ചിട്ടു.. മുന്ന ആയാളെന്നെ പുല്ലുകൾ കൊണ്ട് മൂടി കൂടെ മുന്നയും പുല്ലണിഞ്ഞ് കിടന്നു, കാലടിശബ്ദങ്ങളെ ഭയന്ന് അമർന്നു കിടന്നു.. കരച്ചിലൊക്കെ നേർത്ത ഞെരുക്കങ്ങളായി. അവൻ ശയിച്ച തുണി കീറി പരന്ന് കിടന്നിരുന്നു അവന്റെ ഗന്ധവും അവന്റെ സാമീപ്യവും ക്രിസ്തുമസ് രാവിലെ നക്ഷത്രത്തിളക്കം പോലെ തീവ്രമായി ജ്വലിച്ച് നിന്നിരുന്നു. ഏലിയാമ്മ ചേട്ടത്തിയുടെ ചലനമറ്റ കണ്ണിലേക്കു ഒരിക്കലെ നോക്കാനായുള്ളൂ.

ഞാൻ പോരാൻമടിച്ചിരുന്നോ.? പോലീസുകാരുടെയും വൈദികരുടെയും മുന്നിൽ എങ്ങലടിക്കുമ്പോഴും ഞാൻ വരാൻ മടിച്ചിരുന്നുവോ.?

തകർന്നുപോയ അൾത്താരക്കു പുറകിലെ പുൽത്തൊഴുത്തിൽ കിടാവിന്റെ ദീനരോദനം കേട്ടുവോ..?

തിരിച്ചു വീണ്ടും നിശ്ശബ്‌ദമായ യാത്ര. കൂടെ ആരൊക്കെയോ.. വേഷത്തിലും, വേഷമില്ലാതെയും പോലീസുകാർ.

ആളുകൾ ദയനീയമായി നോക്കിയിരുന്നുവോ? അല്ലെങ്കിലും ആർക്കാണീ ദയ?

മാഠത്തിന്റെ ഇരുമ്പ് ഗേറ്റുകൾ തള്ളിതുറക്കപ്പെട്ടു. കളിചിരികളോടെ പോയ ഞാൻ ഒരു കരച്ചിൽ പോലുമില്ലാതെ തിരിച്ചെത്തിയിരിക്കുന്നു. ടി.വി.യിൽ ഒഡീഷയിലെ ആദിവാസി ഊരുകളിൽ സംഘപരിവാർ ആക്രമത്തെ കുറിച്ചുള്ള വാർത്തകൾ അവതാരിക വായിച്ചു രസിക്കുന്നു. വൈദികരെ പരിക്കേൽപ്പിക്കുകയും കന്യാസ്ത്രീകളെ പോലും ബലാൽസംഗം ചെയ്യുകയും ചെയ്തത്രേ. മുഖംതിരിച്ചു..

Nerrekha online Magazine

Powered by: Fotopedia

മഠത്തിലെ മുഖങ്ങളിൽ ഒരു അനുകമ്പ കാണുന്നുവോ.. മദറിൽ ഒരു പ്രതികാര പഞ്ചിരി പൊടിയുന്നുവോ..

കലണ്ടറിലെ അക്കങ്ങൾ വാഷ്ബേസിനിൽ ചർദ്ദിച്ചു തീർത്തു. മാസം മൂന്നു തികയുന്നു. കൊല്ലാൻ സമ്മതിക്കുകയില്ലെന്ന തന്റെ വാശി മഠത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയോ..

മനസ്സിലൊരു അഭയ മരണചിറകടിച്ചു പറന്നു..

ഇന്ന് രാത്രിയാണ് മഠം തന്ന അന്ത്യശാസനം, നാളെ പുലരി, ഒരാളുടെ മരണം ഉറപ്പിക്കണം.

മനസ്സിലൊരു കുഞ്ഞു പിടഞ്ഞു.. നെഞ്ചിലൊരു അമ്മ പാൽ ചുരത്തിയതുപോലെ. ഇല്ല ഇനി തോൽക്കാനാകില്ല. മരിക്കാനും..

മദർ സുപ്പീരിയറിന്റെ ഫോട്ടോയിൽ ചുംബിച്ചു പുറത്തേക്കിറങ്ങി. ഇരുമ്പ് ഗെറ്റ് നിരങ്ങാതെ തന്നെ നീങ്ങി.

കൊച്ചി.. ഭുവനേശ്വർ ട്രെയിൽ കൂവാതെ നിന്നു. നിശബ്ധമായ യാത്ര. ലോകത്തെ ഏറ്റവും നിശ്ശബ്‌ദമായ സ്ഥലം ഇതാവുമോ? റോമിലെ തടവറയിൽ നിന്നും നസ്രത്തിലെ പുൽത്തൊഴുത്തിലെക്കു..

“വഴിയും സത്യവും ജീവനുമായ“ പ്രിയമുള്ള രക്ഷകനായ യേശുവിൽ നിന്നാണ് എന്റെ മുടങ്ങാത്ത പ്രാർത്ഥന കർത്താവേ എനിക്കായി നിന്റെ വഴി കാട്ടേണമേ…”

Share.

About Author

146q, 0.803s