Leaderboard Ad

മനുഷ്യനും ,എഴുത്തുകാരനും , വായനാനുഭവവും മാനുഷിക മൂല്യങ്ങളും

1

      കുഞ്ഞുന്നാളില്‍ അച്ഛന്റെ കൈപിടിച്ച് ഈ ലോകത്തെ നോക്കി കണ്ടു. എന്‍റെ ദൈവം എന്‍റെ അച്ഛന്‍ ആണ് പിന്നെ ബാല്യത്തില്‍ അച്ഛന്‍ വാങ്ങി തരുന്ന പുസ്തകങ്ങള്‍ അതിനായുള്ള കാത്തിരുപ്പ്

ഞാന്‍ നൂറു വരെയും ആയിരം വരെയും എണ്ണി ഒരു സൈക്കിളിന്‍റെ മണി നാദത്തിനായ് കാത്തിരുന്നിട്ടുണ്ട്. ഉച്ചകഴിഞ്ഞ് എത്തിച്ചേരുന്ന ബാലമംഗളം, പൂമ്പാറ്റ, ബാലരമ, പൂമ്പാറ്റ അമര്‍ ചിത്ര കഥ ഇവയ്ക്കായി. പത്രക്കാരന്‍ എത്താന്‍ വൈകിയാല്‍ മനസ്സ് വല്ലാതെ അസ്വസ്വസ്ഥമാകും. ആ നിമിഷത്തിനായി….കിട്ടിയാല്‍ അരമണിക്കൂറിനുള്ളില്‍ എല്ലാം വായിച്ചു തിന്നു തീര്‍ക്കുന്ന വായനയുടെ ആവേശത്തിന്റെ തുടക്കനാളുകള്‍..reading

രാജാവും, യുദ്ധവും, രാജകുമാരനും, രാജകുമാരിയും, കുതിരസവാരിയും എല്ലാം ആയി മനസ്സ് വര്‍ണ്ണങ്ങള്‍ വിടര്‍ത്തിയ ബാല്യം. അതാണ്‌ എന്റെ മനസ്സിന്റെ കിടാ വിളക്ക്. അന്നത്തെ ആ നാളവും ആവേശവും ആണ് ഇന്നും പുസ്തകങ്ങളിലെയ്ക്ക് മനസ്സിനെ കൊണ്ടുപോകുന്ന ശക്തി. അന്നൊക്കെ പദപ്രശ്നങ്ങള്‍ പൂരിപ്പിച്ചു അയക്കുമായിരുന്നു. ആദ്യമായി അയച്ചത് ഒന്നാം സമ്മാനം നേടിയതായി അടുത്ത ലക്കത്തില്‍ കണ്ടു. അന്നാണ് എഴുത്തിന്റെ ആവേശം സിരകളില്‍ ആളിയത്.

ടികറ്റ്ട്ടീവ് നോവല്‍, എം ഡി, തകഴി, കേശവ ദേവ്, പിന്നെ ഏതോ ഒരു വിസ്കി (ഓര്‍മ്മയില്ല. എങ്കിലും അദ്ധേഹത്തിന്റെ കൃതികളും, ചോട്ടാ സാബ്, ബഡാ സാബ്, നൈനിത്താള്‍, മഞ്ഞുറഞ്ഞ് കിടക്കുന്ന തടാകം അങ്ങിനെ ഏതൊക്കെയോ ദേശങ്ങള്‍, കാലാവസ്ഥകള്‍, അഭിസംബോദനകള്‍, പരിഷ്കാരങ്ങള്‍, അങ്ങിനെ പലതും എന്റെ മനസ്സില്‍ പുതിയൊരു ലോകത്തിനു ഭാവന വിടര്‍ത്തി. യക്ഷി കഥകളും, ഗന്ധര്‍വ്വനും ഓക്കെ മനസ്സിനു സാഹസികതയുടെ പരിവേഷം നല്‍കി.

വിദ്യാഭ്യാസത്തിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. പഠിച്ചതിനും അപ്പുറത്തെയ്ക്ക് പോകാന്‍ കഴിയണം. പാഠ്യവിഷയത്തില്‍ ചിന്തന മൂല്യമില്ല എന്ന് കരുതി അത് ഒഴിവാക്കാന്‍ പാടില്ല. പുസ്തകം വായിക്കുന്നത് ഉപലെബ്ധതയുടെ സൌകര്യം മൂലമാണ്. പബ്ലിക്‌ ലൈബ്രറിയില്‍ വരുന്ന പുസ്തകങ്ങള്‍ ആണ് പിന്നീടുള്ള വായനയെ നിശ്ചയിച്ചത്.

മനുഷ്യന്‍ എന്ന സങ്കിര്‍ണ്ണ സമസ്യയെ എങ്ങിനെ അനാവരണം ചെയ്യണം എന്ന് നിശ്ചയമില്ല എങ്കിലും ഞാന്‍ എന്‍റെതായ ഒരു ശ്രമം നടത്തുന്നു. മനുഷ്യനെ മനസ്സിലാക്കാന്‍ കഴിഞ്ഞാലെ എന്‍റെ കാലഘട്ടത്തെ, ഞാന്‍ ജീവിക്കുന്ന സമൂഹത്തെ എനിക്ക് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. അതും എനിക്ക് സമ്മാനിക്കുന്നത് എന്റെ വായനകള്‍ തന്നെ.

മലയാറ്റൂര്‍ രാമകൃഷ്ണന്‍ പറയുന്നു നാം വാക്കുകള്‍ കൊണ്ട് ചെപ്പടി വിദ്യ കാണിക്കുന്നവര്‍ ആണെന്ന്. വൃണങ്ങള്‍ വര്‍ണ്ണ കടലാസ്സുകൊണ്ട് പൊതിയുവാനാണ് നമുക്ക് ആഗ്രഹം എന്ന്. മലയാറ്റൂര്‍ – ഭൂമിശാസ്ത്രപരമായ ഒരു പേരിനേക്കാള്‍ ഏറെ ചരിത്രപരമായ ഒരു സംഭവം തന്നെ ആണ് അദ്ദേഹം. ആഖ്യായികാ കാരനും ഹാസ്യ ചിത്രകാരനും എന്ന നിലയില്‍ സഹൃദയ കേരളം ബഹുമാനിക്കുന്ന അദ്ദേഹം വലിയൊരു വായനക്കാരന്‍ കൂടിയാണ്.

കൊടും ക്രുരനെന്നു വിധിക്കപ്പെട്ടവന്‍ ഒരിക്കല്‍ മൃദുല ഹൃദയം തുറന്നു കാണിച്ചു നമ്മെ അമ്പരപ്പിക്കുന്നു. നന്മ്മയുടെ നിറകുടമായി വിശേഷിപ്പിക്കപ്പെട്ടവന്‍ ഭീകരതയുടെ ദംഷ്ട്രങ്ങള്‍ അപ്രതീക്ഷിതമായി പുറത്തു കാണിക്കുന്നു. മനുഷ്യന്‍ എന്ന നിത്യാത്ഭുതത്തെ പറ്റി ചിന്തിച്ചു നാം അസ്വസ്ഥരാകുന്നു. സമൂഹത്തിലെ വിവിധ തുറകളിലുള്ള മനുഷ്യരെ മനസ്സിലാക്കിയതും, അവരെ കുറിച്ച് ഒരു അവബോധം തന്നതും ‘മ’ പ്രസിദ്ധീകരണങ്ങള്‍ ആണ്. ഏഴാം ക്ലാസ്സ്‌ മുതല്‍ മംഗളം, മനോരമ, ദീപിക, പൌരധ്വനി, സഖി, കന്യക ഇവയൊക്കെ ക്ലാസ് റൂമില്‍ ഇരുന്ന്‍ പുസ്തകത്തിനിടയില്‍ ഒളിപ്പിച്ചു വായിച്ചു തീര്‍ക്കുമായിരുന്നു. കാരണം ഇവ വരുന്നത് വ്യാഴാഴ്ച ആയതിനാല്‍ വന്ന ഉടനെ ചൂടാറാതെ വായിക്കണമെങ്കില്‍ സ്കൂളിലെ ഉച്ചയൂണ് കഴിഞ്ഞു ഓടി കടയിലെത്തി വാങ്ങണമായിരുന്നു. അവ കിട്ടുമ്പോഴേക്കും ബെല്ലടിക്കും. പിന്നെ പുസ്തകത്തില്‍ ഒളിപ്പിച്ചു ശ്വാസം വിടാതെയും അധ്യാപകരെ പേടിച്ചും വായിച്ചു തീര്‍ക്കും.

ചിത്രഭൂമി, കുംങ്കുമം, നാന എന്നിവ അമ്മാവന്‍ വരുമ്പോള്‍ കൊണ്ടുവരും. അമ്മാവന്‍ എന്റെ വീട്ടില്‍ ഇരുന്നാവും എല്ലാം മറി ച്ചു നോക്കുക. അതിലൂടെ സിനിമാലോകത്തെ അടുത്തറിഞ്ഞു.

മാത്രുഭൂമി, മലയാളം, കേരള കൌമതി, ചിന്ത, രാഷ്ട്ര ദീപിക, ഭാക്ഷാ പോഷിണി ഇവയിലൂടെ സാഹിത്യകാരന്മാരെയും, അവരുടെ മനസ്സിന്റെ ചിന്താ സരണിയെയും ബോധ്യപ്പെട്ടു. ഭാക്ഷാ പോഷിണി എന്നെ കൂടുതല്‍ സ്പര്‍ശിച്ച ഒരു വായനാ അനുഭൂതി ആയിരുന്നു. ഓരോ എഴുത്തുകാരും, ലേഖനങ്ങളും എന്റെ ചിന്തകള്‍ക്ക് പുതിയൊരു മാനം നല്‍കി. ഒന്‍പതാം ക്ലാസ്സ്‌ ആയപ്പോഴേക്കും “മ” പ്രസിദ്ധീകരണങ്ങളെ വിട്ടകലാനും, വേറിട്ട ചിന്താ സരണികള്‍ കണ്ടെത്താനും മനസ്സ് വെഗ്രമായി. പത്താം ക്ലാസ്സ്‌ കഴിഞ്ഞതോടെ മനസ്സില്‍ കവിതകള്‍ വിരിയാന്‍ തുടങ്ങി. എന്തോ ഒരു മൂകതയും വേദനയും മനസ്സിനെ ഭരിക്കാന്‍ തുടങ്ങി. എഴുതിയവ ഒക്കെയും സൂക്ഷിച്ചു വച്ചുകൊണ്ട് ഏകാന്തമായ ഒരു പാതയിലൂടെ മനസ്സ് ചലിച്ചു തുടങ്ങി. അങ്ങിനെ എഴുതി കൂട്ടിയതോക്കെയും വിവാഹാനന്തരം സൂക്ഷിക്കാനോ, നോക്കാനോ മിനക്കെടാതെ സങ്കര്‍ഷതിന്റെ പുതിയൊരു ലോകത്തിലേയ്ക്ക് പ്രവേശിച്ചു.

പരീക്ഷണ ശാലയില്‍ ശരീരത്തെ കീറിമുറിച്ചു നോക്കിയാല്‍ മാനുഷീകമായ അപൂര്‍ണ്ണതകളെ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. ആ മനസ്സിനോട് താദാത്മ്യം പ്രാപിച്ചു അന്വേഷണം നടത്തിയാലെ കുറെയെങ്കിലും അറിയാന്‍ സാധിക്കു എന്ന് അനുഭവം എന്നെ ഓര്‍മ്മിപ്പിക്കുന്നു. പലരുടെയും ജീവിതവും, ജീവിതാനുഭവങ്ങളും ആണ് ഓരോ കൃതികളിലും വെളിവാക്കുന്നത്.

സ്നേഹത്തിന്റെ തീര്‍ത്ഥാടനങ്ങള്‍ ആണ് മാധവികുട്ടിയുടെ കഥകള്‍. സ്നേഹ സായുജ്യത്തിലൂടെയും സ്നേഹ രാഹിത്യത്തിലൂടെയും അവ ആവിഷ്കാരങ്ങള്‍ തേടുന്നു. അച്ഛനും അമ്മയും മക്കളും ഭാര്യയും ഭര്‍ത്താവും കാമുകനും കാമുകിയും സ്നേഹത്തിന്റെ നാനാര്‍ത്ഥങ്ങളിലൂടെ കടന്നു പോകുന്നതായി നമുക്ക് അവരുടെ കൃതികളില്‍ നിന്ന് ദര്‍ശിക്കുവാന്‍ കഴിയുന്നു.

തിരിഞ്ഞു നോക്കിയാല്‍ ഒരല്‍പം കൃഷിസ്ഥലം പാട്ടത്തിനു കിട്ടിയ ഒരു ചെറിയ കൃഷിക്കാരന്‍ മാത്രമാണ് ഒരു എഴുത്തുകാരന്‍ എന്ന് എനിക്ക് ബോധ്യമാകുന്നു. പരിമിതമായ ആ സ്ഥലത്ത് അയാള്‍ ഇറക്കുന്ന കൃഷിയുടെ ഫലം അനുഭവിക്കുന്നവര്‍ ആണ് നമ്മള്‍…. വായനക്കാര്‍.. ലോകത്തിന്‍റെ പലഭാഗത്തുമുണ്ടായ മഹത്തായ സാഹിത്യങ്ങളുമായി പരിചയപ്പെടാന്‍ അയാള്‍ എന്നും ശ്രമിക്കേണ്ടതുണ്ട്. സ്വന്തം മനസ്സിന്‍റെ അതിരുകളും വരമ്പുകളും നിശ്ചയിക്കേണ്ടത് അവനവന്‍ തന്നെയാണ് എന്ന കാര്യം വായനക്കാരനും മറക്കാന്‍ പാടില്ല.

ഒ ചന്തുമേനോന്‍റെ കൃതികളില്‍ വാക്കുകളുടെ ഉച്ചാരണാ ഭേദങ്ങള്‍ കൊണ്ടും ഭാവം കൊണ്ടും കഥയുടെ സാരം ഗ്രഹിക്കുവാന്‍ കഴിയുന്നു. എഴുത്തിന്റെ ചാതുര്യം ആണ് നമ്മെ രസിപ്പിക്കുന്നത്. ഇത്രയധികം പുസ്തകങ്ങള്‍ ഈ വിധം കഥകളെ കൊണ്ട് നിറയുവാന്‍ അതാണ്‌ കാരണം.

വിപുലവും വ്യത്യസ്തവുമായ അനേകമനേകം സാധ്യതകള്‍ മുന്നില്‍ കണ്ടു കൊണ്ട് മണ്ണിനും കാലാവസ്ഥയ്ക്കും ഇണങ്ങിയ വിത്തുകള്‍ തിരഞ്ഞെടുക്കാന്‍ എഴുത്തുകാരിലെ കൃഷിക്കാരന്‍ കാലാ കാലമായുള്ള നാട്ടറിവ് കഴിവതും പ്രയോജനപ്പെടുത്തണം .

ഭൂമിക്കും സ്വത്തിനും വേണ്ടി അറിവുകള്‍ വില്‍ക്കുന്ന ചില്ലറ കച്ചവടക്കാരകരുത് അവര്‍… … അത്തരക്കാരുടെ കൃതികള്‍ നമ്മുടെ വളര്‍ച്ചയെ മുരടിപ്പിക്കും.

മാധവികുട്ടി പറയുന്നു സ്നേഹം ഇല്ലാതെ എനിക്ക് കവിത ഇല്ല എന്ന്. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖിരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ് എന്ന്. നൈസര്‍ഗ്ഗീകമായ സ്ത്രൈണ ഭാവനകളിലൂടെ മാധവികുട്ടിയുടെ കഥകള്‍ ഇതള്‍ വിരിയുന്നു.

(തുടരും)

Share.

About Author

150q, 0.559s