Leaderboard Ad

മരണാസന്നയായ ഉമ്മാമ

0

   ടുവകത്തെ കസേരയില്‍ ഉറക്കം തൂങ്ങിയിരിക്കുന്ന കുഞ്ഞാമി….കുഞായിഷമ്മായി ഉമ്മാമയുടെ ചെവിയില്‍ ചൊല്ലി കൊടുക്കുന്ന കലിമയും കേട്ട് ഇടയ്ക്കിടെ ഉറക്കത്തിലേക്ക് വേച്ച്‌ പോകുന്നു .

ഉമ്മാമ കലിമ ഏറ്റു ചൊല്ലുന്നുണ്ടോ ?…….കുഞാമിക്ക് അറിയണമെന്നുണ്ട് ……

പക്ഷെ ഉമ്മാമ കിടക്കുന്ന ചന്ദന തിരിയുടെ മണം തങ്ങി നില്‍ക്കുന്ന ആ ഇടുങ്ങിയ മുറിയില്‍ പെണ്മക്കളെ കൊണ്ടും അയല്‍ക്കാരി കളെ കൊണ്ടും നിറഞ്ഞിരിക്കുന്നു .വീശുപാള കൊണ്ട് വീശി ക്കൊടുക്കുവാനും , വായില്‍ ഇളനീര്‍ ഇറ്റിക്കുവാനും ഒക്കെയായി .

ഉമ്മാമാന്റെ മൂത്ത മകനും ,കുടുംമ്പാഗങ്ങള്‍ക്ക് ഏറെ സ്വീകാര്യനുമായ വല്യക്കാക്ക എന്ന് വിളിക്കുന്ന കുടുമ്പത്തിലെ വല്യ കാരണോര്‍ ഇടയ്ക്കു കയറിവന്നു അരിശത്തോടെ പറയും ……………

പെണ്ണുങ്ങളൊക്കെ ഒന്ന് മാറിന്നിന്നാല്‍ ഉമ്മാക്കിത്തിരി കാറ്റ് കിട്ടുമല്ലോ …..

അത് കേള്‍ക്കുമ്പോള്‍ കുറെ പെണ്ണുങ്ങള്‍ അടുക്കളയിലേക്കു ഉള് വലിയും ……

ആ സമയത്ത് കുഞ്ഞാമി വാതിക്കല്‍ നിന്ന് എത്തിനോക്കും .കണ്ണടച്ച് കിടക്കുന്ന ഉമ്മാമയുടെ ചുണ്ടുകള്‍ ചാലിക്കുന്നുണ്ടോ ……..ഉമ്മാമ കലിമ ഏറ്റു ചൊല്ലുന്നുണ്ടോ ?

കലിമ ഏറ്റു ചൊല്ലിയാലെ ഉമ്മാമാക്ക് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ കഴിയൂ ? കുഞ്ഞാമി സങ്കടത്തോടെ ഓര്‍ത്തു .

ഇടയ്ക്കു കുഞായിഷമ്മയി കുഞാമിയെ ഉമ്മാമയുടെ അടുത്തേക്ക് കൂട്ടിയിരുത്തും .എന്നിട്ട് സക്കറാ ത്തിന്‍റെ ഹാലില്‍ കിടക്കുന്ന ഉമ്മാമയോടെ ചെവിയോടു ചേര്‍ത്ത് ചോദിക്കും ………….ഉമ്മാ കുഞ്ഞാമി വന്നുക്ക് ……..ഉമ്മാക്ക് കാണണ്ടേ ?

ഒന്നും മിണ്ടാതെ പാതിയടഞ കണ്ണുമായി കിടക്കുന്ന ഉമ്മാമയെ കുഞ്ഞാമി ദയനീയതയോടെ നോക്കി നില്‍ക്കും .

കുഞ്ഞാമി ഉമ്മാമയുടെ പുന്നാര യാണ് .കുഞാമിക്കും അങ്ങിനെ തന്നെ.ഉമ്മാമയെ അവള്‍ക്കു ജീവനാണ് .

ആണായും പെണ്ണായും ഒമ്പത് മക്കളുള്ള ഉമ്മാമാക്ക് മക്കളുടെ മക്കളെയും ,അവരുടെ മക്കളെയും ,കാണാനും താലോലിക്കാനും ഭാഗ്യം ഉണ്ടായിട്ടുണ്ട് .ആ മക്കളില്‍ അവരില്‍ പെണ്‍കുട്ടികളായ ചിലരുടെ വിവാഹത്തിനു പങ്കെടുക്കാന്‍ ഭാഗ്യവും ഉണ്ടായിട്ടുണ്ട് .അപ്പോള്‍ കുഞ്ഞാമി എന്ന് വിളിക്കുന്ന കുഞ്ഞാമിന …….ഉമ്മാമയുടെ മൂന്നാമത്തെ മകളുടെ മകളാണ് .

വീട്ടിന്റെ ഉമ്മറത്ത്‌ വല്യക്കാക്കയടക്കം അയല്‍ക്കാരായ ആണുങ്ങള്‍ നാട്ടു കാര്യങ്ങളില്‍ പറഞ്ഞു നേരം പോക്കുന്നു .അയല്‍ക്കാരനും പള്ളിയിലെ മുക്രിയും ,പള്ളിക്ക് ഒരം ചേര്‍ന്നുള്ള മദ്രസയില്‍ ചെറിയ ക്ലാസിലെ കുട്ടികളെ ,അലിഫും ബാ ഉം ഒക്കെ പഠിപ്പിക്കുന്ന കുഞ്ഞാലി മുയില്യാരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം.

മദ്രസയില്‍ രണ്ടാം തരത്തില്‍ പഠിക്കുന്ന കുഞ്ഞാമിയുടെ ഉസ്താദ് കൂടിയാണ് കുഞ്ഞാലി മുസ്ല്യാര്‍ .ഉസ്താദിന്റെ വലിയ വായിലുള്ള സംസാരം കേട്ടപ്പോഴാണ് കഴിഞ്ഞ ദിവസം ഉസ്താത് പഠിപ്പിക്കുമ്പോള്‍ ഓര്‍മ്മിപ്പിച്ച …..മൌത്ത് ല്‍ മലക്ക് ..അസ്രായീല്‍ അലൈസലാമിന്റെ കാര്യം കുഞ്ഞാമിയുടെ ഓര്‍മയില്‍ എത്തിയത് .

അവള്‍ ഇളനീര്‍ തൊട്ടു കൊടുക്കുന്ന കുഞ്ഞൈഷമ്മായിയോടു ചോദിച്ചു ……….ഉമ്മാമാനെ മരിപ്പിക്കാന്‍ അസ്രായീല്‍ അലയ്സലാം എപ്പെഴാ വരിക ….അമ്മായ്യെ ……….

ഈ കുഞ്ഞു വായില്‍ നിന്നും ഇങ്ങനെ ഒരു ചോദ്യം കുഞായിഷമമായി പ്രതീക്ഷിച്ചിരുന്നില്ല …………..

ഷോക മൂകാവസ്ഥ തളം കെട്ടി നിന്ന ആ മുറിയില്‍ നിന്നും ഒരു ചിരിയുയര്‍ന്നു …….ഒപ്പം ഒരാശങ്കയും …….ഉമ്മാമയെങ്ങാനും കേട്ടുവോ കുഞ്ഞാമിയുടെ ചോദ്യം .

കണ്ണില്‍ ഉറക്കം തത്തിക്കളിക്കുന്ന കുഞാമിയെ അവളുടെ ഉമ്മയെടുത്ത് അടുത്ത മുറിയില്‍ ഉറങ്ങാന്‍ കിടത്തി .അവള്‍ ഉറങ്ങും വരെയും കൂടെ കിടക്കാന്‍ തീരുമാനിച്ചു …….സുഖമില്ലാതെ കിടക്കുന്നവരുടെ മുന്നില്‍ നിന്നും അങ്ങിനെയൊന്നും ചോദിക്കാന്‍ പാടുള്ളതല്ല എന്നും കുഞാമിയെ ഉപദേശിച്ചു .

കുഞാമിക്ക് പക്ഷെ ഉറക്കം വരുന്നില്ല .അവള്‍ ഉരുട്ടില്‍ കണ്ണ് തുറന്നിരുന്നു ചിന്തയി മുഴുകി .ഉമ്മാമ കലിമ ചൊല്ലുന്നുണ്ടോ എന്നറിയണം അവള്‍ക്ക് .കലിമ ചൊല്ലിയില്ലെങ്കില്‍ റൂഹിനെ പിടിക്കാന്‍ വരുന്ന അസ്രായീല്‍ അലൈസലാമിന് ദേഷ്യമാകുമെന്നും ,പിന്നെ ഇരുമ്പിന്റെ കൊളുത്ത് പഞ്ഞിയിലൂടെ വലിക്കുംപോലെ ഉമ്മാമയുടെ റൂഹിനെ അസ്രായീല്‍ (അ) പിടിച്ചു വലിക്കും .ഉമ്മാമ വേദനിച്ചു വേദനിച്ചു മരിക്കും . അവള്‍ ഭയപ്പെട്ടു …….കൂടാതെ ഉമ്മാമാക്ക് സ്വര്‍ഗ്ഗത്തില്‍ പോവാനും പറ്റില്ല .

അവള്‍ക്ക് ഭയമായി ……..അപ്പൊ എന്റെ പോന്നുമ്മാമ ………നരകത്തീ പോവോ ? …..ആ ചിന്ത ചോദ്യമായി മൊഴിഞ്ഞു പോയി .

ന്‍റെ റബ്ബേ………..കുഞ്ഞാമിയുടെ ഉമ്മാക്ക് ദേഷ്യം വന്നു .ആരാ മോളെ മോളോട് ഇതൊക്കെ പറഞ്ഞ് തന്നത് .

കുഞ്ഞായിമ്മുയല്യാര്…………അത് പറയുമ്പോള്‍ കുഞ്ഞാമി വിതുമ്പി പ്പോയി .

മോളെ ഉമ്മാമ കലിമ ചൊല്ലുന്നുണ്ട് ….മോള് കേള്‍ക്കാഞ്ഞിട്ടാ ……. കുഞായിഷമമായി ചൊല്ലിക്കൊടുക്കുംമ്പോ ഉമ്മാമ കേള്‍ക്കും .അപ്പോള്‍ ഉമ്മാമ മനസ്സില്‍ അത് ചൊല്ലുന്നുണ്ടാവും.

അത് കേട്ടപ്പോള്‍ കുഞാമിക്ക് സന്തോഷമായി …..അവള്‍ സ്വയം പറഞ്ഞു …..എന്നാല്‍ ഉറപ്പായിട്ടും ഉമ്മാമ സ്വര്‍ഗ്ഗത്തില്‍ പോകും ………..

മോളെ ഉമ്മാമ മരിച്ചാലല്ലേ സ്വര്‍ഗ്ഗത്തില്‍ പോവൂ ………….ഉമ്മാമ മരിക്കില്ല .ഉമ്മാമാന്റെ സൂക്കേട് മാറ്റിതരാന്‍ മോള് കണ്ണടച്ച് പടച്ചോനോട് പ്രാര്‍ത്ഥിച്ചാല്‍ മതി ………..ഉമ്മാമ മരിച്ചു പോയാല്‍ നമ്മള്‍ക്ക് പിന്നെ ഉമ്മാമ ഉണ്ടാകുമോ ? കല്‍ക്കണ്ടവും വറുത്ത തോടുള്ള നിലക്കടലയും മോള്‍ക്ക്‌ തരാന്‍ ഉമ്മാമ വേണ്ടേ അതുകൊണ്ട് കണ്ണടച്ച് പ്രാര്‍ഥിച്ചോ .കുഞ്ഞാമിയുടെ കുഞ്ഞു മാറത്ത് താരാട്ടിന്റെ താളത്തില്‍ കൈതട്ടി ഉമ്മ പറഞ്ഞു കൊടുത്തു .

കുഞ്ഞാമി ഓര്‍ത്തു …കഴിഞ്ഞ വല്യ പെരുന്നാളിന്നും ഉമ്മാമാക്ക് ഇതുപോലെ ദീനം വന്നിരുന്നു .അന്നും ഉമ്മാമാന്റെ മക്കളും ,മക്കളുടെ മക്കളും ഇവിടെ തറവാട്ടില്‍ ഒത്തു കൂടിയിരുന്നു .അന്നും കുഞായ്ഷ മമായി ഉമ്മാമാക്ക് കലിമ ചൊല്ലിക്കൊടുത്തിരുന്നു. വല്യക്കാക്കയടക്കമുള്ള പുരുഷന്‍ മാര്‍ ഉമ്മറത്ത്‌ ഉറക്കമിളച്ചു കാത്തിരുന്നു .രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ഉമ്മാമയുടെ അസുഖം മാറി .എന്ന് മാത്രമല്ല കൂടുതല്‍ ഊര്‍ജ്ജസ്വലത യോടെ വീട്ടുകാര്യങ്ങള്‍ അന്യേഷിക്കാനും ഒക്ക തുടങ്ങി ………പടിഞ്ഞാറേ കണ്ടത്തിലെ കോമാവ് പൂത്തോ ?………പറങ്കി മാവ് തളിര്‍ത്തോ ? എന്നൊക്കെ .

കശുവണ്ടി മുഴുവന്‍ ഉമ്മാമാക്ക് കാഴ്ച വെക്കണം .കശുമാവിലെ മുഴുവന്‍ അണ്ടിയും കട്ടിലിനടിയില്‍ എത്തിയാല്‍ അത് ചുട്ടു കൊടുക്കണം .തൊണ്ട് കരിച്ച കശുവണ്ടി ചെറിയ ചാക്കിലാക്കി കട്ടിലിനടിയില്‍ ഉമ്മാമ സൂക്ഷിക്കും .കൂടെ കല്‍ക്കണ്ടവും ,തോട് ഇറക്കാത്ത നിലക്കടലയും,പിന്നെ നാടന്‍ കുഴമ്പുകളും അരിഷ്ടങ്ങളും എല്ലാം ഉണ്ടാകും ഉമ്മാമാന്റെ ഈ കട്ടിലിനടിയില്‍ .അത് കൊണ്ട് തന്നെ ഉമ്മാമയുടെ ഇഷ്ടം നേടിയെടുക്കാന്‍ കുഞാമിയടക്കം വീട്ടിലെ കുട്ടികള്‍ മല്‍സരമാണ് .

ഉമ്മമാന്റെ അവസ്ഥയില്‍ കുടുമ്പത്തില്‍ ഒന്നടങ്കം ദുഖമാണെങ്കിലും കുട്ടികള്‍ക്ക് വലിയ ആഹ്ലാദമാണ് .ക്കൂട്ട് കുടുമ്പക്കാര്‍ മുഴുവനായും തറവാട്ടില്‍ ഒത്തുകൂടുന്ന ദിനരാത്രങ്ങള്‍ .ആ സന്തോഷം തിരിച്ചറിയുമ്പോ ഴോക്കെ ………..അവര്‍ ഓര്‍ക്കും ………ചിലര്‍ നെടുവീര്‍പ്പോടെ പറയും

……….ആ …ഉമ്മാമാന്റെ കാലം കഴിയും വരെയുണ്ടാകും ………ഈ ഒത്തു കൂടല്‍ .

ഉമ്മാമയെ കുറിച്ചുള്ള ഓര്‍മകള്‍ ക്കിടയില്‍ കുഞ്ഞാമിയുടെ കുഞ്ഞു മനസ് പ്രാര്‍ഥിക്കുക യായിരുന്നു .ഉമ്മാമയുടെ ദീര്‍ഘായുസ്സിനു വേണ്ടി .ഒടുവിലെപ്പോഴോ അവള്‍ നിദ്രയിലൂടെ ഒരു സ്വപ്നത്തിന്റെ മായാ ലോകത്തിലേക്ക്‌ വഴുതി വീണു .

പിങ്കു നിറമുള്ള നക്ഷത്ര ക്കൂട്ടങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ചുനില്‍ക്കുന്ന ആകാശത്തിന് കീഴെ ഓളങ്ങള്‍ നിലച്ച, പിങ്ക് വര്‍ണ്ണ പൂക്കല്കൊണ്ട് സമൃദ്ധമായ ഒരു തടാകം .നിലാവില്‍ കുളിച്ച .ആ തടാകത്തിന്റെ ഉദ്ദ്യാന സമാനമായ തീരത്ത് നിന്നും തൂവെള്ള വസ്ത്രവും ധരിച്ച് ഉമ്മാമ അവളെ മാടി വിളിക്കുന്നു .

കുഞാമ്യെ ……….ന്ന്.

അവള്‍ ഓടിയടുതപ്പോള്‍ ഉമ്മാമ അവളെ വാരി പ്പുണര്‍ന്നു .ഉമ്മാമയുടെ വെള്ള വസ്ത്രത്തില്‍ നിന്നും ചന്ദന ത്തിരിയുടെ വശ്യമായ സുഖന്ധം , കുഞ്ഞാമിയുടെ കുഞ്ഞു കവിളുകളില്‍ ഉമ്മാമയുടെ പരുക്കന്‍ ചുണ്ടുകള്‍ മുത്തമിട്ടു . ഇടതുകയ്യില്‍ മറച്ചു പിടിച്ച സ്ഫടിക സമാനമായ ഒരു വലിയ കഷ്ണം കല്കണ്ടം ഉമ്മാമ അവള്‍ക്കു നേരെ നീട്ടി .നിലാവിന്റെ പ്രഭ പിങ്കു നക്ഷത്രങ്ങലോടൊപ്പം കല്‍ക്കണ്ടാതിന്റെ പാര്‍ശ്വങ്ങളില്‍ തട്ടി പ്രകാശിക്കുന്നു .ആ പ്രകാശത്തില്‍ കുഞ്ഞാമി ഉമ്മാമയുടെ സന്തോഷം നിറഞ്ഞ പുഞ്ചിരി കണ്ടു മതി മറന്നു .ഇത്രയും സന്തോഷവതിയായി ഉമ്മാമയെ കുഞ്ഞാമി മുമ്പെങ്ങും കണ്ടിട്ടില്ല .ഉമ്മാമയുടെ വെള്ള വസ്ത്രത്തങ്ങള്‍ക്ക് പോലും പിങ്ക് നിറം കൈവന്നിരിക്കുന്നു .അവള്‍ ഉമ്മാമയുടെ കയ്യില്‍ നിന്നും ആ കല്‍ക്കണ്ടം കൈക്കലാക്കി .ഒരു ഐസ് കഷ്ണത്തില്‍ നിന്നെന്നപോലെ കല്‍ക്കന്ടത്തില്‍ നിന്നും മധുരം കുഴമ്പു രൂപത്തില്‍ അവളുടെ കൈകളില്‍ ഒലിച്ചു ഇറങ്ങാന്‍ തുടങ്ങി .കുഞ്ഞാമി ആര്‍ത്തിയോടെ അത് നക്കി ക്കുടിച്ചു .വെണ്‍ മേഘങ്ങള്‍ ആഘാശത്ത് നിന്നും തടാകത്തിന് അക്കരെ താഴ്ന്നിറങ്ങാന്‍ തുടങ്ങിയപ്പോള്‍ പൂക്കളുടെ പരിമളവും പേറി ഒരു ഇളം കാറ്റ് വീശി .ആ കാറ്റ് കുഞ്ഞാമിയുടെ മുടിയിഴകളെ അലസമായി തലോടി ……….

പെടുന്നാനെ നിലാവ് മാഞ്ഞു .കൂരിരുട്ട് മാത്രം ………ഉമ്മാമയെ കാണുന്നില്ല .കല്‍ക്കണ്ടത്തിന്റെ മധുരവും നേര്‍ത്ത് ഇല്ലാതായി ……….കുഞ്ഞാമി ആ ഇരുട്ടില്‍ ഒറ്റക്കായി .അവള്‍ക്ക് ഭയമായി .അവളുടെ കണ്ണുകള്‍ നിറഞ്ഞു ……….ഒരു തേങ്ങലോടെ അവള്‍ നീട്ടി വിളിച്ചു ……….ഉമ്മാമാ ……ഉമ്മാ ……മാ ……

കുഞാമിയെ ഉറക്കാന്‍ കിടത്തിയെങ്കിലും ക്ഷീണവും പരവഷതയും കാരണം അവളുടെ ഉമ്മ അവളെക്കാള്‍ മുമ്പേ ഉറങ്ങിപ്പോയിരുന്നു .ഉറക്കത്തില്‍ കുഞ്ഞാമിയുടെ പിച്ചുംപേയും കേട്ടാണ് അവളുടെ ഉമ്മ ഉണര്‍ന്നത് .

എന്താമോളെ …….മോള് ഉറങ്ങിയില്ലേ ……….

ഉമ്മാമ പോയി ….അവള്‍ വിതുമ്പി ക്കൊണ്ട് പറഞ്ഞു …….മോളെ തനിച്ചാക്കി ഉമ്മാമ പോയി ……….. പുഴയിലെ വെള്ളത്തിന്‌ മുകളിലൂടെ ഉമ്മാമ നടന്നു പോയി ………….ഇരുട്ടിലൂടെ നടന്നു പോയി …… ന്റെ റബ്ബേ ………..ഓരോന്ന് ചിന്തിച്ചു കിടന്നിട്ടാ മോളെ ……….മോള് കണ്ണടച്ച് ഉറങ്ങിക്കോളൂ .അലസമായി കിടന്ന അവളെ നേരെ കിടത്തിയിട്ട് അവളുടെ ഉമ്മ പറഞ്ഞു .

കുഞ്ഞാമി വീണ്ടും കണ്ണടച്ചു ഉറങ്ങാന്‍ കൊതിച്ചു .അവള്‍ക്ക് വീണ്ടും പിങ്ക് നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ച ആകാശത്തിന് ചുവട്ടില്‍ തന്നെ കാത്തിരിക്കുന്ന ഉമ്മാമയെ കാണാന്‍ കൊതി തോന്നി.

ഉമ്മാമയുടെ മുറിയില്‍ നിന്നും ഉയര്‍ന്നു കേട്ട കുഞായ്ഷ ആമ്മായിയുടെ തേങ്ങല്‍ ഉയര്‍ന്നു കേട്ടപ്പോള്‍ മാത്രമാണ് സ്വപ്നങ്ങളുടെ ലോകത്ത് നിന്നെ കുഞാമിനാക്ക് എനി ഉമ്മാമയുടെ കയ്യില്‍ നിന്നും മധുരമുള്ള കല്‍ക്കണ്ടം നുണയാന്‍ കഴിയൂ എന്ന് അവളുടെ ഉമ്മാക്ക് മനസിലായത് …. ശുഭം .

*സക്കറാത്തിന്‍റെ ഹാല് – മരണാസന്ന)
*മലക്കുല്‍ മൌത്ത് അസ്രായില്‍ അ:സ- ആത്മാവിനെ പിടിക്കാന്‍ നിയുക്തനായ മാലാഖ
*കലിമ – വിശ്വാസ വചനം

Share.

About Author

145q, 0.543s