Leaderboard Ad

മരുഭൂമിയിലെ മണ്ണെണ്ണ വി​ളക്കുകൾ

0

  സ്വയം എരിഞ്ഞു തീരുന്നതുവരെ പ്രകാശം പരത്തുന്ന മണ്ണെണ്ണ വിളക്കുകളാണ് ഓരോ പ്രവാസിയും. വർണ്ണങ്ങൾ ചാലിച്ച സ്വപ്നങ്ങളുടെ സുൽത്താൻ കോട്ടകൾ കെട്ടി റിയാലുകളും ദിനാറുകളും , ദിർഹവും പ്രതീക്ഷിച്ചു കാത്തിരിക്കുന്ന കുടുംബാംഗങ്ങളുടെയും ഹിമാലയൻ ബാധ്യതകളുടെയും മുന്നിൽ എരിഞ്ഞു തീരുന്ന വിളക്കുകൾ…

പത്തു വർഷത്തെ പ്രവാസ ജീവിതത്തിനിടെ എന്റെ മുന്നിൽ വന്നു പെട്ട ജ്വലിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ മുന്നിൽ ബെന്യാമിന്റെ  ആടു ജീവിതം ഒന്നുമല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചിരിക്കുന്ന മുഖവും വൃത്തിയുള്ള വസ്ത്രങ്ങളുമായി സുഗന്ധം പരത്തിക്കൊണ്ട് നമ്മുടെ വിമാന താവളങ്ങളിൽ വന്നിറങ്ങുന്ന ഒരു വിഭാഗം പ്രവാസികളുടെ മരുഭൂമിയിലെ ജീവിതം കരളലിയിപ്പിക്കുന്നതാണ്. ഒരായിരം പ്രതീക്ഷകളുടെ ഭാണ്ഡവും വിരഹത്തിന്റെ വേദനയും, അപരിചിതത്വത്തിന്റെ മുഖഭാവവുമായി എത്തുന്ന ഒരാൾ എയർപോർട്ടിലെ മണിക്കൂറുകൾ നീണ്ട നടപടിക്രമങ്ങൾക്ക് ശേഷം പുറത്തിറങ്ങുമ്പോൾ തുടങ്ങും അയാളുടെ പ്രവാസജീവിതം. പണ്ടുകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ സിനിമ, സോഷ്യൽ നെറ്റ് വർക്ക് പോലുള്ള നവമാധ്യമങ്ങൾ വഴി മണൽകാടുകളിലെ മനുഷ്യരുടെ അനുഭവകഥകൾ പുറംലോകം അറിഞ്ഞിട്ടുണ്ട്. എന്നാൽ അതിലും ദയനീയമായാണ് ഇവിടെ ചിലർ ദിവസങ്ങൾ തള്ളി നീക്കുന്നത്. ..

നാലു വർഷം  മുൻപ് ദമാമിൽ നിന്ന് റിയാദിലേക്കുള്ള യാത്രയിൽ പ്രധാനപാതയിൽ നിന്ന് കുറച്ചകലെ ആടുകളെ നോക്കാനായി നിയോഗിച്ച ഒരാൾ വളരെ അവശനിലയിൽ ആണെന്ന് ഒരു ബക്കാലയിൽ* നിന്നും അറിഞ്ഞു. ( *ബക്കാല- ഓരോ നൂറുകിലോമീറ്ററിലും യാത്രികർക്ക് ഭക്ഷണം കഴിക്കാനും വാഹനത്തിനു ഇന്ധനം നിറയ്ക്കാനുമായി ഇത്തരം സ്ഥലങ്ങൾ ഉണ്ടാകും..) ഞങ്ങൾ അവിടെ ചെല്ലുമ്പോൾ വളരെ അവശനായിരുന്ന അദ്ദേഹത്തെ റിയാദിലെ ചില സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിൽ എത്തിയ്ക്കുക്ക ആയിരുന്നു . മണൽ കാറ്റുള്ള  സമയത്ത് വല്ലപ്പോഴും കിട്ടുന്ന ഭക്ഷണത്തിൽ വന്നു വീഴുന്ന മണൽ തരികൾ ഒഴിവാക്കാനാകാതെ അത് കഴിക്കേണ്ട അവസ്ഥയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ആകാശം മുട്ടെ നിൽക്കുന്ന കോണ്ക്രീറ്റ് കെട്ടിടങ്ങൾക്കും വായുവേഗത്തിൽ ചീറിപ്പായുന്ന വാഹനങ്ങൾക്കും അപ്പുറം ചുട്ടുപൊള്ളുന്ന മണൽക്കാടുകളിൽ ഇങ്ങനെ മണലു ഭക്ഷിച്ചു  കഴിയുന്ന മനുഷ്യരും ഉണ്ടെന്നറിയുക. സമാന സ്വഭാവമുള്ള അനവധി കേസുകൾ സൗദിയിലെ മനുഷ്യാവകാശ പ്രവർത്തകരുടെ മുന്നിൽ ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നു. അങ്ങിനെ വന്നവരിൽ രണ്ടു പേർ  രേഖകൾ ശരിയാക്കി ഇപ്പോൾ നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. സൗദിയിലെ കുവൈറ്റ് അതിർത്തിയിൽ വളരെ മോശം സാഹചര്യത്തിൽ ജോലി ചെയ്തു വരികയായിരുന്നു മലപ്പുറം കാസർഗോഡ്‌ സ്വദേശികളായ ഈ രണ്ടു മനുഷ്യർ. കൂടെ ജോലി ചെയ്തിരുന്ന ഒരാളെ തൊഴിലുടമ തന്നെ കൊലപ്പെടുത്തുന്ന ഭീകര കാഴ്ച കണ്ട്‌ ഭയന്നു അവിടം വിട്ടു ഓടുകയായിരുന്നു അവർ. നൂറു കിലോമീറ്ററോളം മരുഭൂമിയിലൂടെ നടന്നു ഒടുവിൽ ദമാമിൽ എത്തിച്ചേരുകയായിരുന്നു. ദിവസങ്ങളോളം നീണ്ട വിശ്രമത്തിനു ശേഷമാണ് ഇവരെ സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ വന്നത്. ഏജന്റ്  വഴി വഞ്ചിക്കപ്പെട്ട കമ്പ്യൂട്ടർ വിദഗ്ദരായ യുവാക്കൾ വരെ ഈ സ്ഥലത്ത് വന്നു പെട്ടിട്ടുണ്ട് എന്ന് രക്ഷപെട്ടു എത്തിയവർ പറയുന്നു. സാങ്കേതിക വിദ്യയിൽ ഏറെദൂരം മുന്നേറിക്കഴിഞ്ഞ മലയാളികളെ ഇപ്പോൾ ആടുമേയ്ക്കാൻ കിട്ടില്ലെന്ന വാദം വെറുതെയാണെന്ന് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നു.

സൗദിയിലെ പുതിയ തൊഴിൽ നിയമത്തിന്റെ പരിധിയിൽ വന്നതുകാരണം നാടുകടത്തൽ കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളവരുടെ പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണ്. കാലാവധി നീട്ടിക്കിട്ടും എന്ന് പറയുന്നുണ്ടെങ്കിലും ഇതെഴുതുന്നതുവരെ (2/7/2013 നു മൂന്ന് മാസം കൂടെ കൂട്ടി നൽക്കിയതായി വാർത്തകളിൽ പറയുന്നു) തീരുമാനമായിട്ടില്ല. കടുത്ത ജീവിത പ്രാരാബ്ദങ്ങളും  ഏറെ നാളായിട്ടും തീർക്കാൻ കഴിയാത്ത കടബാധ്യതകളും കാരണം പൊതുമാപ്പിനു സമാനമായ സാഹചര്യം പ്രയോജനപ്പെടുത്തി നാട്ടിലെത്താൻ ഒരു വലിയ വിഭാഗം തൊഴിലാളികൾ തയ്യാറാകുന്നില്ല. എങ്ങനെയും പിടിക്കപ്പെടുന്നതുവരെ തുടരാൻ തന്നെയാണ് അവരുടെ തീരുമാനം. തർഹീലുകളിൽ അടക്കപ്പെട്ടാൽ, എന്ന് നാട്ടിൽ പോകാൻ കഴിയുമെന്നു നമ്മുടെ സർക്കാരിനു പോലും ഒരു രൂപമില്ലാത്ത സ്ഥിതിയ്ക്ക് അങ്ങനെ ഒരു പരീക്ഷണത്തിന്‌ നിൽക്കാതിരിക്കുന്നതാണ് നല്ലത്. ജൂലൈ അഞ്ചു എന്ന പരിധി കഴിഞ്ഞാൽ നിയമലംഘകരെ കാത്തിരിക്കുന്നത് വലിയ യാതനകളും കടുത്ത ശിക്ഷാ നടപടികളുമാണ്.

ജോലിപോലും ഉപേക്ഷിച്ചു സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരുകൂട്ടം മനുഷ്യ സ്നേഹികളുടെ ഇടപെടൽ ഇത്തരം അവസരങ്ങളിൽ വളരെ സഹായകമാകുന്നുണ്ട്. സാമൂഹിക പ്രവർത്തനങ്ങൾക്ക് കുടുംബം ഒരു തടസ്സമാകുമ്പോൾ അവരെപോലും നാട്ടിലേക്കയച്ചു മുഴുവൻ സമയ പ്രവർത്തനങ്ങൾക്ക് വേണ്ടി ഇറങ്ങി തിരിചിരിക്കുന്ന ഒരു പ്രവർത്തകനെയും കഴിഞ്ഞയാഴ്ച കാണാനായി. രാത്രി ഏറെ വൈകി വരേണ്ടുന്നതുമൂലം അവരുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ വന്നപ്പോൾ ആണ് സ്വന്തം താൽപ്പര്യങ്ങൾ പോലും മറ്റുള്ളവർക്ക് വേണ്ടി മാറ്റിവച്ചു ഭാര്യയും കുട്ടികളെയും നാട്ടിലയച്ചു അദ്ദേഹം കർമ്മനിരതനാകുന്നത്.

പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കുമിടയിൽ ഗൾഫ്‌ പ്രതീക്ഷകളുമായി ജീവിക്കുന്ന ചിലരെങ്കിലും ഉണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ ഓരോ വ്യക്തിയും ഇവിടെ എത്തിച്ചേരുന്നത് തന്നെ ഇതുപോലെ ഒരു ബന്ധു അല്ലെങ്കിൽ ഏജന്റ്  വഴി ആയിരിക്കും. പുതിയ സാഹചര്യത്തിൽ വരാൻ തയ്യാറെടുക്കുന്നവർ വ്യക്തമായ  അന്വേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം അതിനു തയാർ ആകുന്നതു നന്നാകും എന്നാണു ഇവിടെ സൂചിപ്പിച്ച ചില ഉദാഹരണങ്ങൾ നമുക്ക് പറഞ്ഞു തരുന്നത്.

മാറിയ ജീവിത സാഹചര്യങ്ങൾ എത്ര കിട്ടിയാലും മതിയാകുന്നില്ല എന്ന അവസ്ഥയിൽ ആളുകളെ എത്തിക്കുന്നുണ്ട്. സ്വർണ്ണം ഒരു നല്ല നിക്ഷേപമാണ് എന്ന പ്രചാരണത്തിൽ വീണുപോകുന്ന സാധാരണക്കാരായ പ്രവാസികൾ യഥാർത്ഥത്തിൽ സ്വയം വഞ്ചിക്കപ്പെടുകയാണ് ചെയ്യുന്നത്. സ്വർണ്ണക്കടകളിലെ അറുപതു ശതമാനം വരുന്ന ഉപഭോക്താക്കളും പ്രവാസികളോ അവരുടെ ഭാര്യമാരോ ആണ്. കയ്യിലുള്ള സ്വർണ്ണാഭരണങ്ങൾ ഓരോ മാസവും ചില മാറ്റങ്ങൾക്കു വേണ്ടി വിൽക്കുമ്പോൾ നഷ്ടമാകുന്നത് തങ്ങളുടെ സമ്പത്ത് ആണെന്ന് ഇവർ തിരിച്ചറിയുന്നില്ല. അപ്പോഴും വാങ്ങിയ വില മാറ്റി വാങ്ങുന്ന സ്വർണ്ണത്തിനു ലഭിയ്ക്കുന്നില്ല. നമുക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങുക എന്നാ ചിന്ത മാറി കണ്ണിൽ കാണുന്നതൊക്കെയും വാങ്ങുക എന്ന രീതിയിലേക്ക് മലയാളി എത്തിയിട്ടുണ്ട് എന്ന് തോന്നുന്നു.

(തുടരും)

Share.

About Author

134q, 0.492s