Leaderboard Ad

മഴനൂല്‍ കിനാവുകള്‍

1
Nerrekha online Magazine

Photo: TheZionView View

രാത്രി വളരുമ്പോഴും റെയില്‍വേ പ്ലാറ്റ്ഫോമിലെ കാത്തിരിപ്പില്‍ മുഷിവു തോന്നിയില്ല, കണ്ണുകളില്‍ ഉറക്കം ഊറിക്കൂടിയില്ല. ഏറെ നാളത്തെ ആഗ്രഹമാണ് ദേവിയുടെ സവിധത്തിലെത്തുക എന്നത്. അതാണ്‌ നാളെ സാക്ഷാത്കരിക്കപ്പെടാന്‍ പോകുന്നത്. സന്തോഷം കൊണ്ട് ഹൃദയം പുറത്തേയ്ക്ക് തുള്ളിത്തെറിച്ചു പോകുമെന്നു തോന്നി അവള്‍ക്ക്. PNR സ്റ്റാറ്റസില്‍ confirmed തെളിയുമെന്ന പ്രതീക്ഷ
ചക്രം പാളങ്ങളില്‍ ഉരസി നില്‍ക്കുന്ന ശബ്ദത്തില്‍ അവസാനിച്ചു. അവളുടെ കൈ പിടിച്ചു വണ്ടിയിലേക്കു കയറുമ്പോള്‍ അവന്‍ പിറുപിറുക്കുന്നുണ്ടായിരുന്നു. “നിനക്ക് ഇരിക്കാനെങ്കിലും ഒരു സീറ്റ് തരപ്പെടുമോന്നു നോക്കാം. ഞാനീ ഇടനാഴിയില്‍ എവിടെയെങ്കിലും നിന്നോളാം.” ടി ടി ആറിനു മുന്നില്‍ കെഞ്ചുന്ന മുഖത്തേയ്ക്കുറ്റു നോക്കിയ അവളുടെ കണ്ണുകളില്‍ എപ്പോഴും ‘അവസാനനിമിഷത്തില്‍’ യാത്ര തീരുമാനിക്കുന്നതിലുള്ള പരിഭവം നിറഞ്ഞിരുന്നു. ഒടുവില്‍ എങ്ങിനെയോ ഒരു കുട്ടി കിടന്നിരുന്ന സീറ്റിന്‍റെ ഓരം ചേര്‍ന്ന് ഇരിക്കാന്‍ ഇടം കിട്ടി. തന്നെ ചേര്‍ന്നിരിക്കുന്ന അവളെ അവന്‍ തന്‍റെ ചുമലിലേക്ക് ഒന്നുകൂടി ചേര്‍ത്തു കിടത്തി കാതില്‍ മന്ത്രിച്ചു.
“നീ ഉറങ്ങിക്കോളൂ..”
ചുടുനിശ്വാസങ്ങള്‍ അവന്‍റെ കഴുത്തിന്‍റെ സ്നിഗ്ധതയില്‍ അലിഞ്ഞു ചേരവേ ഉറക്കം അവളോടു പിണങ്ങി നിന്നു. പിന്നെടെപ്പോഴോ മയക്കത്തിലേക്കു വഴുതി വീഴുമ്പോള്‍ തന്‍റെ കൈപ്പത്തിക്കു മുകളില്‍ അവന്‍റെ കൈവിരലുകളുടെ മാര്‍ദവം അവള്‍ അറിയുന്നുണ്ടായിരുന്നു.
വെള്ളച്ചിറകും നീണ്ടുഭംഗിയേറിയ കഴുത്തുമുള്ള അരയന്നങ്ങള്‍ വെണ്‍മേഘങ്ങള്‍ക്കൊപ്പം കൂട്ടമായി ഒഴുകി പറക്കുന്നു. അവയ്ക്കൊപ്പം മറ്റൊരു മേഘക്കീറായി താനും ഒഴുകുകയാണ്. എവിടേയ്ക്ക് എന്നു ചിന്തിക്കാനിട കിട്ടിയില്ല അവന്‍റെ ശബ്ദം കേട്ടു.
“എഴുന്നേല്‍ക്കൂ സീറ്റ് കിട്ടിയിട്ടുണ്ട്.”
മുന്‍പേ നടന്ന ടി ടി ആര്‍ മറ്റൊരു കൂപ്പയിലെക്കുള്ള വാതില്‍ തുറന്നു തന്നു. മുകള്‍ ബെര്‍ത്തുകളില്‍ ഓരോരുത്തര്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ട്. താഴെ ഷീറ്റ് കുടഞ്ഞു വിരിച്ചു തന്നു അവന്‍.
“കിടന്നോളൂ. പുലരാന്‍ ഇനിയും സമയമുണ്ട്.”
മുറിഞ്ഞ സ്വപ്നത്തിന്‍റെ ബാക്കി കാണാമെന്നു മോഹിച്ചിട്ടാവാം വേഗം വീണ്ടും ഉറക്കത്തിലേക്കു വഴുതിവീണു. കണ്ണു തുറക്കുമ്പോള്‍ വണ്ടിയുടെ കുലുക്കം നിലച്ചിരുന്നു. എതിര്‍സീറ്റില്‍ തന്നെത്തന്നെ നോക്കി അവന്‍. മുകള്‍ത്തട്ടില്‍ ഉണ്ടായിരുന്നവര്‍ എപ്പോഴോ യാത്ര പറഞ്ഞിരിക്കുന്നു.
“നന്നായി ഉറങ്ങിയോ?”
എഴുന്നേല്‍ക്കാന്‍ ഭാവിക്കുമ്പോഴേക്കും വണ്ടി വീണ്ടും നീങ്ങിത്തുടങ്ങിയിരുന്നു.

Nerrekha online Magazine

Guy Mayer

“വേണ്ട കിടന്നോളൂ. ഒരൂട്ടം കാട്ടിത്തരാം.”
അവന്‍ പതിയെ അടുത്തു വന്നിരുന്നു. ജനാലയുടെ ഷട്ടര്‍ മുകളിക്കുയര്‍ത്തി. പ്രതീക്ഷിക്കാതെ നനുത്ത തുള്ളികള്‍ മുഖത്തു പതിച്ചപ്പോള്‍ ദേഹമാകെ കുളിരുകോരി.
“ഈ യാത്രയിലും മഴ പതിവു തെറ്റിച്ചില്ലല്ലോ.”
അവന്‍ പതിയെ കൈക്കുമ്പിള്‍ പുറത്തേയ്ക്കു നീട്ടി. മഴ അവളുടെ നെറ്റിയില്‍, ചുണ്ടില്‍ പിന്നെ സ്ഥാനം തെറ്റിക്കിടന്ന സാരി നല്‍കിയ പൊക്കിള്‍ച്ചുഴിയുടെ നഗ്നതയില്‍… മഴയുടെ കുളിര് അവന്‍റെ ചുണ്ടുകള്‍ ഒപ്പിയെടുക്കവേ അവള്‍ മുറിഞ്ഞ സ്വപ്നം പുനര്‍ജനിക്കുന്നതറിഞ്ഞു..

Share.

About Author

139q, 0.544s