Leaderboard Ad

മാറ്റങ്ങൾ-സ്വാഗതാർഹവും അല്ലാത്തവയും

0

   താനും ദിവസങ്ങൾക്കു മുൻപു കണ്ട ഒരു പത്രവാർത്ത മനസ്സിൽ ഏറെ സന്തോഷമുളവാക്കി. നിരാലംബരും രോഗികളുമായ ഒരമ്മയേയും മകളേയും ജീവിതത്തിന്റെ കൊച്ചു സന്തോഷങ്ങളിലേയ്ക്കു തിരികെക്കൊണ്ടുവരാനായി നിരന്തരം ശ്രമിച്ച ഏതാനും പോലീസുകാരെപ്പറ്റി വായിച്ചപ്പോൾ. സത്യം പറഞ്ഞാൽ ശരിയ്ക്കും വിശ്വസിയ്ക്കാനായില്ല. സ്ഥലം വഞ്ചിയൂർ.പോലീസ് രംഗത്തെത്താൻ കാരണമോ, ഒരു സാധാരണ കേസന്വേഷണം മാത്രം. വാടകവീട് ഒഴിഞ്ഞു കൊടുക്കുന്നില്ലെന്നായിരുന്നു കേസ്. ഒഴിഞ്ഞുപോകാത്തത് എന്തുകൊണ്ടെന്നറിയാൻ വന്ന പോലീസിന് താമസ്ക്കാരുടെ അവസ്ഥ കണ്ട് ശരിയ്ക്കും അലിഞ്ഞുപോയെന്നു വേണം പറയാൻ. അത്രമാത്രം പരിതാപകരമായ നിലയിലായിരുന്നു എൺപതുകാരിയും അന്ധയും മനസ്സിന്റെ സമനിലതെറ്റിയവളുമായ അമ്മയുടേയും കാഴ്ച്ചപ്രശ്നങ്ങളാൽ വലയുന്ന മകളുടേയും സ്ഥിതി.അവരുടെ ചികിത്സ, താമസസൌകര്യം, വരുമാനമാർഗ്ഗം തുടങ്ങിയവയ്ക്കായി കുറച്ചൊന്നുമല്ല പോലീസ് കഷ്ടപ്പെട്ടത്.അന്വേഷിച്ചപ്പോൾ കണ്ടെത്തിയ ആണ്മക്കൾ കയ്യൊഴിഞ്ഞപ്പോൾ താൽക്കാലിക താമസസൌകര്യവും പിന്നീട് കണ്ണിന്റെ കാഴ്ച്ച തിരികെ കിട്ടാനായി ചികിത്സാ സൌകര്യവും ഇവരൊരുക്കി. ഇതു കേരളത്തിൽ തന്നെയോ നടന്നത്? എന്തായാലും പറയാതെ വയ്യ. പോലീസിന്റെ ഈ രൂപവും ഭാവവും തികച്ചും സ്തുത്യർഹം തന്നെ. ഇതു വെറും ഒറ്റപ്പെട്ട സംഭവമല്ലാതിരുന്നെങ്കിൽ എന്നു മനസ്സിൽ ആശിച്ചു പോകുകയാണ്.

സാധാരണക്കാരന്റെ സുരക്ഷിതത്വത്തിന്റെ താക്കോൽ കയ്യിൽ‌പ്പിടിയ്ക്കുന്ന പോലീസുകാരെ എന്നും നാം അൽ‌പ്പം ഭയത്തോടുകൂടി മാത്രമേ എന്നും വീക്ഷിച്ചിട്ടുള്ളൂ. കുഞ്ഞുന്നാളിൽത്തന്നെ പൊലീസ് വന്ന് പിടിച്ചു കൊണ്ടുപോകുമെന്നു പറഞ്ഞു പേടിപ്പിയ്ക്കുന്ന മുതിർന്നവരിലൂടെ മനസ്സിലൂർന്നെത്തുന്ന ഭയം വലുതായാലും മുഴുവൻ വിട്ടുമാറുന്നില്ല, എത്ര സത്യസന്ധതയോടുകൂടിത്തന്നെ ജീവിച്ചാലും എന്നതാണ് സത്യം. കാരണം, അവരുടെ അധികാരശക്തിയും അതുപയോഗിയ്ക്കുന്ന അവരുടെ രീതികളും തന്നെ. കള്ളനെ കള്ളനല്ലാതാക്കാനും കള്ളനല്ലാത്തവനെ കള്ളനാക്കാനും ഇവർക്കാകുമെന്ന ഒരു ധാരണ എങ്ങിനെയോ മനസ്സിൽക്കടന്നുകൂടിയോ? പലപരാതികളുമായിവർക്കു മുന്നിലെത്തുന്നവർക്കു പലർക്കും കയ്പ്പേറിയ അനുഭവങ്ങളും കിട്ടിയിട്ടുണ്ടാകാം. പക്ഷേ ഏറെ ആത്മാർത്ഥതയോടെത്തന്നെ നീതി നിർവഹണം നടത്തുന്നതിലുത്സുകരായ പോലീസുകാരെയും നമുക്കു കണ്ടെത്താനാകും. പക്ഷേ തങ്ങളുടെ ഡ്യൂട്ടി നിർവഹിയ്ക്കുന്നതിലുപരിയായി മനുഷ്യത്വമെന്ന മറ്റൊരു ഡ്യൂട്ടി കൂടി ഏറ്റെടുക്കാനിവർ തയ്യാറാകുമ്പോൾ സമൂഹത്തിനു സന്തോഷിയ്ക്കാതിരിയ്ക്കാനാവില്ല, തീർച്ച. ഒരുപക്ഷേ നിയമപാലകർക്ക് കാർക്കശ്യത്തേക്കാളധികം യോജിയ്ക്കുന്നത് ഇത്തരം അത്താണിയാകലെന്ന പ്രവൃത്തി തന്നെയല്ലേ? നിയമപാലനത്തിന്റെ പ്രശ്നം ഉദിയ്ക്കപ്പെടുമ്പോഴെല്ലാം തന്നെ പരാതിക്കാരുടെ ദു:ഖം പോലീസിനു മനസ്സിലാക്കാനാകുന്നുവെങ്കിൽത്തന്നെ പരാതി തീർക്കുന്നതിനുള്ള ശുഷ്ക്കാന്തി കൂടാതിരിയ്ക്കുമോ? സ്വാഗതാർഹമായൊരു മാറ്റം തന്നെ , തീർച്ച.

സമൂഹത്തിന്റെ പൊതുവേയുള്ള പുരോഗതിയിൽ സാക്ഷരത വഹിയ്ക്കുന്ന പങ്ക് എത്ര മഹത്തായതാണെന്നു നമുക്കറിയാം. നൂറ് ശതമാനം സാക്ഷരതയുടെ രുചിയും അനുഭവിച്ചവരാണ് നമ്മൾ കേരളീയർ.പക്ഷെ ഇന്നും അന്ധവിശ്വാസങ്ങളുടെ ഊരാക്കുടുക്കുകളിൽ നിന്നും രക്ഷപ്പെടാൻ എന്തേ നമുക്കാകുന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്. സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകൾ ഇന്നും ഒട്ടനവധി പ്രാകൃതമായ ഇത്തരം വിശ്വാസങ്ങളെ വച്ചു പുലർത്തുന്നത് കണ്ട് മൌനം ദീക്ഷിയ്ക്കാനേ സമൂഹത്തിനാകുന്നുള്ളൂ. കാരണം ഒച്ചയുയർത്തുന്നവരെല്ലാം തന്നെ ഒറ്റപ്പെടുകയാണിവിടെ. ഒരു പക്ഷെ ഉള്ളിന്റെ ഉള്ളിലെങ്കിലും അവരും അതിനോടനുകൂലിയ്ക്കുക തന്നെയാകുമോ? അറിയില്ല, എന്തു തന്നെയായാലും ഭക്തിയുടെയും ദൈവങ്ങളുടേയും പേരിൽ നമ്മെ ചൂഷണം ചെയ്യുന്നവരുടെ എണ്ണവും ഇതിനാൽ പ്രതിദിനം അധികരിച്ചു വരുന്നുണ്ടെന്നത് മറക്കാതിരിയ്ക്കണം.സമൂഹത്തിന്റെ തെറ്റിനെതിരെ ശക്തമാ‍യി ശബ്ദമുയർത്താൻ പലരും ഭയക്കുന്നതിലും കാരണമുണ്ട്. മഹാരാഷ്ട്രയിൽ പ്രമുഖനായ യുക്തിവാദി പ്രവർത്തകനായ നരേന്ദ്ര ദബോൾക്കർ കൊല ചെയ്യപ്പെട്ടതിനു കാരണം സമൂഹത്തിലെ ഇത്തരം അന്ധവിശ്വാസപ്രവണതകൾക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചതു കൊണ്ടു തന്നെയാണല്ലോ. എന്തായാലും അന്ധവിശ്വാസപ്രവർത്തനങ്ങൾക്കെതിരെ ദബോൾക്കറാൽ നിർദ്ദേശിതമായ ഒരു നിയമത്തിന്റെ ചട്ടക്കൂടിനുള്ള കരടു രൂപം പെട്ടെന്നു തന്നെ രൂപീകൃതമാകാൻ ഇതു കൊണ്ടായി. അടുത്തു തന്നെ ഈ നിയമം പ്രാബല്യത്തിൽ വരുമെന്നാശിയ്ക്ക്കാം. പുറകിൽത്തന്നെ ടെലിവിഷൻ ദൈവങ്ങൾക്കെതിരായി കർണ്ണാടകാമന്ത്രിസഭയും ഇത്തരമൊരു നിയമനിർമ്മാണത്തിനുള്ള സാധ്യതകൾ തേടിക്കൊണ്ടിരിയ്ക്കുന്നു. ഏറ്റവുമധികം അന്ധവിശ്വാസപ്രവണതയുള്ള തമിഴ്നാട് എന്തു പറയുന്നു ആവോ?നരബലിയും ബ്ലാക് മാജിക്കും ടെലിവിഷൻ വഴി അന്ധവിശ്വാസങ്ങളെ വളർത്തലും ഇന്നും രജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നടന്നു വരുന്നു .സംസ്ക്കാര സമ്പന്നരെന്നു കേൾവി കേട്ട നമ്മൾ മലയാളികൾക്കും കണ്ണ് തുറക്കാൻ സമയമായി. വിദ്യാഭ്യാസം കൊണ്ടു തെളിയാത്ത കണ്ണുകൾ നിയമത്താൽ തുറക്കാനാകുമോ ? അത്തരമൊരു നിയമം മറ്റെല്ലാ സംസ്ഥാനങ്ങളേക്കാളും മുൻപിവിടെ വരാമായിരുന്നു. പക്ഷേ നനഞ്ഞിടം കുഴിയ്ക്കാനുള്ള മലയാളിയുടെ സ്വാർത്ഥത തന്നെയാകാം അത്തരമൊരു നിയമത്തെക്കുറിച്ചാലോചിയ്ക്കാൻ പോലും നമ്മെ അനുവദിയ്ക്കാത്തതെന്നു തോന്നുന്നു. നിയമങ്ങൾ മനുഷ്യ നന്മയ്ക്കായി സൃഷ്ടിയ്ക്കപ്പെടേണ്ടതല്ലേ?

Share.

About Author

134q, 0.712s