Leaderboard Ad

മീനൂട്ടി

0

MBBS രണ്ടാം വർഷം , orthopedics വാർഡിൽ പോസ്റ്റിങ്ങ്‌. കുറെ കന്നടികമാരുടെ ഇടയില്‍ നിന്ന് ഏതോ ഒരു കുട്ടീടെ ശബ്ദം ” വേണ്ട സിസ്റ്റര്‍ , എനിക്ക് വേദനയെടുക്കും, എന്നെ കുത്തണ്ടാ, മരുന്നെന്തിനാ കുത്തി കയറ്റണെ? ഗുളികയായി തന്നാപോരെ ?? “

നമ്മുടെ ഭാഷ കേട്ടതിന്റെ സന്തോഷത്തില്‍ ഞാന്‍ ഓടിച്ചെന്നു.

അവള്‍ ഒരു കൊച്ചു മിടുക്കിയായിരുന്നു. പ്രകാശം പരത്തുന്ന ചിരിയും, നീണ്ടു കിടക്കുന്ന അഴിച്ചിട്ട മുടിയും, ആരു കണ്ടാലും അവളുടെ അടുത്ത് പോയിരുന്നു ഒന്ന് സംസാരിക്കും. മറ്റു രോഗികളുടെയും, നഴ്സ്മാരുടെയും, അറ്റന്‍റര്‍മാരുടെയും, ജൂനിയര്‍ ഡോക്റ്റേഴ്സിന്‍റെയും പ്രിയങ്കരി ആയിരുന്നു അവള്‍.

പേര് മീനു. 9ആം ക്ലാസ്സില്‍ പഠിക്കുന്നു, സ്ഥലം ചീമേനി. ഒരു കൊച്ചനുജന്‍ ഉണ്ട് അവള്‍ക്ക്, തൃശൂര്‍ പൂരം കാസര്‍ഗോഡാ നടക്കണെന്നു പറഞ്ഞു വാദിച്ച ഒരു ചട്ടമ്പി.

പോയ വര്‍ഷം സൈക്കളീന്ന് വീണു കാലിനു വേദനവന്നൂനു പറഞ്ഞാ ആള്‍ അഡ്മിറ്റ്‌ ആയത്. പതോളജി റിപ്പോര്‍ട്ട് ‌ വന്നപ്പോ സംഭവം കാന്‍സര്‍ ആണെന്ന് വ്യക്തമായി. വലത്തേ മുട്ടില്‍. അവളുടെ കാലു മുറിച്ചു കളയണമെന്നും , മുറിച്ചു കളഞ്ഞാലും ഇത് പിന്നീട് വരാന്‍ ‍ ചാന്‍സുണ്ടെന്നും , എല്ലാത്തിനും കൂടെ 6-7 ലക്ഷം രൂപ ചെലവു വരുമെന്നും പറഞ്ഞപ്പോ , അവളുടെ അച്ഛന്‍ എന്തെന്നറിയാതെ സ്തംഭിച്ചു നിന്നു പോയി. ഇത് കേട്ട മീനുടെ അമ്മമ്മ എന്നെ കെട്ടിപിടിച്ചു കുറെ കരഞ്ഞു. ടിവിയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും നമ്മളെ ഒരാള്‍ കെട്ടിപിടിച്ചു കരയുമ്പോള്‍, അശ്വസിപ്പികാനുള്ള വാക്കുകള്‍ എല്ലാം ഞാന്‍ മറന്നുപോയി, പറയാനുള്ളതൊക്കെ കണ്ണീരായി ഒലിച്ചിറങ്ങി.

ഉടനെ തന്നെ അവളെ ആവര്‍ തിരുവനന്തപുരത്തെ RCC യിലേക്ക് കൊണ്ടുപോയി. ഞാന്‍ ഇടയ്ക്കു മീനൂനെ  വിളിക്കാറുണ്ടായിരുന്നു. “ഇന്നലെ ബാര്‍ബര്‍ വന്നു തല ഷേവ് ചെയ്തു” ഇതാണവള്‍ ആദ്യം പറഞ്ഞത്. കഥയും കവിതയുമൊക്കെ നന്നായി എഴുതുമായിരുന്നു മീനു. പുതിയ കഥയെന്തെങ്കിലും  എഴുതിയോ മോളെന്നു ചോദിച്ചപ്പോള്‍ ഉടൻ തന്നെ അവള്‍ പറഞ്ഞു ‘ എന്‍റെ കഥ   തീരാറായി ചേച്ചി, ഇനി ചേച്ചി പഠിച്ചു വലിയൊരു ഡോക്ടറായി എന്നെക്കുറിച്ചൊരു കഥയെഴുതു.’ ഒരു 14 വയസ്സുകാരിയാണോ ഇതെന്ന് ഞാന്‍ അത്ഭുതപെട്ടുപോയി.

പിന്നെ ട്രീറ്റ്മെന്‍റ്‌ എല്ലാം കഴിഞ്ഞു തിരിച്ചെത്തിയ മീനൂനെ ഞാന്‍ കാണാന്‍ ചെന്നിരുന്നു. അന്ന് ഹോസ്പിറ്റലില്‍ വെച്ചുകണ്ട മീനു അല്ലായിരുന്നു അത്,അവള്‍.ആകെ മാറി. മുഖത്തെ പ്രകാശമോക്കെ മാഞ്ഞു. ഒരു വാടിയപൂവ് പോലെ അവള്‍ ദൂരേക്ക് നോക്കി ഏതൊക്കെയോ ചോദ്യങ്ങള്‍ക്ക് ഉത്തരം അന്വേഷിച്ചു ആരെയും ശ്രദ്ധിക്കാതെ ഒരേഒരു ഇരുപ്പ്. ഞാനൊന്നും കൊണ്ട് വന്നില്ല മീനൂന്നു എന്ന് പറഞ്ഞപ്പോള്‍ , മീനു പറഞ്ഞു ” സന്യെച്ചീടെ ആ മനസ്സുണ്ടല്ലോ അതുമതിയെനിക്ക് , ഇവിടെ വന്ന് എന്നെ കണ്ടല്ലോ, വേറെയാരും വന്നില്ല, വിളിച്ചില്ല.” ഞാന്‍ അവിടെയിരുന്നു കരഞ്ഞുപോയി, അവളുടെ മുന്നില്‍…. അവള്‍ എന്നെ ആശ്വസിപ്പിച്ചു.

പിന്നീട് സ്കൂളില്‍ പോയിത്തുടങ്ങിയെങ്കിലും  വേദന കാരണം അതവള്‍ നിര്‍ത്തി . ഒന്ന് രണ്ടു തവണ ഞാന്‍ വിളിച്ചിരുന്നു മീനൂനെ. പിന്നെ ഇന്നു ഞാന്‍ വിളിച്ചു, അവളുടെ അച്ഛനോട് പറഞ്ഞു “മീനുടെ ശബ്ദം കേട്ടിട് കുറെകാലായല്ലോ, അവള്‍ക്കൊന്നു കൊടുക്കൂ , അച്ഛന്‍ പറഞ്ഞു, മീനു നമ്മളെ വിട്ടുപോയിട്ട് ഒരാഴ്ചയായി മോളെ, പെട്ടെന്നായിരുന്നു , അവള്‍ കുറേ പയറ്റി നോക്കി , പിന്നീടു തളര്‍ന്നു, അവള്‍ പോയി.”

ഞാന്‍ ഒരു ഡോക്ടറാവാന്‍ പോവല്ലേ, എത്രയോ മരണങ്ങള്‍ കാണാന്‍കിടക്കുന്നു , എന്നാലും  മീനൂട്ടീടെ മരണം ആവല്ലേ ആദ്യത്തേതെന്നു ഞാന്‍ എന്നും പ്രാര്‍ത്ഥിച്ചിരുന്നു.

എല്ലാ വേദനകളില്‍ നിന്നും വിടവാങ്ങി അവള്‍ പോയി, എന്നെന്നേക്കുമായി.

Share.

About Author

134q, 1.202s